27 September Wednesday

ഗായകരുടേതല്ല പാട്ട്

എം ജയചന്ദ്രന്‍/വി കെ ജോബിഷ്Updated: Wednesday Mar 1, 2017

ഒരു പാട്ട് ഗാനരചയിതാവിന്റേതും സംഗീതസംവിധായകന്റേതുമാണ്. ഞാനെപ്പോഴും അറുപത് ശതമാനം ഗാനരചനയ്ക്കാണ് കൊടുക്കുക, നാല്‍പ്പതുശതമാനമേ സംഗീതത്തിനുള്ളൂ. എന്നാല്‍ എല്ലാ സംഗീതസംവിധായകനും വിചാരിക്കുന്നത് പാട്ട് അയാളുടേതാണ് എന്നാണ്. ഞാനും ആദ്യം അങ്ങനെ വിചാരിച്ചിരുന്നു. എന്നാല്‍ പക്വത ആര്‍ജിച്ചതിനുശേഷമാണ് ഞാനും മാറി ചിന്തിച്ചത്- സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ നിലപാടുകള്‍ പങ്കുവയ്ക്കുന്നു...

മലയാളിയുടെ ആത്മഗാനങ്ങളാണ് ചലച്ചിത്രഗാനങ്ങള്‍. അനുഭൂതിജീവിതത്തിലെ മുഖ്യധാരകളിലൊന്ന്. മലയാളിയുടെ മൂളിപ്പാട്ടുപോലും സിനിമാഗാനങ്ങളാണ്. പ്രണയത്തിലും സ്വപ്നത്തിലും വിരഹത്തിലുമൊക്കെ പടര്‍ന്നുപിടിച്ചത് ഈ ഗാനങ്ങള്‍ തന്നെ. ഈ ഗാനങ്ങളൊരുക്കിയവരും മലയാളികള്‍ക്ക് പ്രിയപ്പെട്ടവര്‍തന്നെ. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, കെ രാഘവന്‍മാഷ്, ബാബുരാജ്, രവീന്ദ്രന്‍, ജോണ്‍സണ്‍ തുടങ്ങി എത്രയോ പ്രതിഭാധനരുടെ തുടര്‍ച്ചയുടെ ഇങ്ങേയറ്റത്ത് പെരുമയുള്ള പേരുകളില്‍ ഒരാള്‍ എം ജയചന്ദ്രനാണ്. കാലപ്രവാഹത്തെ അതിജീവിക്കാന്‍ ശേഷിയുള്ള വൈവിധ്യമുള്ള പാട്ടുകളൊരുക്കിയ സംഗീതസംവിധായകന്‍. അതില്‍ ചലച്ചിത്രഗാനമുണ്ട്, ലളിതഗാനമുണ്ട്, ഭക്തിഗാനമുണ്ട്. ഓരോന്നും അതിന്റെ സൌന്ദര്യംകൊണ്ട് വേറിട്ടുനില്‍ക്കുന്നു.

മധുസൂദനന്‍നായരുടെയും സുകുമാരിയുടെയും മകനായി ജനിച്ച ജയചന്ദ്രന്‍ അഞ്ചാം വയസ്സുമുതല്‍ സംഗീതമഭ്യസിച്ചുതുടങ്ങി. മുല്ലമൂട് ഭാഗവതരയ്യരായിരുന്നു ആദ്യ ഗുരു. പിന്നീട് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്റെ ശിഷ്യനായി. അതിനുശേഷം നെയ്യാറ്റിന്‍കര മോഹനചന്ദ്രനെ ഗുരുവായി സ്വീകരിക്കുകയും 19 വര്‍ഷം അദ്ദേഹത്തില്‍നിന്ന് ശാസ്ത്രീയസംഗീതം അഭ്യസിക്കുകയും ചെയ്തു. പിന്നീട് സണ്ണി വത്സലത്തില്‍നിന്ന് പാശ്ചാത്യസംഗീതവും അഭ്യസിച്ചു. കോളേജ് പഠനകാലത്ത് 1987 മുതല്‍ 1990 വരെ കേരള സര്‍വകലാശാലയില്‍ ശാസ്ത്രീയസംഗീതത്തില്‍ നാലുതവണ ഒന്നാംസ്ഥാനക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ആകാശവാണി, ദൂരദര്‍ശന്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച ജയചന്ദ്രന്‍ പിന്നീട് ചലച്ചിത്രസംഗീതത്തില്‍ വലിയ ഉയരങ്ങള്‍ കീഴടക്കി. ഗൌരീശങ്കരം, കഥാവശേഷന്‍, പെരുമഴക്കാലം, നിവേദ്യം, മാടമ്പി, കരയിലേക്കൊരു കടല്‍ദൂരം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ പുരസ്കാരം. 2015ല്‍ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ജയചന്ദ്രന്‍ സംസാരിക്കുന്നു...


കെ എസ് ചിത്രയ്ക്കും പി ജയചന്ദ്രനുമൊപ്പം

കെ എസ് ചിത്രയ്ക്കും പി ജയചന്ദ്രനുമൊപ്പം

? ഒരു പത്രവാര്‍ത്തയില്‍ നിന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ നിഴല്‍ക്കുത്ത് എന്ന സിനിമയുണ്ടാക്കിയതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതുപോലെ കവികളും കഥാകൃത്തുക്കളുമൊക്കെ സംഭവങ്ങളില്‍നിന്നും ഭാവനകളില്‍ നിന്നുമാണ് സൃഷ്ടികള്‍ ഉണ്ടാക്കുന്നതെന്ന് പറയാറുണ്ട്. ഒരു സംഗീതകാരന്റെ ഭാവന ഏതു രൂപത്തിലാണ് സഞ്ചരിക്കാറുള്ളത്.

 = എന്റെ കോമ്പോസിഷനെപ്പറ്റി ഞാന്‍ കണ്ടെത്തിയത് പ്രപഞ്ചവുമായുള്ള ഒരു കണക്ഷനാണ്. ഒരു പാട്ട് പൂ പോലെ വിടര്‍ന്ന് വികസിച്ചുവരുന്നതിന് ഒരു സമയം ആവശ്യമുണ്ട്. ഒരു ഈണമുണ്ടാവാന്‍ ഒരു സമയമുണ്ട്. ഒരു കുഞ്ഞിന്റെ ജനനംപോലെ. ചില സമയത്തുമാത്രമേ ഒരു ഈണം ജനിക്കുന്നുള്ളൂ എന്നത് വളരെ ആകാംക്ഷയോടുകൂടി കാണേണ്ട സംഗതിയാണ്. ഒരീണം ആവിര്‍ഭവിക്കുമ്പോള്‍ നമ്മളത് ഗ്രാസ്പ് ചെയ്തില്ലെങ്കില്‍ പിന്നെ കൈവിട്ടുപോകും. പിന്നീടതെന്താണെന്നുപോലും മനസ്സിലാവില്ല. ഒരു മരത്തില്‍ പഞ്ചവര്‍ണക്കിളി വന്നിരിക്കുമ്പോലെയാണത്. പിടിക്കണം, കാണണം, സ്നേഹിക്കണം എന്നുവിചാരിക്കുമ്പോഴേക്ക് അത് വിട്ടുപോകും. ഇത് എവിടര്‍ന്നുവരുന്നു എന്നത് നമുക്കറിയില്ല. നമ്മള്‍ പറയാറുള്ളത് നമ്മള്‍ ക്രിയേറ്റ് ചെയ്യുന്നു എന്നാണ്. എനിക്ക് ഫീല്‍ ചെയ്തത് ഇത് വേറെ എവിടുന്നോ വരുന്നു എന്നാണ്. നമ്മള്‍ ഒരു മീഡിയം ആയി നില്‍ക്കുന്നു എന്നതാവും ശരി. നമ്മള്‍ റിസീവ് ചെയ്ത് ജനങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയാണ്. ഓരോരുത്തരും ഓരോ രീതിയിലാണ് റിസീവ് ചെയ്യുക. എ ആര്‍ റഹ്മാന്‍ റിസീവ് ചെയ്യുന്നതുപോലെയല്ല ഇളയരാജ, അതുപോലെയല്ല ദക്ഷിണാമൂര്‍ത്തി- ഓരോരുത്തരും വ്യത്യസ്തം. അജ്ഞാതമായി എവിടന്നോ കിട്ടുന്നത് മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതാണ് ഒരു കലാകാരന്റെ ഉത്തരവാദിത്തം.

? അങ്ങനെ കിട്ടുന്ന ഈണം എപ്പോഴാണ് ഒരു പാട്ടായി തീരുന്നത്.

= സാഹിത്യവും സംഗീതവും കൂടിച്ചേരുമ്പോഴാണ് നല്ല പാട്ട് ജനിക്കുന്നത്. the lyrics in the music should make you think a thought.. ഒരു ചിന്ത ചിന്തിപ്പിക്കണം അതിന്റെ രചന. he music should make you feel a feeling. ഒരനുഭവത്തെ അനുഭവിപ്പിക്കണം. -the song should make you feel a thought. ഒരു ചിന്തയെ അനുഭവിപ്പിക്കുന്നതെന്തോ അത് പാട്ട്. ഇതാണ് പാട്ടിനെക്കുറിച്ചുള്ള എന്റെ കണ്‍സെപ്റ്റ്.

? ചിലപ്പോള്‍ ഈണം, ചിലപ്പോള്‍ വരികള്‍ ഇതിലേതും ആദ്യമാകാം. എന്നാല്‍ ഒരു പാട്ട് പൂര്‍ത്തീകരിക്കപ്പെടുന്നത് പാട്ടുകാരന്റെ/പാട്ടുകാരിയുടെ ശബ്ദത്തിലൂടെയാണ്. യഥാര്‍ഥത്തില്‍ പാട്ട് ആരുടേതാണ്.

= ഒരു പാട്ട് ഗാനരചയിതാവിന്റേതും സംഗീതസംവിധായകന്റേതുമാണ്. ഞാനെപ്പോഴും അറുപത് ശതമാനം ഗാനരചനയ്ക്കാണ് കൊടുക്കുക, നാല്‍പ്പതുശതമാനമേ സംഗീതത്തിനുള്ളൂ. എന്നാല്‍ എല്ലാ സംഗീതസംവിധായകനും വിചാരിക്കുന്നത് പാട്ട് അയാളുടേതാണ് എന്നാണ്. ഞാനും ആദ്യം അങ്ങനെ വിചാരിച്ചിരുന്നു. എന്നാല്‍ പക്വത ആര്‍ജിച്ചതിനുശേഷമാണ് ഞാനും മാറി ചിന്തിച്ചത്. ഉദാഹരണത്തിന് എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലെ 'കാത്തിരുന്നു' എന്ന പാട്ടില്‍ വളകളൂര്‍ന്നുപോയി എന്ന്

റഫീക്ക് അഹമ്മദ് എഴുതിയതുകൊണ്ടാണ് ആ പാട്ടിന് അത്ര സൌന്ദര്യമുണ്ടാവാന്‍ കാരണം. നീ വന്നു പോയി എന്നും അവിടെ എഴുതാം. അപ്പോള്‍ ആ പാട്ടിന് ഇപ്പോഴുള്ള സൌന്ദര്യമുണ്ടാവുകയില്ല. സംഗീതമൊന്നുതന്നെയാണ് പക്ഷേ, സാഹിത്യം രണ്ടാകുമ്പോള്‍ രണ്ടനുഭവമാണ്.

? അപ്പോള്‍ ഈണത്തിനും വരികള്‍ക്കുമപ്പുറത്ത് ഒരു പാട്ടില്‍ ഒരു പാട്ടുകാരന്റെ/പാട്ടുകാരിയുടെ സംഭാവനയെ എവിടെ നിര്‍ത്തും.

= ഒരു പാട്ട് സംഗീതസംവിധായകന്റെ കണ്‍സെപ്റ്റാണ്. ഒരു പാട്ടില്‍ പിയാനോ എന്ന ഉപകരണം വേണമെന്ന് ഞാന്‍ തീരുമാനിക്കുന്നു. അപ്പോള്‍ മറ്റൊരാള്‍ക്ക് ചോദിക്കാം. നിങ്ങള്‍ വേറൊരു ഉപകരണം എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്ന്. പാട്ടില്‍ അതുപോലെ അനേകം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പാട്ടിന്റെ മെയിന്‍ ഇന്‍സ്ട്രുമെന്റ് അതിന്റെ വോയ്സ് ആണ്. പാട്ടിന്റെ ക്രിയേറ്റിവിറ്റിയില്‍ ഒരു ഗായകന് ഒന്നും ചെയ്യാനില്ല. ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ഈണത്തില്‍നിന്ന് ഒരു നൂലിഴവ്യത്യാസത്തില്‍ ആരെയും പാടാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല. ഞാനത് പലപ്പോഴും നേരിട്ടനുഭവിച്ചിട്ടുള്ളതാണ്. വലിയ ഗായകര്‍ വന്ന് മാറ്റി പാടിയ സന്ദര്‍ഭമുണ്ടായിട്ടുണ്ട്. അപ്പോള്‍ മാഷ് പറയും നിന്റെ കോണ്‍ട്രിബ്യൂഷന്‍ എനിക്ക് വേണ്ട എന്ന്. ഈ വഴിതന്നെയാണ് എന്റേതും. ഞാന്‍ ക്രിയേറ്റ് ചെയ്തുവച്ചിരിക്കുന്നതെന്താണോ അതുകിട്ടുന്നതുവരെ ഞാന്‍ പാടിച്ചുകൊണ്ടിരിക്കും. ഇങ്ങനെയല്ലാത്ത ഒരു സ്വാതന്ത്യ്രം സംഗീതത്തെ ഒരു സമുദ്രമായി കാണുന്ന യേശുദാസിന് മാത്രമേ ഞാന്‍ കൊടുത്തിട്ടുള്ളൂ.

? അത് പാട്ടുകാര്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കില്ലേ.

= പല ഗായകരും പറയാറുണ്ട് ഒരുപാടുദിവസം പാടിക്കുന്ന ആളാണ് എം ജയചന്ദ്രന്‍ എന്ന്. 'ചെമ്പകപ്പൂങ്കാട്ടിലെ' എന്ന പാട്ട് സുദീപ് രണ്ടുമാസമെടുത്താണ് പാടിയത്. അതുപോലെ 'ചെമ്പരത്തികമ്മലിട്ട്' എന്ന പാട്ട് രവിശങ്കര്‍ മൂന്നുമാസം പലപ്പോഴായി പാടിയിട്ടാണ് കംപ്ളീറ്റ് ആക്കിയത്. അത് അവരുടെ കുറവുകൊണ്ടല്ല. ഒരു പാട്ടില്‍ എനിക്കെന്താണോ വേണ്ടത് അതുകിട്ടിയില്ല എന്നതുകൊണ്ടാണ്.

