29 May Monday

ഗാനസാന്ദ്രമായ നഗരരാത്രികൾ...ഓർമകളിലൂടെ രവിമേനോൻ

രവിമേനോൻUpdated: Saturday Apr 23, 2022

1970 കളുടെ തുടക്കത്തിലെ ഒരു ഗാനമേള. ജയചന്ദ്രന്റെ ആലാപനത്തിന് തബലയിൽ അകമ്പടി സേവിക്കുന്നത് രഘുകുമാർ

സൗഹൃദങ്ങളുടെ ജീവവായുപോലെ പാട്ടും സംഗീതവും ഇഴുകിച്ചേർന്ന കോഴിക്കോടിന്റെ ഗൃഹാതുരസ്‌പർശമുള്ള ഓർമ്മകൾ...

രവിമേനോൻ

രവിമേനോൻ

ചരിത്രമുറങ്ങുന്ന പെട്ടിയാണത്. വിൻസന്റ് മാഷിന്റെ പാട്ടുപെട്ടി. ഒരുപാട് പ്രതിഭാശാലികളായ സംഗീതജ്ഞരുടെ പരിശീലനക്കളരി.ഇന്നത് മലയാളികളുടെ പ്രിയഭാവഗായകൻ ജയചന്ദ്രന്റെ കൈകളിൽ ഭദ്രം. കാലത്തെ അതിജീവിച്ച ആ കട്ടകളിലൂടെ ഇടയ്‌ക്കൊക്കെ വെറുതെ വിരലോടിക്കും ജയേട്ടൻ. നാദവീചികൾക്കൊപ്പം ആർദ്രമായ ഒട്ടേറെ ഓർമ്മകളും ഒഴുകിവരും അപ്പോൾ. പാട്ടിനൊപ്പം അപ്പൂപ്പൻതാടി പോലെ പറന്നുനടന്ന കൗമാരയൗവനങ്ങളുടെ ഓർമ്മകൾ; സംഗീതത്തിന്റെയും സൗഹൃദങ്ങളുടെയും നാടായ കോഴിക്കോടിന്റെ ഗൃഹാതുരസ്‌പർശമുള്ള ഓർമ്മകൾ; ആത്മസുഹൃത്തും സംഗീത സംവിധായകനുമായ രഘുകുമാറിന്റെ ദീപ്തമായ ഓർമ്മകൾ...
സി എം വാടിയിൽ വയലിൻ പരിശീലിപ്പിക്കുന്നു -      ഫോട്ടോ: ജഗത്‌ലാൽ

സി എം വാടിയിൽ വയലിൻ പരിശീലിപ്പിക്കുന്നു - ഫോട്ടോ: ജഗത്‌ലാൽ

 ‘രഘുവാണ് എനിക്ക് ആ ഹാർമോണിയം സമ്മാനിച്ചത്; വർഷങ്ങൾക്ക് മുൻപ്’‐ ജയചന്ദ്രൻ പറയുന്നു. ഹിന്ദുസ്ഥാനി സംഗീത പരിശീലനത്തിൽ അഗ്രഗണ്യനാണ്  വിൻസന്റ് മാഷ്. വലിയൊരു ശിഷ്യവൃന്ദത്തിന്റെ ഉടമ. മാഷിൽ നിന്നാണ് സിത്താറും തബലയുമൊക്കെ രഘു പഠിച്ചെടുത്തത്. മലബാറിന്റെ സംഗീത ഗുരുവായ വിൻസന്റ് മാഷിന്റെ ഓർമ്മകൾ സ്‌പന്ദിക്കുന്ന ഹാർമോണിയം ജയചന്ദ്രന് കൈമാറുമ്പോൾ രഘു പറഞ്ഞു: ‘ജയേട്ടാ, പൊന്നുപോലെ സൂക്ഷിക്കണം. മാഷിന്റെ മാന്ത്രികവിരലുകൾ ഓടിനടന്ന പെട്ടിയാണ്...’

പൊന്നുപോലെ തന്നെ സൂക്ഷിക്കുന്നു ജയചന്ദ്രൻ ഇന്നും ആ അമൂല്യ ഉപഹാരം.

വിൻസന്റ്‌ മാസ്‌റ്റർ

വിൻസന്റ്‌ മാസ്‌റ്റർ

‘കാലപ്പഴക്കം കൊണ്ട് ചില്ലറ കേടുപാടുകൾ പറ്റിയിരുന്നു അതിന്. സുഹൃത്തായ ജയകൃഷ്‌ണന്റെ സഹായത്തോടെ ഞാനത് വളാഞ്ചേരിയിൽ കൊണ്ടുചെന്ന് നന്നാക്കിയെടുത്തു. ബാബുരാജിന്റെയൊക്കെ ഹാർമോണിയം റിപ്പയർ ചെയ്തിരുന്ന അറുമുഖൻ എന്ന പ്രശസ്തനായ വ്യക്തിയുടെ കടയാണ്. അദ്ദേഹത്തിന്റെ മകനാണിപ്പോൾ കട നടത്തുന്നത്. കുറച്ചു മാസങ്ങളെടുത്താണെങ്കിലും വിൻസന്റ് മാഷിന്റെ ഹാർമോണിയം കേടുപാടുകൾ തീർത്ത് കുട്ടപ്പനാക്കിത്തന്നു അയാൾ’.

 അതേ പാട്ടുപെട്ടിയെക്കുറിച്ച് വിൻസന്റ് മാഷിന്റെ അനിയത്തി സെലീന സിസിൽ വർഷങ്ങൾക്ക് മുൻപ് പങ്കുവെച്ച ഹൃദയസ്‌പർശിയായ ഒരനുഭവം ഓർമ്മ വരുന്നു; രണ്ടു ലജൻഡുകൾ തമ്മിലുള്ള അപൂർവമായ ഒരു സംഗീത മത്സരത്തിന്റെ ഓർമ്മ. ‘വലിയ സുഹൃത്തുക്കളായിരുന്നു ചേട്ടനും ബാബുരാജും. പരസ്‌പരമുള്ള ആദരവിൽ അധിഷ്ഠിതമായ ബന്ധം. ചേട്ടന്റെയടുത്തുനിന്ന് ഹിന്ദുസ്ഥാനി പഠിച്ചിട്ടുമുണ്ട് ബാബുക്ക. രണ്ടുപേരും അതിഗംഭീരമായി ഹാർമോണിയം വായിക്കും. ഒരിക്കൽ ബാബു  ക്ക പരിവാരസമേതം ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ കൂടെയുള്ളവർക്ക് ഒരാഗ്രഹം:

രണ്ടു പേരിൽ ആരാണ് ഏറ്റവും സ്‌പീഡിൽ പെട്ടി വായിക്കുക എന്നറിയണം. രസകരമായ ഒരു മത്സരത്തിലേക്ക് വഴിതുറന്ന ചർച്ച ആയിരുന്നു അത്. മണിക്കൂറോളം നീണ്ട ആ മത്സരത്തിൽ അന്തിമവിധി ചേട്ടന് അനുകൂലമായിരുന്നെങ്കിലും ജയിച്ചെന്ന് സമ്മതിക്കാൻ തയ്യാറല്ലായിരുന്നു അദ്ദേഹം. ബാബുവിനോട് അത്രയ്‌ക്കും ഉണ്ടായിരുന്നു വാൽസല്യം. ഇരുവരും ആശ്ലേഷിച്ചാണ് അന്ന് പിരിഞ്ഞത്. അങ്ങനെ എത്രയെത്ര അപൂർവ മുഹൂർത്തങ്ങൾ...’

സംഗീതം മാത്രം ശ്വസിച്ചു ജീവിച്ച  വിൻസന്റ് മാഷിന്റെ ശരീരം  ഒടുവിൽ റെയിൽപാളത്തിൽ ചിന്നിച്ചിതറിയതിന് കാലം സാക്ഷി. മലബാറിന്റെ സംഗീത ചരിത്രത്തിലെ അനേകം ദുരന്തകഥകളിൽ ഒന്ന്.
 

