Deshabhimani

ജാർഖണ്ഡിൽ ഇന്ത്യ കൂട്ടായ്‌മ ഒറ്റക്കെട്ട്: ഹേമന്ത്‌ സോറൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 11:23 PM | 0 min read

റാഞ്ചി> ജാർഖണ്ഡിൽ ഇന്ത്യ കൂട്ടായ്‌മയിലെ പാർടികൾ ഒരുമിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന്‌ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത്‌ സോറൻ റാഞ്ചിയിൽ പറഞ്ഞു. ആകെ 81 സീറ്റിൽ 70 ഇടത്ത്‌ ജെഎംഎമ്മും കോൺഗ്രസും മത്സരിക്കും. ബാക്കി 11 സീറ്റുകളിൽ ആർജെഡിയും ഇടതുപക്ഷ പാർടികളും മത്സരിക്കും. പാർടികളുമായുള്ള കൂടിയാലോചനയ്‌ക്കുശേഷം സീറ്റ്‌ വിഭജനം പൂർത്തിയാക്കുമെന്നും ഹേമന്ത്‌ സോറൻ പറഞ്ഞു.

അതേസമയം, ജെഎംഎം വിട്ട്‌ ബിജെപിയിലെത്തിയ മുൻ മുഖ്യമന്ത്രി ചംപയ്‌ സോറനെ അടക്കം ഉൾപ്പെടുത്തി ആദ്യ സ്ഥാനാർഥിപട്ടിക ബിജെപി പുറത്തുവിട്ടു. മുൻ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ ബാബുലാൽ മറാണ്ഡി ഉൾപ്പെടെ 66 സ്ഥാനാർഥികളാണ്‌ പട്ടികയിലുള്ളത്‌. 68 സീറ്റിലാണ്‌ ബിജെപി മത്സരിക്കുന്നത്‌. ചംപയ്‌ സോറന്റെ മകൻ ബാബുലാൽ സോറൻ, ഹേമന്ത്‌ സോറന്റെ സഹോദരന്റെ ഭാര്യ സീതാ സോറൻ എന്നിവരും പട്ടികയിലുണ്ട്‌.

എൻഡിഎയിൽ 
തർക്കം


ജാർഖണ്ഡ്‌ എൻഡിഎയിലെ സീറ്റ്‌ വിഭജനത്തിൽ സഖ്യകക്ഷിയായ എജെഎസ്‌യു(ഓൾ ജാർഖണ്ഡ്‌ സ്‌റ്റുഡന്റ്‌സ്‌ യൂണിയൻ)വിന്‌ അതൃപ്‌തി. തീരുമാനം പ്രഖ്യാപിക്കാൻ ബിജെപിയുടെ ജാർഖണ്ഡ്‌ ചുമതലക്കാരനും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിസ്വ സർമ വിളിച്ച വാർത്താസമ്മേളനം ഇതുകാരണം വൈകി. പ്രശ്‌നങ്ങൾ പരിഹരിക്കാൻ നാമനിർദേശ പത്രിക സമർപ്പണത്തിന്റെ സമയപരിധി വരെ അവസരമുണ്ടെന്ന്‌ പ്രതികരിച്ച്‌ എജെഎസ്‌യു തലവൻ സുദേഷ്‌ മഹാതോ ഭിന്നത സ്ഥിരീകരിക്കുകയും ചെയ്‌തു.

എജെഎസ്‌യുവിന്‌ 10, ജെഡിയുവിന്‌ രണ്ട്‌, ചിരാഗ്‌ പാസ്വാൻ നയിക്കുന്ന എൽജെപിക്ക്‌ ഒന്ന്‌ വീതം സീറ്റുകൾ നീക്കിവച്ചാണ്‌ 81 അംഗ നിയമസഭയിലേയ്‌ക്കുള്ള സീറ്റ്‌ വിഭജനം സർമ പ്രഖ്യാപിച്ചത്‌.
 



deshabhimani section

Related News

0 comments
Sort by

Home