? താങ്കള്‍ ചിട്ടപ്പെടുത്തിയ ഈണം മറ്റൊരാളുടെ തൊണ്ടയിലൂടെ വരുമ്പോള്‍ എന്തെങ്കിലും ചോര്‍ന്നുപോകുന്നതായി തോന്നിയിട്ടുണ്ടോ.

= പുതിയ പാട്ടുകാര്‍ക്ക് ഭാവം മനസ്സിലാകുന്നില്ല എന്നത് ഞാനൊരു പ്രശ്നമായി അനുഭവിക്കാറുണ്ട്. നമ്മള്‍ പറഞ്ഞുകൊടുക്കുന്നതിനനുസരിച്ചായിരിക്കില്ല പലപ്പോഴും പാടുന്നത്. ഇങ്ങനെയൊക്കെ വേണോ എന്ന് ചോദിച്ചുകളയും. ഈയടുത്ത് ഒരു ഗായിക എന്നോടങ്ങനെ ചോദിച്ചിരുന്നു. എന്തിനാണ് ഇങ്ങനെയൊക്കെ പാടിക്കുന്നതെന്ന്... ഞാന്‍ പറഞ്ഞു സിനിമ റിലീസ് ചെയ്താല്‍ കാണണമെന്ന്. കണ്ടതിനുശേഷം എന്നെ വിളിച്ചുപറഞ്ഞിരുന്നു, ഇപ്പോഴാണെനിക്ക് പാട്ട് മനസ്സിലായതെന്ന്.

? അപ്പോള്‍ ഗായകന്/ഗായികയ്ക്ക് ഒരു പാട്ടില്‍ തന്റെ ആത്മാവിഷ്കരണത്തിന് സാധ്യതയില്ലേ.

= ഇല്ല, അതൊരു സത്യമാണ്. ഗായകന്റെതാണ് പാട്ട് എന്നുപറയുന്നതിനോട് എനിക്കൊരിക്കലും യോജിക്കാന്‍ കഴിയില്ല. ഒരു പാട്ട് ക്രിയേറ്റ് ചെയ്യുന്നത് ഗായകനല്ല. ഒരു ചലച്ചിത്രഗാനത്തിന്റെ സോങ് സിറ്റ്വേഷന്‍ തീരുമാനിക്കുന്നത് ആ സിനിമയുടെ സംവിധായകനാണ്. ഉദാഹരണത്തിന് സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ 'കാറ്റേ കാറ്റേ' എന്ന ഗാനം. പഴയ കാലഘട്ടത്തിന്റെ സംഗീതമാണതിനാവശ്യം അതിനാവശ്യമായ ഗവേഷണം ഞാന്‍ നടത്തുന്നു. അതിന് റഫീക്ക് അഹമ്മദ് കൂടെ ചേരുന്നു. അതിനുശേഷം ഓര്‍ക്കസ്ട്രേഷന്‍. ഓരോ ഉപകരണവും എങ്ങനെ കൊണ്ടുവരണം. റിഥം ഏതൊക്കെ രീതിയിലായിരിക്കണം. ഒരു പാട്ടിനെ എങ്ങനെയൊക്കെ അണിയിച്ചൊരുക്കണം. എന്നതൊക്കെ സംഗീതസംവിധായകനാണ് തീരുമാനിക്കുന്നത്. പിന്നീട് പാട്ടുകാരെ വിളിച്ച് പാട്ട് ഞാന്‍ പഠിപ്പിക്കുകയാണ്. എനിക്കാവശ്യമായ എക്സ്പ്രഷനാണ് അവര്‍ തരുന്നത്. എന്നാല്‍ അതേസമയം ഒരു പാട്ടില്‍ ഏറ്റവും കൂടുതല്‍ ആളുകളുമായി കമ്യൂണിക്കേറ്റ് ചെയ്യുന്നത് ഒരു ഗായകന്റെ വോയ്സ് ആണ്.

? മലയാളത്തിലെ ഒരു സംവിധായകന്‍ സംഗീതസംവിധായകനില്‍നിന്ന് നാല്‍പ്പതോളം ട്യൂണ്‍ കേട്ടിട്ട് അതിലൊന്ന് തെരഞ്ഞെടുക്കുകയും അത് വലിയ ഹിറ്റായി തീരുകയും ചെയ്തിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിനെ എങ്ങനെയാണ് കാണുന്നത്.

= സിനിമയുടെ ക്യാപ്റ്റന്‍ ഡയറക്ടറാണ്. സിനിമയുടെ കണ്‍സെപ്റ്റ് ആ സംവിധായകന്റെതാണ്. സിനിമയിലെ സന്ദര്‍ഭങ്ങള്‍ അയാളാണൊരുക്കുന്നത്. അതുകൊണ്ടുതന്നെ അയാളാണ് പാട്ടും തെരഞ്ഞെടുക്കേണ്ടത്. നിവേദ്യം എന്ന ചിത്രത്തില്‍ കോലക്കുഴല്‍ എന്ന പാട്ടുചെയ്യുമ്പോള്‍ ലോഹിതദാസ് പറഞ്ഞത് പാട്ടില്‍ കണ്ണനും രാധയുമുണ്ടാകണമെന്നാണ്. അതില്‍ കോംപ്രമൈസ് ഇല്ല. അങ്ങനെ ഞാന്‍ ഏഴോളം ട്യൂണ്‍ കേള്‍പ്പിച്ചു. അതുകേട്ടതിനുശേഷം അദ്ദേഹം ഒന്നുംപറയാതെ മുറി വിട്ടുപോയി. തിരിച്ചുവന്ന അദ്ദേഹം പറഞ്ഞു ഇതിലൊന്നും കണ്ണനും രാധയുമില്ലെന്ന്. അങ്ങനെ ഞാന്‍ ആകെ മൂഡ് ഓഫായി അവിടെനിന്ന് തിരിച്ചുപോന്നു. ഒരാഴ്ച കഴിഞ്ഞതിനുശേഷം കലാമണ്ഡലത്തിനടുത്തുള്ള ഒരു ഗസ്റ്റ്ഹൌസില്‍വച്ച് അദ്ദേഹത്തിന് 13 പുതിയ ട്യൂണ്‍ കേള്‍പ്പിച്ചു. അദ്ദേഹമതു കേട്ടതോടെ പിന്നെയും വെളിയിലിറങ്ങിപ്പോയി. തിരിച്ചുവന്ന് എന്നോടുപറഞ്ഞു. ഞാനാണിപ്പോള്‍ കുഴപ്പത്തില്‍പ്പെട്ടത്, ഇതില്‍ എല്ലാ ട്യൂണും നല്ലതാണെന്ന്. അങ്ങനെ അവസാനം അതില്‍നിന്ന് ഒരു ട്യൂണ്‍ തെരഞ്ഞെടുത്തു. ഒരു സംവിധായകന്‍ ഇഷ്ടപ്പെട്ട മൊമെന്റിലാണ് ഒരു പാട്ട് ജനിക്കുന്നത്. ഡയറക്ടര്‍ക്ക് ഇഷ്ടപ്പെട്ട ഈണമുണ്ടാക്കുന്ന ആളാണ് സംഗീതസംവിധായകന്‍.

? ഒരു സംഗീതസംവിധായകന് പാട്ടിനെക്കുറിച്ചും പ്രേക്ഷകാഭിരുചിയെക്കുറിച്ചും നല്ല ധാരണയുള്ള സംവിധായകരോടൊപ്പവും ചിലപ്പോള്‍ അങ്ങനെ ധാരണയില്ലാത്തവരോടൊപ്പവും പ്രവര്‍ത്തിക്കേണ്ടി വരും. എന്താണനുഭവം.

ഭാര്യ പ്രിയയ്ക്കൊപ്പം

ഭാര്യ പ്രിയയ്ക്കൊപ്പം

= അങ്ങനെയുണ്ടായിട്ടില്ലെന്നുതന്നെ പറയാം. എനിക്കെല്ലാ സംവിധായകരും നല്ല സ്വാതന്ത്യ്രം തന്നിട്ടുണ്ട്. അങ്ങനെയൊരു വിശ്വാസം ഞാനവരിലുണ്ടാക്കിയെടുത്തിട്ടുണ്ട്. സമീപകാലത്ത് ഒരു ഡയറക്ടര്‍ പറഞ്ഞിരുന്നു. 'ജയനെ ഒരു സിനിമയിലെ പാട്ടുകള്‍ ഏല്‍പ്പിച്ചാല്‍ അതില്‍ അഞ്ച് പാട്ടുണ്ടെങ്കില്‍ അതിലൊരെണ്ണമെങ്കിലും ജനം മൂളുന്നതായിരിക്കും അയാള്‍ ചെയ്യുക' എന്ന്. ഇതൊരംഗീകാരമാണ്. എന്റെയടുത്തുവന്ന സംവിധായകരെല്ലാം സിനിമയില്‍ മ്യൂസിക് വേണം എന്നാഗ്രഹിച്ച് വന്നവരാണ്.

? ആദ്യമായി ചെയ്ത പാട്ട് ഏതായിരുന്നു.

= ദൂരദര്‍ശനുവേണ്ടി 'സ്മൃതിതന്‍ ചിറകിലേറി' എന്ന ലളിതഗാനമായിരുന്നു ആദ്യമായി ചെയ്തത്. പി ജയചന്ദ്രനാണ് പാടിയത്. കൊടപ്പനക്കുന്ന് ഹരിയായിരുന്നു ഗാനം എഴുതിയത്. കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു അത്. ജയേട്ടന്‍ സ്റ്റുഡിയോയില്‍ വന്ന് എന്റെ ഒന്നു രണ്ട് സജഷന്‍ കേട്ടപ്പോഴേക്കും പാട്ടുനിര്‍ത്തി പുറത്തേക്കിറങ്ങിപ്പോയി. 'ഇങ്ങനെയൊക്കെ പാടണമെങ്കില്‍ ഇയാള്‍തന്നെ പാടിക്കോ, എന്തിനാണ് വേറൊരു ഗായകന്‍' എന്ന് ചോദിച്ചു. 'അങ്ങനെയല്ല സാര്‍, ഞാന്‍ ആദ്യമായിട്ടാണ് ചെയ്യുന്നത് എനിക്ക് ചില ഐഡിയാസൊക്കെയുണ്ട്.' അതുകേട്ടപ്പോള്‍ അദ്ദേഹം വീണ്ടും സ്റ്റുഡിയോയിലേക്ക് വന്ന് അതിമനോഹരമായി ആ പാട്ടു പാടിത്തന്നു. അതിലൊന്നും ഒരു സംഗീതജ്ഞന്റെ മുദ്ര പതിഞ്ഞിരുന്നില്ല. അതിലെല്ലാം ഞാന്‍ ദേവരാജന്‍ മാസ്റ്ററെ അനുകരിക്കുകയായിരുന്നു.

? പൊതുവെ കര്‍ക്കശക്കാരനെന്നുപേരുള്ള ദേവരാജന്‍ മാഷിന്റെ അടുത്ത് ശിഷ്യപ്പെടാന്‍ പോയവരില്‍ പലരും തിരിച്ചുവരികയോ പിണങ്ങിപ്പോരുകയോ ചെയ്ത കഥകളാണ് കേട്ടിട്ടുള്ളത്. എന്നാല്‍ താങ്കളുടെ കാര്യത്തില്‍ അങ്ങനെയല്ല. ആദ്യമായി ദേവരാജന്‍മാഷെ കാണാന്‍ പോയ അനുഭവം.

= എന്റെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന് ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനാകാന്‍ കഴിഞ്ഞു എന്നുള്ളതാണ്. എനിക്ക് ഹാരിസ് എന്ന സുഹൃത്തുണ്ടായിരുന്നു. അവന്‍ വയലാര്‍- ദേവരാജന്‍ എന്നു പറഞ്ഞാല്‍ മരിക്കും. അത്രയ്ക്ക് ഇഷ്ടമാണ്. അവനാണ് എന്നോട് പറഞ്ഞത് നീ പോകേണ്ടത് ദേവരാജന്‍ മാഷിന്റെ അടുത്തേക്കാണെന്ന്. അങ്ങനെയാണ് ഞാന്‍ തിരുവനന്തപുരത്ത് ദേവരാജന്‍മാഷുടെ വീട്ടിലേക്ക് പോകുന്നത്. ആവശ്യമറിഞ്ഞപ്പോള്‍ മാഷ് വേറൊരു ദിവസം വരാന്‍ പറഞ്ഞു. വേറൊരു ദിവസം ചെന്നപ്പോള്‍ മാഷെന്നെ മൈന്റ് ചെയ്തില്ല. മൂന്നുമണിക്കൂറോളം ഞാന്‍ ഒരേ നില്‍പ്പില്‍ നിന്നു. വേറൊരാളാണെങ്കില്‍ മടങ്ങിപ്പോന്നേനെ. അവസാനം 'നീ വന്നോ' എന്ന് ചോദിച്ചു. അതൊക്കെ മാഷിന്റെ ഒരു ടെസ്റ്റാണ്. അപ്പോള്‍ ഞാന്‍ മടങ്ങിയെങ്കില്‍ മാഷ് പിന്നെ എന്നെ സ്വീകരിക്കില്ലായിരുന്നു. ശിഷ്യനാകാന്‍ ശേഷിയുള്ള ആളാണോ എന്ന് പരീക്ഷിക്കുകയായിരുന്നു മാഷ്. ആ ടെസ്റ്റിലൊക്കെ ഞാന്‍ വിജയിച്ചു എന്നു പറയാം. 101 രൂപ ഞാന്‍ ദക്ഷിണവച്ചപ്പോള്‍ 100 രൂപ എനിക്ക് തിരികെ തന്നു. എന്നോടു പറഞ്ഞു 'നീ എനിക്കുതന്ന സ്നേഹം

ഞാന്‍ ഒരു  രൂപയില്‍ കണക്കാക്കുന്നു'. എന്റെ അച്ഛന്‍ വഴക്കുപറഞ്ഞത് എനിക്ക് മനസ്സിലാക്കാന്‍ കഴിയും. അതുപോലെതന്നെയാണ് ദേവരാജന്‍ മാഷും. മുഖം നോക്കാതെ വഴക്കുപറയുന്ന ആളായിരുന്നു. വഴക്കുപറയുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്വഭാവം ശരിയല്ലെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. എനിക്കങ്ങനെ തോന്നിയിട്ടില്ല. ഒരു ശിഷ്യനെന്ന നിലയില്‍ എനിക്ക് മനസ്സിലായത് നമ്മുടെ ഈഗോയെ തച്ചുടച്ച് പൂജ്യമാക്കുക എന്നതാണ് ആദ്യം ചെയ്തത്. എന്നോടും പലപ്പോഴും കര്‍ക്കശമായി പെരുമാറിയിട്ടുണ്ട്. സ്റ്റുഡിയോക്ക് വെളിയില്‍ ഇറക്കിവിട്ടിട്ടുണ്ട്. ഒരു തംബുരു ഞാനറിയാതെ പൊട്ടിപ്പോയപ്പോള്‍ നാലുമാസം എന്നോട് സംസാരിക്കാതിരുന്നിട്ടുണ്ട്. ഇനിയീ വീട്ടില്‍ കാലുകുത്തരുതെന്ന് പറഞ്ഞിട്ടുണ്ട്. എന്നാലതൊക്കെ മറന്നുകൊണ്ട് ഞാന്‍ വീണ്ടും വീണ്ടും ആ മഹാന്റെയടുത്തുപോയി.

