Deshabhimani

കുഞ്ഞു സാക്കിറിന്റെ കാതിൽ തബലയുടെ താളമെത്തിച്ച അച്ഛൻ അല്ലാ രഖാ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 04:08 PM | 0 min read

മാന്ത്രിക വിരലുകളിലൂടെ ഇന്ത്യയുടെ സംഗീതം ലോകത്തെ കേൾപ്പിച്ച കലാകാരനാണ് സാക്കിർ ഹുസൈൻ അല്ലാ രഖാ ഖുറേഷി. മൂന്നാം വയസിൽ മൃദംഗം വായിച്ച്‌ തുടങ്ങിയ സാക്കിറിന്റെ സംഗീത യാത്ര ലോകം കീഴടക്കി. സാക്കിറിന്റെ  ഈ യാത്രയ്‌ക്ക്‌ താളം പകർന്ന് നൽകിയത് അദ്ദേഹത്തിന്റെ അച്ഛനും തബല വിദ്വാനുമായിരുന്ന ഉസ്‌താദ്‌ അല്ലാ രഖാ ഖാനാണ്‌.

അച്ഛന്റെ പാത പിന്തുടർന്ന്‌ ഇതിഹാസ തുല്യമായ ഒരു സംഗീത യാത്രയാണ്‌ സാക്കിർ ഹുസൈൻ പൂർത്തിയാക്കിയത്‌. ഏഴാം വയസിൽ സംഗീത യാത്ര തുടങ്ങിയ സക്കീർ 11–-ാം വയസിൽ തന്നെ പരിപാടികൾക്കായി വിവിധ രാജ്യങ്ങളിലേക്ക്‌ എത്തുന്നുണ്ട്‌. പ്രാർത്ഥനകൾക്ക്‌ പകരം സാക്കിറിന്റെ ചെവിയിലേക്ക്‌ തബലയുടെ ശബ്‌ദം എത്തിച്ച അച്ഛൻ അല്ലാ രഖാ തന്നെയായിരുന്നു ഗുരു.

‘ജനനത്തിന്‌ ശേഷം എന്നെ വീട്ടിലെത്തിച്ചപ്പോൾ, അച്ഛൻ ആദ്യം ചെയ്തത്‌ തബല വായിച്ച്‌ കേൾപ്പിക്കുകയായിരുന്നു, പ്രാർത്ഥനകൾക്ക് പകരമായിട്ടായിരുന്നു ഇത്.’ പിടിഐക്ക്‌ നൽകിയ അഭിമുഖത്തിൽ സാക്കിർ ഹുസൈൻ പറഞ്ഞ വാക്കുകളാണിത്‌. മകന്റെ ചെവിയിലേക്ക്‌ തബല കേൾപ്പിച്ച്‌ നൽകിയ അല്ലാ രഖായോട്‌ ഭാര്യ ബവി ബീഗം പ്രാർത്ഥന ചൊല്ലിക്കൊടുക്കാതെ നിങ്ങളെന്താണ്‌ ചെയ്യുന്നത്‌ എന്ന്‌ ചോദിക്കുന്നുണ്ട്‌. അതിനുള്ള മറുപടിയായി അല്ലാ രഖാ പറഞ്ഞത്‌ ഇതാണെന്റെ പ്രാർത്ഥനകൾ എന്നാണ്‌. സംഗീതം എനിക്ക്  ജീവിതമാർഗമാണ്. അതിനാൽ അതാണ് എന്റെ മതം. ഈ മതം ലോകത്തിലെ എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നു എന്ന് പിന്നീട് സാക്കിർ ഹുസൈനും പറയുന്നുണ്ട്.

മകനെ ഒരു കലാകാരനായി വളർത്തണം എന്ന തീരുമാനത്തിൽ അല്ലാ രഖാ ഖാൻ ആദ്യമേ എത്തിയിരുന്നു. അതുകൊണ്ടായിരിക്കാം മൂന്നാം വയസിൽ തന്നെ സാക്കിറിന്റെ കയ്യിലേക്ക്‌ മൃദംഗം വച്ച്‌ കൊടുത്തത്‌. സാക്കിർ ഹുസൈന്റെ ജീവിതം മാറിമറിഞ്ഞതും അല്ലാ രഖായുടെ ഇതുപോലൊരു തീരുമാനത്തിൽ നിന്നാണ്‌. 19-ാം വയസിൽ രവിശങ്കറിനൊപ്പം ന്യൂയോർക്കിൽ പരിപാടി അവതരിപ്പിക്കാൻ പകരക്കാരനായി അല്ലാ രഖാ ഖാൻ മകനെ പറഞ്ഞുവിടുകയായിരുന്നു. ‘യജമാനനാകാൻ ശ്രമിക്കരുത്. നല്ല വിദ്യാർഥിയാകുക’ എന്ന ഉപദേശത്തോടെയായിരുന്നു അത്‌. ജുഗൽബന്ദിയിൽ വ്യത്യസ്ത സംഗീതജ്ഞരോടൊപ്പം തബല വായിക്കുമ്പോഴെല്ലാം ഞാൻ പുതിയ എന്തെങ്കിലും പഠിക്കുകയായിരുന്നു എന്ന്‌ സാക്കിർ ഹുസൈൻ ഇതിനെ കുറിച്ച് ഒരിക്കൽ ഓർത്ത്‌ പറയുന്നുണ്ട്‌.

സാക്കിറിന്റെ ഗുരു അല്ലാ രഖാ തന്നെയായിരുന്നെങ്കിലും രണ്ടു പേരുടേയും താത്‌പര്യങ്ങളിൽ ചെറിയ മാറ്റമൊക്കെയുണ്ട്‌. അല്ലാ രഖാ ശുദ്ധമായ കച്ചേരികളെ കൂടുതലായി പിന്തുടർന്നപ്പോൾ മകൻ പാശ്ചാത്യവും പൗരസ്ത്യവുമായ വാദന സമ്പ്രദായങ്ങൾക്കൊപ്പം ഫ്യൂഷൻ വേദികളിലൂടെയും പുതുതലമുറയിലേക്ക് ഇറങ്ങുകയാണ്‌ ചെയ്തത്‌.



deshabhimani section

Related News

0 comments
Sort by

Home