07 December Wednesday

പടച്ചോന്റെ പേരക്കുട്ടി പാടുന്നു

ആര്‍ സ്വാതിUpdated: Monday Oct 24, 2016

കൊണ്ടോട്ടിക്കാരിയായ ഒരു പാട്ടുകാരിയുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന ഒരു ഒന്നാം ക്ളാസ്മുറിയാണ് രംഗം. പാഠഭാഗത്തിലെ കുട്ടികള്‍ക്കുള്ള പാട്ട് ഈണം തെറ്റാതെ സ്വരഭംഗിയോടെ പാടുന്ന കുട്ടി. പാട്ടു കഴിഞ്ഞപ്പോള്‍ ഉയര്‍ന്ന കരഘോഷത്തിനിടയില്‍ ഒന്നുമറിയാതെ ബെഞ്ചിലിരുന്ന ആ കുട്ടിയുടെ താടി പിടിച്ചുകുലുക്കി ടീച്ചര്‍ പറഞ്ഞു. "നിമിഷക്കുട്ടി പാട്ട് പാടാതിരിക്കുന്നതെങ്ങനെയാ... പടച്ചോന്റെ പേരക്കുട്ടിയല്ലേ...''

അമ്പരപ്പോടെ ടീച്ചറെ നോക്കിയ നിമിഷ സ്കൂള്‍ വിട്ട് വീട്ടിലെത്തുന്നതുവരെയും ആലോചിച്ചോണ്ടിരുന്നത് അതുതന്നെയായിരുന്നു. ആരാണീ പടച്ചോന്‍. ഉമ്മറത്ത് ചുണ്ടിലൊരു മൂളിപ്പാട്ടുമായി കിത്താബ് വായിച്ചോണ്ടിരുന്ന ഉമ്മൂമ്മ സാബിറയുടെ അടുത്തേക്ക് ഓടിയെത്തി നിമിഷ ചോദിച്ചു. "ഞാന്‍ പടച്ചോന്റെ പേരക്കുട്ടിയാണോ ഉമ്മൂമ്മ...?''
നിമിഷക്കുട്ടിയെ കെട്ടിപ്പിടിച്ച് സാബിറ അകത്തെ മുറിയിലെ വലിയ ഛായാചിത്രം കാണിച്ചുകൊടുത്തു. ആഴമേറിയ കണ്ണുകളുള്ള, നേര്‍ത്ത മീശയുള്ള ഒരാള്‍ ഹാര്‍മോണിയത്തില്‍ മൃദുലമായ വിരലുകള്‍ കൊണ്ട് സ്പര്‍ശിച്ച് മധുരസംഗീതം പൊഴിക്കുന്ന ചിത്രം.

"ഇതാണ് ടീച്ചര്‍ പറഞ്ഞ പാട്ടിന്റെ പടച്ചോന്‍...''– സാബിറ നിമിഷക്കുട്ടിയുടെ ചെവിയില്‍ പറഞ്ഞു.
ഹാര്‍മോണിയത്തില്‍ ഈണമിട്ട് പാടുമ്പോള്‍ പ്രണയത്തിന്റെ പ്രവാചകനായും അവധൂതനായ വിഷാദഗായകനായും ഒരേസമയം സംഗീതാസ്വാദകര്‍ അനുഭവിച്ച എം എസ് ബാബുരാജ് എന്ന ബാബുക്കയുടെ കുടുംബത്തിലെ നാലാംതലമുറക്കാരിക്ക് ഇതില്‍കുറഞ്ഞ എന്ത് വിശേഷണം ചേരാനാണ്. സുറുമയെഴുതിയ ഇവളുടെ നീലമിഴികളില്‍ നമുക്കിപ്പോഴെ  കാണാം  പാട്ടിന്റെ അടങ്ങാത്ത രാഗലഹരി.