സംഗീതം മാത്രം ശ്വസിച്ചു ജീവിച്ച വിൻസന്റ് മാഷിന്റെ ശരീരം  ഒടുവിൽ റെയിൽപാളത്തിൽ ചിന്നിച്ചിതറിയതിന് കാലം സാക്ഷി. പ്രാരബ്ധങ്ങളുമായി പടവെട്ടി തളർന്ന്  ജീവിതം സ്വയം അവസാനിപ്പിക്കുകയായിരുന്നു തബലയും സിത്താറും സാരംഗിയുമൊക്കെ അസാധ്യമായി വായിച്ചിരുന്ന അദ്ദേഹം. മലബാറിന്റെ സംഗീത ചരിത്രത്തിലെ അനേകം ദുരന്തകഥകളിൽ ഒന്ന്. ‘ഉത്തരേന്ത്യയിൽ ജനിച്ചിരുന്നെങ്കിൽ വലിയൊരു ഉസ്താദ് ആയി മാറിയേനേ വിൻസന്റ് മാഷ്’,  രഘുകുമാർ പറയും.‘

രഘു എന്ന രാജകുമാരൻ 

രഘുവില്ലാത്ത കോഴിക്കോട് ശൂന്യമായി തോന്നാറുണ്ട് പലപ്പോഴും ജയചന്ദ്രന്. വിഖ്യാതമായ കോഴിക്കോടൻ ആതിഥ്യമര്യാദയുടെ ഏറ്റവും ഉദാത്തമായ മാതൃകയായിരുന്നു രഘുകുമാർ എന്ന പൂതേരി രഘു. ‘ഇടയ്‌ക്കൊക്കെ രഘുവിനെ സ്വപ്‌നം കാണും. രാജകുമാരനെപ്പോലെ നടന്നുവരുന്ന രഘു. വിരലുകൾക്കിടയിൽ എരിയുന്ന സിഗരറ്റുമായിരുന്ന് തബലയിൽ താളവിസ്മയം തീർക്കുന്ന രഘു. എന്റെ സംഗീത ജീവിതത്തിലെ ഏറ്റവും പ്രസാദാത്മകമായ സാന്നിധ്യമായിരുന്നു രഘു. രഘുവില്ലാത്ത കോഴിക്കോടിനെ ക്കുറിച്ച് സങ്കൽപ്പിക്കാൻ പോലുമാവില്ല ’.

തന്റെ രണ്ടാമത്തെ ഗാനമേളയ്‌ക്ക് കോഴിക്കോട്ട് എത്തിയപ്പോഴാണ് ജയചന്ദ്രൻ രഘുവിനെ ആദ്യമായി കണ്ടത്.

രഘുകുമാർ

രഘുകുമാർ

‘1968 ലോ 69 ലോ ആവണം. ഞാൻ സിനിമയിൽ പാടിത്തുടങ്ങി അധിക കാലമായിട്ടില്ല. പാളയത്ത് ഇമ്പീരിയൽ ഹോട്ടലിലാണ്  താമസം. ഒരു ദിവസം കാലത്ത് ഒരു ബന്ധുവിനോടൊപ്പം രഘു എന്റെ മുറിയിൽ എത്തുന്നു. വെളുത്ത് തുടുത്ത് സുമുഖനായ ആ കുട്ടിയുടെ രൂപം ഇന്നുമുണ്ട് ഓർമ്മയിൽ. ആരാധനയായിരുന്നു അവന്റെ മുഖം നിറയെ. ‘ജയേട്ടാ, എന്തിനാ ഹോട്ടൽ മുറിയിൽ താമസിക്കുന്നത്? വരൂ നമുക്ക് നമ്മുടെ വീട്ടിലേക്കു പോകാം.’ യാതൊരു ഉപചാരവാക്കുകളും ഇല്ലാതെ അവൻ പറഞ്ഞു. എന്റെ പെട്ടിയും ബാഗും രഘു തന്നെയാണ് കാറിൽ എടുത്തുവെച്ചത്‌. എന്തോ ഒരു മുജ്ജന്മ ബന്ധം ഞങ്ങൾക്കിടയിൽ ഉള്ളപോലെ തോന്നി എനിക്ക്’.
ജയചന്ദ്രൻ

ജയചന്ദ്രൻ

വീട് എന്ന് രഘു പറഞ്ഞപ്പോൾ മനസ്സിൽ തെളിഞ്ഞ സങ്കൽപ്പത്തെ അമ്പേ നിഷ്‌പ്രഭമാക്കുന്ന കാഴ്‌ചയാണ് ഫറോക്കിൽ ജയചന്ദ്രനെ കാത്തിരുന്നത്. ഒരു കൊട്ടാരം! ശരിക്കും പൂതേരി പാലസ് തന്നെയായിരുന്നു അത്. വിശാലമായ മുറികൾ, ഇടനാഴികൾ, രാവും പകലും അവിടെ സംഗീതം നിറഞ്ഞുനിന്നു. ‘ചെന്നയുടൻ രഘു എന്നെ കൊണ്ടുപോയത്  ഒരു ടേപ്പ് റെക്കോർഡറിന് മുന്നിലേക്കാണ്‌. വിദേശ നിർമ്മിതമായ വലിയൊരു സ്‌പൂൾ സിസ്റ്റം. അത്രയും നല്ലൊരു ടേപ്പ് റെക്കോർഡർ ആദ്യം കാണുകയായിരുന്നു ഞാൻ. എന്നെക്കൊണ്ട്‌ അതിൽ പാടിച്ചു റെക്കോർഡ്‌ ചെയ്തു  കേൾപ്പിച്ചു അവൻ. പിന്നെ എന്നെ അമ്പരപ്പിച്ചുകൊണ്ട് ഒരു സമ്മാനം കയ്യിൽ വെച്ച് തന്നു: വിലപിടിപ്പുള്ള ഒരു വാച്ച്! അത്ര വിലപിടിപ്പുള്ള വാച്ച് അതിനു മുമ്പ്‌ കയ്യിൽ കെട്ടിയിട്ടില്ല’.

 സുദീർഘമായ ഒരു സൗഹൃദത്തിന്റെ തുടക്കം. രഘു ആദ്യമായി തബല വായിച്ചതു ജയചന്ദ്രന്റെ ഗാനമേളയിലാണ്. അറുപതുകളുടെ അവസാനം.  ചെന്നൈയിൽ വന്നു സിനിമയുടെ പിന്നണിയിൽ തബല വായിക്കാൻ പ്രേരിപ്പിച്ചതും ജയചന്ദ്രൻ തന്നെ.

കള്ളിച്ചെല്ലമ്മയിലെ കരിമുകിൽ കാട്ടിലെ എന്ന പാട്ട് ശ്രദ്ധിക്കപ്പെട്ടുവരുന്ന സമയമായിരുന്നു അത്. കോഴിക്കോട്ടു വെച്ചാണെന്ന് തോന്നുന്നു ആ പാട്ട് റേഡിയോയിൽ ആദ്യം കേട്ടത്. ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാന പരിപാടി. ആവശ്യപ്പെടുന്നവരുടെ പേരുകൾ കേട്ടപ്പോൾ അത്ഭുതവും സന്തോഷവും തോന്നി.

‘കള്ളിച്ചെല്ലമ്മയിലെ കരിമുകിൽ കാട്ടിലെ എന്ന പാട്ട് ശ്രദ്ധിക്കപ്പെട്ടുവരുന്ന സമയമായിരുന്നു അത്. കോഴിക്കോട്ടു വെച്ചാണെന്ന് തോന്നുന്നു ആ പാട്ട് റേഡിയോയിൽ ആദ്യം കേട്ടത്. ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാന പരിപാടി. ആവശ്യപ്പെടുന്നവരുടെ പേരുകൾ കേട്ടപ്പോൾ അത്ഭുതവും സന്തോഷവും തോന്നി. ഗുരുവായൂരപ്പാ, ഇത്രയും പേരോ എന്റെ പാട്ടിന് ആവശ്യക്കാർ. പിന്നീടങ്ങോട്ട് മലബാറിലെമ്പാടും ഗാനമേളകളുടെ പ്രവാഹമായിരുന്നു. എല്ലാ വേദികളിലും കരിമുകിൽ കാട്ടിലെ പാടണം. ആ യാത്രകളിൽ എല്ലാം ഒപ്പമുണ്ടായിരുന്നു രഘു. പിന്നെ സി എം വാടിയിൽ, ആർച്ചീ ഹട്ടൺ, ഹരിദാസ്, പപ്പൻ, ലീന അങ്ങനെ പലരും. ചിലരൊക്കെ യാത്രയായി. ആരെയും മറക്കാൻ പറ്റില്ല. അന്നത്തെ കോഴിക്കോട്, അന്നത്തെ പാട്ടുകൾ... ബാബുക്ക....ഇടൗ,ക്ക് വെറുതെയിരിക്കുമ്പോൾ അറിയാതെ ആ കാലം മനസ്സിൽ ഒഴുകിനിറയാറുണ്ട്. ഒരിക്കലും തിരിച്ചുവരാത്ത കാലം’.

