കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: അന്വേഷണത്തിന്‌ ഹാഥ്‌രസ്‌, ഉന്നാവോ കേസിലെ ഉദ്യോഗസ്ഥർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2024, 07:51 AM | 0 min read

കൊൽക്കത്ത> ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്‌ടർ ക്രൂരപീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ സിബിഐ ഓഫീസർമാരെ നിയമിച്ചു. വനിതാ ഉദ്യോഗസ്ഥരായ സമ്പത് മീണ, സീമ പഹുജ എന്നിവരാകും സംഭവം അന്വേഷിക്കുന്ന സിബിഐ ടീമിനെ നയിക്കുക.

രാജ്യത്തെ നടുക്കിയ ഹാഥ്റസ്, ഉന്നാവോ പീഡനക്കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥയാണ് സമ്പത് മീണ. ഇവരാണ്‌ ടീമിനെ നയിക്കുകയും അന്വേഷണം ഏകോപിപ്പിക്കുകയും ചെയ്യുക എന്ന്‌ സിബിഐ അറിയിച്ചു.

ഗ്രൗണ്ട് ലെവൽ അന്വേഷണത്തിന്റെ ചുമതല  സീമ പഹുജയ്ക്കും നൽകും. 2017ലെ ഹിമാചൽ 'ഗുഡിയ' പീഡനക്കേസ് അടക്കം നിരവധി കേസുകൾ  തെളിയിച്ച ഉദ്യോഗസ്ഥയാണ്‌ പഹുജ.

അതേസമയം, ജൂനിയർ ഡോക്‌ടർ ക്രൂരപീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി  സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. ക്രൂരമായാണ് ഡോക്ടറെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. തലയിലും മുഖത്തും സ്വകാര്യഭാഗങ്ങളിലുമടക്കം 14 മറിവുകളുണ്ട്‌. എല്ലാ മുറിവുകളും മരണത്തിന്‌ മുമ്പ്‌ ഉണ്ടായതാണ്‌. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിരുന്നു. ജനനേന്ദ്രിയത്തിൽ നിന്ന് സ്രവവും കണ്ടെത്തി.

കടുത്ത ലൈംഗിക അതിക്രമത്തിന്‌ ഇരയായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. ആഗസ്‌ത്‌ ഒൻപതിനാണ്‌ ആശുപത്രിയിലെ സെമിനാർ ഹാളിൽ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്‌. സംഭവത്തിൽ കൊൽക്കത്ത പൊലീസിലെ സിവിക്‌ വൊളന്റിയറും തൃണമൂൽ കോൺഗ്രസ്‌ പ്രവർത്തകനുമായ സഞ്ജയ്‌ റോയിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രതിയെ സംരക്ഷിക്കാനും കേസ്‌ അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നു കാണിച്ച് ഡോക്ടർമാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. രൂക്ഷ വിമർശം ഉന്നയിച്ച കൊൽക്കട്ട ഹൈക്കോടതി കേസ്‌ സിബിഐക്ക്‌ വിട്ടിരുന്നു.



deshabhimani section

Related News

0 comments
Sort by

Home