പാട്ടുപെട്ടിയുടെ നേരവകാശി


ഓര്‍മകളുടെ ജാലകത്തിരശീല നീക്കുമ്പോള്‍ നിമിഷയുടെ മനസ്സില്‍ തെളിയുന്നത് പാട്ടിന്റെ സൂര്യകാന്തിയായി തിളങ്ങിയ ബാബുക്കതന്നെയാണ്. നേരില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ബാബുക്കയെന്ന ഉപ്പൂപ്പയുടെ വിശേഷങ്ങള്‍ക്കൊപ്പമാണ് നിമിഷ സലീം വളര്‍ന്നത്. ബാബുരാജിന്റെ മൂത്ത മകള്‍ സാബിറ ഇബ്രാഹിമിന്റെ മകള്‍ ഫെമിനയുടെ മകളാണ് നിമിഷ. സ്വര്‍ണവളകളിട്ട കൈകളും പ്രാണസഖിക്കായൊരുക്കിയ താജ്മഹലും ചന്ദ്രബിംബം നെഞ്ചിലേറ്റുന്ന പുള്ളിമാനുമെല്ലാം വലംവച്ചുകൊണ്ടിരുന്ന വീട്ടില്‍ പിറന്ന നിമിഷ പാട്ടിന്റെ ലോകത്ത് എത്തപ്പെട്ടത് യാദൃച്ഛികമായിരുന്നില്ല. ഒരുപിടി പാട്ടുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് ബാബുക്ക മറഞ്ഞിട്ട് 38 വര്‍ഷം പൂര്‍ത്തിയാവുന്ന വേളയില്‍ ഉപ്പൂപ്പക്കായി മെഹഫിലൊരുക്കി ഗാനലോകത്തേക്കുള്ള വരവറിയിച്ചിരിക്കുകയാണ് ഈ പാട്ടുകാരി.

കലിക്കറ്റ് എയര്‍പോര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഏഴു വയസ്സുള്ളപ്പോള്‍ മുതല്‍ നിമിഷ പാടിത്തുടങ്ങിയിരുന്നു. ഉമ്മൂമ്മക്കൊപ്പം ഉമ്മ ഫെമിനയും ഇവന്റ് മാനേജറായ ഉപ്പ സലീം കൊക്കഞ്ചേരിയും ആ പാട്ടിന് താളമടിച്ചുകൊടുത്തു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ബാബുരാജ് അനുസ്മരണവേദികളില്‍ ആ പാരമ്പര്യത്തിന്റെ നേരവകാശിയായ നിമിഷയുടെ പാട്ടും സ്ഥിരമായി. അന്നന്നത്തെ അന്നത്തിനുവേണ്ടി തെരുവുകളിലും ട്രെയിനിലും പാടിനടന്ന മുഹമ്മദ് സാബിറിനെ ബാബുരാജ് ആക്കി മാറ്റിയ കോഴിക്കോട്ടുകാര്‍ കൊച്ചുമകളെയും അതേ പ്രോത്സാഹനം നല്‍കി ആശീര്‍വദിച്ചു.

ഉപ്പൂപ്പയുടെ പാട്ടുകളില്‍ കൊച്ചുമകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന് ചോദിച്ചപ്പോള്‍ നിമിഷയുടെ മറുപടി ഇങ്ങനെ: "ഉപ്പൂപ്പയുടെ പാട്ടുകള്‍ വീണ്ടുംവീണ്ടും കേള്‍ക്കുമ്പോള്‍ അദ്ദേഹത്തോടുള്ള ആരാധന കൂടിവരികയാണെനിക്ക്. ഇന്നേവരെ കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആ പാട്ടുകള്‍ കൂടെയില്ലാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല. ആ വരികളിലാണ് ഞാന്‍ പിച്ചവച്ചത്. അനുരാഗ ഗാനം പോലെ..., സുറുമയെഴുതിയ മിഴികളേ.., സൂര്യകാന്തീ... അങ്ങനെ എന്റെ ഇഷ്ടങ്ങളൊക്കെ കടലുപോലെ പരന്നുകിടക്കുകയാണ്.''