 ഫറോക്കിലെ പാട്ടുപുലി  

 കോഴിക്കോട്ടെ സംഗീതപ്രേമികളുടെ താവളമായിരുന്ന ‘മുല്ലശ്ശേരി’ യുടെ അകത്തളത്തിലെ തണുപ്പുള്ള നിലത്തിരുന്ന് തബലയില്‍ താളവിസ്മയം തീര്‍ക്കുന്ന സുമുഖനായ ചെറുപ്പക്കാരനാണ് എന്റെ ഓർമ്മയിലെ രഘുകുമാർ. കട്ടിലില്‍ ചെരിഞ്ഞുകിടന്ന്, വിരലുകള്‍ കൊണ്ട് പതുക്കെ കിടക്കയില്‍ താളമിട്ട്‌ ആ ‘പ്രകടനം’ അറിഞ്ഞാസ്വദിക്കുന്ന മുല്ലശ്ശേരി രാജുവേട്ടന്‍. സാക്ഷാല്‍ മംഗലശ്ശേരി നീലകണ്ഠന്റെ ‘ഒറിജിനല്‍’. 

കാല്‍ നൂറ്റാണ്ടു പഴക്കമുണ്ട് ആ കാഴ്ചയ്‌ക്ക്‌.  ചാലപ്പുറത്തെ ഓടുമേഞ്ഞ കൊച്ചുവീട്ടിലേക്കു സംഗീതവും സംഗീതജ്ഞരും സംഗീതാസ്വാദകരും രാപ്പകലെന്നില്ലാതെ ഒഴുകിയെത്തിയിരുന്ന കാലം. അന്നത്തെ മുല്ലശ്ശേരിയുടെ ആത്മാവിന്റെ ഭാഗമായിരുന്നു അത്തരം സംഗീത സദിരുകള്‍.

മുല്ലശ്ശേരിയിലെ രാജുവേട്ടന്റെ ‘ദർബാർ’: ഭാര്യ ലക്ഷ്‌മി, ഗായകൻ എം എസ് നസീം, രവിമേനോൻ

മുല്ലശ്ശേരിയിലെ രാജുവേട്ടന്റെ ‘ദർബാർ’: ഭാര്യ ലക്ഷ്‌മി, ഗായകൻ എം എസ് നസീം, രവിമേനോൻ

  പാതി തളര്‍ന്ന ശരീരത്തിനുള്ളില്‍, കലാകാരന്മാരെയും കലയെയും സ്നേഹിക്കുന്ന വലിയൊരു മനസ്സ് എന്നും കാത്തുസൂക്ഷിച്ച  രാജുവേട്ടന്‍ കഥകള്‍ ഉറങ്ങുന്ന  തന്റെ കിടക്കയില്‍ കിടന്ന് ആ സംഗീതധാര  ആസ്വദിക്കുന്ന  കാഴ്ച എന്റെ ഏറ്റവും ദീപ്തമായ കൗമാരസ്മരണകളില്‍ ഒന്നാണ്.

 താളപ്രകടനത്തിനൊടുവില്‍ തബലിസ്റ്റിനെ ചൂണ്ടി, പതിവുശൈലിയില്‍ കുസൃതി കലര്‍ത്തി രാജുവേട്ടന്റെ ചോദ്യം: ‘നിനക്കറിയുമോ ഇവനെ?   ഫറോക്കിലെ പുലിയാണ്. പൂതേരി രഘു’. സൗഹൃദം നിറഞ്ഞ ചിരിയോടെ എഴുന്നേറ്റുവന്ന് ഹസ്തദാനത്തിനായി കൈ നീട്ടിയ യുവാവ് എന്റെ അവശേഷിച്ച സംശയങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട് ആ വാചകം വിനയപൂർവം പൂരിപ്പിച്ചു: ‘രഘുകുമാര്‍ എന്നും പറയും. മ്യൂസിക് ഡയറക്ടര്‍’.  

ചുണ്ടില്‍ എരിയുന്ന സിഗരറ്റും മൂളിപ്പാട്ടുമായി  രാജുവേട്ടന്റെ കട്ടിലിന്റെ ഓരത്തു ചെന്നിരുന്ന രഘുകുമാറിനെ കൗതുകത്തോടെ നോക്കിനില്‍ക്കെ  ഓര്‍മയില്‍ വന്നുനിറഞ്ഞത്‌ രണ്ടു മനോഹര ഗാനങ്ങള്‍: ധീരയിലെ ‘മൃദുലേ ഇതാ ഒരു ഭാവഗീതമിതാ’, പിന്നെ പൊന്‍തൂവല്‍ എന്ന ചിത്രത്തിലെ ‘കണ്ണാ ഗുരുവായൂരപ്പാ’. ആദ്യത്തേത് പ്രണയസുരഭിലമായ ഒരു ഗസല്‍. രണ്ടാമത്തേത്  പ്രണയവിരഹ ഭാവങ്ങള്‍ ഇഴചേര്‍ന്നു കിടക്കുന്ന ഒരു കൃഷ്ണഭക്തി ഗാനം. രണ്ടിന്റെയും ശില്‍പ്പി ഒരാള്‍ തന്നെ: എനിക്ക് മുന്നിലിരിക്കുന്ന ഈ ഫറോക്കുകാരന്‍.

മുല്ലശ്ശേരി രാജുവേട്ടനെ പോലെ രഘുവേട്ടനും ഇന്ന്  ഓർമ്മ. കോഴിക്കോടിന്റെ മായികസംഗീതാന്തരീക്ഷത്തിൽ നിന്ന് രഘുകുമാറിനൊപ്പം ഓർമ്മയിൽ വന്നു നിറയുന്ന വേറെയും മുഖങ്ങളുണ്ട്. എന്റെ കൗമാര യൗവന കാലത്തെ സംഗീതസാന്ദ്രമാക്കിയ അപൂർവ പ്രതിഭകൾ. കെ ആർ വേണു, നജ്മൽ ബാബു, സി എ അബൂബക്കർ, സതീഷ് ബാബു, സിബല്ല, മച്ചാട്ട് വാസന്തി, പ്രേമ, ലീനാപപ്പൻ, എ കെ സുകുമാരൻ, അനിൽദാസ് തുടങ്ങിയ പാട്ടുകാർ.

ബാബുരാജിന്റെ മെഹ്ഫിൽ. ഗായിക ലീനാ പപ്പൻ, പപ്പൻ (എക്കോഡിയൻ),  സി എം  വാടിയിൽ (വയലിൻ)

ബാബുരാജിന്റെ മെഹ്ഫിൽ. ഗായിക ലീനാ പപ്പൻ, പപ്പൻ (എക്കോഡിയൻ), സി എം വാടിയിൽ (വയലിൻ)

തബല ഉസ്മാൻ, ഹരിനാരായണൻ, പപ്പൻ, ആർച്ചീ ഹട്ടൺ, ഹരിദാസ്, ഡിക്കി രാജൻ, വിനോദ് തുടങ്ങിയ വാദ്യകലാകാരന്മാർ. വടേരി ഹസ്സനേയും കബീർദാസ് മാഷെയും അരങ്ങിൽ വാസുദേവനെയും പോലുള്ള സംഘാടകർ.

സി എ: നമ്മുടെ സ്വന്തം തലത്ത്  

ആദ്യം കേട്ട കോഴിക്കോടൻ മെഹ്ഫിൽ മറക്കാനാവില്ല. ടൗൺ ഹാളിലെ സ്‌പീക്കറുകളിലൂടെ തലത്ത് മഹ്‌മൂദിന്റെ ശബ്ദമൊഴുകുന്നു. അത്ഭുതത്തോടെ അകത്തുചെന്ന് നോക്കിയപ്പോൾ ശുഷ്‌കമായ സദസ്സിനു മുന്നിൽ  മെലിഞ്ഞു ക്ഷീണിച്ച  ഒരു കണ്ണടക്കാരൻ. വെള്ള മുണ്ടും ഷർട്ടും വേഷം. നിലത്തിരുന്ന്, പഴയൊരു ഹാർമോണിയത്തിന്റെ കട്ടകളിലൂടെ ചടുല വേഗത്തിൽ വിരലുകളോടിച്ച് അദ്ദേഹം പാടുകയാണ്:  ‘തസ്‌വീർ തേരി ദിൽ മേരാ ബെഹലാ ന സകേഗി’. 1944 ൽ പിറന്ന തലത്തിന്റെ  പ്രശസ്തമായ ചലച്ചിത്രേതര ഗാനം.

