29 March Wednesday

റോയല്‍റ്റി ഇങ്ങനെ മതിയോ?

ജി വേണുഗോപാല്‍Updated: Monday Feb 22, 2016

വിഖ്യാത ഗാനരചയിതാവ് ജാവേദ് അക്തര്‍ അവരെ വിശേഷിപ്പിച്ചത് രക്തസാക്ഷികള്‍ എന്നാണ്. ഇന്ത്യന്‍ ചലച്ചിത്രഗാന ശാഖയുടെ വളര്‍ച്ചയ്ക്കിടയില്‍ അവിസ്മരണീയ ഗാനങ്ങള്‍ ബാക്കിയാക്കി മറ്റൊന്നും നേടാതെ വിടചൊല്ലിയവരെപ്പറ്റിയായിരുന്നു അക്തറിന്റെ പരാമര്‍ശം. ഒ പി നയ്യാരും മജ്‌രൂഹ് സുല്‍ത്താന്‍പുരിയും ശൈലേന്ദ്രയും ഖേംചന്ദ് പ്രകാശും ഗുലാം മുഹമ്മദും അടക്കം ഇവരുടെ പട്ടിക നീളുകയാണെന്ന് രാജ്യസഭയില്‍ 2012 മെയ് 17നു ചെയ്ത പ്രസംഗത്തില്‍  അക്തര്‍ അനുസ്മരിച്ചു.

ആ ദിനം രാജ്യസഭയ്ക്കും ഏറെ സവിശേഷതയുള്ളതായിരുന്നു. സഭയിലെ നോമിനേറ്റഡ് അംഗമായ ജാവേദ് അക്തര്‍ ഡെപ്യുട്ടി ചെയര്‍മാന്റെ പ്രത്യേകാനുമതി തേടിയാണ് അന്ന് പ്രസംഗിച്ചത്. ഇന്ത്യന്‍ പകര്‍പ്പവകാശ ഭേദഗതി നിയമത്തിന്റെ ചര്‍ച്ചയിലായിരുന്നു അക്തറുടെ ഇടപെടല്‍. മുന്‍കൂട്ടി അനുമതി തേടാത്തതിനാല്‍ പ്രസംഗം അനുവദിക്കാന്‍ അധ്യക്ഷന്‍ മടിച്ചു. പക്ഷേ എല്ലാ പാര്‍ട്ടികളും അക്തറെ പ്രസംഗിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. വികാരനിര്‍ഭരമായി, കവിതകളും പാട്ടുകളും ഉദ്ധരിച്ച് അക്തര്‍ ചെയ്ത പ്രസംഗത്തില്‍ പാട്ടുകളുടെ റോയല്‍റ്റി സംഗീത കമ്പനികളില്‍ നിന്ന് ഗാന രചയിതാക്കളിലേക്കും സംഗീത സംവിധായകരിലേക്കും ഗായകരിലേക്കും എത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയായിരുന്നു പറഞ്ഞത്. രാജ്യസഭ പാസാക്കിയ ബില്‍ ലോക്സഭയിലും ഐകകണ്ഠേന പാസായി.

അക്തര്‍ പരാമര്‍ശിച്ചവര്‍ കൂടാതെ പിന്നെയും എത്രയോപേര്‍...  ഭിക്ഷക്കാരെപ്പോലെ മരിച്ചുവീണ അവരും ഇന്ത്യന്‍ സിനിമാസംഗീത ചരിത്രത്തിലെ നോവുന്ന സ്മരണകളായി. ഒരാള്‍ ഖാന്‍ മസ്താനയാണ്.

83 സിനിമകളില്‍ പാടുകയും 28 സിനിമകള്‍ക്ക് സംഗീതം നല്‍കുകയും ചെയ്ത അദ്ദേഹം 1972ല്‍ മുംബയില്‍ ഹാജി അലി ദര്‍ഗയിലെ ഭിക്ഷക്കാരനായിട്ടാണ് മരിച്ചത്. മുഹമ്മദ് റഫി ഇദ്ദേഹത്തിനൊപ്പം ഷഹീദ് എന്ന സിനിമയില്‍ പാടിയിട്ടുണ്ട്. ജി എം ദുരാനിയാണ് മറ്റൊരാള്‍. ഇദ്ദേഹത്തെ അനുകരിച്ചാണ് റഫി പാടി തുടങ്ങുന്നത്. റഫിയുടെ റോള്‍ മോഡലായിരുന്നു ഇദ്ദേഹം. വേറെയും എത്രയോ പ്രതിഭകള്‍. പക്കീസ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഗുലാം മുഹമ്മദ് (ചല്‍തേ..ചല്‍തേ) വരെ നീളുന്നു ആ നിര.

