Deshabhimani

നഴ്‌സറി കുട്ടികൾക്കെതിരെ ലൈം​ഗികാതിക്രമം; ബദ്‍ലാപുരിൽ സംഘര്‍ഷാവസ്ഥ, ഇന്റര്‍നെറ്റ് നിരോധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 01:16 PM | 0 min read

താനെ> മഹാരാഷ്ട്ര താനെ ബദ്‍ലാപുരിൽ നഴ്സറി കുട്ടികളോട് സ്കൂള്‍ ജീവനക്കാരൻ ലൈം​ഗികാതിക്രമം കാട്ടിയ സംഭവത്തിൽ പ്രതിഷേധം ശക്തം. പ്രദേശത്ത് ഇന്റര്‍നെറ്റ് വിലക്കി. കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. സ്കൂളുകളും അടഞ്ഞുകിടന്നു. കൂടുതൽ സേനയെ വിന്യസിച്ചു. ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത മുന്നൂറോളം പേര്‍ക്കെതിരെ  കേസെടുത്തു. 48 പേരെ അറസ്റ്റുചെയ്തു. എഴുപതിലേറെ പേരെ കസ്റ്റഡിയിലെടുത്തു.  സംഭവത്തിൽ 24ന് പ്രതിപക്ഷമായ എൻസിപി, കോൺ​ഗ്രസ്, ഉദ്ധവ് താക്കറെ വിഭാ​ഗം ശിവസേന എന്നിവരടങ്ങിയ മഹാവികാസ് അഘാഡി മഹാരാഷ്ട്ര ബന്ദ് പ്രഖ്യാപിച്ചു.

ബിജെപി നേതാവിന്റെ അടുത്ത ബന്ധുവിന്റെ സ്കൂളിലാണ് സംഭവം നടന്നതെന്നും  കേസ് ഒതുക്കാൻ മാനേജ്മെന്റും പൊലീസും ഒത്തുകളിച്ചെന്നും പ്രതിപക്ഷപാര്‍ടികള്‍ ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ഥിയായ  അഭിഭാഷകൻ ഉജ്ജ്വൽ നി​ഗത്തെ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെയും പ്രതിഷേധമുയര്‍ന്നു.

പരാതി നൽകുന്നതിൽ രക്ഷിതാക്കളെ സഹായിക്കുന്നതിനുപകരം സംഭവം മറച്ചുവയ്ക്കാൻ സ്കൂള്‍ മാനേജ്മെന്റ് ശ്രമിച്ചതായി സംസ്ഥാന ബാലാവകാശ കമീഷൻ ചെയര്‍പേഴ്സൺ പറഞ്ഞു. പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണെന്ന് മുഖ്യമന്ത്രി ഏക്‍നാഥ് ഷിൻഡെ ആരോപിച്ചു. ആ​ഗസ്റ്റ് 12ന് നഴ്സറി കുട്ടികളെ ടോയ്‍ലറ്റിൽവച്ചാണ് ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയത്.  പ്രതിയെ ആ​ഗസ്റ്റ് 17നാണ് അറസ്റ്റുചെയ്തത്. കേസ് ഒതുക്കിത്തീര്‍ക്കാനുള്ള നീക്കത്തിനെതിരെയാണ് രക്ഷിതാക്കളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍  പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.



deshabhimani section

Related News

0 comments
Sort by

Home