തമിഴക വെട്രി കഴകത്തിന്റെ പതാകയിലെ ആനയെ മാറ്റേണ്ട; ബിഎസ്പിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 05:49 PM | 0 min read

ചെന്നൈ >  തമിഴക വെട്രി കഴകത്തിന്‍റെ പതാകയ്ക്കെതിരായ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തമിഴ് നടൻ വിജയ്‍യുടെ പാർ‌ടിക്കെതിരെ മായാവതിയുടെ പാര്‍ടിയായ ബഹുജന്‍ സമാജ്‍വാദി പാര്‍ടിയാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ടിവികെയുടെ പതാകയിലെ ആനയുടെ ചിഹ്നം ബഹുജന്‍ സമാജ്‍വാദിയുടേതാണെന്നായിരുന്നു പരാതി.

ടിവികെ പതാകയില്‍ അപാകതകള്‍ ഇല്ലെന്നും ടിവികെയുടെ പതാക മാറ്റേണ്ട ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തമിഴക വെട്രി കഴകത്തിന്‍റെ പതാകയിലെ ആന തങ്ങളുടെ ചിഹ്നമാണ് എന്നായിരുന്നു ബിഎസ്‌പിയുടെ ആരോപണം.

കഴിഞ്ഞ ആഗസ്റ്റ് 22നാണ് തമിഴക വെട്രി കഴകം രാഷ്ട്രീയ പാർടിയുടെ പതാക പരസ്യമാക്കിയത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് വിജയ് തന്റെ പാർടിക്കായി അവതരിപ്പിച്ചത്. പതാകയെക്കുറിച്ച് വിജയ് തിങ്കളാഴ്ച അണികളോട് വിശദീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.  ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയിൽ ഉറച്ചുനിൽക്കുമെന്നും ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും വിജയ് പറഞ്ഞു.

മതസൗഹാർദ്ദത്തിനും ഐക്യത്തിനും സമത്വത്തിനുമായി തമിഴക വെട്രി കഴകം നിലകൊള്ളും. തമിഴ് ഭാഷയ്ക്കായി ജീവൻ ബലി നൽകിയവരുടെ പോരാട്ടം തുടരുമെന്നും വിജയ് അറിയിച്ചു. പാർടി രൂപീകരിച്ച ശേഷം ആദ്യ രാഷ്ട്രീയ ചടങ്ങിലാണ് പതാക പുറത്തിറക്കിയത്. മഞ്ഞളും ചുവപ്പും ചേര്‍ന്ന പതാകയില്‍ പൂവും ആനയെയും കാണാം.

സെപ്തംബർ 23ന് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ പ്രഥമ ടിവികെ സംസ്ഥാന സമ്മേളനം പൊലീസ് അനുമതി ഇല്ലാത്തതിനാല്‍ നടത്തിയില്ല. സമ്മേളനം നടത്താൻ അനുമതി തേടി ടിവികെ നൽകിയ കത്ത് പൊലീസ് തീരുമാനമെടുക്കാതെയിരിക്കുകയാണ്. നിരവധി മുതിർന്ന രാഷ്ട്രീയ നേതാക്കളും സിനിമാ പ്രവർത്തകരും വിജയ്ക്ക് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു.

 



deshabhimani section

Related News

0 comments
Sort by

Home