അമേഠി കൂട്ടക്കൊല: തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമം; പ്രതിക്ക് വെടിയേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 01:04 PM | 0 min read

ലക്നൗ > അമേഠി കൂട്ടക്കൊലയിലെ പ്രതി ചന്ദൻ വർമയ്ക്ക് വെടിയേറ്റു. തെളിവെടുപ്പിനിടെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിക്ക് പൊലീസിന്റെ വെടിയേറ്റത്. പൊലീസ് ഉദ്യോ​ഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് ഇയാൾ രക്ഷപെടാൻ ശ്രമിച്ചെന്നും തുടർന്ന് കാലിൽ വെടി വയ്ക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞത്. പ്രതി കൊല നടത്താനുപയോ​ഗിച്ച തോക്ക് കണ്ടെത്താനുള്ള തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു സംഭവം. പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെന്നും മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

കൊല്ലപ്പെട്ട യുവതിയുമായി പ്രതി അടുപ്പത്തിലായിരുന്നുവെന്നും ഇവർക്കിടയിലുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്നും പ്രതി കുറ്റസമ്മതം നടത്തിയതായി അമേഠി പൊലീസ് വ്യക്തമാക്കി. ഒന്നരവർഷത്തോളമായി യുവതിയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് ചന്ദൻ വർമ മൊഴി നൽകിയത്. അടുത്തിടെ തമ്മിൽ തർക്കങ്ങളുണ്ടാവുകയും ഇതിന്റെ ദേഷ്യത്തിലാണ് കൂടുംബത്തിലെ നാലുപേരെയും കൊലപ്പെടുത്തിയതെന്നുമാണ് പ്രതിയുടെ കുറ്റസമ്മതം.

ബുധനാഴ്ച രാത്രിയാണ് അമേഠിയിലെ സ്കൂൾ അധ്യാപകനായ സുനിൽകുമാർ, ഭാര്യ പൂനം ഭാരതി, ആറും ഒന്നും വയസ് പ്രായമുള്ള കുട്ടികൾ എന്നിവരെ ചന്ദൻ വർമ വെടിവച്ച് കൊലപ്പെടുത്തിയത്. ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ നീക്കം. എന്നാൽ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ഡൽഹിയിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ നോയിഡയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലയ്ക്കുപയോ​ഗിച്ച തോക്കും രക്ഷപെടാൻ ശ്രമിച്ച ബൈക്കും കസ്റ്റഡയിലെടുക്കുന്നതിനിടെയാണ് പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചത്.

ചന്ദൻ വർമ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി പൂനം പൊലീസിൽ പരാതി നൽകിയിരുന്നു. ആ​ഗസ്തിൽ റായ്ബറേലിയിലെ ആശുപത്രിയിൽ വച്ച് പൂനത്തിനോട് ചന്ദൻ വർമ അപമര്യാദയായി പെരുമാറിയിരുന്നു. ഇത് ചോദ്യം ചെയ്ത സുനിൽ കുമാറിനെ ചന്ദൻ മർദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ചായിരുന്നു പരാതി. തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ ചന്ദനാണ് ഉത്തരവാദിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.

സെപ്തംബർ 12ന് അഞ്ചുപേർ മരിക്കാൻ പോകുന്നതായി ഇയാൾ വാട്സാപ്പിൽ സ്റ്റാറ്റസും ഇട്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.



deshabhimani section

Related News

0 comments
Sort by

Home