? ഓ, അപ്പം പിണങ്ങിയ ധാരാളം സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടല്ലേ.

= പിന്നേ... മാഷിന് അദ്ദേഹത്തിന്റേതായ കര്‍ക്കശമായ നിലപാടുകളുണ്ടായിരുന്നു. ഒന്‍പതുമണിക്ക് സ്റ്റുഡിയോയിലെത്താന്‍ പറഞ്ഞാല്‍ 8.45ന് മാഷെത്തിയിരിക്കും. 9 മണിക്കുശേഷം ആരുവന്നാലും സ്റ്റുഡിയോയില്‍ കയറ്റില്ല. ഇങ്ങനെയുള്ള കര്‍ക്കശനിലപാടുകളാണ്, അച്ചടക്കമാണ് ആ സംഗീതത്തെ സാധ്യമാക്കിയത്. ആ ഡിസിപ്ളിനകത്തുനിന്നാണ് ഞാനും വളര്‍ന്നത്. കരിമ്പ് ജൂസുണ്ടാകുന്നതുപോലെയാണ് മാഷിന്റെസ സംഗീതം. മെഷീന്റെ ഉള്ളിലൂടെ ഞെങ്ങി ഞെരുങ്ങി മധുരത്തിലേക്കെത്തുകയാണല്ലോ. ഇന്നിപ്പോള്‍ ദേവരാജന്‍ മാഷിന്റെ പരമ്പരയിലുള്ള ആളാണെന്ന് പറയുമ്പോള്‍ വലിയ അഭിമാനമുണ്ട്. അതാണെന്റെ ശക്തിയും ഊര്‍ജവും.
 
? അദ്ദേഹത്തോടൊപ്പം ആദ്യം അസിസ്റ്റു ചെയ്തത്.

= 'സുഭഗേ സുഭഗേ നാമിരുവരുമീ സുരഭീസദസ്സില്‍ വിരിഞ്ഞു' എന്ന പാട്ടാണ്. ഒരു ദിവസം ദേവരാജന്‍ മാഷ് എന്നോട് തരംഗിണി സ്റ്റുഡിയോയില്‍ വരാന്‍ പറഞ്ഞു. മാഷ് പാട്ടിന്റെ നൊട്ടേഷനൊക്കെ കൊടുക്കുന്നുണ്ട്. 'ഇതെല്ലാം നോക്കി നില്‍ക്ക്'. പെട്ടെന്ന് എന്നോട് പറഞ്ഞു, 'നീയാണിന്ന് അസിസ്റ്റന്റ് കണ്ടക്ടര്‍'. അന്ന് ട്രാക്ക് പാടാന്‍ ആരുമുണ്ടായിരുന്നില്ല. അപ്പോള്‍ വോയ്സ് റൂമില്‍ നിന്ന് 'റെഡിയാണോ സാര്‍' എന്ന ഒരു ചോദ്യം വന്നു. നോക്കുമ്പോള്‍ സാക്ഷാല്‍ യേശുദാസ്. ഞാന്‍ ഞെട്ടിപ്പോയി. തുടര്‍ന്ന് പാട്ട് ലൈവായി റെക്കോര്‍ഡ് ചെയ്തു. അന്ന് വയലിന്‍ വായിച്ചത് മോഹന്‍ സിതാരയായിരുന്നു. ദേവരാജന്‍ മാഷ് ഈ ജനറേഷനില്‍ ആര്‍ക്കും നല്‍കാത്ത അവസരമാണ് അന്ന് എനിക്ക് നല്‍കിയത്.  

? റെക്കോര്‍ഡിങ് കഴിഞ്ഞപ്പോള്‍ മാഷെന്തു പറഞ്ഞു.

= ഒന്നും പറഞ്ഞില്ല. മാസ്റ്ററൊന്ന് ചിരിക്കുകപോലും ചെയ്യാറില്ലല്ലോ. മാത്രമല്ല നമ്മളെപ്പറ്റി നമ്മളോടൊന്നും പറയാറില്ല. മറ്റുള്ളവരോടാണ് പറയുക. ഒരിക്കല്‍ ബിജു നാരായണന്‍ വന്നപ്പോള്‍ മാഷ് പറഞ്ഞു 'എനിക്കൊന്നും ഒരു പണിയുമില്ലെടോ ഇപ്പോള്‍. നീയൊക്കെ ഇനി മണിയടിക്കേണ്ടവന്‍ അതാ നിക്കുന്നു' എന്നുപറഞ്ഞ് എന്നെ ചൂണ്ടി. അന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു, എവിടെയെങ്കിലും എത്തുമെന്ന്.

? ഒരു സംഗീതസംവിധായകന്‍ എന്ന നിലയില്‍ ദേവരാജന്‍ മാഷില്‍നിന്ന് താങ്കള്‍ക്ക് എന്താണ് കിട്ടിയത്.

= ഒരു സിനിമ കാണുന്ന പ്രേക്ഷകന്‍ സിനിമാ കൊട്ടക ഒഴിഞ്ഞുപോകുമ്പോള്‍ ആ സിനിമയിലെ ഒരു പാട്ടിന്റെ വരിയെങ്കിലും മൂളണം. അങ്ങനെ ഒരു ഗാനം പ്രേക്ഷകന്‍ മൂളി നടക്കുന്ന രീതിയില്‍ ഒരു പാട്ടു ചിട്ടപ്പെടുത്തണം. അതിനാവശ്യമായ അലങ്കാരങ്ങളും തോരണങ്ങളുമൊക്കെ പാട്ടിലുണ്ടാവണം. അതാണ് ദേവരാജന്‍ മാഷ് എന്നെ പഠിപ്പിച്ചത്.

 ? പലപ്പോഴും പാട്ടെഴുത്തല്ല എന്നു തോന്നിയതിനെവരെ സംഗീതംകൊണ്ട് മറികടന്നിട്ടുണ്ട്. ഉദാ:-മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു. മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി മണ്ണ് പങ്കുവച്ചു. വയലാര്‍ എഴുതിയ ഈ പാട്ട് നേരെ എഴുതിയാല്‍ ലേഖനമാണ്. ഈണമാണ് ആ പാട്ടിനെ വലിയ തലത്തിലേക്കെത്തിച്ചത്.

= അതാണ് ദേവരാജന്‍ മാസ്റ്ററുടെ മാജിക്ക്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയും. ദേവരാജന്‍ മാസ്റ്ററെപ്പോലെ മലയാളത്തെ സ്നേഹിക്കുകയും മലയാളഗാനത്തെ സുന്ദരമാക്കുകയും ചെയ്ത സംഗീതസംവിധായകര്‍ കുറവാണ്. കാളിദാസന്‍ മരിച്ചു, കണ്വമാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല. ഈ ഗാനം കേള്‍ക്കുമ്പോള്‍ ഗാനമായി ഫീല്‍ ചെയ്യുന്നത് പ്രതിഭാംശമുള്ള സംഗീതത്തിന്റെ ഇടപെടല്‍ കൊണ്ടാണ്. ദേവരാജന്‍ മാസ്റ്റര്‍ എപ്പോഴും ഗഹനമായ കാര്യങ്ങളെ സിമ്പിളായി എങ്ങനെ ആവിഷ്ക്കരിക്കാമെന്നാണ് നമുക്ക് കാണിച്ചുതന്നത്.

? 1987 മുതല്‍ 1990 വരെ കര്‍ണാടിക് വോക്കല്‍ മ്യൂസിക്കില്‍ കേരള യൂണിവേഴ്സിറ്റിയിലെ ഒന്നാംസ്ഥാനക്കാരന്‍. കേരളത്തില്‍നിന്ന് കര്‍ണാടകസംഗീതത്തില്‍ ഭാവിയില്‍ വലിയ ആളായിത്തീരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരാള്‍ ആ മേഖലയില്‍നിന്ന് മാറി ചലച്ചിത്രസംഗീതത്തിലാണ് എത്തിപ്പെട്ടത്. ചലച്ചിത്രസംഗീതസംവിധാനത്തില്‍ ദേശീയപുരസ്കാരംമുതല്‍ അനേകം അംഗീകാരങ്ങള്‍ നേടുകയും ചെയ്തു. കൈയൊഴിഞ്ഞതില്‍ ഇനി കൈവയ്ക്കുമോ.

= ഞാനൊരു കര്‍ണാടിക് ക്ളാസിക്കല്‍ വിദ്വാനാകും എന്ന് സ്വപ്നം കണ്ട ഒരുപാടാളുകള്‍ ഉണ്ടായിരുന്നു. അതില്‍ ആദ്യത്തെ ആള്‍ എന്റെ അച്ഛനാണ്. പിന്നെ ചേട്ടന്‍, മറ്റൊരാള്‍ ദേവരാജന്‍ മാഷാണ്. ദേവരാജന്‍ മാഷോട് സിനിമയില്‍ പാട്ടുചെയ്യണമെന്ന് പറഞ്ഞപ്പോഴും നീയൊരു സംഗീതവിദ്വാനാകണം എന്നാണ് തിരിച്ചുപറഞ്ഞത്. അതിനായി അദ്ദേഹം എന്നെ കെ പി നാരായണന്‍സ്വാമിയുടെ അടുത്തുവരെ കൊണ്ടുപോയി പഠിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതുവിട്ട് ഞാന്‍ സിനിമാസംഗീതത്തില്‍ തുടരുന്നത് കണ്ടപ്പോള്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു 'നീ റെയില്‍ തെറ്റി സഞ്ചരിക്കുന്ന തീവണ്ടിയാണ്' എന്ന്. മാഷും ശാസ്ത്രീയ സംഗീതവിദ്വാനെന്ന ജീവിതമുപേക്ഷിച്ചിട്ടാണ് സിനിമയിലേക്ക് വന്നത്. ആ നഷ്ടമെനിക്കുണ്ടാവരുതെന്ന് മാഷാഗ്രഹിച്ചിരുന്നു. പക്ഷേ, എന്റെ ചിന്ത ക്രിയേറ്റിവിറ്റിയിലാണ്. കച്ചേരിയില്‍ ക്രിയേറ്റിവിറ്റിക്ക് ഒരുപാടവസരമുണ്ട്. പലപ്പോഴുമത് മനോധര്‍മത്തിന്റെ ഒക്കെ തലത്തിലാണ്. അതിനൊക്കെ അപ്പുറത്ത് ഇവിടെ നമ്മള്‍ ഒരു പുതിയ ഈണം സൃഷ്ടിക്കുകയാണ്. അതൊരു വല്ലാത്ത ആനന്ദമാണ്. ആ ഫീലാണ് എന്നെ ഈ മേഖലയില്‍ ഇന്നും നിലനിര്‍ത്തുന്നത്. ആരുടെയും കൂട്ടിലടയ്ക്കപ്പെടാതെ സ്വതന്ത്രമായി സഞ്ചരിക്കാനും കഴിയുന്നു. ആദ്യം ഞാന്‍ പാട്ടുകാരനാകണം എന്നായിരുന്നു ആഗ്രഹിച്ചത്. പക്ഷേ, പാട്ടുകാരന്‍ എപ്പോഴും കൂട്ടിലടയ്ക്കപ്പെട്ട കിളിയാണെന്ന് ഞാന്‍ മനസ്സിലാക്കി. പാട്ടുകാര്‍ തത്തമ്മേ പൂച്ച പൂച്ച എന്ന് പാടുകയാണല്ലോ. എന്നാല്‍ കൈവിട്ട കര്‍ണാടകസംഗീതത്തെ തിരിച്ചുപിടിക്കാന്‍ ഞാനിന്നും ശ്രമിക്കുന്നുണ്ട്. ഞാനും കാവാലം ശ്രീകുമാറും ചേര്‍ന്ന് കച്ചേരികള്‍ ചെയ്തുതുടങ്ങിയിട്ടുണ്ട്.

ആകാശവാണിയിലെ ഒരു കച്ചേരിയില്‍ എം ജയചന്ദ്രന്‍

ആകാശവാണിയിലെ ഒരു കച്ചേരിയില്‍ എം ജയചന്ദ്രന്‍

? ദേവരാജന്‍ മാഷ് അന്ന് കരുതിയിരുന്നോ താങ്കളൊരു കര്‍ണാടകസംഗീത വിദഗ്ധനായി തീരുമെന്ന്. പില്‍ക്കാലത്ത് എന്തു പറഞ്ഞു.

= മാസ്റ്റര്‍ക്ക് വലിയ സങ്കടമുണ്ടായിരുന്നു. കച്ചേരി മാഷിന്റെ ജീവിതത്തില്‍നിന്ന് നഷ്ടപ്പെട്ടുപോയി എന്ന ചിന്ത എപ്പോഴും മാഷിന്റെ കൂടെയുണ്ടായിരുന്നു. പലപ്പോഴും പറയും എനിക്ക് സംഭവിച്ചത് നിനക്ക് സംഭവിക്കരുതെന്ന്. പരവൂര്‍ ദേവരാജന്‍ എന്ന പേരില്‍ മാഷ് കച്ചേരി നടത്തിയിരുന്നു. മാഷ് അസാധ്യമായി പാടുമായിരുന്നു. കാംബോജി രാഗമൊക്കെ അദ്ദേഹം പാടുന്നപോലെ മറ്റൊരാള്‍ക്ക് പാടാന്‍ കഴിയില്ല. ശിഷ്യനായ എനിക്കും പില്‍ക്കാലത്ത് ശാസ്ത്രീയസംഗീതവിദഗ്ധനാകാന്‍ കഴിയാതെ പോയി എന്ന വിഷമം ഉണ്ടാകാതിരിക്കാനാണ് അദ്ദേഹം എന്നോട് ശാസ്ത്രീയ സംഗീതമേഖലയിലേക്ക് തിരിയാന്‍ പറഞ്ഞത്. പിന്നെ ഇവനെ തിരുത്തിയാല്‍ ശരിയാവില്ലെന്ന് ഒരുഘട്ടം കഴിഞ്ഞപ്പോള്‍ സാറിന് തോന്നി. വിജയിച്ചാലും വിജയിച്ചില്ലെങ്കിലും ഈ തട്ടകം തെരഞ്ഞെടുത്തു എന്നുതോന്നിയതിനുശേഷം ഒന്നും പറഞ്ഞില്ല.

