കോൺഗ്രസിന്റെ സങ്കുചിത നിലപാടുകൾ: ഇന്ത്യ കൂട്ടായ്‌മയിൽ അസ്വസ്ഥത

ന്യൂഡൽഹി
പാർലമെന്റിന് അകത്തും പുറത്തും കോൺഗ്രസ് സ്വീകരിക്കുന്ന സങ്കുചിത നിലപാടുകൾക്കെതിരെ ഇന്ത്യ കൂട്ടായ്‌മയിൽ അസ്വസ്ഥത വളരുന്നു. നയിക്കാൻ കോൺഗ്രസിന് കഴിയില്ലെങ്കിൽ എന്ത് ചെയ്യാനാകുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ചോദിച്ചു.
തനിക്ക് അവസരം കിട്ടിയാൽ സുഗമമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അവർ പ്രതികരിച്ചു. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പാർലമെന്റ് സമ്മേളന ദിവസങ്ങളിൽ ചേരുന്ന യോഗങ്ങളിൽനിന്ന് തൃണമൂൽ വിട്ടുനിൽക്കുകയാണ്. കഴിഞ്ഞദിവസം എസ്‌പി പ്രതിനിധി കളും വിട്ടുനിന്നു.
മുന്നിൽനിൽക്കാനുള്ള ടിഎംസിയുടെ താൽപര്യത്തിൽ സന്തോഷമുണ്ടെന്ന് ശിവസേന (ഉദ്ധവ് താക്കറെ) വക്താവ് സഞ്‌ജയ് റാവത്ത് പറഞ്ഞു. അതേസമയം മമതയുടെ പരാമർശം നല്ല തമാശയാണെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ പ്രതികരിച്ചു. ബംഗാളിന് പുറത്ത് ടിഎംസിക്ക് കാര്യമൊന്നുമില്ലെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു.ലോക്‌സഭയിൽ ഇരിപ്പിടങ്ങൾ പുനഃക്രമീകരിച്ചപ്പോൾ കോൺഗ്രസ് എടുത്ത സമീപനം കൂട്ടായ്‌മയ്‌ക്ക് ഗുണകരമായില്ലെന്ന വിമർശനവുമുണ്ട്.
+പ്രതിപക്ഷത്തിന് ഏറ്റവും ശ്രദ്ധ ലഭിക്കുന്ന, ഇടത്തേഅറ്റത്ത് എട്ടാം ബ്ലോക്കിൽ ഒന്നാംനിരയിൽ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്ക് സമീപം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനാണ് ഇരിപ്പിടം ലഭിച്ചത്. മൂന്നാമനായി ഡിഎംകെയിലെ ടി ആർ ബാലു.
രണ്ടാം നിരയിൽ ഏക കോൺഗ്രസിതര എംപി ഡിഎംകെയിലെ എ രാജ. നേരത്തെ എസ്‌പി നേതാക്കളായ അഖിലേഷ് യാദവ്, അവധേഷ് പ്രസാദ്, എൻസിപിയിലെ സുപ്രിയ സുലെ എന്നിവർ എട്ടാം ബ്ലോക്കിൽ കോൺഗ്രസ് നേതാക്കൾക്ക് സമീപത്തായിരുന്നു. എട്ടാം ബ്ലോക്ക് മുൻനിരകൾ കോൺഗ്രസ് ഏതാണ്ട് കയ്യടക്കി. അഖിലേഷ് യാദവിനെ ആറാം ബ്ലോക്കിലെ മുൻനിരയിലേക്ക് മാറ്റി. ഈ മാറ്റത്തിൽ അദ്ദേഹം പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസുമായി ചർച്ചചെയ്‌താണ് സീറ്റുകൾ പുനഃക്രമീകരിച്ചതെന്ന് സർക്കാർ വക്താക്കൾ വിശദീകരിക്കുന്നു. പ്രതിപക്ഷത്ത് ഭിന്നത സൃഷ്ടിക്കാനുള്ള ബിജെപിയുടെ കെണിയിൽ കോൺഗ്രസ് വീണുവെന്നാണ് ഇതര പാർടികളുടെ നിഗമനം.
Related News

0 comments