വയനാടിന്റെ നിതാന്ത നിശബ്ദതയിൽ നിന്നും പച്ചപ്പിൽ നിന്നും ഒരുനാൾ പൊടുന്നനെ കോഴിക്കോടിന്റെ നഗരത്തിരക്കിലേക്കും  ശബ്ദബാഹുല്യത്തിലേക്കും പറിച്ചു നടപ്പെട്ട പതിനെട്ടുകാരനായ കോളേജ് വിദ്യാർത്ഥിക്ക് കുളിർമഴയായി തോന്നി ആ ഗാനപ്രവാഹം. സംഗീത മാധുരിയുടെ തോരാമഴ നനഞ്ഞ് കുറെനേരം ഹാളിന്റെ പിൻനിരയിൽ ഒതുങ്ങിനിന്നു അവൻ. പിന്നെ  സന്തോഷത്തോടെ മുന്നിലെ ഒഴിഞ്ഞ കസേരകളിലൊന്നിൽ ചെന്നിരുന്ന് ഗാനമേള മുഴുവൻ കേട്ടു നിർവൃതിയടഞ്ഞു. സബ് കുച്ച് ലുട്ടാ കേ ഹോഷ് മേ, തസ്‌വീർ ബനാതാ ഹൂ, ജൽത്തേ ഹേ ജിസ് കേലിയെ, ഹം സേ ആയാ ന ഗയാ, സിന്ദഗി ദേനെവാലെ സുൻ, മേരി യാദ് മേ തുംനാ ആംസൂ ബഹാനാ... എല്ലാം കേൾക്കാൻ കൊതിച്ച പാട്ടുകൾ. പരിപാടിക്കിടെ ആരൊക്കെയോ വേദിയിൽ കയറിച്ചെന്ന് ഗായകനെ വന്ദിക്കുന്നു; ചിലർ ഇഷ്ടഗാനങ്ങളുടെ വരിയെഴുതിയ കുറിപ്പുകൾ കൈമാറുന്നു. മറ്റു ചിലർ കറൻസി നോട്ടുകൾ ഹാർമോണിയത്തിന്മേൽ വാരി വിതറുന്നു. വിനയത്തോടെ തലകുനിച്ചുകൊണ്ട് പാട്ടു തുടരുന്നു ഗായകൻ.

പാട്ടുകാരൻ ആരെന്നറിഞ്ഞത്  തൊട്ടടുത്തിരുന്ന ആളിൽ നിന്നാണ്  ചെറിയ അറക്കൽ അബൂബക്കർ. കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട സി എ അബൂബക്കർ. മാപ്പിളപ്പാട്ടിന്റെ ചക്രവർത്തിയായ എസ് എം കോയയുടെ പ്രിയശിഷ്യൻ. ബാബുരാജിന്റെ ഉറ്റ തോഴൻ.  കോഴിക്കോട് ആകാശവാണിയുടെ ആദ്യ പ്രക്ഷേപണത്തിൽ പങ്കെടുത്ത കലാകാരൻ. മലയാളത്തിലെ ആദ്യകാല ഗ്രാമഫോൺ ആർട്ടിസ്റ്റുകളിൽ ഒരാൾ. മലബാർ തലത്ത് എന്ന് സാക്ഷാൽ കോഴിക്കോട് അബ്ദുൾഖാദർ പൊതുവേദിയിൽ വിശേഷിപ്പിച്ച  ഗായകൻ. തലത്ത് മഹ്‌മൂദിന്റെ ഗാനങ്ങൾ  ഇത്രയും ഭാവദീപ്തിയോടെ, ആലാപന ചാരുതയോടെ  മറ്റാരും പാടിക്കേട്ടിട്ടില്ല അന്നും ഇന്നും. സംഗീതത്തിന് വേണ്ടി ജീവിതം ജീവിച്ചു തീർത്ത ആ മനുഷ്യനെ ഇന്ന് എത്രപേർ ഓർക്കുന്നു?

സി എ അബൂബക്കർ

സി എ അബൂബക്കർ

വെള്ളയിൽ പള്ളിയുടെ ഓരത്തുള്ള സി എ യുടെ കൊച്ചുവീട്ടിൽ പലതവണ പോയിട്ടുണ്ട്  . പഴയ ഹിന്ദി  പാട്ടുകൾ ഹാർമോണിയം വായിച്ച് സി എ പാടുന്നത് കേൾക്കാൻ വേണ്ടി. ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് വലഞ്ഞ ആ നാളുകളിലും തന്നെക്കുറിച്ചല്ല, തലത്തിനെയും പങ്കജ് മല്ലിക്കിനെയും എസ് എം കോയയേയും ഖാദർക്കയെയും ബാബുരാജിനെയും കുറിച്ചാണ് അദ്ദേഹം ഏറെയും സംസാരിച്ചു കേട്ടത്; കടുത്ത ശ്വാസതടസ്സം പോലും വകവെക്കാതെ.  അവരൊക്കെ ജീവിച്ച ലോകത്ത് ജീവിക്കാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യം എന്ന് വിശ്വസിച്ചു സി എ. ‘പങ്കജ് മല്ലിക്കിനെയും തലത്തിനെയുമൊക്കെ ജീവിതത്തിൽ എന്നെങ്കിലും കാണാൻ കഴിയുമെന്ന് സങ്കൽപ്പിച്ചിട്ടു പോലുമില്ല ഞാൻ. കാണുക മാത്രമല്ല അവർക്കു മുന്നിൽ  പാടാനും കഴിഞ്ഞു എന്നത് ദൈവം കനിഞ്ഞു നൽകിയ അപൂർവ സൗഭാഗ്യം.’ സി എ യുടെ വാക്കുകൾ.

വികാരഭരിതമായി സി എ പങ്കുവെച്ച  ഒരനുഭവം ഓർക്കുന്നു. 1980 കളുടെ തുടക്കത്തിലാണ്. അളകാപുരിയിൽ സുർസംഗീത് സഭ സംഘടിപ്പിച്ച സംഗീത നിശയിൽ പങ്കെടുക്കാൻ തലത്ത് മഹ്‌മൂദ്‌ കോഴിക്കോട്ടെത്തുന്നു. പരിപാടിക്ക് ശേഷം നടന്ന സ്വീകരണ വിരുന്നിൽ പാട്ടുകാരനായി സി എയുമുണ്ട്. ‘സബ് ദിൻ ഏക് സമാൻ നഹി ഥാ...’ എന്ന ഗാനമാണ് സി എ പാടിയത്. അധികം കേൾക്കാത്ത പാട്ടായതുകൊണ്ട് കൗതുകത്തോടെ കേട്ടിരുന്നു സദസ്സ്. അവർക്കിടയിൽ കണ്ണടച്ച് ധ്യാനലീലനായി തലത്തും.

 പാടിത്തീർന്നപ്പോൾ ഗായകനടുത്തേക്ക് നേരിട്ടുചെന്നു തലത്ത്.  അമ്പരന്ന് നോക്കിയിരുന്ന  സി എയെ സ്നേഹപൂർവ്വം ആശ്ലേഷിച്ച  ശേഷം സദസ്സിനോടായി അദ്ദേഹം പറഞ്ഞു: ‘1941 ൽ ജീവിതത്തിലാദ്യമായി ഞാൻ റെക്കോർഡ് ചെയ്ത പാട്ടാണിത്. ഞാൻ പോലും മറന്നുപോയിരുന്നു ഇതിന്റെ വരികളും ഈണവും. ഇന്നെന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണ്. ഓർമ്മകൾ വീണ്ടെടുത്തു തന്ന ഈ പാട്ടുകാരന് എങ്ങനെ നന്ദി പറയണം എന്നറിയില്ല’. ഫയാസ് ഹാഷ്മി എഴുതി കമൽദാസ് ഗുപ്ത ചിട്ടപ്പെടുത്തിയ ആ പാട്ടിന്റെ വരികൾ ഒരു കടലാസിൽ എഴുതി വാങ്ങിയ ശേഷമാണ് അന്ന് തലത്ത് യാത്രയായതെന്ന് സി എ.

മലയാളത്തിലെ ആദ്യകാല ഗ്രാമഫോൺ കലാകാരന്മാരിൽ ഒരാളായിരുന്നു സി എ. പങ്കജ് മല്ലിക്കിന്റെ പ്രശസ്തമായ ചലേ പവൻ കി ചാൽ, ആയീ ബഹാർ എന്നീ പാട്ടുകളുടെ ഈണത്തിനൊത്ത് എസ് എം കോയ രചിച്ച  ജയാപചയത്തെ പാർ, മായാ വികാര എന്നീ ഗാനങ്ങളാണ് ചെന്നൈയിൽ വച്ച് സി എ യുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ടത്. പിന്നീട് നിരവധി മാപ്പിളപ്പാട്ടുകളും. ഓളവും തീരവും,  മരം തുടങ്ങി അപൂർവം ചില സിനിമകളിൽപാടി. തരംഗിണി പുറത്തിറക്കിയ മൈലാഞ്ചി പാട്ടുകൾ മൂന്നാം വാല്യത്തിന് സംഗീതം പകർന്നു. മാർത്താണ്ഡവർമ്മ എന്ന നിശ്ശബ്ദ ചലച്ചിത്രം കോഴിക്കോട്ട് ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ സ്‌ക്രീനിന്റെ ഓരത്തിരുന്ന് ആ സിനിമയുടെ പശ്ചാത്തല സംഗീതം തന്റേതായ ശൈലിയിൽ ചിട്ടപ്പെടുത്തി അവതരിപ്പിച്ച സി എയെ എങ്ങനെ മറക്കാൻ?