? ജീവിതവഴി മറ്റൊരുവിധമായിരുന്നെങ്കിലെന്ന് ആലോചിച്ചിട്ടില്ലേ.

= പഠിച്ചത് എന്‍ജിനീയറിങ് ആണ്. എന്തിനാണത് പഠിച്ചതെന്ന് എനിക്കിപ്പോഴുമറിയില്ല. ആ അഞ്ചുവര്‍ഷംകൂടി സംഗീതം ഞാന്‍ വേറെ ഏതെങ്കിലും രീതിയില്‍ പഠിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, ഇന്നെനിക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയുമായിരുന്നു. ആ അഞ്ചുകൊല്ലം ഞാന്‍ പിയാനോയൊക്കെ പഠിച്ചിരുന്നെങ്കില്‍... ഇപ്പോഴാ പഠനങ്ങളൊക്കെ നടക്കുന്നുണ്ട്. പക്ഷേ, ആ നഷ്ടം നഷ്ടം തന്നെയാണ്.

? എന്തുകൊണ്ടാണ് സംഗീതകോളേജില്‍ പഠിക്കാതിരുന്നത്.

= ഞാന്‍ ജനിച്ചത് ഒരേസമയം സംഗീതകുടുംബത്തിലും എന്‍ജിനീയറിങ് കുടുംബത്തിലുമായിരുന്നു. ഞങ്ങളുടെ ഫാമിലി എന്‍ജിനീയര്‍ ഫാമിലിയായിരുന്നു. അതുകൊണ്ട് ഞാനും എന്‍ജിനീയര്‍ ആയിത്തീരണമെന്ന് വീട്ടുകാരാഗ്രഹിച്ചു.  മാത്രമല്ല അന്നു മ്യൂസിക്കല്‍ കമ്പോസര്‍ എന്നു പറഞ്ഞാല്‍ സമൂഹത്തില്‍ വലിയ വിലയില്ലായിരുന്നു. ഇന്നങ്ങനെയല്ല, കാര്യങ്ങള്‍ മാറി.

? അപ്പോള്‍ സാധാരണകുടുംബത്തിന്റെ ആശങ്കകള്‍ തന്നെയായിരുന്നു താങ്കളുടെ കുടുംബത്തിനും അല്ലേ.

= തീര്‍ച്ചയായും. പക്ഷേ, വീട്ടുകാര്‍ക്കറിയാമായിരുന്നു ഞാന്‍ എന്‍ജിനീയറിങ്ങിനാണ് പോയതെങ്കിലും എപ്പോഴെങ്കിലും മ്യൂസിക്കില്‍ എത്തിച്ചേരുമെന്ന്. ഞാന്‍ മൂന്നുമാസമേ എന്‍ജിനീയറിങ് ജോലി ചെയ്തുള്ളൂ. 1200 രൂപ സ്റ്റൈപ്പെന്റില്‍ ഏഷ്യാനെറ്റില്‍ അപ്രന്റീസ് ആയി ജോലി ചെയ്തു.

? ഏഷ്യാനെറ്റ് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ സംഗീതജ്ഞനായി തുടരാമെന്ന് തീരുമാനിച്ചത് എപ്പോഴായിരുന്നു.

= ദൂരദര്‍ശനുവേണ്ടി സതി എന്ന സീരിയലില്‍ ഞാന്‍ സംഗീതം ചെയ്തിരുന്നു. അതിന് ഒരുവര്‍ഷത്തെ നാനാ മിനിസ്ക്രീന്‍ അവാര്‍ഡ് കിട്ടി. എനിക്കപ്പോള്‍ ഓസ്കാര്‍ അവാര്‍ഡ് കിട്ടിയ പ്രതീതിയായിരുന്നു അന്ന് വൈകുന്നേരം തന്നെ ജോലി രാജിവച്ച് വീട്ടില്‍പ്പോയി. പിന്നെ അമ്മയോട് പറഞ്ഞു. എനിക്ക് നാനാ മിനി സ്ക്രീന്‍ അവാര്‍ഡ് കിട്ടി, ഞാനിനി ജോലിക്ക് പോകുന്നില്ല. അങ്ങനെ രണ്ടുമൂന്ന് വര്‍ഷം വീട്ടിലിരുന്നു. ആ സമയത്ത് സീരിയലിന്റെ ശീര്‍ഷകഗാനമൊക്കെ ചെയ്തിരുന്നു.
 
? സിനിമയിലേക്ക് വന്നത് എപ്പോഴായിരുന്നു?

= വസുധ എന്ന ചിത്രത്തില്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് സാറിന്റെ സംഗീതത്തില്‍ താഴമ്പൂ കുടിലിന്റെ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ കൂടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു. സാറ് കാരണമാണ് ഞാനാദ്യമായി സിനിമയില്‍ അസിസ്റ്റ് ചെയ്യുന്നത്. ലളിതഗാനത്തില്‍ ബാക്ഗ്രൌണ്ട് മ്യൂസിക് ചെയ്യുന്നത്, ഭക്തിഗാനം ചെയ്യുന്നത്. അങ്ങനെ പലതും ആദ്യം പെരുമ്പാവൂരിലൂടെയാണ്. അക്ഷരമെന്ന ചിത്രത്തില്‍ 'തങ്കകളഭ കുങ്കുമം' എന്ന പാട്ട് കണ്ടക്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മെലിഞ്ഞ ഒരാള്‍ എന്റെ അടുത്തുവന്ന് ഞാന്‍ ഗിരീഷ് പുത്തഞ്ചേരി എന്നുപറഞ്ഞ് പരിചയപ്പെടുത്തി. അതൊരു വലിയ ബന്ധത്തിന്റെ തുടക്കമായിരുന്നു. പിന്നീട് ഗിരീഷേട്ടന്‍ സംവിധായകന്‍ സുനിലിനോട് അടുത്ത സിനിമയില്‍ ഇവനെക്കൊണ്ട് പാട്ടു ചെയ്യിക്കണമെന്ന് പറഞ്ഞു. ഇവനൊരു രാജരാജ ചോളനാണെന്നും പറഞ്ഞു. ഞാനത് കേട്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. അങ്ങനെയാണ് ചന്ത എന്ന സിനിമയില്‍ എനിക്കാദ്യ അവസരം കിട്ടുന്നത്. 'യത്തീമിന്‍ സുല്‍ത്താന്‍ വന്നേ' എന്ന പാട്ടാണ് ആദ്യം ചെയ്തത്.

? ആ പാട്ടോടുകൂടി മലയാളസിനിമയില്‍ തുടരാമെന്ന ആത്മവിശ്വാസമുണ്ടായോ.

= അന്നൊന്നും സിനിമയില്‍ സ്വതന്ത്രമായി പാട്ടു ചെയ്യാന്‍ ആത്മവിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും രണ്ട് ദിവസംകൊണ്ട് രണ്ട് പാട്ടുകള്‍ ചെയ്തു. യത്തീമിന്‍ സുല്‍ത്താന്‍ വന്നേ എന്ന പാട്ടാണ് ആദ്യം ചെയ്തത്. സിനിമ 75 ദിവസം ഓടിയെങ്കിലും പാട്ടുകളൊന്നും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെ കുറേ സിനിമകള്‍ ചെയ്തു. ഇളയരാജ, രവീന്ദ്രന്‍, ഔസേപ്പച്ചന്‍, എസ് പി വെങ്കിടേഷ് തുടങ്ങിയ വലിയ സംഗീതസംവിധായകര്‍ വാഴുന്ന കാലമാണ്. വ്യത്യസ്തമായ ആലോചനകള്‍ക്കേ നില്‍ക്കാന്‍ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ തുടക്കത്തില്‍ ചെയ്തവ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ വാല്‍ക്കണ്ണാടി എന്ന ചിത്രത്തില്‍ ഒരു ഫോക് ക്ളാസിക്ക് ശൈലി ഞാന്‍ പരീക്ഷിച്ചു. അതായിരുന്നു 'മണിക്കുയിലേ' എന്ന ഗാനം. അതെനിക്ക് വലിയ അവസരങ്ങള്‍ക്ക് നല്‍കി.

? കൂടുതല്‍ ശ്രദ്ധയും സമയവുമെടുത്ത് ചെയ്യുന്ന പാട്ട് തന്നെയാണോ കൂടുതല്‍ ജനപ്രിയമാകുന്നതും പരിഗണിക്കപ്പെടുന്നതും. മലയാളത്തില്‍ താങ്കള്‍ ഏറ്റവും കൂടുതല്‍ സമയമെടുത്ത് ചെയ്ത പാട്ട് ഏതാണ്.

= കരയിലേക്ക് ഒരു കടല്‍ദൂരമെന്ന ചിത്രത്തില്‍ 'ചിത്രശലഭമേ' എന്ന ഗാനമുണ്ട്. ആ പാട്ട് എത്രപേര്‍ കേട്ടിട്ടുണ്ടാകും. കേട്ട എത്രപേര്‍ക്ക് മനസ്സിലായിട്ടുണ്ടാവും. മറിച്ച് ബാലേട്ടന്‍ എന്ന ചിത്രത്തിലെ 'ഇന്നലെ എന്റെ നെഞ്ചിലെ' എന്ന പാട്ട് വെറും അഞ്ച് മിനിറ്റുകൊണ്ട് ഉണ്ടാക്കിയതാണ്. ഇന്നും ഞാനെവിടെപ്പോയാലും ആ പാട്ടിന്റെ പേരിലാണ് അറിയപ്പെടുന്നത്. അതുപോലെ  'ഓ സൈനബ', 'കല്ലായിക്കടവത്ത്' തുടങ്ങിയ പാട്ടുകള്‍. പെട്ടെന്നുണ്ടാക്കിയ പാട്ടാ. ഇളയരാജ പറഞ്ഞ ഒരു വാക്യം ഞാനെപ്പോഴും ഓര്‍മിക്കാറുണ്ട്, 'Music making should not be an intellectual exercise'. മ്യൂസിക് അതൊരു ബുദ്ധിയെ മുന്‍നിര്‍ത്തിയുള്ള പണിയല്ല, അതിനപ്പുറം മറ്റെന്തോ ആണ്. ജനങ്ങള്‍ നമ്മുടെ പാട്ടുപാടിയില്ലെങ്കില്‍ ഒരു മ്യൂസിക് ഡയറക്ടര്‍ സീറോ ആണ്.
 
? എടുക്കാനാഗ്രഹിക്കുന്ന സിനിമയ്ക്ക് കാണികളില്ല. ചെയ്യാനാഗ്രഹിക്കുന്ന പാട്ടിന് കേള്‍വിക്കാരുമില്ല. ഇതൊരു വലിയ പ്രതിസന്ധിയല്ലേ. ഈ അവസ്ഥയെ ഒരു കലാകാരന്‍ എങ്ങനെയാണ് മുറിച്ചുകടക്കുന്നത്.

= തീര്‍ച്ചയായും പല സിനിമകളും നമ്മള്‍ വിചാരിക്കാതെ അപ്രതീക്ഷിത വിജയങ്ങളിലെത്തിച്ചേരും. പാട്ടുകളുടെ കാര്യവും അങ്ങനെതന്നെ. അങ്ങനെ വേദനിപ്പിച്ച ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഫാസില്‍ സാറിന്റെകൂടെ വര്‍ക്കുചെയ്യണം എന്നത് എന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. അങ്ങനെയാണ് ലിവിങ് ടുഗെദര്‍ എന്ന സിനിമ സംഭവിച്ചത്. അഞ്ച് പാട്ടുകളുണ്ട് അതില്‍. അതിലോരോ പാട്ടും വലിയ സമയമെടുത്ത് ചെയ്തതാ. പക്ഷേ, സിനിമ ശ്രദ്ധിക്കപ്പെടാതെപോയതുകൊണ്ട് പാട്ടും ശ്രദ്ധിക്കപ്പെടാതെ പോയി.

? ഒട്ടനവധി സിനിമകള്‍ക്ക് പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിട്ടുണ്ടല്ലോ. അതിന്റെ അനുഭവമെന്താണ്.

= ഞാനാദ്യമായി പശ്ചാത്തലസംഗീതം ചെയ്യുന്നത് ദേവരാജന്‍മാസ്റ്റര്‍ക്കൊപ്പം തോറ്റങ്ങള്‍ എന്ന സീരിയലിലാണ്. അതിന് സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. മികച്ച സംഗീത സംവിധായകന്‍ ദേവരാജന്‍, പശ്ചാത്തല സംഗീതം എം ജയചന്ദ്രന്‍. ആ അവാര്‍ഡ് വലിയ അഭിമാനത്തോടുകൂടി ഞാനിന്നും സൂക്ഷിക്കുന്നുണ്ട്. സിനിമയില്‍ പ്രിയം എന്ന ചിത്രത്തിലാണ് ഞാനാദ്യമായി പശ്ചാത്തലസംഗീതം ചെയ്തത്. പാട്ടും പശ്ചാത്തലസംഗീതവും രണ്ടനുഭവമാണ്. സംവിധായകന്റെ വിഷ്വലിനെക്കുറിച്ചുള്ള ചിന്തകളും എന്റെ മ്യൂസിക്കല്‍ചിന്തകളും കൂടി സമ്മേളിക്കുന്ന ഒരു മൊമെന്റാണത്.

? സിനിമയില്‍ പാട്ടും പശ്ചാത്തലസംഗീതവും ഒരാള്‍തന്നെ ചെയ്യുന്നതാണോ നല്ലത്. പലപ്പോഴും രണ്ടും രണ്ടുപേര്‍ ചെയ്യുന്നത് കാണാം.

= എന്റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ ഞാന്‍ പാട്ടു ചെയ്യുന്ന സിനിമയില്‍ ഞാന്‍തന്നെ പശ്ചാത്തലസംഗീതം ചെയ്യുന്നതാണ് എനിക്കിഷ്ടം. മറ്റൊരാള്‍ക്ക് അങ്ങനെ തോന്നണമെന്നില്ല.
 
