Deshabhimani

ബാബാ സി​ദ്ദിഖി വധക്കേസ്: പ്രതികൾക്ക് സാമ്പത്തികസഹായം നൽകിയയാൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 08:51 AM | 0 min read

മുംബൈ > എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖി വധക്കേസിൽ പ്രതികൾക്ക് സാമ്പത്തികമായി സഹായം നൽകിയയാൾ പിടിയിൽ. സുമിത് ദിനകർ വാഗ് (26) എന്നയാളെയാണ് നാ​ഗ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മറ്റൊരു പ്രതിയായ സൽമാൻ വോറയുടെ പേരിൽ രജിസ്റ്റർ ചെയ്ത പുതിയ സിം കാർഡ് ഉപയോഗിച്ചാണ് ഇന്റർനെറ്റ് ബാങ്കിങ് വഴി ഇയാൾ ഇടപാടുകൾ നടത്തിയിരുന്നത്. സംഘത്തിലുള്ള മറ്റുള്ളവർക്കും പണം കൈമാറിയത് സുമിത് ദിനകർ വാഗ് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഒക്ടോബർ 12നാണ്  ബാബ സിദ്ദിഖി(65)യെ മൂന്നംഗ സംഘം വെടിവച്ചുകൊന്നത്. മകനും കോൺഗ്രസ്‌ എംഎൽഎയുമായ സീഷൻ സിദ്ദിഖിയുടെ ബാന്ദ്രയിലെ നിർമൽ നഗറിലുള്ള ഓഫീസിന്‌ മുന്നിലാണ്‌ ബാബ സിദ്ദിഖിക്ക് വെടിയേറ്റത്‌. തിഹാർ ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ലോറൻസ്‌ ബിഷ്‌ണോയിയുടെ സംഘം കൊലയുടെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു.

കൊലപാതകം നടക്കുന്നതിന് 15 ദിവസംമുമ്പ്‌ വധഭീഷണി ലഭിച്ച സിദ്ദിഖിയുടെ സുരക്ഷ വൈ കാറ്റഗറിയിലേക്ക്‌ ഉയർത്തിയിരുന്നു. സിദ്ദിഖിയുടെ സുരക്ഷയ്‌ക്കുണ്ടായിരുന്ന പൊലീസുകാരിൽ ഒരാൾക്കും ആക്രമണത്തിൽ വെടിയേറ്റു. ക്രൈംബ്രാഞ്ചിന്റെ പതിനഞ്ച്‌ സംഘങ്ങളാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. കേസിലെ പ്രധാന പ്രതിയായ ശിവ്‌കുമാർ ഗൗതമിനെ ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.



deshabhimani section

Related News

0 comments
Sort by

Home