1943ല്‍ ഇറങ്ങിയ നയി കഹാനിയില്‍ ജി എം ദുരാനി പാടിയ ഗാനം താഴെ:

ലോകത്തിലങ്ങോളമിങ്ങോളം നിലനില്‍ക്കുന്ന ജനപ്രിയ ലളിത സംഗീതം നോക്കിയാല്‍ ഇന്ത്യയിലെ സിനിമാ സംഗീതം പോലെ പ്രചുര പ്രചാരവും ജനപ്രിയതയും നേടിയ മറ്റൊരു മാധ്യമം മറ്റെങ്ങും കണ്ടെത്താനാകില്ല. ഗാനങ്ങളിലൂടെ കഥ മെനയുന്ന 'മ്യുസിക്കല്‍' എന്ന സിനിമാ വിഭാഗത്തിലെ ചില ചിത്രങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഗാനങ്ങള്‍ സിനിമയുടെ അവിഭാജ്യ ഘടകമാകുന്ന കാഴ്ച മറ്റൊരിടത്തും കാണാനാകില്ല. പോയ അറുപതുവര്‍ഷത്തിലേറെയായി ഈ ഗാനങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ജനതയും വേറെങ്ങും കാണുകയില്ല. ബാല്ല്യം, കൌമാരം, യൌവ്വനം, വാര്‍ധക്യം തുടങ്ങിയ ജീവിതഘട്ടങ്ങളിലെല്ലാം നമ്മള്‍ ഈ ഗാനങ്ങളുടെ പ്രണയികളായിരുന്നു. പ്രണയം, വിരഹം, വിവാഹം, ദേശസ്നേഹം, ലഹരി, വിപ്ളവം തുടങ്ങി പുതിയ കാലത്തിന്റെ അടിപൊളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഴകൊഴമ്പന്‍ വിഭാഗത്തില്‍ പെടുന്ന ഗാനങ്ങള്‍ വരെ അനവധിയാണ്. ഓരോ ജീവിത സന്ദര്‍ഭത്തെയും നമ്മള്‍ ഓരോ സിനിമാഗാനത്തിലൂടെ ഓര്‍ത്തുപോകുന്നു. ആസ്വദിക്കുന്നു. ഒരു തികഞ്ഞ മദ്യപാന സദസ്സില്‍ പോലും പ്രണയഗാനങ്ങള്‍ തുളുമ്പി നിറയുന്നു. അല്‍പം വിരഹം കൂടി ഒരു ടച്ചിങ്ങാകുകയാണെങ്കില്‍ ഏറെ ആസ്വാദ്യകരവും.

ഇന്ത്യന്‍ സിനിമാഗാനങ്ങളുടെ രൂപഘടന ഒരു ട്രയിനിനെ ഓര്‍മ്മിപ്പിക്കുന്നു. സംവിധായകന്‍ എഞ്ചിനാണെങ്കില്‍ രചയിതാവും ഗാനസംവിധായകനും ഗായകരുംപരസ്പര ബന്ധിതമായ കംപാര്‍ട്ട്മെന്റുകള്‍ പോലെയാകുന്നു. പരസ്പര പൂരകങ്ങളായ  ഈ വിഭാഗങ്ങള്‍– രചന, സംഗീതം, ആലാപനം– ഇവ ഒന്നുചേരുമ്പോള്‍ മാത്രമാണ് ഒരു ഗാനത്തിന് ചിറകുമുളയ്ക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഇക്കഴിഞ്ഞ 2012 ജൂണ്‍വരെ ഗാനങ്ങളുടെ സൃഷ്ടിപരമായ പ്രക്രിയയില്‍ ഗായകരെ  ഉള്‍പ്പെടുത്തുകയോ അവര്‍ക്ക് റോയല്‍ട്ടി നല്‍കുകയോ അര്‍ഹത വിധിക്കുകയോ ചെയ്തിരുന്നില്ല.