? പാട്ടുകാരനായും വലിയ ശേഷി പ്രകടിപ്പിച്ച ആളായിട്ടും താങ്കള്‍ ഒരു ഗായകനെന്ന നിലയില്‍ തുടര്‍ച്ചയുണ്ടാക്കുന്നത് കാണാന്‍ കഴിയുന്നില്ല.

= എന്റെ കോമ്പോസിഷനില്‍ ഒരു ഗായകനായി വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നിട്ടും ഞാന്‍ പാടിയിട്ടുണ്ട്. അതങ്ങനെ സംഭവിച്ചതാണ്. ഉദാഹരണത്തിന് പെരുമഴക്കാലത്തിലെ 'രാക്കിളിതന്‍' എന്ന പാട്ട്.  അത് ഞാന്‍ പാടിയ ട്രാക്ക് കേട്ടാണ് കമല്‍ ഷൂട്ട് ചെയ്തത്. ആ ഗാനം ഹരിഹരനെകൊണ്ട് പാടിക്കണം എന്നായിരുന്നു ഞാന്‍ മനസ്സില്‍ കരുതിയത്. അത് കമലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു 'താന്‍ പാടിയത് മതി' എന്ന്. ഞാന്‍ ട്രാക്കായിരുന്നു പാടിയത്. അതിനകത്ത് കുഴപ്പവുമുണ്ടായിരുന്നു. നിര്‍ബന്ധമാണെങ്കില്‍  ഒന്നുകൂടി പാടാമെന്ന് പറഞ്ഞ് സ്റ്റുഡിയോയില്‍ പോയി. ഒന്നുരണ്ട് സംഗതികള്‍ അധികം ചേര്‍ത്ത് ആ പാട്ടിനെ ഒന്നുകൂടി മനോഹരമാക്കി. എന്നാല്‍ 'അതില്‍ ക്യാരക്ടറില്ല' എന്നുപറഞ്ഞ് കമല്‍ ആദ്യം പാടിയ ട്രാക്ക് സിനിമയിലുപയോഗിച്ചു. അതാണ് നമ്മളിപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്.

? ഗായകനെന്ന നിലയില്‍ ലിമിറ്റേഷന്‍സ് എന്തെങ്കിലും തോന്നാറുണ്ടോ.

= ഗായകനെന്ന നിലയില്‍ ഒരുപാട് ലിമിറ്റേഷന്‍സുണ്ടെനിക്ക്. ഞാന്‍ പാട്ടുപാടുമ്പോള്‍ എന്നിലെ സംഗീതസംവിധായകനും ഗായകനും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടാകും. പിടിച്ചുവയ്ക്കപ്പെട്ട ഗായകനായി പാടുന്നതില്‍ സന്തോഷമില്ല. പാടുമ്പോള്‍ എന്നിലെ സംഗീതസംവിധായകന്‍ പറയും നീ ഇവിടെ ഇങ്ങനെ പാടിയാല്‍ മതി. എന്നാല്‍ എന്നിലെ ഗായകന്‍ അങ്ങനെയായിരിക്കില്ല ചിന്തിക്കുന്നത്. അതൊരു വലിയ പ്രശ്നമാണ്. എന്റെ ശബ്ദം ബാക്കിയുള്ളവര്‍ക്ക് ഇഷ്ടമാണെങ്കിലും എനിക്കത്ര ഇഷ്ടമല്ല. ഇപ്പോഴും 'രാക്കിളികള്‍' എന്ന ഗാനം കേള്‍ക്കുമ്പോള്‍ ഞാനല്ല പാടേണ്ടിയിരുന്നത് എന്ന തോന്നലാണ് ഉള്ളത്. അങ്ങനെ പല പാട്ടുകളും. സ്റ്റേറ്റ് അവാര്‍ഡുകളൊക്കെ കിട്ടിയിട്ടുണ്ടെങ്കിലും എനിക്ക് വേറെ ഗായകരെക്കൊണ്ട് പാടിക്കുന്നതാണ് ഇഷ്ടം.

? പാട്ടിന് സ്ത്രീ പുരുഷഭേദം ഉണ്ടോ. ഒരീണം മനസ്സില്‍ രൂപപ്പെട്ടുകഴിഞ്ഞാല്‍ എങ്ങനെയാണ് ഒരു പാട്ടില്‍ ആണ്‍ശബ്ദം പെണ്‍ശബ്ദം എന്ന തീരുമാനത്തിലേക്കെത്തിച്ചേരുന്നത്.

= അത് സിനിയിലെ കഥയെ ആശ്രയിച്ചാണ്. അത് പലപ്പോഴും സംവിധായകരാണ് തീരുമാനിക്കുന്നത്. അത് സിനിമയിലെ കഥാപാത്രങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ചാണ് സെലക്ട് ചെയ്യാറുള്ളത്.

? മലയാളത്തില്‍ ഗായകരുടെ വലിയ നിരയുണ്ടായിട്ടും താങ്കള്‍ പലപ്പോഴും അന്യഭാഷയില്‍നിന്നുള്ള പാട്ടുകാരെ തെരഞ്ഞെടുക്കാറുണ്ട്. ശ്രേയാ ഘോഷാല്‍ താങ്കളുടെ പ്രധാനപ്പെട്ട ഗായികയുമാണ്. മലയാളത്തിലെ പാട്ടുകള്‍ മറ്റ് ഭാഷയില്‍ നിന്നുള്ളവര്‍ പാടുമ്പോള്‍ അതിന്റെ തനിമ നഷ്ടപ്പെടും എന്ന ആശങ്കക്ക് അടിസ്ഥാനമുണ്ടോ.

= ദേവരാജന്‍ മാഷിന്റെ ശിഷ്യനായതുകൊണ്ട് എനിക്കതില്‍ ആത്മവിശ്വാസമുണ്ട്. മലയാളത്തെ ഞാനൊരുപാട് സ്നേഹിക്കുന്നയാളാണ്. അമ്മയുടെ മുലപ്പാലിന്റെ മധുരംപോലെ പാട്ടിലും മലയാളത്തെ അനുഭവിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അത് ആരെക്കൊണ്ട് ഞാന്‍ പാടിച്ചാലും ആ പാട്ടില്‍ മലയാളത്തെ ഞാന്‍ അനുഭവിപ്പിക്കും. അതില്‍ കോംപ്രമൈസില്ല. വ്യത്യസ്തമായ ആലാപനശൈലി നമുക്ക് അവലംബിക്കേണ്ടതുണ്ട്. സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന ശബ്ദംതന്നെ വേണമെന്ന് കരുതുന്നതെന്തിനാണ്? പുതിയ ശബ്ദങ്ങള്‍ ധാരാളം വരട്ടെ. ഭാഷ അതിനൊരു തടസ്സമാവരുത്.

? മലയാളത്തിലെ സംഗീത സംവിധായകര്‍ കണ്ടെത്താത്ത ആളുകളെ മറ്റു ഭാഷക്കാര്‍ കണ്ടെത്തുന്നു. ഉദാഹരണത്തിന് ഉണ്ണിമേനോന്‍. എന്തുകൊണ്ടാണ് ഇവിടെ ആ അവസരം കിട്ടാത്തത്.

= യേശുദാസ് ഇവിടെ ഒരു സൂര്യനെപ്പോലെ നില്‍ക്കുകയായിരുന്നില്ലേ. അപ്പോള്‍ ചെറിയ നക്ഷത്രങ്ങള്‍ക്കൊക്കെ എന്തുചെയ്യാന്‍ പറ്റും.
 
? അപ്പോള്‍ നക്ഷത്രങ്ങളുടെ കാലമാണ് ഇപ്പോള്‍ എന്നുപറയാം അല്ലേ.

= തീര്‍ച്ചയായിട്ടും.

? വൈവിധ്യമുള്ള ധാരാളം സ്വരങ്ങള്‍ കൊണ്ടുവരാന്‍ ജയചന്ദ്രന് കഴിഞ്ഞിട്ടുണ്ട്. നേരത്തേ ഏതൊരു മ്യൂസിക് ഡയറക്ടറും ആദ്യം ആലോചിക്കുക യേശുദാസിനെക്കൊണ്ട് പാടിക്കണം എന്നായിരുന്നു. എന്നാല്‍ താങ്കള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഇപ്പോള്‍ അങ്ങനെയല്ല ചിന്തിക്കുന്നത്. വേറൊരര്‍ഥത്തില്‍ യേശുദാസ് ഒരാല്‍മരമായിത്തീരുകയും വൈവിധ്യങ്ങള്‍ മുഴുവന്‍ ഇല്ലാതാവുകയും ചെയ്തു എന്നുപറയാം. പക്ഷേ, ഇപ്പോള്‍ പുതിയ ശബ്ദങ്ങള്‍ക്കാണ് മലയാളത്തില്‍ മേല്‍ക്കൈ. യേശുദാസിന്റെ ഗന്ധര്‍വശബ്ദത്തെ മറികടന്ന് മലയാളത്തിലെ മറ്റ് ഗായകര്‍ക്ക് മുഖ്യധാരയിലേക്ക് വരാന്‍ പറ്റിയില്ല എന്നു വിലയിരുത്താമോ.

= എല്ലാ കാലഘട്ടങ്ങളിലും അവതാരങ്ങളുണ്ടാകാം. ഞാന്‍ യേശുദാസിനെ ഒരവതാരമായിട്ടാണ് കാണുന്നത്. യേശുദാസുണ്ടാക്കുന്ന മാധുര്യം എല്ലാ ആളുകള്‍ക്കും ഉണ്ടാക്കാന്‍ പറ്റില്ല. ഉദാഹരണത്തിന് 'പ്രമദവനം' എന്ന ഗാനം. ആ പാട്ട് ഗാനമേളകളില്‍ അനേകം ആളുകള്‍ പാടുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ, അതിലൊരാള്‍ക്കുപോലും ആ പാട്ടിന് യേശുദാസ് ഉണ്ടാക്കിയ സൌന്ദര്യം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ ഇപ്പോള്‍ അവസാനം കാംബോജി എന്ന ചിത്രത്തില്‍ 'ശ്രുതിചേരുമോ' എന്ന ഗാനം യേശുദാസിനെക്കൊണ്ടാണ് പാടിച്ചത്. യേശുദാസിനെപ്പോലെ ശ്രുതിചേരുന്ന ഒരാളും ഇവിടെയില്ല. കാലത്തിനപ്പുറം നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം.

? പിന്നെന്തുകൊണ്ടാണ് യേശുദാസിന് പഴയ അവസരങ്ങള്‍ ഇപ്പോഴില്ലാത്തത്. നമ്മുടെ ഇഷ്ടങ്ങളില്‍നിന്ന് സംഗീതസംവിധായകര്‍ എന്തുകൊണ്ടാണ് അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നത്.

= ഇപ്പോഴത്തെ പല പാട്ടുകളും പാടിച്ച് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യമുണ്ടോ? (ചിരിക്കുന്നു) കേവലതയുള്ള പാട്ടുകള്‍ പാടിച്ച് അദ്ദേഹത്തിന്റെ വില കളയാന്‍ പാടില്ല.

? അങ്ങനെ കേള്‍ക്കുമ്പോള്‍ തോന്നും പുതിയകാലത്തെ പാട്ടുകാര്‍, സംഗീതജ്ഞരൊക്കെ കേവലതയില്‍ അഭിരമിക്കുന്നവരാണെന്ന്. അവരൊക്കെ ഉപരിപ്ളവമായി കടന്നുപോകുന്നവര്‍ എന്നുമാത്രമാണോ.

= പാട്ടുകള്‍ ഒരുപാടുണ്ടാകുന്നുണ്ട്. കേള്‍ക്കുന്ന സമയം തന്നെ ഡെസ്റ്റ്ബിന്നിലേക്ക് വലിച്ചെറിയാവുന്ന ഒരുപാട് പാട്ടുകള്‍ ഇവിടെയുണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അതൊക്കെ ആരും പാടിയാലും മതി, ആര് സംഗീതം നല്കിയാലും മതി എന്ന രീതി വന്നുകൊണ്ടിരിക്കുന്നുണ്ട്. മ്യൂസിക് ഉണ്ടായിരിക്കണമെന്നാഗ്രഹിക്കുന്നതുകൊണ്ടാണ് എനിക്കിങ്ങനെയൊക്കെ തോന്നുന്നത്. സിനിമാ സംഗീതം കാലത്തിനപ്പുറം നിലനില്‍ക്കണം എന്നാണ് ഞാനാഗ്രഹിക്കുന്നത്.

? പുതിയ തലമുറയില്‍ ഒട്ടേറെ പ്രതിഭകളുണ്ട്. എന്നാല്‍ അതേസമയം പലരും പഴയ പാട്ടുകള്‍ റീ മിക്സുചെയ്ത് ആവര്‍ത്തിക്കുകയാണ്. ചാനലുകള്‍ക്കും സ്റ്റേജ് ഷോകള്‍ക്കുംവേണ്ടി ചെയ്യുന്ന ഇത്തരം പാട്ടുകള്‍ ഇന്ന് വ്യാപകമായിട്ടുണ്ട്. കേരളത്തില്‍ സമീപകാലത്ത് രൂപപ്പെട്ട ബാന്റുകളൊക്കെ ഈ രീതി തന്നെയാണ് പിന്തുടരുന്നത് എന്തുതോന്നുന്നു.

= ഇവിടെ ഒരുപാട് ബാന്റുകളുണ്ട്. അവരൊക്കെ പാരലല്‍ സംഗീതശാഖയുണ്ടാക്കുമെന്ന് നമ്മള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അവരൊക്കെ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ബീറ്റില്‍സ്, ഈഗിള്‍സ്, മൈക്കല്‍ ജാക്സണ്‍ തുടങ്ങിയ ബാന്റുകള്‍ എടുത്താല്‍ അവരുടെ പാട്ടുകള്‍ സിനിമയില്‍നിന്ന് വേറിട്ട് നില്‍ക്കുകയും ഐഡന്റിറ്റി ഉണ്ടാക്കുകയും ചെയ്തിരുന്നു. ആ ഗ്രൂപ്പൊക്കെ വലിയ വിപ്ളവം ഉണ്ടാക്കിയ ആളുകളാണ്. അവരൊക്കെ സ്വന്തം ഗാനങ്ങളാണ് ചെയ്തത്. ബാന്റുണ്ടെങ്കില്‍ സ്വന്തമായി പാട്ടുചെയ്യണം. അവരുടെ പാട്ടുകേട്ട് ആള്‍ക്കാര്‍ അവരുടെ ബാന്റിലേക്ക് വരണം. ഇപ്പോള്‍ ഇവിടെ നമ്മള്‍ കേള്‍ക്കുന്നത് പഴയ പാട്ടുകള്‍ വീണ്ടും ചെയ്യുന്നതാണ്. പ്രശസ്തരായ സംഗീതസംവിധായകരുടെ പാട്ടുകള്‍ എടുത്ത് ചെയ്യുന്നതിനോട് എനിക്ക് വിയോജിപ്പാണ്. ഒരു സംഗീതസംവിധായകന്‍ ചെയ്ത പാട്ട് വേറൊരു സംഗീതസംവിധായകന് മാറ്റാന്‍ എന്തവകാശമാണുള്ളത്. വേണമെങ്കില്‍ അതുപോലെ റീക്രിയേറ്റ് ചെയ്യാം പക്ഷേ, അതിലെ ഒരു നോട്ടുപോലും മാറ്റരുത്.

