മുങ്ങിത്താണ് പുതുച്ചേരി: 30 വർഷത്തിലെ ഏറ്റവും ശക്തമായ മഴ

ചെന്നൈ > ഫെയ്‌ൻജൽ ചുഴലിക്കാറ്റ് തീരം തൊട്ടതിനെത്തുടർന്ന് പേമാരിയില്‍ മുങ്ങിത്താണ് പുതുച്ചേരി. ഞായർ രാവിലെ ഒമ്പത് വരെയുള്ള 24 മണിക്കൂറിൽ 46 സെന്റീമീറ്റർ മഴയാണ് പെയ്‌തിറങ്ങിയത്. തുടർച്ചയായി പെയ്യുന്ന പേമാരിയിൽ ജനവാസമേഖലയുടെ ഭൂരിഭാഗവും മുങ്ങി. കടകളും സ്ഥാപനങ്ങളും അടച്ചു. താഴ്‌ന്നപ്രദേശങ്ങളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. നൂറിലേറെപ്പേരെ ദേശീയ ദുരന്ത പ്രതികരണ സേന രക്ഷപ്പെടുത്തി. സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനെത്തി. ആയിരത്തോളംപേര്‍ ക്യാമ്പുകളിലാണ്.
പുതുച്ചേരിയിലെ കൃഷ്‌ണനഗറിൽ അഞ്ചടിയോളം വെള്ളംപൊങ്ങിയതിനാൽ അഞ്ഞൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ശനിയാഴ്‌ച 11 മണിമുതൽ മിക്കയിടത്തും വൈദ്യുതി വിച്ഛേദിച്ചു. റോഡരികിൽ പാർക്കുചെയ്‌ത വാഹനങ്ങൾ പാതിമുങ്ങിയ നിലയിലാണ്. പ്രധാനറോഡുകളിലെല്ലാം വെള്ളക്കെട്ടുണ്ടായതിനാൽ ഗതാഗതം സ്‌തംഭിച്ചു. മുപ്പതുവർഷത്തിലെ ഏറ്റവും ശക്തമായ മഴയാണ് പുതുച്ചേരിയിലുണ്ടാകുന്നത്.
മണിക്കൂറിൽ 70–-80 കിലോമീറ്റർ വേഗതയിൽ തീരംതൊട്ട ചുഴലിക്കാറ്റ് ദുർബലമായെങ്കിലും പുതുച്ചേരികൂടാതെ തമിഴ്‌നാട്ടിലും ഞായറാഴ്‌ച ശക്തമായ മഴപെയ്‌തു. തമിഴ്‌നാട് തീരമേഖലയില്‍ കടൽക്ഷോഭം അതിരൂക്ഷമാണ്. വടക്കൻ ജില്ലകളായ തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽനിന്ന് മൂവായിരം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. കാഞ്ചീപുരം ജില്ലയിലെ ഡാമുകൾ കവിഞ്ഞു.
തിരുവണ്ണാമലൈയില്‍ ഉരുള്‍പ്പൊട്ടി കുട്ടികളടക്കം ഏഴുപേര്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സാതനൂർ ഡാം തുറന്നുവിടുന്നതിനാൽ തെൻപണ്ണൈ നദിക്കരയിലുള്ള 14 ഗ്രാമങ്ങൾക്ക് പ്രളയ മുന്നറിയിപ്പ് നൽകി. മഴശക്തമായ മേഖലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. മദ്രാസ് സര്‍വകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റി.
ചെന്നൈ വിമാനത്താവളം ഞായർ ഉച്ചയോടെ പ്രവർത്തനം പുനരാരംഭിച്ചു. ശനിയാഴ്‌ച വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം കൊടുങ്കാറ്റില്‍പെട്ട് ചരിയുന്നതിന്റെയും രക്ഷപ്പെട്ട് പറന്നകലുന്നതിന്റെയും ദൃശ്യം പുറത്തുവന്നു. തലനാരിഴയ്‌ക്കാണ് വന്‍ദുരന്തം ഒഴിവായത്.
Related News

0 comments