ആർച്ചീ ഹട്ടൻ

ആർച്ചീ ഹട്ടൻ

 നജ്മൽ ബാബുവിന്റെ ദർബാർ

‘പാടാനോർത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ’ എന്ന അപൂർവസുന്ദര ഭാവഗീതത്തിന്റെ വിഷാദമാധുര്യത്തിലൂടെ ഇളംകാറ്റായി ഒഴുകുന്നു നജ്മൽ ബാബു: ‘ശരിയായില്ല രാഗം, ശരിയായില്ല താളം, പാട്ടിൻ വാക്കുകൾ തെറ്റിടുമല്ലോ പരവശമാണെൻ നാദം...’
 ജ്യേഷ്ഠൻ നിർത്തിയേടത്തുനിന്ന് പാട്ട് തുടരുന്നു അനിയൻ. പാടുന്ന സത്യജിത്തിന് ഹാർമോണിയത്തിൽ അകമ്പടി സേവിക്കുന്നു ബാബു. ‘പാടണമെന്നൊരു വെമ്പലിങ്ങനെ വാടുകയാണെൻ ജീവൻ, പാടണമെന്നൊരു മോഹം കരളിൽ കൂടുകയാണതിവേഗം...’

അപൂർവമായ ആ ‘ജുഗൽബന്ദി’ കേട്ടിരിക്കേ, ഓർമ്മയിൽ തെളിഞ്ഞുവന്നത് പഴയൊരു ചിത്രമാണ്. വർഷങ്ങൾ പഴക്കമുള്ള ചിത്രം. വയനാട്ടിലെ ഞങ്ങളുടെ സ്‌കൂൾ വേദിയിൽ വെളുത്ത ടെർളിൻ ഷർട്ടിനു മുകളിൽ കറുത്ത ഓവർക്കോട്ടണിഞ്ഞ് ചമ്രം പടിഞ്ഞിരിക്കുന്നു മലയാളികളുടെ പ്രിയ വിഷാദഗായകൻ കോഴിക്കോട് അബ്ദുൾഖാദർ നജ്മൽ ബാബുവിന്റെയും സത്യജിത്തിന്റെയും പിതാവ്. അന്നദ്ദേഹം ക്ഷീണിതനാണ്. പ്രായാധിക്യത്തിന്റെ അവശത ശബ്ദത്തെയും ബാധിച്ചു തുടങ്ങിയിരുന്നു. ഗാനമേളയ്‌ക്ക് മുൻപ് സദസ്സിനെ താണുവണങ്ങി അദ്ദേഹം പതുക്കെ പറഞ്ഞു: ‘പഴയ പോലെ പാടാൻ വയ്യ. പാട്ടിനിടയ്‌ക്കു ചുമച്ചു പോയാൽ ക്ഷമിക്കണം.' പിന്നെ നേരെ ഗാനത്തിന്റെ സഞ്ചാരപഥത്തിലേക്ക്.

ജീവിതത്തിലാദ്യമായി നേരിൽ കാണുകയായിരുന്നു ഒരു പിന്നണിഗായകനെ; കേൾക്കുകയും. പി ഭാസ്‌കരൻ എഴുതി രാഘവൻ മാഷ് ചിട്ടപ്പെടുത്തിയ ‘പാടാനോർത്തൊരു മധുരിതഗാനം’ എന്ന ലളിതഗാനത്തിന്റെ ആകർഷണവലയത്തിൽ ആദ്യം ചെന്നുവീണതും  അന്നുതന്നെ. വർഷങ്ങൾക്കിപ്പുറം അതേ ഗാനം ഖാദർക്കയുടെ മക്കൾ എനിക്ക് വേണ്ടി പാടുമെന്ന് സങ്കൽപിച്ചിട്ടുപോലുമില്ലല്ലോ അന്നത്തെ ഏഴാം ക്ലാസുകാരൻ.

ബാബുവും സത്യനും. രണ്ടുപേരും ഒരച്ഛന്റെ മക്കൾ. പ്രതിഭാശാലികൾ. പക്ഷേ രണ്ടു ലോകങ്ങളിലാണ് ഇരുവരുടേയും ജീവിതം. ബാബു ഒരു സ്വപ്നജീവി. പാട്ടിൽ മുഴുകിക്കഴിഞ്ഞാൽ മറ്റെല്ലാം മറക്കുന്നയാൾ. നല്ല വായനക്കാരൻ. വലിയ ആൾക്കൂട്ടങ്ങൾക്കിടയിൽ പോലും വിശുദ്ധമായ ഒരു ഏകാകിത കാത്തുസൂക്ഷിക്കുന്ന വ്യക്തി.

സത്യജിത്തും നജ്‌മൽ ബാബുവും    -   ഫോട്ടോ: പി പീതാംബരൻ

സത്യജിത്തും നജ്‌മൽ ബാബുവും - ഫോട്ടോ: പി പീതാംബരൻ

സത്യനാകട്ടെ എന്നും ആൾക്കൂട്ടങ്ങളുടെ ഭാഗമാകാൻ കൊതിക്കുന്ന, ജീവിതം ആഘോഷമാക്കാൻ ഇഷ്ടപ്പെടുന്നയാൾ. വേദിയിലിരുന്ന് ബാബു തനിക്ക് വേണ്ടിത്തന്നെ പാടുമ്പോൾ, മുന്നിലെ സദസ്സിനു വേണ്ടിയാണ് സത്യൻ പാടുക എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. രണ്ടും രണ്ടു രീതികൾ. പ്രശസ്ത ഗായകൻ കമുകറ പുരുഷോത്തമൻ ഒരിക്കൽ പങ്കുവെച്ച കൗതുകമാർന്ന നിരീക്ഷണമുണ്ട് ഓർമ്മയിൽ:  ‘അബ്ദുൾ ഖാദറിന്റെ മനോധർമ്മം കലർന്ന ആലാപനശൈലി പകർന്നുകിട്ടിയത് ബാബുവിനാണ്; ശബ്ദം സത്യജിത്തിനും..’ ഇരുവരുടെയും ആസ്വാദകവൃന്ദവും  വ്യത്യസ്തം.  ജീവിതശൈലികളാകട്ടെ രണ്ടു ധ്രുവങ്ങളിലും.

എന്നിട്ടും എനിക്കുവേണ്ടി  ഹൃദയപൂർവം ഒന്നിച്ചു അവർ;  ഒരു സന്ധ്യക്ക്. വലിയൊരു ഇടവേളയ്‌ക്ക്‌ ശേഷമുള്ള ആ ‘സംയുക്ത’ മെഹ്ഫിലിൽ പെയ്തത് പഴയ പാട്ടുകളുടെ ഒടുങ്ങാത്ത നിലാമഴ. ബാബു മിന്നാമിനുങ്ങിലെ ‘നീയെന്തറിയുന്നൂ നീലത്താരമേ'യിൽ അലിഞ്ഞപ്പോൾ സത്യൻ നവലോകത്തിലെ ‘തങ്കക്കിനാക്കൾ ഹൃദയേ വീശും’ പാടി. എന്തിനു കവിളിൽ ബാഷ്‌പധാര ചിന്തി നീ നീലരാവേ എന്ന് ബാബു കേണപ്പോൾ, സത്യൻ ഇരുളിൽ മറയുന്ന താരകത്തെയോർത്ത് നെടുവീർപ്പിട്ടു. പ്രിയഗായകൻ മെഹ്ദി ഹസ്സന്റെ ‘പ്യാർ ഭരേ ദോ ശർമീലി നയൻ' പാടി ബാബു കാമുകനായപ്പോൾ സത്യൻ മുകേഷായി മാറി സംരംഗാ തേരി യാദ് മേ പാടി.

എന്റെ ആഗ്രഹപ്രകാരം ബാബു അന്ന്  പാടിയത് കാട്ടുതുളസിയിലെ ‘ഇണക്കുയിലേ ഇണക്കുയിലേ’ എന്ന പി ബി എസ് ഗാനം. സത്യൻ, സ്വന്തം പിതാവ് അനശ്വരമാക്കിയ ‘മായരുതേ വനരാധേ' എന്ന ഗസലും. മൂന്ന് ദശകങ്ങളിലേറെ പിന്നിട്ടിട്ടും ആ അനവദ്യസുന്ദര നിമിഷങ്ങൾ ഇന്നുമുണ്ട് ഓർമ്മയിൽ. പകരം വെക്കാനില്ലാത്ത, വിരഹവിധുരമായ ആ ശബ്ദങ്ങളും.