ഖാന്‍ മസ്താനയും മുഹമ്മദ്‌ റഫിയും ചേര്‍ന്നുപാടിയ ഗാനം ഷഹീദിലെ ഗാനം


ആരൊക്കെയായിരുന്നു ഈ ഗായകര്‍?

കെഎല്‍ സൈഗള്‍, സി എച്ച് ആത്മ തുടങ്ങി മുഹമ്മദ് റഫി, തലത് മഹ്മൂദ്, മന്നാഡെ, കിഷോര്‍ കുമാര്‍, ലത മങ്കേഷ്ക്കര്‍, ആശാ ബോണ്‍സ്ലേ... യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം, പി സുശീല, എസ് ജാനകി, കെ എസ് ചിത്ര...ആ പ്രഗല്‍ഭരുടെ നിര നീളുന്നു: അവസാനിക്കാതെ. ഒരുപക്ഷേ  അവര്‍ക്ക് അവര്‍ പാടിയ പാട്ടുകള്‍ സൃഷ്ടിച്ചുകൊടുത്ത അതിപ്രശസ്തരായ സംവിധായകരും സംഗീത പ്രതിഭകളുമായ സി രാമചന്ദ്ര, മദന്‍ മോഹന്‍, ഒ പി നയ്യാര്‍, ശങ്കര്‍ ജയ് കിഷന്‍,ഹസ്റത്ത് ജയ്പുരി, ഗുല്‍സാര്‍. വദേന്ദര്‍, എസ് ഡി ബര്‍മ്മന്‍, വയലാര്‍, പി ഭാസ്ക്കരന്‍, ദേവരാജന്‍,  എം എസ് വിശ്വനാഥന്‍, ഇളയരാജ, എ ആര്‍ റഹ്മാന്‍ എന്നിവരെക്കാളെല്ലാം ഏറെ ലബ്ധപ്രതിഷ്ഠ നേടിയവര്‍. .......അതുല്ല്യ ഗായകര്‍. സിനിമാ സംഗീതലോകത്തെ മരണമില്ലാത്ത ശബ്ദങ്ങള്‍.– Super Voice Stars.

ഗായകര്‍ക്ക് കിട്ടിയ ഈ പ്രശസ്തി പലപ്പോഴും സംഗീത സംവിധായകരെ അസ്വസ്ഥരാക്കി. കാലാകാലങ്ങളായി സംഗീത ലോകത്ത് ഈ മൂപ്പിളമ തര്‍ക്കം നിലനിന്നിരുന്നു. അസാമാന്യ പ്രതിഭാശാലികളായിരുന്ന സംഗീത സംവിധായക പ്രതിഭകള്‍ അങ്ങേയറ്റം സൂക്ഷ്മതയോടെയും രാഗ നിബദ്ധതയോടെയും ചിട്ടപ്പെടുത്തുന്ന അവരുടെ രചനകള്‍ വള്ളിപുള്ളി വിടാതെ ഗായകരെകൊണ്ട് പാടിച്ച് ആലേഖനം ചെയ്യുന്നു. സിനിമയുടെ റിലീസിനോടൊപ്പം ഈ ഗാനങ്ങള്‍  തീയറ്ററുകളിലും ആകാശവാണിയിലും കേള്‍ക്കുന്നതോടെ പാട്ട് ഏതാണ്ട് പരിപൂര്‍ണ്ണമായി ഗായകരുടേത് മാത്രമായി തീരുന്നു. തങ്ങളുടെ സൃഷ്ടി ശബ്ദച്ചിറകിലേറി തങ്ങളില്‍ നിന്ന്

