പ്രളയക്കെടുതി: ഗുരുതര സ്വഭാവമുള്ള പ്രകൃതിദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു

ന്യൂഡൽഹി > കേരളത്തിലെ പ്രളയത്തെ ഗുരുതര സ്വഭാവമുള്ള പ്രകൃതിദുരന്തമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. കേരളത്തിലുണ്ടായ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും തീവ്രതയും വ്യാപ്തിയും പരിഗണിച്ച് ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കുന്നവെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
സംസ്ഥാന സർക്കാർ നൽകിയ വിവരങ്ങൾ പ്രകാരം ഈ വർഷത്തെ തെക്ക് പടിഞ്ഞാറൻ കാലവർത്തിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 247 പേർ മരിക്കുകയും 17343 വീടുകൾ തകർന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രളയം സ്വഭാവമുള്ള പ്രകൃതിദുരന്തമാണെന്ന് വ്യക്തമാക്കി വ്യാഴാഴ്ച രാജ്യസഭാ സെക്രട്ടറിയറ്റിനെ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.
ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ കേന്ദ്രസർക്കാരിന്റെ കൂടുതൽ സഹായങ്ങൾ ലഭ്യമാകും. ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതൽ ഇടപെടൽ ഉണ്ടാകും. ഒരു ദുരന്ത നിവാരണ ഫണ്ട് (സിആർഎഫ്)രൂപീകരിക്കും. ഇതിൽ 3:1 എന്ന നിലയിലാവും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം. ഈ ഫണ്ടിലുള്ള തുക അപര്യാപ്തമായി വന്നാൽ ആകസ്മിക സഹാചര്യങ്ങളെ നേരിടാനുള്ള ദേശീയ ദുരന്ത ഫണ്ടിൽ (എൻസിസിഎഫ്) നിന്ന് കൂടുതൽ തുക അനുവദിക്കും. എൻസിസിഎഫ് പൂർണ്ണമായും കേന്ദ്രസർക്കാരിന്റെ വിഹിതമാണ്. രാജ്യസഭ, ലോക്‌സഭ എംപിമാർക്ക് ഒരു കോടി രൂപവരെ ദുരന്ത നിവാരണത്തിനായി ഉപയോഗിക്കാനാവും. വ്യക്തിഗത വായ്പ, ഗ്രാന്റ് എന്നിവയുടെ തിരിച്ചടവുകളിൽ ഇളവ് ലഭിക്കും. വിദേശ സഹായം ലഭ്യമാകുന്നതിനും പ്രഖ്യാപനം സഹായിച്ചേക്കും. ഉത്തരാഖണ്ഡിലുണ്ടായ വെള്ളപ്പൊക്കം, ഹൂദ് ഹൂദ് ചുഴലിക്കാറ്റ് എന്നിവ ഗുരുതര സ്വഭാവമുള്ള പ്രകൃതിദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
0 comments