പണത്തിനായി യുവതിയെ പത്താംനിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു; ഭർത്താവിനെതിരെ പരാതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 10:10 PM | 0 min read

ലക്നൗ > ലക്നൗവിൽ യുവതി കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് വീണു മരിച്ച സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. യുവതിയുടെ ഭർത്താവാണ് കൊലയ്ക്ക് പിന്നിലെന്നാണ് ആരോപണം. ഇതു കാണിച്ച് യുവതിയുടെ അച്ഛനായ റിട്ടയേർഡ് അഡീഷണൽ ജില്ലാ ജഡ്ജിയാണ് പരാതി നൽകിയത്. പണം ആവശ്യപ്പെട്ട് മകളെ ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്നും കൊലപ്പെടുത്തിയതാണെന്നും ശാരദാ പ്രസാദ് തിവാരി പരാതിയിൽ പറയുന്നു.

ലക്നൗവിലെ വൃന്ദാവൻ യോജനയിലാണ് സംഭവം. പ്രീതി ദ്വിവേദി(40)യാണ് പത്താം നിലയിൽ നിന്ന് വീണ് മരിച്ചത്. ഭർത്താവ് രവീന്ദ്ര ദ്വിവേദിക്കും മക്കൾക്കുമൊപ്പം നാലാം നിലയിലാണ് പ്രീതി താമസിച്ചിരുന്നത്. ഫ്ലാറ്റ് വായ്പ തിരിച്ചടയ്ക്കാനുള്ള പണം നൽകണമെന്നാവശ്യപ്പെട്ട് രവീന്ദ്ര ദ്വിവേദി നിരന്തരം ശല്യപ്പെടുത്തിയിരുന്നു എന്നും പ്രീതിയുടെ അച്ഛൻ പരാതിയിൽ പറയുന്നു. മകളെ ഇയാൾ പത്താം നിലയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു. വിവാഹം കഴിഞ്ഞതു മുതൽ പണം ആവശ്യപ്പെട്ട് മകളെ ഉപദ്രവിച്ചിരുന്നുവെന്നും ശാരദാ പ്രസാദ് പറഞ്ഞു.

എല്ലാ മാസവും 10,000 രൂപ അയച്ച് കൊടുത്തിരുന്നുവെന്നും പിന്നീടും ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ലക്നൗ പൊലീസ് പറഞ്ഞു.

 



deshabhimani section

Related News

0 comments
Sort by

Home