പ്രോബ 3 ലക്ഷ്യം കണ്ടു; ഐഎസ്‌ആർഒയ്-ക്ക് നേട്ടം

ശ്രീഹരിക്കോട്ട
യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ഇരട്ട ഉപഗ്രഹത്തെ ലക്ഷ്യത്തിലെത്തിച്ച് ഐഎസ്‌ആർഒ. സൗര നിരീക്ഷണ ഉപഗ്രഹം പ്രോബ 3 വിക്ഷേപണം പൂർണ വിജയം. ബഹിരാകാശത്ത് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ സൂക്ഷ്‌മമായി പഠിക്കുകയാണ് ലക്ഷ്യം.
ശ്രീഹരിക്കോട്ടയിൽ വ്യാഴാഴ്‌ചയായിരുന്നു വിക്ഷേപണം. സാങ്കേതിക തകരാർ മൂലം ബുധനാഴ്‌ച വിക്ഷേപണം മാറ്റിവച്ചിരുന്നു. സതീഷ്‌ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് വൈകിട്ട് 4.04 നാണ് പിഎസ്‌എൽവി സി 59 റോക്കറ്റ് ഉപഗ്രഹങ്ങളുമായി കുതിച്ചത്. വിക്ഷേപണത്തിന്റെ മൂന്നാം മിനിട്ടിൽ റോക്കറ്റിന്റെ ഒന്നാം ഘട്ടം വേർപെട്ടു. നാലാം മിനിട്ടിൽ മൂന്നാം ഘട്ടം കൃത്യതയോടെ ജ്വലിച്ചു. പതിനെട്ടാം മിനിട്ടിൽ ഉപഗ്രഹങ്ങൾ നിശ്ചിത ഭ്രമണപഥത്തിലെത്തി.
തുടർന്ന് ഉപഗ്രഹങ്ങളുടെ സൗരോർജപാനൽ വിന്യസിപ്പിച്ചു. പ്രോബ 3ൽ നിന്ന് സിഗ്‌നലുകൾ ലഭിച്ചു തുടങ്ങിയതായി യൂറോപ്യൻ സ്‌പേസ് ഏജൻസി എക്‌സിൽ കുറിച്ചു. കുറഞ്ഞ ദൂരം 600 കിലോമീറ്ററിനും കൂടിയ ദൂരം 60,530 കിലോമീറ്ററുമായുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ പേടകങ്ങളെ ഉറപ്പിക്കും. രണ്ട് വർഷമാണ് കാലാവധി. ഐസ്‌ആർഒയുടെ വാണിജ്യ വിക്ഷേപണമായിരുന്നു ഇത്. പ്രോബ 1 വിക്ഷേപിച്ചതും ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു. ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, സെന്റർ ഡയറക്ടർമാരായ ഡോ. എസ് ഉണ്ണികൃഷ്‌ണൻനായർ(വിഎസ്‌എസ്‌സി), ഡോ. വി നാരായണൻ(എൽപിഎസ്‌സി), ഡോ. എ കെ അനിൽകുമാർ (ഇസ്‌ട്രാക്ക്), എ രാജരാജൻ(ഷാർ) എന്നിവർ വിക്ഷേപണത്തിന് നേതൃത്വം നൽകി. ഡോ. എം ജയകുമാറായിരുന്നു മിഷൻ ഡയറക്ടർ.
Related News

0 comments