മെഹഫില്‍ സന്ധ്യകളുടെ ലോകത്തേക്ക്


കൂട്ടായ സംഗീതപരിപാടികള്‍ക്കൊപ്പം മൂന്നുവര്‍ഷം മുമ്പാണ് നിമിഷ മെഹഫിലുകള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത്. ചാവക്കാടായിരുന്നു ആദ്യ മെഹഫില്‍. അതില്‍ ശ്രോതാക്കളുടെ മികച്ച പ്രതികരണം ലഭിച്ചതോടെ ആത്മവിശ്വാസമായി. തുടര്‍ന്ന് ഗുരുവായൂരിലും ബഹറൈനിലുമെല്ലാം മെഹഫിലുമായി നിമിഷയെത്തി. അപ്പോഴും ഉപ്പൂപ്പയുടെ തട്ടകമായ കോഴിക്കോട്ടൊരു കച്ചേരി എന്ന ആഗ്രഹം ബാക്കിയായി നിന്നു. ഒടുവില്‍ നിറഞ്ഞ സദസ്സിനു മുന്നില്‍ ഉപ്പൂപ്പക്ക് സമര്‍പ്പണമായി കോഴിക്കോടും മെഹഫില്‍ അവതരിപ്പിക്കാനായി. കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുതല്‍ ഗോപിസുന്ദര്‍ വരെയുള്ള പ്രതിഭകള്‍ പാട്ടു കേള്‍ക്കാനെത്തിയത് സ്വപ്നം പോലെയാണ് നിമിഷ ഓര്‍ക്കുന്നത്. ബാബുരാജ് ഹിറ്റുകള്‍ക്കൊപ്പം പഴയ ഹിന്ദിഗാനങ്ങളും നിമിഷയുടെ മെഹഫിലിലുണ്ടാവും. മുഹമ്മദ് റഫിയും ലത മങ്കേഷ്കറും മദന്‍മോഹനും ഒ പി നയ്യാരുമെല്ലാം കേള്‍വിക്കാരുടെ ഇഷ്ടത്തിനനുസരിച്ച് കൂട്ടിച്ചേര്‍ക്കുകയാണ് പതിവ്.  
കെ എം സുധീര്‍ഷായാണ് നിമിഷയുടെ ആദ്യഗുരു. തൃപ്പൂണിത്തുറ ഭാരതീയ സംഗീതവിദ്യാലയത്തിലെ ഉസ്താദ് ഫയാസ് അഹമ്മദ്ഖാന്റെ ശിക്ഷണത്തിലാണ് ഇപ്പോള്‍ സംഗീതപഠനം. ഫാറൂഖ് കോളേജില്‍ ഇംഗ്ളീഷ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്.ഉപ്പൂപ്പക്കായുള്ള പാട്ടുകള്‍


ബാബുരാജ് ഈണം നല്‍കിയ പത്ത് പ്രശസ്തഗാനങ്ങള്‍ ചേര്‍ത്തുകൊണ്ട് 'ട്രിബ്യൂട്ട് ടു ഉപ്പൂപ്പ' എന്ന സിഡി നിമിഷ പുറത്തിറക്കി. ഹിന്ദി സിനിമാപ്പാട്ട് പ്രതിഭകള്‍ക്ക് ശ്രദ്ധാഞ്ജലിയായി 'ട്രിബ്യൂട്ട് ടു ദ ലജന്റ്സ്' എന്നൊരു സിഡിയും നിമിഷയുടെതായിട്ടുണ്ട്. എട്ടാംക്ളാസുകാരനായ അനുജന്‍ ലെസിനും ഡ്രംസ് വാദനവുമായി ചേച്ചിക്ക് പുറകേ സംഗീതലോകത്തുണ്ട്. ബാബുക്കയുടെ പാട്ടുകള്‍ ഖല്‍ബോടുചേര്‍ത്ത് ഇന്നും കഴിയുന്ന പ്രിയപത്നി ബിച്ച ബാബുരാജും കൊച്ചുമകളുടെ പാട്ടുകളുടെ സ്ഥിരം കേള്‍വിക്കാരിയാണ്. തലമുറകളുടെ ആശീര്‍വാദത്തിന്റെ കരുത്തില്‍ സംഗീതലോകത്ത് പുതിയ മേച്ചില്‍പുറം തേടാനുള്ള തയ്യാറെടുപ്പിലാണ് ഈ ഗായിക..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top