20 August Tuesday

റസൂലൻ ബായി....മറവിയിലായ ആ പാട്ട്‌...

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

 റസൂലൻ ബായിയുടെ പാട്ടുകൾ  എത്ര പേർ ഇപ്പോൾ ഓർക്കുന്നുണ്ടാവും? എത്രപേർ അവരെക്കുറിച്ചും അവരുടെ പാട്ടുകളെക്കുറിച്ചും കേട്ടിട്ടുണ്ടാകും ? 

തന്റെ കൂടെ എപ്പോഴും  ഉണ്ടായിരുന്ന ദാരിദ്ര്യത്തെയും ഒറ്റപ്പെടലിനെയും അവഗണിച്ച‌് റസൂലൻ ബായ് പാടിയപ്പോൾ പെരുമഴ പോലെ തടസ്സങ്ങൾ അവരുടെ ജീവിതത്തെ വലയം ചെയ്തു. പാട്ട് തുടരുന്നത്  അസാധ്യമെന്നു തോന്നിയ ഘട്ടങ്ങളിൽ  പിടിച്ചുനിന്നു.   ഉള്ളിലെ സംഗീതത്തെ അണയാതെ സൂക്ഷിച്ചു.  പ്രാണനിൽ പാട്ട് കെടാതെ  കാത്തു.  
 
1974ൽ റസൂലൻ ബായിയുടെ മരണശേഷം വളരെ കുറച്ചുപേർ മാത്രമാണ് അവരെക്കുറിച്ച് സംസാരിച്ചത്.  ആസ്വാദകർ മറന്നു തുടങ്ങിയ കാലത്ത് അവരെ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്നത് സബ ദിവാൻ എന്ന  സംവിധായികയാണ്. 2009ൽ സബ സംവിധാനം ചെയ്ത ദി അദർ സോങ‌് എന്ന ഡോക്യുമെന്ററി ചിത്രം  നഷ്ടപ്പെട്ട ഒരു പാട്ടിനെക്കുറിച്ചുള്ള അന്വേഷണമാണ‌്. റസൂലൻ ബായി  1935ൽ ഗ്രാമഫോൺ റെക്കോഡിൽ പാടുകയും പിന്നീട‌് വീണ്ടെടുക്കാനാകാത്ത വിധം നഷ്ടപ്പെടുകയും ചെയ‌്ത  ‘ലാഗത‌് ജബൻവ മേ ചോട്ട‌് ഫൂൽ ഗെന്ദ‌്‌വ ന മാരോ’   (എന്റെ  മാറിടത്തിലെക്ക് പൂക്കൾ എറിയരുത്. അവിടെ മുറിവേറ്റിരിക്കുന്നു) എന്ന  പാട്ട് തിരയുന്നതിലൂടെ  തവായിഫു (പ്രഭുസദസുകളിൽ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നവർ)  കളുടെ സംഗീതവും  ജീവിതവും അന്വേഷിക്കുകയായിരുന്നു സബ.  ഈ പാട്ടിന്റെ ഭേദഗതി വരുത്തിയ ഭാഗമാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്.  രണ്ടാമത്തെ  പതിപ്പിൽ ജബൻവ (മാറിടം ) എന്നത് കരെജ് വാ (ഹൃദയം) എന്നാക്കി മാറ്റി. ഈ മാറ്റം നിഷ്കളങ്കമായ ഒന്നല്ല.  സ്വാതന്ത്ര്യാനന്തര  കാലത്ത്‌ സവർണ മൂല്യങ്ങൾ  സമൂഹത്തിൽ ആധിപത്യം സ്ഥാപിക്കുന്നതിന്റെ അടയാളം കൂടിയായിരുന്നു അത്. സ്ത്രീകൾക്ക് ആകാശവാണിയിൽ പാടണമെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാേക്കണ്ടിയിരുന്നു.  ഈ വ്യവസ്ഥയിൽ പ്രതിഷേധിച്ച് അൻവരി ബായി ഉൾപ്പെടെയുള്ളവർ റേഡിയോയിൽ ഇനി മുതൽ  പാടില്ല എന്ന് പ്രഖ്യാപിച്ചു. 
 
