ഐഡിബിഐ ബാങ്ക‌് ഏറ്റെടുക്കൽ എൽഐസിക്ക് കെണി

ന്യൂഡൽഹി
കിട്ടാക്കടം രൂക്ഷമായതിനെത്തുടർന്ന് നഷ്ടത്തിലായ ഐഡിബിഐ ബാങ്കിനെ ഏറ്റെടുക്കാൻ എൽഐസിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയത‌് 25 കോടിയോളം പോളിസി ഉടമകളെ ബാധിക്കും. ബാങ്കിന്റെ 51 ശതമാനം ഓഹരി വാങ്ങാനാണ‌് പൊതുമേഖലാ ഇൻഷുറൻസ‌് കമ്പനിയായ എൽഐസിക്ക‌് അനുമതി നൽകിയത‌്. ഏറ്റെടുക്കലിനായി 13,000 കോടി രൂപയാണ് എൽഐസി നൽകുന്നത്. വെള്ളിയാഴ്ചയാണ‌് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഇക്കാര്യത്തിൽ തീരുമാനമെടുത്തത‌്. ഒരു ഇൻഷുറൻസ് കമ്പനിയും മറ്റേതെങ്കിലും കമ്പനിയുടെ 15 ശതമാനത്തിൽ കൂടുതൽ ഓഹരികൾ കൈവശംവയ്ക്കാൻ പാടില്ലെന്ന ചട്ടം മറികടന്നാണ‌് ഏറ്റെടുക്കലിന‌് അനുമതി നൽകിയത‌്. കടക്കെണിയിലായ പൊതുമേഖലാബാങ്കുകളിലെ ഓഹരി നിക്ഷേപങ്ങളിൽ കുറവുവരുത്തണമെന്നുള്ള റിസർവ് ബാങ്ക‌് തീരുമാനവും മറികടന്നാണ‌് ഏറ്റെടുക്കൽ. സര്‍ക്കാരിന്റെ മുഴുവന്‍ ഓഹരികളും എല്‍ഐസിയുടെ മേല്‍ കെട്ടിയേല്‍പ്പിച്ച് ഐഡിബിഐയുടെ എല്ലാ ബാധ്യതകളും കൈയൊഴിയാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
പോളിസി ഉടമകൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാൻ ഉപയോഗിക്കേണ്ട തുകയാണ‌് പാപ്പരായ ബാങ്കിനെ ഏറ്റെടുക്കാൻ ഉപയോഗിക്കുന്നത്. 25 കോടിയിലധികം ആളുകളുടെ ഇൻഷുറൻസും 30 കോടിയിലധികം പോളിസികളും ഉള്ള സ്ഥാപനമാണ‌് എൽഐസി. ഓരോവർഷവും പ്രീമിയം ഇനത്തിൽ മൂന്നുലക്ഷം കോടിയലധികം വരുമാനവുമുണ്ട‌്.
ഐഡിബിഐ ബാങ്കിൽ വായ്പ തിരിച്ചടവ് മുടക്കിയ സമ്പന്നരുടെ പേരുകൾ സർക്കാർ രഹസ്യമാക്കിയിരിക്കുകയാണ്. ഇവരിൽനിന്ന് തുക തിരിച്ചുപിടിക്കുന്നതിനു പകരം എൽഐസി പോളിസികളെടുത്ത‌് ബാങ്കുകളെ നിലനിർത്താനാണ‌് ശ്രമം. കിട്ടാക്കടം പെരുകി കുഴപ്പത്തിലായ ബാങ്കിനെ ഏറ്റെടുക്കാൻ എൽഐസിയോട് ആവശ്യപ്പെട്ട കേന്ദ്രസർക്കാർ തീരുമാനം അപലപനീയമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
ബാങ്ക്വായ്പ തിരിച്ചടവ് മുടക്കിയ സമ്പന്നരിൽനിന്ന‌് വായ‌്പ തിരിച്ചുപിടിക്കുന്നതിനു പകരം ഇൻഷുറൻസ് പോളിസികളിലൂടെ ബാങ്കുകളെ നിലനിർത്താനുള്ള ശ്രമം ജനത്തെ കൊള്ളയടിക്കുന്നതിനു തുല്യമാണ‌്. സമ്പന്നരായ വായ്പ കുടിശ്ശികക്കാരെ രക്ഷിക്കാൻ മോഡി സർക്കാർ നിയന്ത്രണസംവിധാനങ്ങൾ നശിപ്പിക്കുകയാണ്. സമ്പന്നർ ബാങ്കുകൊള്ളയടിക്കുകയും രാജ്യംവിടുകയും ചെയ്യുമ്പോൾ സാധാരണക്കാരുടെ സമ്പാദ്യമെടുത്ത് തുക തിരിച്ചടയ്ക്കുന്ന അധികൃതരുടെ നടപടി പിൻവലിക്കണമെന്നും പിബി ആവശ്യപ്പെട്ടു.
Related News

0 comments