‘‘മുഖ്യമന്ത്രി എന്ന ക്രൈസിസ് മാനേജർ’’ ‐ പ്രളയത്തെ അതിജീവിക്കുന്നതിൽ പിണറായിയുടെ നേതൃത്വത്തെ പ്രശംസിച്ച് ദി ടെലഗ്രാഫ് ദിനപ്പത്രം

കൊൽക്കൊത്ത > പ്രളയദുരിതം നേരിടുന്നതിന് കേരളത്തെ മുന്നിൽനിന്നു നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസയുമായി ‘ദി ടെലഗ്രാഫ്’ പത്രം. കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപ്പത്രമായ ടെലഗ്രാഫിന്റെ ഇന്നത്തെ ലീഡ് വാർത്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിൽ മുഖ്യമന്ത്രിയുടെ സാമർഥ്യത്തെ അഭിനന്ദിച്ചുകൊണ്ടാണ്. ‘‘CM, the Crisis Manager’’ എന്ന തലക്കെട്ടിലാണ് വാർത്ത.
‘‘ഷട്ടറുകൾ ഓരോന്നായി തുറന്നുകൊണ്ടിരുന്നപ്പോഴും ജില്ലകൾ ഓരോന്നായി പ്രളയത്തിൽ മുങ്ങിക്കൊണ്ടിരുന്നപ്പോഴും മലയാളികൾ ഉറ്റുനോക്കിയത് ഒരു മുഖത്തേക്കാണ് അവർ കാതോർത്തത് ഒരു ശബ്ദം കേൾക്കാനാണ്. കേരളത്തിലെ ജനങ്ങൾ ഏറ്റവുമധികം വിശ്വാസമർപ്പിച്ച ആ മനുഷ്യൻ മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന പിണറായി വിജയനല്ലാതെ മറ്റാരുമല്ല. ദുരന്തം വാതിൽക്കലെത്തുമ്പോൾ മുഖ്യമന്ത്രിക്കസേര അഭയസ്ഥാനമാകുന്ന ഇത്തരമൊരു കാഴ്‌ച രാജ്യത്തധികമില്ല.’’ ‐ ടെലഗ്രാഫ് വാർത്തയിൽ പറയുന്നു.
കേരളത്തിന്റെ അതിജീവനം രാജ്യാന്തരതലത്തിൽ വാർത്തയാകുന്നതിനിടെയാണ് അതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തെ പ്രശംസിച്ച് ദേശീയ ദിനപ്പത്രവും രംഗത്തെത്തിയിരിക്കുന്നത്.
0 comments