? താങ്കള്‍ വളരെ പ്രശസ്തമായ 'പച്ചപ്പനന്തത്തേ' എന്ന പാട്ട് അങ്ങനെ ചെയ്തിരുന്നല്ലേ.

= ആ പാട്ടിനെ ഞാന്‍ മാറ്റിയിട്ടില്ലല്ലോ. ആ ലിറിക്സിന് വേറെ ട്യൂണാണ് ചെയ്തിരിക്കുന്നത്. നേരത്തേ ആ പാട്ട് ബാബുരാജ് ചെയ്തത് ഞാന്‍ അറിഞ്ഞിരുന്നില്ല. സംവിധായകന്‍ എനിക്ക് പൊന്‍കുന്നം ദാമോദരന്റെ കവിതയാണെന്ന് പറഞ്ഞാണ് അത് തന്നത്. ബാബുരാജ് ചെയ്തതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാനതില്‍ കൈവയ്ക്കുമായിരുന്നില്ല. പിന്നെയും അതുപോലുള്ള പല അവസരങ്ങള്‍ തന്നിട്ടും ഞാനത് നിഷേധിക്കുകയാണുണ്ടായത്.

? ചലച്ചിത്രസംഗീതലോകത്തുനിന്ന് എന്നെങ്കിലും മാറി നില്‍ക്കണമെന്ന് തോന്നിയിട്ടുണ്ടോ.

= പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു സംഗീതസംവിധായകന്റെ ജീവിതം സംഘര്‍ഷാത്മകമാണ്. നമ്മുടെ നിലപാടുകള്‍ നിരന്തരം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കും. അതിനുമപ്പുറത്ത് ഫൈറ്റ് ചെയ്ത് നില്‍ക്കാനാവശ്യമായുള്ള കപ്പാസിറ്റിയുള്ളവര്‍ക്കേ സിനിമയില്‍ തുടരാന്‍ കഴിയുകയുള്ളൂ. നമ്മള്‍ സംഗീതത്തിനുവേണ്ടി ബലംപിടിച്ചു നിന്നാല്‍ ചിലപ്പോള്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യംവരെ ഉണ്ടാവും. എനിക്കുതന്നെ ഒരുപാടുപേരുടെ അനിഷ്ടത്തിന് പാത്രമാകേണ്ടിവന്നിട്ടുണ്ട്. എന്റെ പേരുകേള്‍ക്കുമ്പോള്‍തന്നെ ജയചന്ദ്രന്‍ വേണ്ട എന്നു തീരുമാനിക്കും. ഇതിന്റെ ഇടയിലൂടെയാണ് നമുക്ക് മുന്നോട്ടുപോകേണ്ടത്. എന്നെ സഹായിക്കാന്‍ ഗിരീഷ് പുത്തഞ്ചേരി മാത്രമാണ് ഉണ്ടായിരുന്നത്. 2007 വരെ വലിയ പ്രതിസന്ധിയിലൂടെയാണ് ഞാന്‍ മുന്നോട്ടുപോയത്. ആ ഘട്ടത്തിലൊക്കെ എന്‍ജിനീയറിങ്ങിലേക്ക് തിരിച്ചുപോകണം എന്നു കരുതിയാണ് ഈ മേഖലയില്‍ നിന്നത്. കോലക്കുഴല്‍ എന്ന പാട്ടു ചെയ്തതോടുകൂടിയാണ് വലിയ ആത്മവിശ്വാസമുണ്ടായത്.

? ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രന്‍ കൂട്ടുകെട്ട് മലയാളത്തില്‍ ധാരാളം ഹിറ്റുകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ഒരു സംഗീതസംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭാവം താങ്കളെ എങ്ങനെയാണ് ബാധിച്ചത്.

= ഗിരീഷേട്ടനുണ്ടായിരുന്നപ്പോള്‍ ദൈവത്തിന്റെ കൈ പിടിച്ച് നടക്കുന്ന ഫീലിങ്ങായിരുന്നു. ആ കൈവിട്ട് വേറെ ചില കൈ പിടിച്ച് നടക്കുമ്പോഴുള്ള വ്യത്യാസം ഫീല്‍ ചെയ്യാറുണ്ട്. കാരണം ഗിരീഷേട്ടന്‍ ജീനിയസ്സായിരുന്നു. അങ്ങനെയൊരാളെ ഞാന്‍ പിന്നീട് കണ്ടിട്ടില്ല. ഗിരീഷേട്ടന്‍ എഴുതുമ്പോള്‍ ആ വരികളൊക്കെ എവിടന്നുവരുന്നു എന്നാലോചിച്ച് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ഞങ്ങള്‍ തമ്മില്‍ പലവട്ടം തെറ്റിയിട്ടുണ്ട്. പക്ഷേ, പിന്നെയും ചേരും. ചേട്ടനും അനിയനും തമ്മിലുള്ള ബന്ധമായിരുന്നു.

? ഗിരീഷ് പുത്തഞ്ചേരി എഴുതിയത് ട്യൂണ്‍ ചെയ്യുകയാണോ അതോ ട്യൂണ്‍ ചെയ്തതിനുശേഷം എഴുതുകയായിരുന്നോ.

= രണ്ടുതരത്തിലും സംഭവിക്കാറുണ്ട്. ഞാന്‍ ചിലപ്പോള്‍ മൂളും അപ്പോള്‍ ഗിരീഷേട്ടന്‍ എഴുതും. ചിലപ്പോള്‍ ഒരു വരിയെഴുതിത്തന്ന് ഒന്ന് ചെയ്തുനോക്കൂ എന്നുപറയും. വരിയാണോ സംഗീതമാണോ ആദ്യമുണ്ടായത് എന്നുപറയാന്‍ കഴിയാത്തവിധത്തിലാണ് ഞങ്ങളുടെ മിക്ക പാട്ടുകളും ഉണ്ടായിട്ടുള്ളത്. അതാണ് ശരിക്കുള്ള ക്രിയേഷന്‍. അവിടെ ഏതെങ്കിലും ഒരാള്‍ക്ക് ആധിപത്യമില്ല.
 
? കേരളത്തില്‍ ജനപ്രിയ സംഗീതമെന്ന് കേള്‍ക്കുമ്പോള്‍ ചലച്ചിത്രസംഗീതത്തിനാണ് മേല്‍ക്കൈ. എന്നാല്‍ ബഹുസ്വരവും കേരളീയവുമായ ഒരു സമാന്തരസംഗീതശാഖ ഇവിടെയുണ്ട്. ചലച്ചിത്രത്തില്‍നിന്ന് മുക്തമായ ഒരു കേരളീയസംഗീതം ഇവിടെ ഉണ്ടായിത്തീരുന്നുണ്ടോ. അവയൊന്നും വേണ്ടത്ര പരിഗണിക്കുന്നതിലേക്കോ പൊതുകേള്‍വിയിലേക്ക് എത്തിക്കുന്നതിനോ വലിയ പരിശ്രമങ്ങളുണ്ടായിട്ടില്ല. താങ്കള്‍ അതിനെ എങ്ങനെ നോക്കി ക്കാണുന്നു.

= കഥകളി സംഗീതം അങ്ങനെയൊന്നാണല്ലോ. ഞാന്‍ വളരെ ആദരപൂര്‍വം കാണുന്ന ഒന്നാണത്.  കലാമണ്ഡലം ഹരിദാസേട്ടനാണ് എന്നെ കഥകളി സംഗീതത്തിലെത്തിച്ചത്. അദ്ദേഹം ഓരോ രാഗം പാടുമ്പോഴും കഥകളി സംഗീതത്തിന്റെ സൌന്ദര്യം കൊണ്ടുവരും. അതിനകത്ത് അനര്‍ഘമായ ഭാവം കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിയാറുണ്ട്. അതുപോലെ മലബാറിന്റെ സംഗീതം. മാപ്പിളപ്പാട്ടുകള്‍, കത്തുപാട്ടുകള്‍ തുടങ്ങിയവ. അതൊക്കെ ദേശത്തിന്റേതായ സംഗീതവഴക്കങ്ങളാണ്. കേരളത്തിന്റേതായ ഈ സംഗീതവഴക്കങ്ങള്‍ വേണ്ടത്ര ചലിച്ചിത്രഗാനങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ബാബുരാജും കെ രാഘവന്‍മാഷുമൊക്കെ കൊണ്ടുവന്നിട്ടുണ്ട്. മാത്രമല്ല ചലച്ചിത്രത്തില്‍ ലാളിത്യത്തോടുകൂടി അവയൊക്കെ കൂട്ടിച്ചേര്‍ക്കാനും കഴിയണം. മെഹ്റുബ, ഓ സൈനബ, കല്ലായിക്കടവത്ത്, റംസാന്‍ നിലാവത്ത് തുടങ്ങിയ പാട്ടുകളൊക്കെ മാപ്പിളപ്പാട്ട് ബെയ്സ് ചെയ്താണ് ഞാനുണ്ടാക്കിയത്. സിനിമാപാട്ടില്‍ ക്ളാസിക്കല്‍ മ്യൂസിക്ക്, ഫോക് മ്യൂസിക്ക് ഇതൊക്കെ കൊണ്ടുവരല്‍ ഈസിയല്ല.  അതിന് എളുപ്പം മാര്‍ക്കറ്റുണ്ടാക്കാന്‍ കഴിയില്ല. എന്നാല്‍ മാര്‍ക്കറ്റ് ഒരു വിഷയം തന്നെയാണ്. ഈസ്റ്റ് കോസ്റ്റ് വിജയനുവേണ്ടി ഓര്‍മയ്ക്കായി എന്ന ഒരു ആല്‍ബം ഞാന്‍ ചെയ്തിരുന്നു. സിഡി ഇറക്കിയ ഉടന്‍ തന്നെ കോപ്പി ചെയ്തുപോകും. ഇപ്പോള്‍ ഞാന്‍ മഴയും ഞാനും എന്ന കവിതാസമാഹാരം ചെയ്തിട്ടുണ്ട്. ഇതൊക്കെ എങ്ങനെയാണ് മാര്‍ക്കറ്റ് ചെയ്യുക എന്നത് വലിയ പ്രശ്നമാണ്. സിനിമാപാട്ടുകള്‍ വരെ സിഡി ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോഴുള്ളത്. എന്തായാലും സിനിമയില്‍നിന്ന് മാറി നില്‍ക്കുമ്പോള്‍ കേരളത്തിലെ സമാന്തരസംഗീതത്തെ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കാനുള്ള ഇടപെടല്‍ ഞാന്‍ നടത്തും.

? അത്തരത്തിലുള്ള ഏതെങ്കിലും ആലോചനകളും അന്വേഷണങ്ങളും ഇപ്പോള്‍ നടത്തുന്നുണ്ടോ.

= നമ്മുടെ കേള്‍വി വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ചെവി ലോകസംഗീതത്തിലേക്ക് തുറന്നുവച്ചുകൊടുക്കണം. ദേശത്തിനും ഭാഷക്കുമപ്പുറത്തേക്ക് ചെവി തുറക്കുമ്പോള്‍തന്നെ എന്താണ് ഇവ തമ്മിലുള്ള സംഗീതത്തിന്റെ വ്യത്യാസവും സാമ്യവുമൊക്കെ നമുക്ക് തിരിച്ചറിയാന്‍ കഴിയും. ചെറിയ വ്യത്യാസങ്ങളാണ് ഈ സംഗീതങ്ങളെയാകെ ഭിന്നമാക്കുന്നത്. അതിന്റെ മര്‍മമറിയുക എന്നുള്ളതാണ് പ്രധാനം. നമ്മള്‍ അനന്തമായ ലോകത്തിലേക്ക് സഞ്ചരിക്കണം.  മറ്റുള്ളവരുടെ സംഗീതത്തെ ബഹുമാനിക്കാന്‍ പഠിക്കണം. ഞാന്‍ ഏറ്റവും പുതിയ ആള്‍ ചെയ്യുന്ന പാട്ടുവരെ ശ്രദ്ധിക്കുന്ന ആളാണ്. എനിക്കതില്‍നിന്നെന്തെങ്കിലും പഠിക്കാനുണ്ടെങ്കില്‍ ഞാനത് പഠിക്കും.
 
? സാഹിത്യത്തിലും മറ്റ് മേഖലകളിലുമൊക്കെ സ്ത്രീ, ദളിത് തുടങ്ങിയ അനുഭവലോകങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ വലിയ രീതിയില്‍ പരിഗണിക്കപ്പെടാതിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ മുഖ്യധാരയില്‍ സജീവമാണ്. സംഗീതത്തില്‍ ഇത്തരംകാര്യങ്ങള്‍ പരിഗണനാവിഷയമായിത്തീരാറുണ്ടോ.

= എന്നെ സംബന്ധിച്ചിടത്തോളം ആളുകളെ വിവിധ ഗണത്തില്‍പ്പെടുത്തി കണ്ടിട്ടേയില്ല. എന്റെ മുന്നില്‍ ശബ്ദം മാത്രമേയുള്ളൂ. അല്ലാതെ ആള് സവര്‍ണനാണോ ദളിതനാണോ എന്ന് നോക്കിയിട്ടല്ല പാട്ടുകള്‍ ചെയ്യാറുള്ളത്. ഉദാഹരണത്തിന് 'ഏനുണ്ടോടി അമ്പിളിച്ചന്തം' എന്ന പാട്ട് ഒരു ദളിത് പശ്ചാത്തലമുള്ള പാട്ട് എന്ന രീതിയിലല്ല കാണേണ്ടത്. അത് ഫോക് കള്‍ച്ചറിന്റെ ഭാഗമായിച്ചെയ്തു എന്നേയുള്ളൂ. നാടോടി സ്പര്‍ശമാണ് ആ പാട്ടിന്. പാട്ടില്‍ ഇത്തരം വൈവിധ്യങ്ങള്‍ കൊണ്ടുവരണം. അതില്‍ സവര്‍ണമെന്നോ ദളിതെന്നോ ഇല്ല.
 
