Deshabhimani

രണ്ടാം ദിവസവും കടന്നാക്രമിച്ച്‌ പ്രതിപക്ഷം ഭരണഘടനയെ സംഘപരിവാർ
മാനിക്കുന്നില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 02:59 AM | 0 min read

ന്യൂഡൽഹി > ഭരണഘടനയുടെ 75–-ാം വാർഷികം മുൻനിർത്തിയുള്ള പ്രത്യേക ചർച്ചയുടെ രണ്ടാം ദിവസവും പ്രതിപക്ഷാംഗങ്ങൾ കേന്ദ്രസർക്കാരും സംഘപരിവാറും ഭരണഘടനയോട്‌ പുലർത്തുന്ന അവമതിപ്പ്‌ തുറന്നുകാട്ടി. ഇന്ത്യൻ ഭരണഘടനയെ സംഘപരിവാർ ഒരിക്കലും മാനിച്ചിട്ടില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി പറഞ്ഞു. ഭാരതീയമായ ഒന്നും ഭരണഘടനയിൽ ഇല്ലെന്നായിരുന്നു വി ഡി സവർക്കറുടെ പരിഭവം. ഭരണഘടനയല്ല മനുസ്‌മൃതിയാണ്‌ മാനിക്കപ്പെടേണ്ടതെന്നും സവർക്കർ പറഞ്ഞു. സവർക്കറെ ബിജെപി മാനിക്കുന്നുണ്ടോ. അങ്ങനെയെങ്കിൽ ഭരണഘടനയെ പുകഴ്‌ത്തുമ്പോഴെല്ലാം നിങ്ങൾ സവർക്കറെ ഇകഴ്‌ത്തുകയാണ്‌.

ഭരണഘടനയുടെ ആമുഖത്തിൽ ‘മതനിരപേക്ഷത’, ‘സോഷ്യലിസം’ എന്നീ വാക്കുകൾ ചേർത്തിരുന്നില്ലെങ്കിൽ ബിജെപി ഭരണഘടന തിരുത്തിയെഴുതുമായിരുന്നു എന്ന്‌ ഡിഎംകെയുടെ എ രാജ പറഞ്ഞു. ഭരണഘടനാ നിർമാണത്തിൽ ആർഎസ്‌എസോ ഹിന്ദുമഹാസഭയോ ഒരു സംഭാവനയും നൽകിയിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത്‌ ജനാധിപത്യം മാത്രമാണ്‌ ആക്രമിക്കപ്പെട്ടത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാനൂറ്‌ സീറ്റ്‌ കിട്ടിയാൽ ഭരണഘടന ഇല്ലാതാക്കി ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തുമെന്ന്‌ ബിജെപി നേതാക്കൾ പ്രഖ്യാപിച്ചിരുന്നു–- രാജ പറഞ്ഞു.

മണിപ്പുരിനെ രാജ്യത്തിന്റെ ഭാഗമായെങ്കിലും പരിഗണിക്കാൻ തയ്യാറാകണമെന്ന് ഔട്ടർമണിപ്പുർ എംപി ആൽഫ്രഡ്‌ ആർതർ അപേക്ഷിച്ചു. എന്തുകൊണ്ടാണ്‌ പ്രധാനമന്ത്രി മണിപ്പുരിലേക്ക്‌ തിരിഞ്ഞുനോക്കാത്തത്‌. മണിപ്പുരിലെ ജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത വിധം രാജ്യം ദുർബലമാണോ. പ്രധാനമന്ത്രി മറുപടി പറയണം–- ആർതർ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home