29 March Wednesday

ഷാരുഖ് യുഗത്തിലെ സ്വരലത

എ പി സജിഷUpdated: Thursday Feb 10, 2022

നാല് തലമുറയെ വിസ്‌മയിപ്പിച്ച മഹാഗായിക‌യ്‌ക്ക് മുന്നില്‍ പ്രാര്‍ഥിച്ച ഷാരൂഖ് ഖാന്റെ നേര്‍ക്ക് സൈബര്‍ ആക്രമണം തീര്‍ന്നിട്ടില്ല. ആ നാദമാധുരിക്ക് മുന്നില്‍ എങ്ങനെ പോകാതിരിക്കും ഷാരൂഖ്. തന്റെ ജീവിതത്തിലെ ദു:ഖ ഭരിതമായ ചില ഓര്‍മകള്‍ പോലുമുണ്ട് കിങ് ഖാന് ആ പാട്ടുകള്‍. ഭൂതകാലത്തിലെ ആളുന്ന വേദനയുടെ ആ കഥ ചിലപ്പോഴൊക്കെ ഷാരൂഖ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഷാരൂഖ് ഖാന് ഒരു സഹോദരിയുണ്ട്. ഷഹനാസ്.  ഷാരൂഖിനേക്കാള്‍ അല്‍പം കൂടി മുതിര്‍ന്നവള്‍. കിങ് ഖാന്റെ കൗമാരകാലത്താണ് മാതാപിതാക്കള്‍ മരിക്കുന്നത്. അത് താങ്ങാനാവാതെ ഷഹനാസ് നിലത്ത് തല തല്ലിക്കരഞ്ഞു. പിന്നെയൊരിക്കലും അവര്‍ പഴയ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല. ചുറുചുറുക്കുള്ള യുവതി ഡിപ്രഷനില്‍ മൂടി.  

സിനിമാ പാരമ്പര്യമില്ലാതെ ആ ലോകത്ത് ഷാരൂഖ് പതുക്കെ വളരുമ്പോഴും ഈ സഹോദരി ഒപ്പമുണ്ട്. അവരുടെ രോഗം മാറിയില്ല. തൊണ്ണൂറുകളില്‍ ഹരം പിടിപ്പിച്ച 'ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ' യിലെ ഷൂട്ടിങ് കാലം. കുമാര്‍ സാനുവും ലതാ മങ്കേഷ്‌‌‌കറും ചേര്‍ന്ന് പാടിയ 'തുജേ ദേഖാ തോയെ....' ഗാനത്തിന്റെ ഷൂട്ടിങിനായി ഷരൂഖ് ഖാന്‍ സ്വിറ്റ് സര്‍ലന്റിലേക്ക് പറന്നു. ചികിത്സക്കായി സഹോദരിയേയും ഒപ്പം കൂട്ടി. പാട്ടു രംഗത്ത് തകര്‍ത്താടുമ്പോഴും ക്യാമറക്ക് പിന്നില്‍ ഈ കണ്ണീര്‍ക്കഥയുണ്ട്. ചികിത്സയ്‌ക്കിടയില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതീക്ഷ വേണ്ട, സഹോദരി പഴയ ജീവിതത്തിലേക്ക് വരില്ല. ഷാരൂഖ് ഖാന്റെ ' മന്നത്ത്' എന്ന വീട്ടില്‍  രോഗിയായ ഈ സഹോദരി ഇപ്പോഴുമുണ്ട്. അവിവാഹിതയാണവര്‍.  

അക്കാലത്ത് തനിക്കും ഡിപ്രഷന്‍ വരുമായിരുന്നുവെന്ന് ഷാരൂഖ് പറയാറുണ്ട്. അത് മറികടക്കാന്‍ അയാള്‍ക്ക് മുന്നില്‍ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ. അഭിനയിക്കുക, അഭിനയിക്കുക. ബോളിവുഡിന്റെ കിങ് ഖാനായി വളര്‍ന്ന് അയാള്‍ ആ ഡിപ്രഷന്‍ മറികടന്നു. ഇന്ത്യയിലെ തീയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിച്ച സിനിമ എന്ന റെക്കൊര്‍ഡും 'ദില്‍വാലേ ദുല്‍ഹാനിയ ലേം ജായേംഗേ'ക്ക് ഇന്നും സ്വന്തം. തൊണ്ണൂറുകളിലെ റൊമാന്റിക് ഹിറ്റുകളില്‍ ഒന്നായ ഈ ചിത്രത്തില്‍ ' ഹോ ഗയാ ഹേ തുജ്‌കൊ പ്യാര്‍ സജ്ന...', 'മെഹന്ദി ലഗാ...' എന്നീ ഗാനങ്ങളും ലത ആവിസ്മരണീയമാക്കി. 67 ന്റെ അവശതകളില്ലാതെ പാടിയ ആ സ്വര സഞ്ചാരം സംഗീത സ്‌നേഹികള്‍ ഏറ്റെടുത്തു. ഭാഷയുടെ അതിര്‍ വരമ്പുകളില്ലാതെ ' തുജേ ദേക്കാ തോയെ....' രാജ്യമെങ്ങും അലയടിച്ചു. ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ജോടികളില്‍ ഒന്നായി ഷാരുഖ് ഖാന്‍ - കജോല്‍ മാറി.

