23 February Saturday

കേരളം കാതോര്‍ക്കുന്നു; വിശ്വഗായകന്റെ സംഗീതത്തിന്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2016

തിരുവനന്തപുരം > വിശ്വവിഖ്യാത സംഗീതജ്ഞന്‍ ഗുലാം അലിക്കുവേണ്ടി കേരളം കാതോര്‍ക്കുന്നു. ആസ്വാദകഹൃദയത്തിലേക്ക് അതിരുകളില്ലാതെ ആ ഗസല്‍മഴ പെയ്തിറങ്ങാന്‍ ഇനി മൂന്നുനാള്‍കൂടി. 15ന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധിയിലും 17ന് കോഴിക്കോട് ടാഗോര്‍ തിയറ്ററിലുമാണ് ഗസല്‍സന്ധ്യ. 14ന് തിരുവനന്തപുരത്ത് ഗുലാം അലിക്ക് പൌരസ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. മുഖ്യമന്ത്രിയും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ചേര്‍ന്ന് വലിയ വരവേല്‍പ്പ് നല്‍കും. ഗുലാം അലിയുടെ ഗസലിനെക്കുറിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ 'ഗസല്‍' എന്ന കവിതയുടെ ഉറുദു ഭാഷാന്തരം ഗുലാം അലിക്ക് സമര്‍പ്പിക്കാനും ശ്രമം തുടങ്ങി.

 'ചാന്ദ്നി കി രാത് ഗുലാം അലി കേ സാഥ്' എന്ന് പേരിട്ട പരിപാടിയില്‍ സംഗീതാസ്വാദകരുടെ വന്‍ നിരതന്നെ പ്രതീക്ഷിക്കുന്നുണ്ട്. പത്തംഗസംഘവും ഗുലാം അലിക്കൊപ്പമുണ്ടാകും. പണ്ഡിറ്റ് വിശ്വനാഥാണ് പ്രധാന സഹഗായകന്‍. നിശാഗന്ധിയില്‍ 3500 പേര്‍ക്കാണ് ഇരിപ്പിടസൌകര്യമൊരുക്കുക. സൌജന്യ പാസ്മൂലം പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. പുറത്തുള്ളവര്‍ക്ക് വലിയ സ്ക്രീനില്‍ പരിപാടി കാണാന്‍ കഴിയും.

കേരളത്തിലെ സംഗീതാസ്വാദകരും മതനിരപേക്ഷവിശ്വാസികളും വലിയ ആവേശത്തോടെയാണ് ഗുലാം അലിയുടെ വരവ് കാത്തിരിക്കുന്നത്. 12ന് കൊല്‍ക്കത്തയിലും ഗുലാം അലി പരിപാടി നടത്തുന്നുണ്ട്.
പതിമൂന്നിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ ഹാര്‍മണി ഹാളില്‍ ഗുലാം അലിയുടെ സംഗീതജീവിതം ആസ്പദമാക്കി ചലച്ചിത്ര സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ ഒരുക്കുന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നിര്‍വഹിക്കും.ഗുലാം അലിയുടെ ഗസല്‍ പരിപാടിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിക്കും. എം എ ബേബി, മേയര്‍ വി കെ പ്രശാന്ത്, ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. അനില്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുക്കും.
പതിനാലിന് വൈകിട്ട് 4.30ന് മാസ്കറ്റ് ഹോട്ടലില്‍ ഗുലാം അലിക്ക് തലസ്ഥാനത്തിന്റെ പൌരസ്വീകരണം നല്‍കും. 15ന് നിശാഗന്ധിയില്‍ ഗുലാം അലിയെ വരവേല്‍ക്കാല്‍ സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ ഒരുക്കിയ 'സലാം ഗുലാം അലി' എന്ന സംഗീത ഫ്യൂഷന്‍ അവതരിപ്പിക്കും.

