കൊച്ചി> ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അമ്പിളിയുടെ ഓഡിയോ ലോഞ്ച് നടന്നു. ലുലു മാളിൽ വച്ചു നടന്ന ചടങ്ങിൽ കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, നവീൻ നസീം, ദിലീഷ് പോത്തൻ, നസ്രിയ നസീം, തൻവി റാം, ഗ്രേസ് ആന്റണി, സംവിധായകൻ ജോൺ പോൾ ജോർജ് തുടങ്ങിയവരും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും പങ്കെടുത്തു.
സൗബിൻ ഷാഹിർ നായകനാകുന്ന ചിത്രത്തിലെ ഞാൻ ജാക്സണല്ലേടാ എന്ന ഗാനരംഗം ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. സൗബിൻ നൃത്തം വെയ്ക്കുന്നതായാണ് പാട്ടിൽ. ഓഡിയോ ലോഞ്ചിന് താൻ എത്തിയത് സൗബിന്റെ ഡാൻസ് കാണാനാണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞത് കേട്ട് ആരാധകർ ആർത്തു വിളിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ബെന്നി ദയാൽ, ആന്റണി ദാസൻ, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായൺ എന്നിവർ ചേർന്ന് നടത്തിയ പ്രത്യേക സംഗീതപരിപാടിയും നടന്നിരുന്നു. വേദിയിൽ ബെന്നി ദയാൽ കാണികളെ കൈയിലെടുത്ത് പാടുമ്പോൾ സൗബിനും നസ്രിയയുടെ സഹോദരൻ നവീനും നൃത്തച്ചുവടുകൾ വച്ചു. ഈ വീഡിയോയും ഇപ്പോൾ തരംഗമാവുകയാണ്.