അതിനും മുമ്പ് തന്നെ ഷാരുഖ് ചിത്രത്തില്‍ ലത പാടിയിരുന്നു. നെഗറ്റിവ് ഇമേജുമായി ഹൃദയം കീഴടക്കിയ ഭ്രാന്തന്‍ കാമുകനായി ഷാരുഖ് ഖാന്‍ വേഷമിട്ട 'ഡര്‍' എന്ന ചിത്രത്തിലും ആ നാദ മാധുരി പിറന്നു. ഈ ചിത്രത്തില്‍ അവര്‍ പാടിയ ' തൂ മേരെ സാംനേ...' എന്ന ഗാനവും ഹിറ്റായി. കുമാര്‍ സാനുവും ഉദിത് നാരായണനുമൊപ്പം അല്‍ക്കാ യാഞ്‌കിന്റെ യുഗ്മ ഗാനങ്ങള്‍ തരംഗം സൃഷ്ടിക്കുന്ന കാലമാണിതെന്നു ഓര്‍ക്കണം. അല്‍ക്കയുടെ ശബ്‌ദ മാധുര്യം ബോളിവുടിനെ കീഴടക്കി നില്‍ക്കുമ്പോഴാണ് പ്രായത്തെ തോല്‍പ്പിച്ച് ലതയുടെ ഹിറ്റുകള്‍ ഇടയ്ക്കിടെ പിറന്നത്. 1997 ലേ ദില്‍ തോ പാഗല്‍ ഹൈ എന്ന ചിത്രത്തിലെ ഗാനം നോക്കൂ. പാട്ടും നൃത്തവും യുവത്വത്തിന്റെ ചുറു ചുറുക്കുമെല്ലാം ഒത്തിണങ്ങിയ ഈ ചിത്രത്തിലെ മിക്ക ഗാനവും പാടിയത് ലതയാണ്. ത്രികോണ പ്രണയ കഥയിലെ യുവ തലമുറയിലെ ഹരം പിടിപ്പിക്കുന്ന ഗാനം പാടുമ്പോള്‍ ലതാ മങ്കെഷ്‌‌കറിന് വയസ് 68. ഷാരുഖഇന്റെ നായകനൊപ്പം മാധുരി ദീക്ഷിഡും കരിഷ്‌മ കപൂറുമായിരുന്നു നായികമാര്‍.

'അരെ രേ അരെ രേ... ക്യാ കിയാ', 'ബോളി സെ സൂരത്ത്...',  'ചാന്ദ്‌നി കുച്ച് കഹാ...', ബൊലേന...., ദില്‍ തോ പാഗല്‍ ഹേ....എന്നീ ഗാനങ്ങളെല്ലാം ലതയ്ക്ക് സ്വന്തം. ബൊളീവുഡ് സിംഹാസനത്തിലേക്ക് ഷാരുഖ് പതുക്കെ നടന്നു തുടങ്ങിയ ചിത്രങ്ങളായിരുന്നു ദില്‍വേലെ ദുല്‍ഹാനിയ ലേ ജായേങ്കേ', ദില്‍ തോ പാഗല്‍ ഹേ... എന്നിവ. അതും കഴിഞ്ഞ് കിങ് ഖാന്റെ അഭിനയ സപര്യ പുതു നായികമാര്‍ക്കൊപ്പം തുടരുമ്പോഴും ലതയുടെ ശബ്ദം ഇടയ്‌ക്കൊക്കെ ഹിറ്റുകള്‍ സമ്മാനിച്ചു. ആസ്വാദകന് വിരഹത്തിന്റെ നോവും നീറ്റലും സമ്മാനിച്ച വീര്‍ -സാറയിലുമുണ്ട് ലതയുടെ പാട്ട്. ഇന്ത്യ -പാക് അനശ്വര പ്രണയ കഥ പറയുന്ന ചിത്രം ഷാരുഖ് ഖാന്റെ മാസ്‌മരിക പ്രകടനം കൂടി തുളുമ്പുന്നതാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം നായകനും നായികയും കോടതിമുറിയില്‍ കണ്ടു മുട്ടുന്ന അവിസ്മരണീയ രംഗത്തില്‍ ' തേരെ ലിയെ' എന്ന ഹൃദയ രാഗം പാടിയതും ഇന്ത്യയുടെ പൂങ്കുയില്‍ തന്നെ. പ്രീതി സിന്‍ഹയാണ് ചിത്രത്തിലെ നായിക.

ഷാരുഖ് ചിത്രമായി ദില്‍സേയില്‍ എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'ജിയാ ചലെ' എന്ന ഹിറ്റ് ഗാനവും ലത പാടി. ഈ പാട്ടിനു ഇന്നും ആരാധന കുറഞ്ഞിട്ടില്ല. നഷ്ട പ്രണയത്തിന്റെ കഥ പറയുന്ന ഷാരുഖ് - ഐശ്വര്യ റായി സിനിമ മുഹബത്തെനിലേ 'ഹം കോ ഹുംസെ...', 'ആന്‍ കേ കുലി...' എന്നീ ഗാനങ്ങളും മഹാഗായികയുടേതാണ്. പണയവും വിരഹവും ഇഴ ചേര്‍ന്ന് അങ്ങനെ എത്രയെത്ര പാട്ടുകളാണ് ഷാരുഖ് ഖാന്‍ ചിത്രങ്ങളില്‍ ആ നാദ ഗംഗ ഒഴുക്കിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനി താജ് മുഹമ്മദ് ഖാന്റെ മകന്‍ പിന്നെങ്ങനെ പ്രാര്‍ത്ഥന നിരതനാവാതിരിക്കും...

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top