ലതാ മങ്കേഷ്കറും മുഹമ്മദ്‌ റഫിയും

ലതാ മങ്കേഷ്കറും മുഹമ്മദ്‌ റഫിയും

പറന്നകലുന്നതായി സംഗീത സംവിധായകരും രചയിതാക്കളും ഭയപ്പെട്ടു. അന്നത്തെ ഗായകരുടെ ശബ്ദങ്ങളാകട്ടെ അഭൌമ തലങ്ങളില്‍ വിരാജിക്കുന്നവയുമായിരുന്നു. ജനകോടികളുടെ പ്രണയവും വിരഹവും താരാട്ടും മൃദുമന്ത്രണങ്ങളുമെല്ലാം അവര്‍ അവരുടെ ശബ്ദങ്ങളിലൂടെ ആവാഹിച്ച് അനശ്വരമാക്കി. ഈ ഗന്ധര്‍വ്വ ശബ്ദങ്ങളും അപ്സര ഗായികമാരും പ്രശസ്തിയുടെയും സമ്പത്തിന്റെയും ഉത്തുംഗശ്രംഗങ്ങളിലേക്ക് കുതിച്ചു. അവരുടെ ഗാനങ്ങള്‍ക്ക് രചനയും ഈണവും നല്‍കിയവരാകട്ടെ ഒന്നുരണ്ട് പടി താഴെയും.

അങ്ങനെയാണ് ഐപിആര്‍എസ് (The Indian Peforming Right Society Limited) സംഘടന  1969ല്‍ നിലവില്‍ വരുന്നത്. രചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കും മാത്രമാണ് ശരിയായ ഗാനസൃഷ്ടിയുടെ അവകാശമെന്നും ഗായകരെല്ലാം പെര്‍ഫോമന്‍സിന്റെ തലത്തില്‍ മാത്രം നിന്ന് പ്രവര്‍ത്തിക്കുന്നവരാണെന്നും അവര്‍ ബുദ്ധിപരമായ കൂട്ടായ്മയിലൂടെയും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും നിയമനിര്‍മ്മാണത്തിലൂടെയും വ്യക്തമാക്കി.

ഇതിനുമുമ്പുതന്നെ അറുപതുകളുടെ ആദ്യം ഗായകര്‍ക്ക് റോയല്‍റ്റി വേണമെന്ന
പ്രശ്നം ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യന്‍ സിനിമാ ലോകത്തെ മുടിചൂടാമന്നയായ ലതാ മങ്കേഷ്ക്കറിന്റെ നേതൃത്വത്തില്‍ ഗായകരെല്ലാം അണിനിരന്നു. ഭാരതീയ സിനിമാസംഗീത ലോകത്ത് അന്ന് അനിഷേധ്യരായ രണ്ട് ഗായകര്‍ മുഹമ്മദ് റഫിയും ലതാ മങ്കേഷ്‌ക്കറുമായിരുന്നു. രണ്ടുപേരുടെയും സമ്മതമില്ലാതെ ഇത്തരത്തിലൊരു നീക്കം യാഥാര്‍ത്ഥ്യത്തിലെത്തുമായിരുന്നില്ല. രാഷ്ട്രപതിയ്ക്ക് നല്‍കാനുള്ള നിവേദനത്തില്‍ ഗായകര്‍ ഒന്നൊന്നായി ഒപ്പുവെച്ചു. ഒരാളൊഴികെ. അത് റഫി സാബായിരുന്നു അദ്ദേഹം  പറഞ്ഞു."പണം വാങ്ങി പാടുന്നതോടെ ഗായകരുടെ റോള്‍ കഴിഞ്ഞു. റോയല്‍റ്റി വാങ്ങുന്നത് പലിശ വാങ്ങുന്നതുപോലെയാണ് അതെന്റെ മതവിശ്വാസത്തിന് ചേര്‍ന്നതുമല്ല''. റഫിയും ലതയും പിണങ്ങി.

