Deshabhimani

ലഡാക്കിൽ പുതിയ അഞ്ചു ജില്ലകൾ; തീരുമാനം ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 01:26 PM | 0 min read

ലഡാക്ക്> കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ പുതിയ അഞ്ച്‌ ജില്ലകള്‍ രൂപീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. വികസിത ലഡാക്ക് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അമിത്‌ ഷാ പറഞ്ഞു.സന്‍സ്‌കര്‍, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ്‌ പുതുതായി രൂപീകരിക്കുന്ന ജില്ലകൾ.

മുക്കിലും മൂലയിലും ഭരണം ശക്തിപ്പെടുത്തിക്കൊണ്ട് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങള്‍ അവരുടെ വീട്ടുവാതിൽക്കൽ എത്തിക്കുമെന്ന് എക്‌സിൽകുറിച്ച പോസ്റ്റിൽ അമിത് ഷാ പറഞ്ഞു. ലഡാക്കിലെ ജനങ്ങൾക്ക് ധാരാളം അവസരങ്ങൾ സൃഷ്ടിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത്‌ ഷാ കുറിച്ചു. നിലവിൽ രണ്ട് ജില്ലകളാണ്‌ ലഡാക്കിലുള്ളത്‌. ലേ, കാർഗിൽ എന്നിവയാണ്‌ അവ. രണ്ട് ജില്ലകൾക്കും അവരുടെ സ്വയംഭരണാധികാരമുള്ള ജില്ലാ കൗൺസിലുകൾ ഉണ്ട്. പുതിയ ജില്ലകൾ രൂപീകരിക്കുന്നതോടെ ലഡാക്കിൽ ആകെ ഏഴ് ജില്ലകൾ ഉണ്ടാകും.

ജമ്മുവിലെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി സെപ്തംബർ 18, 25, ഒക്ടോബര്‍ ഒന്ന് തീയതികളിൽ നടക്കും. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍.  തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 87.09 ലക്ഷം വോട്ടര്‍മാര്‍ ജമ്മുവിലുള്ളത്.

2019 വരെ, ലഡാക്ക്  ജമ്മു കശ്മീരിന്റെ ഭാഗമായിരുന്നു. എന്നാൽ കഴിഞ്ഞ മോദി സർക്കാർ ജമ്മുകശ്‌മീരിന്റെ  പ്രത്യേക പദവി റദ്ദാക്കുകയും  ജമ്മു കശ്മീർ, ലഡാക്ക്‌ എന്നിങ്ങനെ രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.

 



deshabhimani section

Related News

0 comments
Sort by

Home