കോഴിക്കോട്>നിരോധനത്തിന്റെ കള്ളികളിൽ ഒതുക്കാനാവുന്നതല്ല സംഗീതമെന്ന് പ്രശസ്ത കർണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീ. ഏതെങ്കിലും സംഘടനകൾ വിചാരിച്ചാൽ നിരോധിക്കാവുന്നതോ മാറ്റിനിർത്താവുന്നതോ അല്ല സംഗീതത്തിന്റെ മഹത്വം. അതിന് ഭാഷയുടെയോ ദേശത്തിന്റെയോ അതിർത്തികളില്ലെന്നും അവർ ‘ദേശാഭിമാനി’ യോട് പറഞ്ഞു.
മുപ്പതിലധികം രാജ്യങ്ങളിൽ ഇന്ത്യയുടെ സംഗീതത്തെ അവതരിപ്പിക്കാൻ കഴിഞ്ഞു. അത് വലിയ അനുഭവമായിരുന്നു. ലോകവേദികൾ ഇന്ത്യൻ സംഗീതത്തോട് കാണിക്കുന്ന ആദരവ് അത്ഭുതപ്പെടുത്തുന്നതാണ്. നിരവധി വിദേശ കലാകാരന്മാരുമായി സഹകരിച്ച് പ്രവർത്തിക്കാനായി.
നമ്മുടെ സംഗീത ശാഖയിൽ വരേണ്യ ആധിപത്യത്തിന്റെ അടയാളങ്ങൾ കാണുന്നുണ്ട്. എന്നാലും എല്ലാവർക്കും അവസരങ്ങൾ ലഭിക്കുന്നുണ്ട്.
കർണാടിക്ക് സംഗീതമാണ് എന്റെ ജീവശ്വാസം. കൂടുതൽ കച്ചേരിയും അതിലാണ്. ഹിന്ദുസ്ഥാനി സംഗീതവും കർണാടിക് സംഗീതവും ഒരമ്മയുടെ മക്കളാണ്. അതിനെ വേർതിരിച്ച് വിലയിരുത്തുന്നതിൽ അർഥമില്ല. അതുപോലെ നിരവധി സിനിമകളിലും ആലാപനം നടത്താൻ കഴിഞ്ഞെങ്കിലും ഞാൻ എപ്പോഴും ഊന്നൽ നൽകുന്നത് ക്ലാസിക്കൽ മ്യൂസിക്കിനാണ്. സ്വാമികളും മുത്തുസ്വാമി ദീക്ഷിതരും ശ്യാമ ശാസ്ത്രികളും ഉൾപ്പെടെയുള്ളവരുടെ കാലത്ത് സംഗീതം ആത്മസമർപ്പണമായിരുന്നു, കാലം മാറിയപ്പോൾ അതിൽ കച്ചവടത്തിന്റെ അംശങ്ങൾ കടന്നുകൂടി എന്നത് സത്യമാണ്-. എന്നാൽ ആ സംഗീതത്തിൽനിന്ന് ശുദ്ധതയെ അടർത്തി മാറ്റാനാവില്ല-. ആളുകൾ മാത്രമാണ് മാറുന്നത്. കാലം മാറുമ്പോഴുള്ള സ്വാഭാവിക മാറ്റമാണത്-.
നല്ലൊരു ജനതയെ സൃഷ്ടിക്കുന്നതിലും സമൂഹത്തെ വാർത്തെടുക്കുന്നതിലും സംഗീതത്തിനുള്ള പങ്ക് എടുത്തു പറയേണ്ടതാണ്.- ശാന്തിയും സമാധാനവുമാണ് അതിന്റെ മതം. കച്ചേരി മാത്രമല്ല, സംഗീതവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ മനസ്സിലുണ്ട്. ഒരു പുസ്തക രചനയുടെ പണിപ്പുരയിലാണെന്നും ജയശ്രീ പറഞ്ഞു.
മുല്ലശേരി അനുസ്മരണ സമിതി നൽകിയ ആദരം പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബോംബെ ജയശ്രീ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..