രണ്ടാഴ്ച കഴിഞ്ഞ്  ‘കേരളകൗമുദി’യുടെ വീക്കെൻഡ് മാഗസിനിൽ അടിച്ചുവന്ന  ലേഖനത്തിന് എഡിറ്റർ ഭാസുരചന്ദ്രൻ നൽകിയ തലക്കെട്ട് ഹൃദ്യമായിരുന്നു: ‘എങ്ങനെ നാം മറക്കും'. എന്റെ രണ്ടാമത്തെ സംഗീത പുസ്തകത്തിന് ഞാൻ കടം കൊണ്ടതും ആ ശീർഷകം തന്നെ.

ബാബുവും സത്യനും ഇന്ന് ഓർമ്മ. സത്യനാണ് ആദ്യം പോയത്. പിന്നാലെ ബാബുവും. രണ്ടും വേദനാജനകമായ വേർപാടുകൾ.  സംഗീതപ്രേമികളായ മക്കളിലൂടെ ഇരുവരും ഇന്നും ജീവിക്കുന്നു എന്റെ സൗഹൃദവലയത്തിൽ; മനസ്സിലും. നാട്ടിൻപുറത്തു നിന്ന് നിനച്ചിരിക്കാതെ ഒരുനാൾ നഗരത്തിരക്കിലും ബഹളത്തിലും വന്നുപെട്ട കൗമാരക്കാരന്റെ ഏകാന്തതയിലും അന്തർമുഖത്വത്തിലും അവന് കൂട്ടായിരുന്ന ശബ്ദങ്ങൾ, സ്നേഹസ്‌പർശങ്ങൾ എങ്ങനെ മറക്കാൻ?

ഗസലുകളുടെ കെ ആർ വേണു  

ആദ്യമായി കെ ആർ വേണുവിനെ  കണ്ടതെന്നായിരുന്നു? പ്രീഡിഗ്രിക്കാലത്താവണം. കാണുകയല്ല കേൾക്കുകയായിരുന്നു.  ഫസ്റ്റ് ഷോ സിനിമ കണ്ട ശേഷം മെഡിക്കൽ കോളേജിലേക്കുള്ള ബസ് പിടിക്കാൻ സിറ്റി സ്റ്റാൻഡിലേക്ക് തിടുക്കത്തിൽ  നടന്നുപോകവേ, മുതലക്കുളത്തിനടുത്തെത്തിയപ്പോൾ വലിയൊരു ആൾക്കൂട്ടം. ഉത്സവാന്തരീക്ഷമാണ് അവിടെ.  സ്‌പീക്കറുകളിലൂടെ മന്നാഡേയുടെ സൂപ്പർ ഹിറ്റ് ഗാനമൊഴുകുന്നു: ‘മേരെ ഹുസൂർ' എന്ന ചിത്രത്തിലെ ‘ജനക് ജനക് തോരീ ബാജേ പായലിയാ.’

ആൾക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞുകയറി മുന്നിലെത്തിയപ്പോൾ വേദിയിലെ പാൽവെളിച്ചത്തിൽ മെലിഞ്ഞു വെളുത്തൊരു സുമുഖൻ.  കാഴ്ചയിൽ നേപ്പാളിയെപ്പോലെ. നാട്ടിൻപുറത്തെ സാധാരണ സ്റ്റേജ് ഗായകരെ പോലെ മലയാളത്തിന്റെ ചുവയുള്ള ഹിന്ദിയല്ല അയാളുടേത്. ശരിക്കും ഒറിജിനൽ ഹിന്ദി തന്നെ. പിന്നെയും പലതവണ കേട്ടു വേണുവിനെ; ടൗൺഹാളിൽ, ഗുജറാത്തി ഹാളിൽ, മാനാഞ്ചിറയിൽ, ടാഗോർ ഹാളിൽ... മന്നാഡേയുടെ പാട്ടുകൾ ആയിരുന്നു വേണുവിന് അനായാസം വഴങ്ങിയിരുന്നതെന്ന് തോന്നിയിരുന്നു അക്കാലത്ത്‌; യേശുദാസ് ഉൾപ്പെടെ എല്ലാവരുടെയും ഹിറ്റുകൾ പാടിയിരുന്നെങ്കിലും.

കെ ആർ വേണു

കെ ആർ വേണു

നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും ചാലപ്പുറത്തെ ‘ഫോർ എയ്‌സസ്' എന്ന പരസ്യ ഏജൻസിയിൽ വെച്ചാണ്. തുടക്കക്കാരനായ പത്രപ്രവർത്തകന്റെ റോളിലായിരുന്നു ഞാൻ. വേണുവാകട്ടെ പരസ്യ ഏജൻസിയിലെ ഡിസൈൻ ആർട്ടിസ്റ്റിന്റെയും. വെറുതെ പാട്ടുംപാടി നടന്നാൽ ജീവിതം വഴിമുട്ടുമെന്ന് തിരിച്ചറിഞ്ഞിരുന്നു അപ്പോഴേക്കും അദ്ദേഹം. കോപ്പി റൈറ്റിംഗിൽ ഒരു കൈ നോക്കാനായി ഒന്നിടവിട്ട  ദിവസങ്ങളിൽ ഏജൻസിയിൽ ചെന്നിരുന്ന എന്നെ വേണുവുമായി അടുപ്പിച്ചത് ഹിന്ദി സിനിമാഗാനങ്ങളോടുള്ള അദ്ദേഹത്തിന്റെ അളവറ്റ അഭിനിവേശം തന്നെ.

പട്‌നയിലും കൊൽക്കത്തയിലുമായി ചെലവഴിച്ച ബാല്യമാണ് വേണുവിനെ ഹിന്ദി പാട്ടുകളുടെ ആരാധകനാക്കിയത്. ചെറുപ്പം മുതലേ എല്ലാ പാട്ടുകാരുടെയും  പാട്ടുകൾ പാടും. ഓരോ ഗായകരുടെയും ആലാപന ശൈലി മനസ്സിലാക്കി, സ്വന്തം ശബ്ദത്തിലേക്ക് സമർത്ഥമായി അത് ആവാഹിക്കാനുള്ള കഴിവ് വികസിപ്പിച്ചെടുത്തതും അക്കാലത്തു തന്നെ. റഫിയുടെ ‘മൻരേ തുകാഹേ നാ ധീർ ഡരേ' പാടുമ്പോൾ റഫിയായി മാറും വേണു. മന്നാഡേയുടെ ‘കോൻ ആയാ മേരെ മൻ കേ ദ്വാരേ' പാടുമ്പോൾ മന്നാഡെ ആകും;   കിഷോറിന്റെ ‘ജീവൻ സേ ഭരീ തേരി ആംഖേം' പാടുമ്പോൾ കിഷോറും. ‘ശരിക്കും  ഓൾറൗണ്ട് പാട്ടുകാരനായിരുന്നു വേണുവേട്ടൻ.  അതുപോലൊരു ഗായകനെ വേറെ കണ്ടിട്ടില്ല’. അവസാന നാളുകളിൽ വേണുവിന്റെ സന്തത സഹചാരിയായിരുന്ന ഗായകൻ  ജോഷിയുടെ വാക്കുകൾ.

ആദ്യം കാണുമ്പോൾ അത്ര ‘ശ്രുതിശുദ്ധ’മല്ല വേണുവിന്റെ ഹൃദയം. പേസ്‌മേക്കറിന്റെ സഹായത്തോടെ ഹൃദ്‌സ്‌പന്ദനത്തിന്റെ താളം ക്രമീകരിച്ചുകൊണ്ടാണ് ജീവിതം. എങ്കിലും പാട്ടിന്റെ ലോകത്തെത്തിയാൽ എല്ലാം മറക്കും. ഗാനമേളകളിൽ നിന്ന് മിക്കവാറും വിടവാങ്ങി മെഹ്ഫിലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും അദ്ദേഹം; ഹോട്ടലുകളിൽ പാടാനും. പങ്കജ് ഉധാസിന്റെയും ജഗ്ജിത് സിംഗിന്റെയും ഹരിഹരന്റെയും ഒക്കെ ഗസലുകളാണ് അവതരിപ്പിക്കുക. വരികളുടെ അർത്ഥം അറിഞ്ഞു പാടുന്നു എന്നതാണ് അന്നത്തെ ‘നാടൻ’ ഗസൽ ഗായകരിൽ നിന്ന് വേണുവിനെയും നജ്മൽ ബാബുവിനെയുമൊക്കെ വേറിട്ട് നിർത്തിയ ഘടകം. പാട്ടുകൾ മാത്രമല്ല പാട്ടുകാരുടെ ചരിത്രവുമറിയാം വേണുവിന്. അതുകൊണ്ടുതന്നെ അദ്ദേഹവുമായുള്ള  ഓരോ സംഭാഷണവും ആസ്വാദ്യകരം. പരസ്യ ഏജൻസിക്കാലത്താണ് തന്റെ പൂർവകാലം വേണു എനിക്ക് മുന്നിൽ തുറന്നുവെച്ചത്. സിനിമയിൽ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിത്തിരിച്ച് ഒടുവിൽ ഒന്നുമാകാതെ പോയ ഒരു പാവം പാട്ടുകാരനെ  കണ്ടുമുട്ടി ഞാൻ ആ  കഥകളിൽ.