മഹേന്ദ്ര കപൂറും ലതാ മങ്കേഷ്കറും

മഹേന്ദ്ര കപൂറും ലതാ മങ്കേഷ്കറും

അക്കാലത്ത് മൂന്നുവര്‍ഷം റഫിയും ലതാ മങ്കേഷ്ക്‌കറും ഒന്നിച്ച് പാടിയതേയില്ല. ആ സമയത്ത് റഫിയുമൊത്തുള്ള യുഗ്മഗാനങ്ങള്‍ ഏറ്റവും അധികം പാടിയിരുന്നത് ആശാ ബോണ്‍സ്‌ലേയായിരുന്നു. ലതാ മങ്കേഷ്‌ക്കറുടെ ശബ്ദവുമായി സാമ്യമുള്ള പുതിയൊരു ഗായികയെ നിര്‍മ്മാതാക്കള്‍ കണ്ടുപിടിച്ചു. സുമന്‍ കല്ല്യാണ്‍പുര്‍. അവരുടെ പാട്ടുകള്‍ ബ്രഹ്മചാരിയിലെ ആജ് കല്‍ തേരേ മേരേ പ്യാര്‍ .. എന്നു തുടങ്ങൂന്ന ഗാനം, 'രാജ്കുമാറി'ല്‍ റഫിക്കൊപ്പം പാടിയ 'തുംമ്‌നേ പുകാരാ ഔര്‍ ഹം ചലേ ആയേ,.. തുടങ്ങിയവ ഏറെ പ്രശസ്തം.

ലതാ മങ്കേഷ്‌കറാകട്ടെ
സുമന്‍ കല്യാണും മുഹമ്മദ്‌  റഫിയും

സുമന്‍ കല്യാണും മുഹമ്മദ്‌ റഫിയും

ഈ സമയത്ത് പുതിയൊരു ഗായകനൊപ്പം ചേര്‍ന്ന് പാടിത്തുടങ്ങി. മഹേന്ദ്ര കപൂറായിരുന്നു ആ ഗായകന്‍. പില്‍ക്കാലത്ത് രൂപ് തേര മസ്താന എന്ന സിനിമയില്‍ ഇവരൊന്നിച്ചുപാടിയ "ആകാശ് സേ പേ ദോ താരേ'  പോലുള്ള ഗാനങ്ങള്‍ വന്‍ ഹിറ്റായി.

ലതാ മങ്കേഷ്‌കറും മഹേന്ദ്ര കപൂറും ചേര്‍ന്ന് പാടിയ "ആകാശ് സേ പേ ദോ താരേ' ഇവിടെ കേള്‍ക്കാം

അങ്ങനെ രണ്ട് പുതിയ ഗായകരെ സിനിമാവ്യവസായം സൃഷ്ടിച്ചു. അന്ന് സിനിമാവ്യവസായത്തിന് അത് ആവശ്യവുമുണ്ടായിരുന്നു. റഫി–ലത പിണക്കത്തിന്റെ ഗുണവശം അതായിരുന്നു എന്നും പറയാം. ഇവരുടെ പിണക്കം തീരുന്നത് 1967ലാണ്. "ജ്യുവല്‍ തീഫ്' എന്ന സിനിമയിലാണ് അവര്‍ രണ്ടുപേരും പിന്നീട് ഒരുമിച്ച് പാടുന്നത്. രണ്ട് പ്രഗത്ഭര്‍ ഇങ്ങനെ പിണങ്ങി രണ്ടറ്റത്തു നിന്നാലോ എന്നുകരുതി കുടുംബം ഇടപെട്ടാണ് അവരെ യോജിപ്പിച്ചത്. എസ് ഡി ബര്‍മ്മന്റെ സംഗീതത്തില്‍ ഇറങ്ങിയ 'ദില്‍ പുകാരെ' ആയിരുന്നു സംഗീത പരിഭവത്തിന് തിരശ്ശീല വീഴ്‌ത്തിയ പാട്ട്.

ജ്യുവല്‍ തീഫിലെ ഗാനം താഴെ:

ഗായകര്‍ക്കും ഗാനത്തിന്റെ പകര്‍പ്പവകാശത്തില്‍ പങ്കുണ്ടെന്ന നിയമം നിലവില്‍ വന്നതോടെ ഇസ്ര (Indian Singers' Rights Association)എന്ന സംഘടന നിലവില്‍ വന്നു. ഗായകരുടെ അവകാശങ്ങള്‍ക്കായി ഈ സംഘടന പ്രവര്‍ത്തിക്കുന്നു.

