Deshabhimani

മുംബൈ ബോട്ടപകടം; മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 10:29 AM | 0 min read

മുംബൈ > മുംബൈ കടൽത്തീരത്ത് യാത്രാബോട്ടിൽ നാവികസേനയുടെ സ്‌പീഡ് ബോട്ട് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ കാണാതായവരിൽ മലയാളികളുമുണ്ടെന്ന് സംശയം. തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് ആശുപത്രിയിൽ കഴിയുന്ന കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. ഉറാനിലെ ജെഎൻപിടി ആശുപത്രിയിൽ കഴിയുന്ന ആറ് വയസ്സുകാരൻ കേവൽ ആണ് മാതാപിതാക്കളെ കാണാനില്ലെന്ന് പറഞ്ഞത്. മലയാളി ദമ്പതികളെ മറ്റേതെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.

ഇന്നലെ വൈകിട്ടാണ് മുംബൈയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ​ഗേറ്റ്‍വേ ഓഫ് ഇന്ത്യയിൽ നിന്ന് എലിഫന്റ ദ്വീപിലേക്ക് പോയ നീൽ കമൽ ബോട്ടിൽ എഞ്ചിൻ ട്രയൽ നടത്തിയിരുന്ന നാവികസേനയുടെ സ്പീഡ്‌ബോട്ട്‌ ഇടിച്ചുകയറി അപകടമുണ്ടായത്. 110 പേരാണ് യാത്രാ ബോട്ടിൽ ഉണ്ടായിരുന്നത്. നാവിക സേനയുടെ ബോട്ടിൽ ആറ് പേരുണ്ടായിരുന്നു. 13 പേർ മരിച്ചു. നാല് പേരുടെ നില ​ഗുരുതരമാണ്.  ഇത് വരെ 101  പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മരിച്ചവരിൽ നാവികസേന ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ബോട്ട് മുങ്ങിയാണ് അപകടമുണ്ടായതെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടാണ്​ കൂട്ടിയിടിയാണെന്ന്  വ്യക്തമായത്. മുങ്ങിയ യാത്രബോട്ടിൽനിന്ന് ആളുകളെ  നാവികസേനയും കോസ്റ്റ്​ഗാർഡും  മുംബൈ പൊലീസും ചേർന്ന്‌ രക്ഷപ്പെടുത്തി.  തുറമുഖ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.

ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് എലഫന്റാ ദ്വീപിലെ ഗുഹകൾ സന്ദർശിക്കാനായി പ്രത്യേക ഫെറി സർവീസുകളുണ്ട്. വിദേശികളടക്കം ദിവസവും  ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ബോട്ടുകൾ യാതൊരു സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കാതെയാണ് പ്രവർത്തിക്കുന്നത്. ലൈഫ് ജാക്കറ്റുകൾ പോലുമില്ലാതെയാണ് പരമാവധി ആളുകളെ കുത്തിക്കയറ്റി സർവീസ് നടത്തുന്നത്. സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ് 13 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയത്.

അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധി വഴി  2 ലക്ഷം രൂപയും  ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ നൽകുമെന്നും മോദി എക്‌സിൽ പങ്ക് വച്ചു. 



deshabhimani section

Related News

View More
0 comments
Sort by

Home