? ഇപ്പോഴുള്ള പല പാട്ടുകളും പഴയകാല പാട്ടുകള്‍പോലെ ആളുകള്‍ അധികകാലം പാടി നടക്കാറില്ല. പാട്ടുകള്‍ തന്നെ സ്വയം എക്സ്പെയറി ഡെയിറ്റുവച്ചാണ് ഇറങ്ങുന്നത് എന്നുതോന്നാറുണ്ട്. ഇത് പാട്ടിന്റെ സൃഷ്ടിയെ എത്രത്തോളം ബാധിക്കുന്നുണ്ട്.
 
= സിനിമയുടെ ലാംഗ്വേജും ഗ്രാമറുമൊക്കെ മാറിക്കൊണ്ടിരിക്കുകയാണ്. സിനിമയില്‍ സംഗീതമെന്നുപറയുന്നത് യഥാര്‍ഥത്തില്‍ പശ്ചാത്തലസംഗീതമാണ്.  ഇന്ത്യന്‍ സിനിമകളിലാണ് പാട്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. പാട്ടില്ലാതെയും സിനിമയുണ്ടാക്കാം എന്നുവിചാരിക്കുന്നവരാണ് ഇന്നത്തെ മിക്ക സംവിധായകരും. നല്ല പാട്ടുവേണം എന്നുകരുതുന്ന സംവിധായകര്‍ ഒരു ഭാഗത്ത്, ഒരു പാസിങ് സിറ്റ്വേഷന് മാത്രമായി പാട്ടുപയോഗിക്കുന്നവര്‍ വേറൊരുഭാഗത്ത്. ചിലര്‍ പാട്ടിനെ കഥപറയാനും ഉപയോഗിക്കാറുണ്ട്. സംവിധായകന്റെ സമീപനങ്ങള്‍ക്കനുസരിച്ചാണ് നമ്മളൊരു പാട്ടുണ്ടാക്കുന്നത്. സിറ്റ്വേഷണല്‍ സോങ്ങാണത്. ചിലപ്പോള്‍ സിറ്റ്വേഷന്‍ സോങ്ങിനപ്പുറത്തേക്ക് ഒരു പാട്ടിന് ജീവിക്കാന്‍ കഴിയില്ല. എന്നാല്‍ ഞാന്‍ ഒരു സിറ്റ്വേഷന്‍ സോങ്ങിനപ്പുറത്തേക്ക് ഒരു പാട്ടു ജീവിക്കണമെന്ന് വിചാരിച്ചാണ് ഓരോ പാട്ടും ചെയ്യുന്നത്.

? എ ആര്‍ റഹ്മാന്‍ പാതിരാത്രിയാണ് റെക്കോഡ് ചെയ്യാറുള്ളത് എന്നു കേട്ടിട്ടുണ്ട്. ആ സമയത്താണ് ഏറ്റവും നല്ല ശബ്ദവും ഏകാഗ്രതയുമൊക്കെ ഉണ്ടാവുക എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. താങ്കളുടെ റെക്കോഡിങ് സമയത്തിന് ഇങ്ങനെയെന്തെങ്കിലും പ്രത്യേകതയുണ്ടോ.

= റഹ്മാന് ശേഷം വന്ന പലരും രാത്രി റെക്കോഡ് ചെയ്താലേ പാട്ട് നന്നാവൂ എന്ന് വിശ്വസിക്കുന്നവരുണ്ട്. റഹ്മാന്‍ രാത്രിയാണല്ലോ ചെയ്യാറുള്ളത്. അതൊക്കെ ഓരോരുത്തരുടെ രീതിയാണ്. എനിക്ക് പകലെന്നോ രാത്രിയെന്നോ ഇല്ല. പാട്ട് റെഡിയായി കഴിഞ്ഞാല്‍ സമയമൊരു പ്രശ്നമല്ല. പാട്ട് നിങ്ങളുടെ മനസ്സില്‍ രൂപപ്പെടുക എന്നുള്ളതാണ്. ബാക്കിയെല്ലാം മെക്കാനിക്കലാണ്. ഒരു പാട്ട് ഒരു മ്യൂസിക് ഡയറക്ടറിലുടെ രൂപപ്പെട്ട് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ബാക്കിയെല്ലാം മെക്കാനിക്കലായ വര്‍ക്കാണ്.

? സംവിധായകന്‍- സംഗീത സംവിധായകന്‍- ഗായകന്‍ പരസ്പരം ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ സംഗീത്തിന്റെ കാര്യത്തില്‍ പരസ്പരം ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായേക്കാം. അങ്ങനെയുള്ള അനുഭവങ്ങള്‍.

= സൂത്രധാരന്‍ എന്ന ചിത്രത്തില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ പോയപ്പോള്‍ വലിയ സംഘര്‍ഷമനുഭവിച്ച് ഞാന്‍ തിരിച്ചുപോന്നിരുന്നു. ഞാന്‍ പലവട്ടം മാറ്റി മാറ്റി ചെയ്തിട്ടും ലോഹിതദാസിന് ഇഷ്ടപ്പെട്ടില്ല. എന്നോട് പോയ്ക്കോളാന്‍ പറഞ്ഞു. അന്ന് ഞാന്‍ കരഞ്ഞുകൊണ്ടാണ് തിരിച്ചുപോന്നത്. പില്‍ക്കാലത്ത് അദ്ദേഹമെഴുതിയ ഒരു പാട്ടുവരെ ഞാന്‍ ചെയ്തു. പിന്നെയെനിക്ക് മനസ്സിലായി ഒരു സംവിധായകന് വേണ്ടത് ഒരു സംഗീതസംവിധായകന് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംഗീത സംവിധായകന്‍ എപ്പോഴും വെളിയില്‍ തന്നെയായിരിക്കും. ആ തിരിച്ചുവരവിനുശേഷം പശ്ചാത്തലസംഗീതത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചു. അതുപോലെ വളരെ പ്രശസ്തനായ ഒരു ഗായകന്‍ പാടിയ രണ്ട് പാട്ട് ഞാന്‍ മാറ്റിയിട്ടുണ്ട്. അതിനുകാരണമുണ്ട്. അദ്ദേഹം സ്റ്റുഡിയോയില്‍ വന്ന് പാട്ടുപാടി അതിത്രമതി എന്നുപറഞ്ഞു. വളരെ സീനിയറായ ഒരു ഗായകന്‍, എനിക്ക് പറയുന്നതിന് ലിമിറ്റേഷന്‍സ് ഉണ്ടായിരുന്നു. എനിക്കെന്റെ കോമ്പോസിഷന്‍ സെലിബ്രേറ്റ് ചെയ്യാനായി തോന്നിയില്ല. അതിന്റെ നടു ഒടിഞ്ഞതായി തോന്നി. അങ്ങനെ ആ രണ്ടുപാട്ടും ഞാന്‍ മാറ്റി. മാത്രമല്ല ആ രണ്ടുപാട്ടും മറ്റു പാട്ടുകാരെക്കൊണ്ട് പാടിക്കുകയും ചെയ്തു. എന്റെ നയം ഇതാണ്. എനിക്കുവേണ്ട രീതിയിലുള്ള പാട്ട് കിട്ടിയില്ലെങ്കില്‍ ഞാന്‍ അതിന് ഏതറ്റംവരെയും പോകും.
 
? മലയാള സിനിമാസംഗീതശാഖയില്‍ ദേവരാജന്‍ മാഷ്, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, രവീന്ദ്രന്‍മാഷ് ജോണ്‍സണ്‍മാസ്റ്റര്‍ തുടങ്ങിയവരൊക്കെ അവരുടേതായ മുദ്രകള്‍ രേഖപ്പെടുത്തിക്കൊണ്ട് മലയാളത്തില്‍ അനന്യമായി നിലകൊണ്ട സംഗീതധാരകളായിരുന്നു. അവര്‍ക്കൊക്കെ ഓരോ രീതികളുമായിരുന്നു. ഇവരുടെ ആരുടെയെങ്കിലും കലര്‍പ്പ് താങ്കളിലുണ്ടോ. അല്ലെങ്കില്‍ അതില്‍നിന്ന് വ്യത്യസ്തമായി ഒരു എം ജയചന്ദ്രന്‍രീതി താങ്കള്‍ കൊണ്ടുവന്നിട്ടുണ്ടോ.

= ഞാന്‍ അവരുടെ ആരുടെയും ഫോളോവറല്ല. വേണമെങ്കില്‍ ഞാന്‍ മദന്‍മോഹന്റെ ഫോളോവര്‍ ആണെന്ന് പറയാം. എന്റെ ദേവരാജന്‍മാഷിനപ്പുറം എന്നെ സ്വാധീനിച്ചത് മദന്‍മോഹന്‍ സാറാണ്. ഞാന്‍ ദൈവതുല്യമായി കാണുന്ന സംഗീതജ്ഞന്‍. ഞാന്‍ സ്വപ്നം കാണുന്ന സംഗീതം... മദന്‍മോഹന്‍സാറിന്റെ സംഗീതം ഭാവപ്രധാനമാണ്. എന്റെ സംഗീതം എപ്പോഴും ഭാവാധിഷ്ഠിതമാണ്. റിയല്‍ ഹ്യൂമണ്‍ സ്റ്റോറി വരുമ്പോഴാണ് എന്റെ സംഗീതം ഏപ്പോഴും നന്നാകുക. അല്ലാത്ത പാട്ടുകളും ഞാന്‍ ചെയ്തിട്ടുണ്ട്. ഭാവപ്രധാനമായ സംഗീതസാഹചര്യം വരുമ്പോള്‍ ഞാന്‍ മുകളില്‍ നിന്നിട്ടുണ്ട്. സംഗീതത്തെ ഞാന്‍ കാണുന്നത് ഭാവസുന്ദരമായിട്ടാണ്. അല്ലെങ്കില്‍ നോട്സ് അടുക്കിവച്ച മാതിരി ആകും. ഞാന്‍ ടെക്നിക്കല്‍ എന്നതിന്റെ നേരെ എതിരാണ്. മ്യൂസിക്ക് ടെക്നിക്കല്‍ ആകുമ്പോള്‍ അത് യാന്ത്രികമാകും. അങ്ങനെ വരുമ്പോള്‍ അത് മാനുഷികമല്ലാതാകും. ഒരു പാട്ട് ഹൃദയത്തില്‍ പ്രവേശിക്കണമെങ്കില്‍ ഭാവാത്കമായിരിക്കണം. മറ്റുള്ളതെല്ലാം മോശമാണ് എന്നല്ല. എന്റെ കാപ്പിയുടെ കയ്പ്പ് അതല്ല എന്നുമാത്രം.

? ഇന്ത്യന്‍ ചലച്ചിത്രസംഗീതലോകത്ത് തൊണ്ണൂറുകളോടെ വലിയ മാറ്റമുണ്ടാക്കിയ സംഗീതജ്ഞനാണ് എആര്‍ റഹ്മാന്‍. താങ്കളൊക്കെ ഏറെ ശ്രവിച്ച ആളായിരിക്കുമല്ലോ? എ ആര്‍ റഹ്മാനെന്ന മ്യൂസിക്ക് ഡയറക്ടറെ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്.

= അദ്ദേഹം മഹാനായ സംഗീതജ്ഞനാണ്. ഒരു നാടിന്റെ സംഗീതചിന്തയെ ഒരു പാട്ടിലൂടെ മാറ്റിയ ആളാണ്. 'ചിന്ന ചിന്ന ആശൈ' എന്ന ഒരൊറ്റ പാട്ട് ചലച്ചിത്രസംഗീതമേഖലയെ അടിമുടി മാറ്റിയിട്ടുണ്ട്. ഓസ്കാര്‍ കിട്ടുന്നതിന് മുമ്പേയുള്ള പാട്ടുകളൊക്കെ ഇന്ത്യന്‍ ചലച്ചിത്രസംഗീതലോകത്ത് ഓരോതരത്തിലുള്ള ഉടച്ചുവാര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്. ഓരോ സിനിമയിലും അയാള്‍ പുതിയ അത്ഭുതങ്ങള്‍ ഉണ്ടാക്കി. ഞാന്‍ അദ്ദേഹത്തിന്റെ ഫോളോവര്‍ അല്ല. പക്ഷേ, നമ്മുടെ മുന്നിലുള്ള മാതൃകാസംഗീതജ്ഞനാണദ്ദേഹം.

? പാട്ടുകേള്‍ക്കുക എന്നതില്‍നിന്ന് പാട്ടു കാണുക എന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ട് ഇന്ന്. ആല്‍ബങ്ങള്‍, ചലച്ചിത്രഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍ ഒക്കെ വീഡിയോ ഓറിയന്റഡായ പാട്ടുകളായി മാറി. ഇത് സംഗീതമേഖലയില്‍ എന്തുമാറ്റമാണ് ഉണ്ടാക്കിയത്.

= സംഗീതത്തിന് സുഖകരമായ അന്തരീക്ഷമല്ല അത്. മ്യൂസിക്ക് കേള്‍ക്കുക തന്നെയാണ് വേണ്ടത്. എന്നാലേ സംഗീതം നിലനില്‍ക്കുകയുള്ളൂ. എന്റെ ജനറേഷന്‍ കണ്ട ലോകമല്ല പുതിയ ജനറേഷന്‍ കാണുന്നത്. ഒരു സോങ് ഡൌണ്‍ലോഡ് ചെയ്യപ്പെട്ടെങ്കില്‍ മാത്രമേ പാട്ടിന് മൂല്യമുള്ളൂ എന്ന അവസ്ഥയായി ഇന്ന്. നേരത്തെ ഹൃദയത്തിലാണ് ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതെങ്കില്‍ ഇപ്പോള്‍ ബ്രെയിനിലാണ്. ഹൃദയത്തിലേക്ക് ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നത് മാത്രമേ നിലനില്‍ക്കുകയുള്ളൂ.
 
? സാങ്കേതികവിദ്യയുടെ മേഖലയിലുണ്ടായിട്ടുള്ള വലിയ മാറ്റം ചലച്ചിത്രസംഗീതമേഖലയില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇത് ചലച്ചിത്രസംഗീതത്തെ മുന്നോട്ടുനയിക്കുകയാണോ ചെയ്തത്. അല്ലെങ്കില്‍ തിരിച്ചോ.