ബാബുരാജ് വഴിയായിരുന്നു സിനിമയിലേക്കുള്ള കുടിയേറ്റം. 1960 കളുടെ അവസാനം മുതലേ ബാബുക്കയെ അറിയാം. ബാബുരാജിന്റെ ഗാനമേളകളിൽ മുഖ്യ പുരുഷ ശബ്ദമായിരുന്നു വർഷങ്ങളോളം വേണു. ‘നിന്നെക്കൊണ്ട് ഞാൻ സിനിമയിൽ പാടിക്കും. അവസരം വരട്ടെ’ ബാബുരാജ് എപ്പോഴും പറയും. അവസരം ഒത്തുവന്നത് 1973 ലാണ്. ഹരിഹരൻ സംവിധാനം ചെയ്ത ‘ലേഡീസ് ഹോസ്റ്റലി'ൽ ഒരു ഹാസ്യഗാനം വേണുവിന് സമ്മാനിക്കുന്നു ബാബുരാജ്  ‘പ്രിയതമേ നിൻ പ്രേമാമൃതം'. (രചന: ശ്രീകുമാരൻ തമ്പി) യുഗ്മഗാനമാണ്. ഒപ്പം പാടുന്നത് മറ്റൊരു യുവ ഗാനാർത്ഥി കുളത്തൂപ്പുഴക്കാരൻ  രവി.

സിനിമയിൽ കെ പി ഉമ്മറും അടൂർ ഭാസിയും അഭിനയിക്കുന്ന ഗാനരംഗം. അതേ ചിത്രത്തിൽ ‘മാനസവീണയിൽ മദനൻ ചിന്തിയ' എന്നൊരു സോളോ പാട്ട് വേണുവിനെ കൊണ്ട് പാടിക്കാൻ  ബാബുരാജിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒടുവിൽ അത് പാടിയത് യേശുദാസ്. ‘സാരമില്ലെടോ, നിനക്ക് വേറൊരു മെലഡി ഉടൻ തരാം.’  ബാബുക്ക വേണുവിനെ ആശ്വസിപ്പിച്ചു.

ബാബുരാജ്‌

ബാബുരാജ്‌

പക്ഷേ സിനിമയിൽ തിരക്ക് കുറഞ്ഞുവരികയായിരുന്ന ബാബുരാജിന് സ്വാഭാവികമായും തന്റെ ആഗ്രഹങ്ങൾ നടപ്പാക്കുന്നതിൽ പരിമിതിയുണ്ടായിരുന്നു. എന്നിട്ടും അടുത്ത പടമായ ‘മനസ്സി’ൽ വേണുവിന് പാടാൻ അവസരം നൽകി അദ്ദേഹം. അതും  ഹാസ്യഗാനം തന്നെ: ‘അടുത്ത ലോട്ടറി നറുക്ക് വല്ലതും നമുക്ക് വീണെങ്കിൽ...’ഇത്തവണയും  കൂടെ പാടിയത് കുളത്തൂപ്പുഴ രവി. അവിടെ അവസാനിച്ചു വേണുവിന്റെ  സിനിമാജീവിതം.

പക്ഷേ കൂടെ പാടിയ  രവിയുടെ ജീവിതം തുടങ്ങിയിരുന്നതേയുള്ളൂ. പാട്ടുകാരനെന്ന നിലയിൽ തിളങ്ങിയില്ലെങ്കിലും സംഗീത സംവിധായകനെന്ന നിലയിൽ രവി പ്രശസ്തിയുടെ പടവുകൾ കയറിപ്പോകുന്നതും മലയാളികളുടെ പ്രിയപ്പെട്ട രവീന്ദ്രനായി വളരുന്നതും വിസ്മയത്തോടെ നോക്കിനിന്നു വേണു. അപ്പോഴേക്കും സിനിമാ സ്വപ്‌നങ്ങൾ ഉപേക്ഷിച്ച് കോഴിക്കോട്ട് തിരിച്ചെത്തിയിരുന്നു അദ്ദേഹം.  ബാബുരാജിന്റെ ഗാനമേളകളിൽ പാടിക്കൊണ്ടായിരുന്നു വേണുവിന്റെ ശിഷ്ടജീവിതം. 1978 ൽ ബാബുരാജ് മരണത്തിന് കീഴടങ്ങുംവരെ നീണ്ടു ആ  സൗഹൃദം.‘ ബാബുക്കയുടെ മരണമാണ്  എന്നെ ആകെ തളർത്തിക്കളഞ്ഞത്’. വേണു  പറഞ്ഞു.

‘എനിക്കും എ കെ സുകുമാരനും നജ്മൽ ബാബുവിനുമൊന്നും സിനിമയിൽ കാര്യമായ അവസരങ്ങൾ നൽകാൻ കഴിയാത്തതിലുള്ള ദുഃഖം ബാബുക്കക്ക് ഉണ്ടായിരുന്നു. അതദ്ദേഹം പങ്കുവെച്ചിട്ടുമുണ്ട്.  മരിക്കുന്നതിന് ദിവസങ്ങൾ മുമ്പ്‌ വരെ മദ്രാസിലെ ഹോട്ടൽ മുറിയിൽ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. അക്കാലത്ത് ഇടയ്‌ക്കിടെ വികാരാധീനനായിക്കണ്ടിട്ടുണ്ട്  ബാബുക്കയെ. സിനിമ തന്നെ ക്രൂരമായി അവഗണിച്ച കഥയൊക്കെ പറഞ്ഞു പൊട്ടിത്തെറിക്കും. പിന്നെ കരയും. മദ്യപിച്ചിട്ടാണെങ്കിലും ആ കരച്ചിൽ ബാബുക്കയുടെ ഉള്ളിൽ നിന്ന് വന്നതായിരുന്നു’.

ഒരാഗ്രഹം ബാക്കിവെച്ചാണ് വേണു യാത്രയായത്. ഇഷ്ടഗായകനായ മന്നാഡേക്ക് മുന്നിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കി ഒരു ഗാനാഞ്ജലി അർപ്പിക്കണം. മന്നാഡേയുമായി ഫോണിൽ സംസാരിച്ച് അദ്ദേഹത്തിന്റെ അനുമതി നേടുകയും ചെയ്തതാണ്.  ആരാധകനും ആരാധനാപുരുഷനും ഒന്നിക്കുന്ന അപൂർവ സുന്ദരമായ ആ മെഹ്ഫിലോടെ ഗാനമേളാ വേദിയോട്  വിടവാങ്ങണമെന്ന് ആഗ്രഹിച്ചു വേണു. പക്ഷേ വിധി അതനുവദിച്ചില്ല. 2011 ജൂൺ 11 ന് വേണു യാത്രയായി; സഫലമാകാത്ത ഒരുപാട്  സ്വപ്നങ്ങൾ  ഭൂമിയിൽ അവശേഷിപ്പിച്ചുകൊണ്ട്.  

 മണിമുകിലിന്റെ പാട്ടുകാരൻ

 ജന്മം കൊണ്ട് കണ്ണൂർക്കാരനെങ്കിലും എ കെ സുകുമാരൻ എന്ന സുകുവേട്ടന്റെ സംഗീത ജീവിതം തളിരിട്ടതും പുഷ്‌പിച്ചതും കോഴിക്കോടിന്റെ മണ്ണിലാണ്. ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടതും ഇവിടെ വെച്ചുതന്നെ. മുല്ലശ്ശേരിയിൽ രാജുവേട്ടന്റെ സദസ്സിൽ ഇരുന്ന് തന്റെ എക്കാലത്തെയും വലിയ ഹിറ്റായ ‘മണിമുകിലേ' പാടുന്ന സുകുമാരന്റെ ചിത്രം മറക്കാനാവില്ല. സുകുവേട്ടനും ഇന്ന് ചരിത്രത്തിന്റെ ഭാഗം.  