കേരളത്തില്‍ സംഗീത വാസനയുള്ള ഒട്ടനവധി ചെറുപ്പക്കാര്‍ക്ക് അറുപതുകളിലും എഴുപതുകളിലും സംഗീതാസ്വാദനത്തിനു ലഭിച്ചിരുന്ന ഒരേ ഒരു മാധ്യമം ആകാശവാണിയായിരുന്നു. പുലര്‍വേള മുതല്‍ രാത്രി ഏറെ വൈകുംവരെ ആകാശവാണിയിലൂടെ ഒഴുകിയെത്തിയ ഗാനശകലങ്ങളാണ് ഞാനുള്‍പ്പെടുന്ന ഒരു വലിയ ഗാനസമൂഹത്തെ വാര്‍ത്തെടുത്തത്. ഈ ശ്രവണസുഖം പൂര്‍ണ്ണമായും സൌജന്യമായാണ് നമുക്ക് ലഭിച്ചത്. ആ ഗാനങ്ങള്‍ തീര്‍ത്ത പാലാഴികരയുടെ തീരങ്ങളിലൂടെ നടന്നുനീങ്ങിയ ഞങ്ങളില്‍ ചിലര്‍ക്കെല്ലാം അതില്‍ മുങ്ങിനിവരാന്‍ ഒടുങ്ങാത്ത അഭിനിവേശം തോന്നി. ആ മുങ്ങിനിവരലില്‍ ഞങ്ങളില്‍ പലരും പാട്ടുകാരുമായി. പൊതുജനമധ്യേ പാടി.  സിനിമയിലൂടെ ഞങ്ങളുടെയും ഗാനവസന്തമുണ്ടായി.

പക്ഷേ ഞങ്ങളെ ഞങ്ങളാക്കിയത് ആരാണ് യഥാര്‍ത്ഥത്തില്‍?

അറുപതുകളിലും എഴുപതുകളിലും യേശുദാസ്, ജയചന്ദ്രന്‍, പി സുശീല, എസ് ജാനകി ബ്രഹ്മാനന്ദന്‍ തുടങ്ങിയവരെയൊക്കെ നെഞ്ചേറ്റി നടന്ന എന്നെപ്പോലത്തെ എത്രയോ സാധാരണക്കാരാണ് ഈ ഗാനങ്ങള്‍ മൂളിയും അവയ്ക്ക് ചുറ്റും സ്വപ്നങ്ങള്‍ മെനഞ്ഞും ആ പാട്ടുള്ള സിനിമകള്‍ കണ്ട് വിജയിപ്പിച്ചും ആ  പാട്ടുകളുടെ ആല്‍ബം വാങ്ങിയും അവരെ, ഞങ്ങളെ, പ്രശസ്തിയുടെ ഉയരങ്ങളിലെത്തിച്ചത്.

ഗാനങ്ങളുടെ പകര്‍പ്പവകാശത്തില്‍ നിര്‍മ്മാതാവിനും രചയിതാവിനും സംഗീത സംവിധായകനും ഗായകനും മാത്രമാണോ പങ്ക്?.

ഇനിയുമുണ്ട് ഗാനങ്ങളുടെ പിറവിയില്‍പങ്കാളികളാകുന്നവര്‍. സംഗീതോപകരണ വിദഗ്ധര്‍,സംഗീതാലേഖനം നടത്തുന്ന എഞ്ചിനീയര്‍മാര്‍, ഈപാട്ടുകള്‍ക്കെല്ലാം കീബോര്‍ഡ് സന്നിവേശിപ്പിക്കുന്ന മിടുക്കര്‍. ഗാനങ്ങള്‍ എങ്ങനെ ചിത്രീകരിക്കണം എന്ന് തീരുമാനിക്കുന്ന സിനിമാസംവിധായകര്‍.സംവിധായകന്റെ കണ്ണുകളായി വര്‍ത്തിക്കുന്ന ഛായാഗ്രാഹകര്‍ ..അങ്ങനെ എത്ര എത്ര പേര്‍.