= സാങ്കേതികവിദ്യ മറ്റെല്ലാമേഖലയിലുമെന്നപോലെ സിനിമാസംഗീതത്തെയും വലിയരീതിയില്‍ സ്വാധീനിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മറുഭാഗത്ത് ആ മാറ്റങ്ങളെ നെഗറ്റീവായരീതിയില്‍ ഉപയോഗിക്കുന്നതായും കാണാന്‍ കഴിയും. ഒരു പാട്ടുചെയ്ത ഉടന്‍തന്നെ സ്വന്തം ടീമിനെവച്ച് യൂട്യൂബിലും എഫ്ബിയിലുമൊക്കെയിട്ട് വലിയ പണം ചെലവഴിച്ച് മാര്‍ക്കറ്റ് ചെയ്ത് പാട്ട് ഹിറ്റാണെന്ന് വരുത്തിത്തീര്‍ക്കുന്ന ഒരുപരിപാടി സമീപകാലത്ത് മലയാളത്തില്‍ തുടങ്ങിയിട്ടുണ്ട്. ഒരു പാട്ട് ഇറങ്ങുമ്പോള്‍ത്തന്നെ യൂട്യൂബില്‍ 5 ദിവസംകൊണ്ട് 10 ലക്ഷം പേര്‍ കണ്ടു എന്നൊക്കെ പറഞ്ഞ് മാര്‍ക്കറ്റ് ചെയ്യുകയാണ്. യഥാര്‍ഥത്തില്‍ കൂടുതല്‍ ആളുകള്‍ കണ്ട പാട്ടാണോ മഹത്തായ പാട്ട്. ഇങ്ങനെയൊരു കള്‍ച്ചര്‍ മലയാളത്തില്‍ മാത്രമേയുള്ളൂ.

? അപ്പോള്‍ ശരിയായ കേള്‍വിയിലൂടെയല്ലേ ആസ്വാദകര്‍ എന്ന നിലയില്‍ മലയാളികള്‍ സംഗീതത്തിന്റെ കാര്യത്തില്‍ തുടരുന്നത്.

= ഇവിടെ പാട്ടുകള്‍ അടിച്ചേല്‍പ്പിക്കുകയാണ്. സംഗീതം അതാണെന്ന് പറയുന്നു. ഒരു ലക്ഷംരൂപകൊടുത്താല്‍ അന്‍പതിനായിരം വ്യൂവേഴ്സിനെ കൂട്ടിത്തരാന്‍ കഴിയും. സംഗീതസംവിധായകര്‍ പാട്ടു ചെയ്യുന്നതിനെക്കാള്‍ സമയം ഇതിനുവേണ്ടിയാണ് ഇപ്പോള്‍ ചെലവഴിക്കുന്നത്. അതുകൊണ്ട് പലപ്പോഴും നല്ലതേത് മോശമേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം മാര്‍ക്കറ്റ് സ്വാധീനിക്കുന്നുണ്ട്.
 
? സംഗീതവുമായി നേരിട്ട് ബന്ധമില്ലാത്ത, എന്നാല്‍ അഭിനയം തുടങ്ങിയ മറ്റ് മേഖലകളില്‍ സെലിബ്രിറ്റികളായ ആളുകള്‍ സിനിമയ്ക്കുവേണ്ടി പാട്ടുകളുംകൂടി പാടുന്നുണ്ട്. പലരും പാട്ടറിയാത്ത ആളുകളുമാണ്. സംഗീതസംവിധായകരെ സംബന്ധിച്ചിടത്തോളം പാട്ടറിയാത്തവരെക്കൊണ്ട് പാടിക്കേണ്ട ഗതികേടുമുണ്ടാകുന്നുണ്ട്. ഇതിനെ എങ്ങനെ കാണുന്നു.

= മാര്‍ക്കറ്റ് മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് ഉല്‍പ്പന്നത്തിന്റെ കെട്ടും മട്ടും മാറ്റുക എന്നത് ബിസിനസിന്റെ മുഖമുദ്രയായതുകൊണ്ട് എനിക്കിത് ചെയ്യാന്‍ പറ്റില്ല എന്ന് പറയാന്‍ കഴിയില്ല. എന്റെ ഡയരക്ടറാണ് എന്നോട് അങ്ങനെ ചെയ്യാനാവശ്യപ്പെടുന്നത്. എന്നാല്‍ അങ്ങനെയുള്ള പാട്ടുകളൊക്കെ മലയാളത്തില്‍ ഹിറ്റാവുകയും ചെയ്തിട്ടുണ്ട്.

? ഹിറ്റിനെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എന്താണ്.

= ഹിറ്റിനെ നിര്‍ണയിക്കുന്ന കാര്യം എന്താണെന്ന് ആര്‍ക്കുമറിയില്ല. നാമ്മള്‍പോലുമറിയാതെയാണ് ജനം ചില പാട്ടുകള്‍ ഏറ്റെടുക്കുക. 'വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ' എന്ന ഗാനം ഒരു കോമഡിപ്പാട്ടായി ആളുകള്‍ കേട്ടേക്കാം എന്നുമാത്രമാണ് ഞാന്‍ കരുതിയത്. അഞ്ചാറുവര്‍ഷം ഞാന്‍ ഗാനമേളകളില്‍ ഏറ്റവും കൂടുതല്‍ പാടിയത് ആ പാട്ടാണ്. ആ പാട്ടാണ് ആളുകള്‍ ആവശ്യപ്പെടുകയും ചെയ്തത്. എന്നാല്‍ നല്ല പാട്ടുകള്‍ പലതും ശ്രദ്ധിക്കപ്പെടാതെയും പോയി.

? ചലച്ചിത്രസംഗീതത്തിന്റെ ലോകവും സംഗീതസംവിധായകന്റെ ലോകവും ഒരിക്കലും പൊരുത്തപ്പെടുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്.

= അങ്ങനെയല്ല, നമുക്കൊരിടമുണ്ട്. അതു നമ്മള്‍ കണ്ടെത്തണമെന്നതാണ്. അങ്ങനെ തീര്‍ത്തും പൊരുത്തപ്പെടാതെയല്ല നമ്മള്‍ തുടരുന്നത്.

? വൈയക്തികമായ അനുഭവങ്ങള്‍ ഒരു പാട്ടിന്റെ ഈണത്തെ നിര്‍ണയിക്കുന്നതിന് കാരണമായി തീരാറുണ്ടേ.

= തീര്‍ച്ചയായും ഉണ്ട്. 'കാത്തിരുന്നു' എന്ന എന്ന് നിന്റെ മൊയ്തീനിലെ പാട്ട് അങ്ങനെയൊന്നാണ്. എന്റെ അച്ഛന്‍ വലിയ കര്‍ക്കശക്കാരനായിരുന്നു, ദേവരാജന്‍ മാഷിനെപ്പോലെ. എനിക്കച്ഛനെ കെട്ടിപ്പിടിക്കണമെന്നും ഉമ്മവയ്ക്കണമെന്നുമൊക്കെ മറ്റു കുട്ടികളെപ്പോലെ ആഗ്രഹമുണ്ടായിരുന്നു. അതച്ഛനോട് പറയാനും ചെയ്യാനും പേടിയായിരുന്നു. പിതൃഭാവത്തോടുള്ള ഭയം. അച്ഛന്‍ മരിച്ച് മോര്‍ച്ചറിയില്‍ കിടക്കുമ്പോഴാണ് ആദ്യമായി ഞാന്‍ അച്ഛനെ ഉമ്മവച്ചത്. വലിയ സങ്കടത്തോടെയിരുന്ന ആ ദിവസമാണ് സംവിധായകന്‍ വിമല്‍ സിനിമയ്ക്ക് പാട്ടാവശ്യപ്പെട്ടുകൊണ്ട് വിളിക്കുന്നത്. ഞാനപ്പോളാലോചിച്ചത് ഞാനെത്ര കാത്തിരുന്നിട്ടാണ് എന്റെ അച്ഛന് ഉമ്മകൊടുക്കാന്‍ സാധിച്ചത് എന്നാണ്. ആ അനുഭവത്തില്‍നിന്നാണ് "കാത്തിരുന്നു' എന്ന പാട്ടിന്റെ ട്യൂണ്‍ എന്നിലേക്ക് വന്നിറങ്ങിയത്. കാത്തിരിപ്പിന്റെ വേദന എന്നുപറയുന്നത് ഏതുകാര്യമായാലും ഒന്നുതന്നെയാണ്. കാഞ്ചനമാല മൊയ്തീനുവേണ്ടി പത്തുവര്‍ഷം കാത്തിരുന്നു. ഞാന്‍ അച്ഛന് ഉമ്മ കൊടുക്കാന്‍ വേണ്ടി നാല്‍പ്പത് വര്‍ഷം കാത്തിരുന്നു.  ആ കാത്തിരിപ്പുതന്നെയാണ് കാഞ്ചനമാലയുടെയും വേദന. ആ വേദന ഞാനനുഭവിച്ചതുകൊണ്ടായിരിക്കാം കാഞ്ചനമാലയുടെ വേദന എനിക്കറിയാന്‍ കഴിഞ്ഞത്. റഫീക്ക് അഹമ്മദിനോട് ഞാന്‍ പറഞ്ഞു. കാത്തിരുന്നു എന്നുതന്നെ തുടങ്ങണമെന്ന്. പല്ലവി നോക്കിയാലറിയാം അതിന് നീളം കൂടുതലാണ്. കാത്തിരുന്നു എന്നത് ഇവിടെ തീരും എന്നുതോന്നും. പക്ഷേ, അവിടെ തീരില്ല. റഫീക്ക് പുതിയ കാലത്തെ ഏറ്റവും മികച്ച പാട്ടെഴുത്തുകാരനാണ്. കേവലമൊരു പാട്ടെഴുത്തുകാരനല്ല കവിത്വമുള്ള ആളാണ്. അതുകൊണ്ടുകൂടിയാണ് ആ പാട്ട് അത്ര മനോഹരമായത്.

? താങ്കളെ എളുപ്പത്തില്‍ പിടിച്ചുലയ്ക്കുന്ന അനുഭൂതികള്‍ വികാരങ്ങള്‍ ഒക്കെ പങ്കുവയ്ക്കാമോ.

= പ്രണയമാണ് ഏറ്റവും വലുത്. ഒരു കലാകാരന് പ്രണയമില്ലെങ്കില്‍ ഒരിക്കലും അയാള്‍ക്ക് ക്രിയേറ്റ് ചെയ്യാന്‍ കഴിയില്ല. പ്രണയമെന്നാല്‍ ഒരാളോടുള്ള ഒരു വികാരമാണെന്ന തെറ്റിദ്ധാരണ വേണ്ട. ജീവിതത്തെ പ്രണയിക്കാന്‍ തുടങ്ങുമ്പോഴേക്കും നമ്മുടെ ചിന്തകളെല്ലാം പൂക്കാന്‍ തുടങ്ങും. അത് പലപ്പോഴും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അതാണെന്റെ റൊമാന്റിക് സോങ്ങുകള്‍. ജീവിതത്തോടുള്ള പ്രണയം നഷ്ടപ്പെട്ടാല്‍ ഒരു മൃതശരീരം പോലെയായിപ്പോകും. പ്രണയം നിങ്ങളെ യുവാവാക്കും.

? ഒരാസ്വാദകന്‍ എന്ന നിലയില്‍ എങ്ങനെയാണ് താങ്കളുടെ സ്വകാര്യജീവിതം.

= ഞാന്‍ എപ്പോഴും പാട്ടുകള്‍ കേള്‍ക്കുന്ന ആളാണ്. മദന്‍മോഹന്റെ ഒരു പാട്ടുകേള്‍ക്കാത്ത ഒരു ദിവസംപോലുമില്ല. ഞാനിഷ്ടപ്പെടുന്ന മാസ്റ്റേഴ്സിന്റെ പാട്ടുകളൊക്കെ ഞാനെപ്പോഴും കേള്‍ക്കും. ശങ്കര്‍ ജയകൃഷ്ണന്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍, കല്യാണ്‍ജി ആനന്ദ്ജി, എം എസ് ബി, ഇളയരാജ തുടങ്ങിയ പലരും അങ്ങനെ സംഗീതമയമായിരിക്കും ഓരോ ദിവസവും.

? വിജയശ്രീലാളിതനായ ഒരു കലാകാരനാണ് താങ്കള്‍. ഒട്ടേറെ അവാര്‍ഡുകള്‍ പ്രശസ്തി ഒക്കെ താങ്കളോടൊപ്പമുണ്ട്. അങ്ങനെയാണെങ്കിലും താങ്കള്‍ക്ക് ചില പരാജയബോധവുമുണ്ടാകാം. താങ്കളെ വേട്ടയാടുന്ന ആ പരാജയങ്ങള്‍ എന്തൊക്കെയാണ്.

= ഞാന്‍ കടന്നുവന്ന വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ഞാന്‍ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്. അതിനപ്പുറത്ത് ലോകത്തെവിടെപ്പോയാലും എന്റെ സംഗീതമിഷ്ടപ്പെടുന്ന ആളുകള്‍ ഉണ്ട് എന്നതാണ് എന്നെ പിന്നെയും നിലനിര്‍ത്തുന്നത്. ഞാനും ലോകവുമായുള്ള ബന്ധം പാട്ടിലൂടെയാണ്. എന്നാല്‍ ഞാന്‍ വിജയിച്ചു എന്നു കരുതുന്ന ആളല്ല. അങ്ങനെ തോന്നിയിട്ടുമില്ല. എന്റെ ബെസ്റ്റിനുവേണ്ടി ഞാനിപ്പോഴും വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്റെ മനസ്സിലൊരു കണ്‍സെപ്റ്റുണ്ട്, അത്തരത്തിലുള്ള സോങ് സിറ്റ്വേഷന്‍ കിട്ടിയാലേ ആ കണ്‍സെപ്റ്റുകള്‍ പൂര്‍ത്തിയാകൂ.

? ഇനിയെന്ത്.

= എനിക്ക് ചില ലക്ഷ്യങ്ങളുണ്ട്. എനിക്ക് ചെയ്യാന്‍ പറ്റാത്തതിനെപ്പറ്റി ഞാന്‍ ജാഗരൂകനാണ്. എന്റെ മനസ്സിലുള്ള ഒരു കോമ്പോസിഷന്‍ സിനിമയില്‍ ചെയ്യണം. അതിനായുള്ള സോങ് സിറ്റ്വേഷന്‍ ആവശ്യമുണ്ട്. അതുപോലെ ഹിന്ദിസിനിമയില്‍ സംഗീതം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ എന്റെ സംഗീതജീവിതത്തില്‍ അതൊരു വലിയ മാര്‍ക്കിങ് പോയിന്റായിരിക്കും. അതുപോലെ ഇന്തോ- അറബ് കണ്‍സേര്‍ട്ട് ചെയ്യാന്‍ ആഗ്രഹമുണ്ട് .

(ദേശാഭിമാനി വാരികയില്‍ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top