‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ; അപ്രായോഗികം, ജനാധിപത്യവിരുദ്ധം , കടുത്ത വിമർശം ഉയർത്തി പ്രതിപക്ഷം

ന്യൂഡൽഹി
ബിജെപിയുടെ സങ്കുചിത രാഷ്‌ട്രീയ അജന്‍ഡയുടെ ഭാഗമായ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഭരണഘടന ദേദഗതി ബില്ലിൽ നിറയെ പൊരുത്തക്കേടുകള്‍. ജനാധിപത്യത്തിനും ഫെഡറലിസത്തിനും എതിരായ വ്യവസ്ഥകളും ഏറെ. ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുക വഴി ഭരണകാര്യങ്ങൾക്ക് കൂടുതൽ സമയം ലഭ്യമാക്കാനും സാമ്പത്തികച്ചെലവ് കുറയ്‌ക്കാനും കഴിയുമെന്ന് അവകാശപ്പെട്ടാണ് ബിൽ കൊണ്ടുവന്നത്. ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തിയാൽ പ്രചാരണഅജന്‍ഡ തങ്ങൾക്ക് നിശ്‌ചയിക്കാൻ കഴിയുമെന്ന ബിജെപിയുടെ രാഷ്‌ട്രീയവ്യാമോഹമാണ് പിന്നിൽ.
എന്നാൽ എല്ലാ തെരഞ്ഞെടുപ്പും ഒന്നിച്ച് നടത്തുക പ്രായോഗികമല്ലെന്ന് ബില്ലിൽ സമ്മതിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഏതെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കരുതുന്നുണ്ടെങ്കിൽ ആ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കാനുള്ള അധികാരം കമീഷന് നൽകാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. പിന്നീട് സൗകര്യപ്രദമായ സമയത്ത് ആ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടത്താം. നിയമസഭയുടെ കാലാവധി നേരത്തെ രൂപംകൊണ്ട ലോക്‌സഭയുടെ കാലാവധി പൂർത്തിയാകുംവരെയാകും.
രാഷ്‌ട്രീയകാരണങ്ങളാലോ മറ്റോ ഏതെങ്കിലും സംസ്ഥാന സർക്കാർ നിലംപതിച്ചാൽ ഇടയ്‌ക്ക് നിയമസഭ തെരഞ്ഞെടുപ്പ് നടത്താം. അപ്പോഴും പുതിയ നിയമസഭയുടെ കാലാവധി നേരത്തെ രൂപംകൊണ്ട ലോക്‌സഭയുടെ കാലാവധി വരെയായിരിക്കും. കേന്ദ്രസർക്കാർ നിലംപതിച്ച് ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാലും പുതിയ ലോക്‌സഭയ്‌ക്ക് അഞ്ച് വർഷ കാലാവധി ലഭിക്കില്ല. മുൻ ലോക്‌സഭയ്‌ക്ക് ശേഷിച്ചിരുന്ന കാലാവധിയിലേക്ക് മാത്രമായിരിക്കും വീണ്ടും അംഗങ്ങളെ തെരഞ്ഞെടുക്കുക.
വർഷങ്ങളുടെ കാലാവധി ശേഷിക്കുന്ന പല നിയമസഭകളും പിരിച്ചുവിടേണ്ടിയും വരും. അഞ്ച് വർഷത്തേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുക എന്ന ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നതാണ് ഈ ബിൽ. നിയമസഭ തെരഞ്ഞെടുപ്പ് നീട്ടാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരം നൽകുന്നത് ഫെഡറലിസത്തിന് നേരെയുള്ള കടന്നാക്രമമാണ്. മോദി സർക്കാരിന്റെ കാലത്ത് തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനങ്ങളും അവരുടെ തീരുമാനങ്ങളും വിവാദത്തിലായിട്ടുണ്ട്. 1967 വരെ ലോക്‌സഭ–-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാണ് നടന്നത്. 1969–-70 കാലത്ത് പല സംസ്ഥാന സർക്കാരുകളും നിലംപതിച്ചതോടെയാണ് ക്രമം തെറ്റിയത്. അതിനാൽ ഒരേസമയം തെരഞ്ഞെടുപ്പ് എന്നത് അടിച്ചേൽപിക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്.
കടുത്ത വിമർശം ഉയർത്തി പ്രതിപക്ഷം
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന സംഘപരിവാർ അജൻഡ നടപ്പാക്കുന്നതിനുള്ള ഭരണഘടനാഭേദഗതി ബില്ലിന്റെ അവതരവേളയിൽ കടുത്ത വിമർശം ഉയർത്തി പ്രതിപക്ഷ എംപിമാർ. ഭരണഘടനയുടെ ഫെഡറലിസമടക്കമുള്ള അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമാണ് ഈ ആശയം. നിയമനിർമാണത്തിനുള്ള സഭയുടെ അധികാരപരിധി ലംഘിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ. ലോക്‌സഭയുടെ കാലാവധിക്കനുസൃതമായി നിയമസഭകളുടെ കാലാവധി നിശ്‌ചയിക്കാനാവില്ല. നിയമസഭകൾ വേറിട്ടതും തുല്യസ്ഥാനമുള്ളതുമാണ്. അമിതമായ കേന്ദ്രവൽകരണമാകും സംഭവിക്കുക. നിയമസഭകളുടെ കാലാവധി, തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണം തുടങ്ങിയ അധികാരങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് വിട്ടുകൊടുക്കുകയാണ്. ഒരു വ്യക്തിയുടെ ആഗ്രഹപൂർത്തീകരണത്തിനുവേണ്ടി മാത്രമാണ് ബില്ലുകൾ–- പ്രതിപക്ഷ എംപിമാർ വിമർശിച്ചു.
വിശദമായ പഠനത്തിനും വിപുലമായ ചർച്ചയ്‌ക്കും ശേഷമാണ് ബിൽ കൊണ്ടുവന്നതെന്ന് നിയമമന്ത്രി അർജുൻ റാം മെഘ്‌വാൾ പറഞ്ഞു. മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് തലവനായി സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു. സമിതി രാഷ്ട്രീയപാർടികളുടെ ഉൾപ്പെടെ അഭിപ്രായം തേടി. 31 പാർടികൾ അനുകൂലിച്ചു. 15 പാർടികളാണ് എതിർത്ത്. ബില്ല് ഭരണഘടനാവിരുദ്ധമല്ല–- മെഘ്‌വാൾ പറഞ്ഞു. ബില്ലുകൾ ജെപിസിക്ക് വിടണമെന്ന് മന്ത്രിസഭ പരിഗണിച്ചപ്പോൾ തന്നെ പ്രധാനമന്ത്രി പറഞ്ഞിരുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.ഭരണഘടനയുടെ 82, 83, 172, 327 അനുച്‌ഛേദങ്ങളിലാണ് കേന്ദ്രസർക്കാർ ഭേദഗതി ലക്ഷ്യമിടുന്നത്.
0 comments