റസൂലൻ ബായ‌്

റസൂലൻ ബായ‌്

മുഗൾ കാലഘട്ടത്തിൽ സ്വതന്ത്ര ജീവിതം നയിച്ചവരും ലൈംഗിക സ്വാതന്ത്ര്യമുള്ള  വരുമായിരുന്നു തവായിഫുകൾ.  മികച്ച പാട്ടുകാരികൾ, നർത്തകിമാർ. ചെറുപ്പത്തിൽ തന്നെ പെൺകുട്ടികൾക്ക് കഥക് നൃത്തത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ഉർദു കവിതകളിലും പരിശീലനം കൊടുത്തിരുന്നു.  ഗ്രാമഫോണിൽ ആദ്യമായി പാടിയ ഗൗഹർ ജാൻ, ഗസൽ ഗായിക  ബീഗം അക്തർ സംഗീത സംവിധായികയും നടിയുമായ ജദ്ദൻ ഭായ്, ആദ്യ ശബ്ദ സിനിമയിൽ അഭിനയിച്ച സുബൈദ  തുടങ്ങിയവർ കടന്നുവരുന്നത‌് ഈ പാരമ്പര്യത്തിലൂടെ. നവാബുമാരുടെയും പ്രഭുക്കൻ മാരുടെയും ഇഷ്ട ജനങ്ങളായ പല തവായിഫുകൾക്കും ഭരണകാര്യങ്ങളിൽ  നിർണായക സ്വാധീനമുണ്ടായിരുന്നു. 
1902 ൽ ഉത്തർപ്രദേശിലെ  മിർസാപുരിൽ  ജനിച്ച റസൂലൻ ബായ്  അഞ്ചാം വയസ്സുമുതൽ സംഗീതത്തിൽ താല്പര്യം പ്രകടിപ്പിച്ചു.  കൊട്ടാര സദസ്സുകളിൽ മുജ്റ നൃത്തത്തിന് അകമ്പടി പാടി. നാൽപ്പത്താറാം വയസ്സിൽ   ബനാറസിലെ സാരി കച്ചവടക്കാരനായ സുലൈമാനെ വിവാഹം  കഴിച്ചു. അതിൽ വസീർ എന്ന കുട്ടി ജനിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ സുലൈമാനും വസീറും പാകിസ്ഥാനിലേക്ക് പോയി. എന്നാൽ റസൂലൻ ബായ് ഗുജറാത്തിലെ അഹമ്മദ്ബാദിലേക്കാണ് പോയത്.  
 
അഹമ്മദാബാദിലെ ജീവിതം ദുരിതപൂർണമായി. 1969ലെ  വർഗീയ കലാപം അവരുടെ വീട് ചുട്ടെരിച്ചു. കലയെ ആദരിക്കാത്ത വർഗീയ ഭ്രാന്ത് ബാധിച്ച മനുഷ്യരുടെ  ഇടയിലുള്ള ജീവിതം അവർക്ക് അസഹനീയമായി. ഗുജറാത്ത് വിട്ട്‌  യുപിയിലെ അലഹബാദിലേക്ക‌് ജീവിതം പറിച്ചുനട്ടു. ആകാശവാണി നിലയത്തിന് സമീപം  ചെറിയൊരു ചായക്കട നടത്തി. വല്ലപ്പോഴും റേഡിയോയിൽ പാടാൻ അവസരം കിട്ടി. എന്നിട്ടും സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടില്ല. 1974ൽ  മരിക്കുമ്പോഴും കടുത്ത ദാരിദ്ര്യത്തിൽ തന്നെ.
 
സമകാലികരായ മറ്റു ഗായകരെക്കാളും ദുഃഖം റസൂലൻ ബായിയുടെ  പാട്ടുകളിൽ നിറഞ്ഞു നിന്നു. ജീവിതത്തിൽ അവർ അനുഭവിച്ച വേദനകൾ പാട്ടിലേക്കും കടന്നു വന്നു.  പാട്ടുകളിൽ ആസ്വാദകർ കേട്ട വേദനെയേക്കാൾ എത്രയോ ഇരട്ടി യായിരുന്നു  യഥാർഥ ജീവിതത്തിൽ അവരനുഭവിച്ചത്.  ബനാറസിലും ലഖ‌്‌നൗവിലും  അലഹബാദിലും തവായിഫുകൾക്ക് ഒരു കാലത്ത് ഉന്നത സ്ഥാനമുണ്ടായിരുന്നു.  കലാകാരികൾ എന്ന നിലയിൽ ആദരവ് പിടിച്ചു പറ്റി. എന്നാൽ, ബ്രിട്ടീഷുകാർക്കെതിരെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പോരാളികളെ സഹായിച്ചതു മുതൽ തവായിഫുകളോട് അവർ വിരോധം പുലർത്തി.  വേശ്യകൾ എന്ന് ബ്രിട്ടീഷുകാർ മുദ്രകുത്തി. സ്വാതന്ത്ര്യാനന്തരം അധികാരമേറ്റവരും അതേ പല്ലവി ഏറ്റുപാടി.  കപട സദാചാരത്തിൻറെയും സവർണ മൂല്യങ്ങളുടെയും കാവൽക്കാർ ഇൗ കലാകാരികളെ കല്ലെറിഞ്ഞു. അങ്ങനെ 1960കൾ ശേഷം തവായിഫ് പാരമ്പര്യത്തിൽനിന്ന് വരുന്ന കലാകാരികൾക്ക് ജീവിക്കാൻ കടുത്ത പ്രയാസങ്ങൾ ഉണ്ടായി. അത്  റസൂലൻ ബായിയെയും ബാധിച്ചിരുന്നു. തീവ്രമായ ഒറ്റപ്പെടലിനോടും  ദാരിദ്ര്യത്തോടും   പൊരുതിയാണ് അവർ പാടിയതെന്ന് ഇപ്പോൾ കേൾക്കുമ്പോൾ നമ്മൾ ഓർക്കാറുണ്ടോ ?
ിീൌവെമറിമറലലാ@ഴാമശഹ.രീാ

 

പ്രധാന വാർത്തകൾ
 Top