ഗുലാം അലിയെ സ്വീകരിക്കുന്നത് ഇന്ത്യയുടെ പാരമ്പര്യം: ഒ എന്‍ വി

തിരുവനന്തപുരം > ഗസല്‍ഗായകന്‍ ഗുലാം അലിയെ സ്വീകരിക്കുന്നത് ഇന്ത്യയുടെ പാരമ്പര്യമാണെന്ന് കവി ഒ എന്‍ വി കുറുപ്പ് പറഞ്ഞു.  ഇന്ത്യയുടെ പഴയകാലത്തെ ത്യാഗവും ഇന്നത്തെ യാഥാര്‍ഥ്യവും മനസ്സിലാക്കാന്‍ ഗുലാം അലിയുടെ വരവ് സഹായിക്കുമെന്നും സ്വരലയയുടെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ടാന്‍സനെയും കബീറിനെയുമെല്ലാം ഇന്ത്യയിലെ ഹിന്ദുവും മുസ്ളിമും ഒരുപോലെ സ്നേഹിച്ചിരുന്നു. കബീര്‍ ഹിന്ദുവാണോ മുസ്ളിമാണോ എന്ന് ചോദിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.
പണ്ടുമുതല്‍ ഇന്ത്യയില്‍ സഹിഷ്ണുതയാണുള്ളത്. ആരെങ്കിലും അതിന് മുറിവേല്‍പ്പിച്ചാല്‍ ഇന്ത്യക്കും ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍ക്കും സഹിക്കില്ല. സംഗീതം ലോകത്തെ ഒരുമിപ്പിക്കുന്ന ഭാഷയാണ്. സംഗീതത്തിന്റെ പേരില്‍ വേര്‍തിരിവല്ല, ഐക്യമാണ് ഉണ്ടാക്കേണ്ടത്. ഗുലാം അലി സംഗീതത്തിന്റെ വിശ്വപൌരനാണ്. ചെല്ലുന്നിടത്തെല്ലാം സ്നേഹം വിളമ്പുന്ന, ലോകമെമ്പാടും പാടിയ വിശ്വപൌരന്‍.

നൊബേല്‍ സമ്മാന ജേതാവായ അറബിക് കവി അഡോണിസ് കേരളത്തിലെത്തിയപ്പോള്‍ ഒരു ചായ കൊടുക്കാന്‍പോലും ആരുമുണ്ടായിരുന്നില്ല. അദ്ദേഹം ആരാണെന്ന് പലര്‍ക്കും മനസ്സിലായില്ല. ഗുലാം അലിക്ക് അങ്ങനെ ഒരു അവസ്ഥ വരരുത്. അവശതകള്‍ മറന്ന് വര്‍ധിതവീര്യത്തോടെ താനും ഗുലാം അലിയെ സ്വീകരിക്കാന്‍ എത്താന്‍ കഴിയുന്നിടത്തെല്ലാം എത്തുമെന്നും ഒ എന്‍ വി പറഞ്ഞു.

ഗുലാം അലിക്ക് പ്രഥമ സ്വരലയ ഗ്ളോബല്‍ ലെജന്ററി പുരസ്കാരം

തിരുവനന്തപുരം > വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് സ്വരലയയുടെ പ്രഥമ ലെജന്ററി പുരസ്കാരം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. കവി ഒ എന്‍ വി കുറുപ്പ്, മുന്‍ സാംസ്കാരികമന്ത്രി എം എ ബേബി, സംഗീതജ്ഞരായ ഡോ. കെ ഓമനക്കുട്ടി,  എം ജയചന്ദ്രന്‍, കെ വി മോഹന്‍കുമാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. സംഗീതത്തിലൂടെ വിശ്വമാനവികത ഉയര്‍ത്തുന്ന ഗുലാം അലിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്ന് ഒ എന്‍ വിയും എം എ ബേബിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

14 ന് വൈകിട്ട് 5.30ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിക്കുമെന്ന് സ്വരലയ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ജി രാജ്മോഹന്‍, ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ അനില്‍ മുഹമ്മദ് എന്നിവര്‍ അറിയിച്ചു. നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്‍, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
ഒ എന്‍ വി കുറുപ്പിന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍, ആര്‍ എസ് ബാബു, സുന്ദരേശന്‍ എന്നിവരും പങ്കെടുത്തു.

പ്രധാന വാർത്തകൾ
 Top