അഞ്ച് നിയമസഭകളിലേക്ക് നവംബര്‍ 12 മുതല്‍ വോട്ടെടുപ്പ്; ഡിസംബർ 11ന് വോട്ടെണ്ണൽ

ന്യൂഡല്‍ഹി> മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം,തെലങ്കാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 12 ന് ചത്തീസ്‌ഗഢിൽ ആദ്യഘട്ട വോട്ടെടുപ്പോടെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിയ്ക്കും.അഞ്ചിടത്തും ഡിസംബർ 11ന് വോട്ടെണ്ണൽ നടക്കും
ചത്തീസ്‌ഗഢിൽ മാത്രം രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ്.ആദ്യഘട്ടം നവംബർ 12നും രണ്ടാംഘട്ടം നവംബർ 20നും നടക്കും. മധ്യപ്രദേശിലും മിസോറാമിലും ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തും. നവംബർ 28നാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ്. തെലങ്കാനയിലും രാജസ്ഥാനിലും ഡിസംബര്‍ ഏഴിനാണ് തെരഞ്ഞെടുപ്പ്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് വാര്‍ത്താസമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഇന്നുമുതല്‍ ഈ സംസ്ഥാനങ്ങളില്‍ പെരുമാട്ടച്ചട്ടം നിലവില്‍വന്നതായി കമ്മീഷണര്‍ പറഞ്ഞു.എല്ലാ മണ്‌ഡലങ്ങളിലും സ്‌ത്രീകൾക്ക് മാത്രമായി ഒരു ബൂത്ത് സജ്ജീകരിക്കും. പ്രചരണം പരിസ്‌ഥിതി സൗഹൃദമാകണം. അംഗപരിമിതർക്ക് വാഹന സൗകര്യമേർപ്പെടുത്തും. സ്‌ഥാനാർത്ഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സത്യവാങ്‌മൂലം നൽകണമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും കഴിഞ്ഞ മൂന്നു തവണകളായി ബിജെപിയാണ് ഭരണകക്ഷി. രാജസ്ഥാനിലും അവര്‍ ഭരണത്തിലാണ്. തെലങ്കാനയില്‍ തെലങ്കാന രാഷ്ട്ര സമിതിയും മിസോറമില്‍ കോണ്‍ഗ്രസും ഭരിയ്ക്കുന്നു. ഭരണമുള്ള മൂന്നു സംസ്ഥാനങ്ങളിലും ഇക്കുറി ബിജെപിയ്ക്ക് ഭരണം നഷ്ടമാകുമെന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന.
രാജസ്ഥാനില്‍ 200 അംഗ നിയമസഭയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി 163 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് നേടിയത് വെറും 21 സീറ്റുകളായിരുന്നു. എന്നാല്‍ ഇക്കുറി 130 സീറ്റുകള്‍വരെ കോണ്‍ഗ്രസ് നേടുമെന്ന് എബിപി ‐സി വോട്ടര്‍ അഭിപ്രായ സര്‍വേ പറയുന്നു. ബിജെപി 57 സീറ്റും മറ്റുള്ളവര്‍ 13 സീറ്റുകളും നേടുമെന്നുമാണ് സര്‍വേ നിഗമനം.
മധ്യപ്രദേശിലെ 230 അംഗ നിയമസഭയില്‍ 2013 ല്‍ ബി.ജെ.പിയ്ക്ക് 165 സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 58 ഉം മറ്റുള്ളവര്‍ക്ക് 7 സീറ്റുകളും ലഭിച്ചു. ഇത്തവണ 117 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ പറയുന്നു. 106 സീറ്റ് വരെ ബിജെപിക്ക് ലഭിക്കും. മറ്റുള്ളവര്‍ക്ക് ഏഴ് സീറ്റുകള്‍ വരെ ലഭിച്ചേക്കാം.
ഛത്തീസ്ഗഡിലെ 90 അംഗ നിയമസഭയില്‍ 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 49 സീറ്റുകളിലും കോണ്‍ഗസ് 39 സീറ്റുകളിലുമാണ് വിജയിച്ചത്. മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുകളും ലഭിച്ചിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ 54 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്ന് എബിപി ന്യൂസ് സി വോട്ടര്‍ അഭിപ്രായ സര്‍വേ സര്‍വേ ഫലം പറയുന്നു. ബിജെപി 33 സീറ്റുകളും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളും നേടുമെന്ന് സര്‍വേ പറയുന്നു.
തെലങ്കാനയില്‍ 2019 മേയ് വരെ കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി സർക്കാരിനു കലാവധിയുണ്ടായിരുന്നു. എന്നാല്‍ നേരത്തെ തെരഞ്ഞെടുപ്പ് നടത്താനായി നിയമസഭ പിരിച്ചുവിടാന്‍ മന്ത്രിസഭ ശുപാര്‍ശ നല്‍കുകയായിരുന്നു. അതിനു തൊട്ടുമുമ്പായി കുറെ ജനക്ഷേമപദ്ധതികളും സർക്കാർ പ്രഖ്യാപിച്ചു. ഇതൊക്കെ വോട്ടാക്കാമെന്നും പ്രതിപക്ഷ ഐക്യ നീക്കം തടയമെന്നുമുള്ള പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതെന്നാണ് സൂചന.
തെലങ്കാന നിമസഭയില്‍ 119 സീറ്റുകളാണുള്ളത് .2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിആര്‍എസിന് 90 സീറ്റ് ലഭിച്ചിരുന്നു. കോണ്‍ഗ്രസിന് 13 സീറ്റ്, എംഐഎമ്മിന് 7 സീറ്റ്, ബിജെപിക്ക് അഞ്ച് സീറ്റ്, ടിഡിപിക്ക് മൂന്ന് സീറ്റ്, സിപിഎമ്മിന് ഒരു സീറ്റ് എന്നിങ്ങനെയായിരുന്നു കക്ഷിനില.
മിസോറാമില്‍ 20 വര്‍ഷമായി കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്. 1993 മുതല്‍ ബിജെപി മത്സരിയ്ക്കുന്നുണ്ടെങ്കിലും മിസോറാമില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല
2013 ലെ തെരഞ്ഞെടുപ്പില്‍ 40 അംഗ നിയമസഭയില്‍ 34 സീറ്റുകള്‍ ആണ് കോണ്‍ഗ്രസ് നേടിയത്. സഖ്യകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) അഞ്ച് സീറ്റുകളും നേടി .എന്നാല്‍ ഇത്തവണ.കോണ്‍ഗ്രസിനെതിരെ ഭരണ വിരുദ്ധ വികാരം ശക്തമാണ്. മുഖ്യമന്ത്രി അടക്കം മന്ത്രിസഭയിലെ ചില അംഗങ്ങള്‍ക്കെതിരെ അഴിമതി ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. ചില ഗോത്ര സംഘടനകളുമായി ധാരണയുണ്ടാക്കി ബിജെപിയും അക്കൌണ്ട് തുറക്കാന്‍ ശ്രമിയ്ക്കുന്നു.
Tags
Related News

0 comments