എഫ് എം റേഡിയോ, വലിയ ഓഡിറ്റോറിയങ്ങള്‍, ഡാന്‍സ് ബാറുകള്‍, കരോക്കേ കേന്ദ്രങ്ങള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, വിവാഹ ഹാളുകള്‍, മെട്രോനഗരങ്ങളിലെ സംഗീത സദസ്സുകള്‍ എന്നിടങ്ങളിലൊക്കെ റോയല്‍റ്റി പിരിക്കുന്നുണ്ട്്. മുന്‍കൂറെത്തി ഐപിആര്‍എസ് പ്രതിനിധികള്‍ പാട്ടിന്റെ വിവരങ്ങള്‍ ശേഖരിച്ച് പണം വാങ്ങുന്നുണ്ട്.  ടിവിയില്‍ പഴയ ഹിന്ദി പാട്ടുകള്‍ ഞങ്ങളാരെങ്കിലും പാടിയാല്‍ പോലും ടിവി ചാനലുകള്‍ വിലക്കുന്നു. റഫിയുടെയും മന്നാഡെയുടെയും ഒക്കെ പാട്ടുകളുടെ പകര്‍പ്പ് പാടിച്ച് ആല്‍ബങ്ങളിറക്കി പണം കൊയ്ത് വളര്‍ന്ന കമ്പനികളാണ് ഇപ്പോള്‍ പകര്‍പ്പവകാശത്തിന്റെ പേരിലും പണപ്പിരിവിനിറങ്ങൂന്നതെന്ന വിരോധാഭാസവുമുണ്ട്.
 
ഈ റോയല്‍റ്റി സംവിധാനം ഇങ്ങനെ മതിയോ എന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ഗാനങ്ങള്‍ക്ക് പകര്‍പ്പവകാശ നിയമപ്രകാരം റോയല്‍റ്റി തുക ലഭിച്ചുതുടങ്ങുമ്പോള്‍ നമുക്കറിയാവുന്ന വമ്പിച്ച ധനികന്മാരായ ഏതാനും കുറച്ച് ഗായകര്‍ ഇനിയും ധനികരാകും. ലോകത്തിലെവിടെയും സംഭവിക്കുന്നതുപോലെ ധനം  ഉള്ളിടത്തേക്ക് വീണ്ടും ധനം ഒഴുകിയെത്തും. കഥയറിയാതെ പാട്ടുകേള്‍ക്കുകയും കാണുകയും ചെയ്യുന്ന കലാസ്വാദകര്‍ അവര്‍ അറിയാതെ അവരുടെ നികുതിപ്പണവും റോയല്‍റ്റി തുകയിലേക്ക് ചേര്‍ക്കും. പാവപ്പെട്ട പട്ടിണി കോലങ്ങളായ ചില ഗായകര്‍ അപ്പോഴും തെരുവില്‍ മരിച്ചുവീഴാം.

ഈ റോയല്‍റ്റി തുക അവശത അനുഭവിക്കുന്ന ഗായകരെ സഹായിക്കാനായി ഏതെങ്കിലും വിധത്തില്‍ ഉപയോഗിക്കാനല്ലേ ശ്രമം വേണ്ടത്?. അതിനായി ഒരു അതോറിറ്റി നിലവില്‍ വരണം.  ഇനിയും സമയമുണ്ട്. അതോറിറ്റിയില്‍ പാട്ടുകാര്‍ക്കും എഴുത്തുകാര്‍ക്കും സംഗീത സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും പ്രാതിനിധ്യവും സര്‍ക്കാര്‍ നിയന്ത്രണവും ഉണ്ടാകട്ടെ. എങ്കില്‍ മാത്രമേ ഖാന്‍ മസ്താനമാരുടെയും  ദുരാനിമാരുടെയും  ദുരന്തങ്ങള്‍ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കൂ.

ഒന്ന്: പാട്ടിന്റെ വഴിയിലെ ക്രിസ്‌മസ്

രണ്ട്: പാടുന്ന വാക്കുകളും ഉണരുമീ ഓര്‍മ്മകളും

പാടുന്ന വാക്കുകളും ഉണരുമീ ഓര്‍മ്മകളും
Read more: http://www.deshabhimani.com/index.php/music/news-music-20-01-2016/532938



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top