സുപ്രധാനവിധി: എം എ ബേബി

ന്യൂഡൽഹി
പരസ്പരസമ്മതപ്രകാരമുള്ള സ്വവർഗരതി കുറ്റകൃത്യമല്ലെന്ന സുപ്രീംകോടതി വിധി ഇന്ത്യയിലെ പൗരാവകാശങ്ങൾ സംബന്ധിച്ച സുപ്രധാനവിധിയാണെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബി.
ലൈംഗികസ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും വിവേചനം നടത്തുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും വിധിയിൽ വ്യക്തമാക്കുന്നു. മനുഷ്യരുടെ ലൈംഗികത തുടങ്ങിയ സ്വകാര്യകാര്യങ്ങളിൽ ഭരണകൂടം ഇടപെടരുതെന്ന ആധുനിക ജനാധിപത്യതത്വമാണ‌് ഉയർത്തിപ്പിടിച്ചിരിക്കുന്നത്. രണ്ടര ദശകം നീണ്ടുനിന്ന നിയമപോരാട്ടത്തിലേർപ്പെടാൻ ക്ഷമയും സമയവും സമ്പത്തും സാഹസികമായ ധീരതയും വിനിയോഗിച്ചവരെ, വിശേഷിച്ച് സുഹൃത്ത‌് കൂടിയായ പ്രശസ്ത കലാകാരൻ നവതേജ്സിംഗ്ജൊഹറിനെ അഭിനന്ദിക്കുന്നതായി ബേബി ഫേസ‌്ബുക്ക‌് പോസ‌്ററിൽ പറഞ്ഞു.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി സിപിഐ എം എന്നും നിലകൊണ്ടിട്ടുണ്ട‌്. കേരളത്തിലെ എൽഡിഎഫ‌് സർക്കാർ ഈ വിഭാഗത്തിന്റെ മൗലികാവകാശസംരക്ഷണത്തിനായി നടപടി കൈക്കൊള്ളുന്നുണ്ട‌്.
അതേസമയം സുപ്രീംകോടതിയിലെ കേസിൽ വ്യക്തമായ നിലപാടെടുക്കാതെ സമൂഹത്തിലെ യാഥാസ്ഥിതികരെ പിണക്കാതിരിക്കാനാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ ശ്രമിച്ചത്. ലൈംഗിക ന്യൂനപക്ഷങ്ങൾ എല്ലാ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ഉള്ളവരാണെന്ന വിധി സന്തോഷകരമാണ‌്.
ജന്മനാ മറ്റൊരു ലൈംഗികസ്വഭാവവുമായി ജനിക്കുന്നവരെ ശാപമായും അടിച്ചമർത്തേണ്ട ഒന്നാണെന്നുമുള്ള സമൂഹത്തിന്റെ മനോഭാവം പൂർണമായും അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Related News

0 comments