എ കെ സുകുമാരൻ

എ കെ സുകുമാരൻ


പാട്ടും തുന്നലും ഇടകലർന്ന കൗമാരയൗവനങ്ങളാണ് തളാപ്പിൽ ജനിച്ച സുകുമാരന്റേത്.  കോഴിക്കോട് മിഠായിത്തെരുവിലൊരു തുന്നൽക്കടയും അല്ലറ ചില്ലറ സ്റ്റേജ് പരിപാടികളുമായി ഒതുങ്ങിക്കൂടിയിരുന്ന സുകുമാരനെ  ‘കടത്തുകാരനി'ലൂടെ പിന്നണിഗായകനാക്കിയത് സുഹൃത്തായ  ബാബുരാജ്.

പക്ഷേ, ആദ്യം പാടാൻ വെച്ചിരുന്നത് ‘മണിമുകിലേ’ അല്ല; ഒരു തമാശപ്പാട്ടാണ്  . ‘കൊക്കരക്കോ കൊക്കരക്കോ’.  മെഹബൂബിന് വേണ്ടി ചിട്ടപ്പെടുത്തിയ പാട്ട്. സമയമായിട്ടും മെഹബൂബിന്റെ പൊടിപോലുമില്ല. ഒടുവിൽ ബാബുരാജ് തന്നെ പാടേണ്ടിവരും എന്നായി. പക്ഷേ, എത്ര പാടിയിട്ടും പാട്ട് ശരിയാകുന്നില്ല. ജലദോഷമാണ് പ്രശ്നം. എങ്കിൽ ഈ പാട്ട് സുകുമാരൻ പാടട്ടേ എന്നായി ബാബുരാജ്. പാട്ടു പഠിക്കുമ്പോഴും തന്റെ ഉള്ള് നീറുകയായിരുന്നുവെന്ന് സുകുമാരൻ. ‘നല്ലൊരു മെലഡി, അല്ലെങ്കിൽ യുഗ്മഗാനമെങ്കിലുമാവണം ആദ്യമായി സിനിമയ്‌ക്ക്‌ പാടുന്ന പാട്ട് എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒടുവിലിതാ ഒരു സാധാരണ കോമാളിപ്പാട്ടിലൂടെ ഞാൻ അരങ്ങേറ്റം കുറിക്കാൻ പോകുന്നു. എന്നേക്കുമായി തമാശപ്പാട്ടുകാരനായി മുദ്രകുത്തപ്പെടുമോ എന്നായിരുന്നു എന്റെ പേടി’.  സുകുമാരന്റെ വിഷമം ആ മുഖത്തുനിന്നു വായിച്ചെടുത്ത ബാബുരാജ് പിന്നെ നിർബന്ധിച്ചില്ല. ജാനകിയോടൊപ്പമുള്ള യുഗ്മഗാനം സുകുമാരനു നൽകി. ‘കൊക്കരക്കോ' പിന്നീട് യേശുദാസാണ് പാടിയത്.

 മൂന്ന് സിനിമകളിൽ കൂടിയേ സുകുമാരന്റെ ശബ്ദം മലയാളികൾ കേട്ടുള്ളൂ. കുഞ്ഞാലി മരയ്‌ക്കാർ, ജന്മഭൂമി, തളിരുകൾ. എന്നാൽ സിനിമാഗാനങ്ങളെക്കാൾ തനിക്ക് ആത്മസംതൃപ്തി പകർന്നത് ലളിതഗാനങ്ങളായിരുന്നുവെന്ന് സുകുമാരൻ പറയും. 1956ലാണ് എച്ച്എംവിക്കുവേണ്ടി ആദ്യമായി പാടുന്നത്.   ‘കാനനമോഹനകന്യകളേ', ‘പുതുമുല്ല വിരിഞ്ഞല്ലോ', ‘അന്ധകാരം നീങ്ങിടുമോ', ‘അറിയാതെ ഞാനൊരു പാട്ടുപാടി', ‘കാണാൻ നല്ലൊരു മൊഞ്ചത്തി' തുടങ്ങി സുകുമാരന്റെ ലളിതഗാനങ്ങൾ ജനപ്രീതിയിൽ ചലച്ചിത്രഗാനങ്ങളോട് തോളുരുമ്മി നിന്ന കാലമുണ്ടായിരുന്നു.

പ്രതിഭാ തിയേറ്റേഴ്സ് തോപ്പിൽ ഭാസിയുടെ മൂലധനം ആദ്യമായി രംഗത്തവതരിപ്പിച്ചപ്പോൾ, ഒഎൻവിയുടെ ഗാനങ്ങൾക്കു ശബ്ദംപകരാൻ സംഗീതസംവിധായകൻ ദേവരാജൻ കണ്ടെത്തിയതും സുകുമാരനെത്തന്നെ. ‘അന്നു മദിരാശിയിലാണ് എച്ച്എംവി റെക്കോഡിങ്. ഗാനം സ്‌പൂളിലാക്കി, കൊൽക്കത്തയിലെ ഗ്രാമഫോൺ കമ്പനിയിലൂടെ ഹെഡ് ഓഫീസിലേക്ക് അയച്ചുകൊടുക്കണം. അവിടെവെച്ച് അത് അരക്കിന്റെ 78 ആർപിഎം  റെക്കോഡിലേക്ക് മാറ്റും. രണ്ടു ചാനലേയുള്ളൂ റെക്കോഡിങ്ങിന്. പാടുന്നവർക്ക് ഒരു മൈക്ക്. റിഥം വിഭാഗക്കാർക്ക് മറ്റൊന്ന്. ഇന്നത്തെപ്പോലെ എക്കോ സിസ്റ്റമോ സ്റ്റീരിയോയോ ഒന്നുമില്ല. വലിയൊരു യജ്ഞമായിരുന്നു അന്ന് റെക്കോഡിങ്. റേഡിയോപോലും വലിയ പ്രചാരം തുടങ്ങിയിട്ടില്ലാത്ത കാലമായിരുന്നു അതെന്നോർക്കണം.

പാട്ടുകളൊക്കെ അന്ന് ജനം കേട്ടതും ആസ്വദിച്ചതും കല്യാണവീടുകളിലെയും സമ്മേളനപ്പന്തലുകളിലെയും സിനിമാകൊട്ടകകളിലെയും പാട്ടുകോളാമ്പികളിലൂടെയാണ്.

ഈ പാട്ടുകളൊക്കെ അന്ന് ജനം കേട്ടതും ആസ്വദിച്ചതും കല്യാണവീടുകളിലെയും സമ്മേളനപ്പന്തലുകളിലെയും സിനിമാകൊട്ടകകളിലെയും പാട്ടുകോളാമ്പികളിലൂടെയാണ്. മൈക്ക് സെറ്റുകാരോട് ഈ പാട്ടുകൾ നിർബന്ധമായും വെക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു'.

 സുകുവേട്ടനും ഓർമ്മയായി. ഇന്നും കോഴിക്കോട്ട് വന്നിറങ്ങുമ്പോൾ അറിയാതെ മനസ്സ് കാതോർക്കുക അവരുടെയൊക്കെ പാട്ടുകൾക്കാണ്. നജ്‌മലിന്റെ, കെ ആർ വേണുവിന്റെ, രഘുവേട്ടന്റെ, സി എയുടെ, എ കെയുടെ...ഏത് ആൾക്കൂട്ടങ്ങളിലും ഏകാകിയുടെ മനസ്സ് കാത്തുസൂക്ഷിച്ചവർ. ഈ നഗരത്തിന്റെ അന്തരീക്ഷത്തിൽ ഇന്നും അവരുണ്ട്; അവരുടെ ഈണങ്ങളും ശബ്ദങ്ങളുമുണ്ട്. വലിയങ്ങാടിയിലെ പാണ്ടികശാലകളിൽ, കുറ്റിച്ചിറയിലെ പഴയ തറവാടുകളുടെ മട്ടുപ്പാവുകളിൽ, മിഠായിത്തെരുവിലെ ഒഴിഞ്ഞ കടമുറികളിൽ അവർ പെട്ടിവായിച്ചു പാടിക്കൊണ്ടേയിരിക്കുന്നു; എനിക്കുവേണ്ടി.  വിടവാങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഈ നഗരത്തിലേക്ക്  ഞാൻ വീണ്ടും വീണ്ടും തിരിച്ചുവന്നുകൊണ്ടിരിക്കുന്നത് ആ പാട്ടുകൾ കേൾക്കാൻ കൂടി  വേണ്ടിയാണ്. കാലത്തിനപ്പുറത്തുനിന്ന്, എനിക്കുവേണ്ടി മാത്രം കാറ്റിൽ ഒഴുകിയെത്തുന്ന പാട്ടുകൾ.

(ദേശാഭിമാനി വാരികയിൽ നിന്ന്)  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top