അക്രമിസംഘത്തിന്റെ വെടിയേറ്റു; കിലോമീറ്ററുകൾ വാഹനമോടിച്ച് യാത്രക്കാരെ രക്ഷിച്ച് ജീപ്പ് ഡ്രൈവർ

പട്ന > അക്രമിസംഘത്തിന്റെ വെടിയേറ്റിട്ടും നിർത്താതെ കിലോമീറ്ററുകളോളം വാഹനമോടിച്ച് യാത്രക്കാരെ രക്ഷിച്ച് ജീപ്പ് ഡ്രൈവർ. ബിഹാറിലെ ഭോജ്പൂർ ജില്ലയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ജീപ്പ് ഡ്രൈവറായ സന്തോഷ് സിങ്ങാണ് വയറ്റിൽ വെടിയേറ്റ ശേഷവും കിലോമീറ്റുകൾ വാഹനം ഓടിച്ച് അക്രമി സംഘത്തിൽ യാത്രക്കാരെ രക്ഷിച്ചത്. 15 പേരാണ് ജീപ്പിലുണ്ടായിരുന്നത്.
പ്രദേശത്ത് നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവർ. ബൈക്കിലെത്തിയ രണ്ട് അക്രമികൾ വാഹനത്തെ പിന്തുടരുകയും സന്തോഷ് സിങ്ങിന്റെ വയറ്റിൽ വെടിയുതിർക്കുകയുമായിരുന്നു. എന്നാൽ രക്തസ്രാവമുണ്ടായിട്ടും വാഹനം നിർത്താതെ കുറച്ച് കീലോമീറ്ററുകൾ കൂടി സന്തോഷ് മുന്നോട്ട് പോവുകയായിരുന്നു. യാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി സന്തോഷിനെ ആശുപത്രിയിലെത്തിച്ചു. സന്തോഷ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതേദിവസം പ്രതികൾ മറ്റൊരു വാഹനത്തെയും ആക്രമിച്ചതായും പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Related News

0 comments