മസ്‌ജിദിനുള്ളിൽ ജയ്‌ശ്രീറാം 
മുഴക്കിയ കേസ്‌: 
കർണാടക സർക്കാർ നിലപാടറിയിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 02:50 AM | 0 min read


ന്യൂഡൽഹി
ദക്ഷിണ കന്നഡയിലെ മസ്‌ജിദിനുള്ളിൽ അതിക്രമിച്ചുകയറി ജയ്‌ശ്രീറാം മുഴക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തിൽ കർണാടക സർക്കാർ നിലപാട്‌ വിശദീകരിക്കണമെന്ന്‌ സുപ്രീംകോടതി. പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജിയിലാണ്‌ ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റെ നിർദേശം. ഹർജിയുടെ പകർപ്പ്‌ സർക്കാരിന്‌ കൈമാറാനാണ്‌ നിർദേശം.

2023 സെപ്റ്റംബർ 24ന് സംഭവത്തിൽ കസബ പോലീസ് കേസ്‌ എടുത്തുവെങ്കിലും അന്വേഷണം വൈകാതെ നിലച്ചുവെന്ന്‌ ഹർജിക്കാരനായ ഹൈദർ അലിക്ക്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു. മതമുദ്രാവാക്യം ഉയർത്തുന്നത്‌ തെറ്റല്ലെന്ന്‌ കണ്ടാണ്‌ ഹൈക്കോടതി പ്രതികളായ കീർത്തൻ കുമാർ, സച്ചിൻ കുമാർ എന്നിവരെ കുറ്റവിമുക്തരായത്‌. എന്നാൽ മസ്‌ജിദിനുള്ളിൽ കയറി മുദ്രാവാക്യം വിളിച്ചതും ഭീഷണിപ്പെടുത്തിയതും ഹൈക്കോടതി പരിഗണിക്കാത്തത്‌ ഗുരുതര പിശകാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന്‌ ഹർജി വിശദമായി കേൾക്കാമെന്ന്‌ സുപ്രീംകോടതി അറിയിച്ചു. ഹൈക്കോടതി വിധിയെ ഇതുവരെ ചോദ്യം ചെയ്യാൻ കർണാടക സർക്കാർ തയ്യാറായിട്ടില്ല. കേസ്‌ രണ്ടാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കും.



deshabhimani section

Related News

0 comments
Sort by

Home