23 October Friday

ഏകാകിനിയുടെ ഹൃദയഗീതങ്ങൾ

കെ ബി വേണു venukarakkatt@gmail.comUpdated: Sunday Mar 17, 2019

''രേഖ ബോധപൂർവം തെരഞ്ഞെടുത്തതായിരിക്കണം ആ വരികള്‍. സംഭവബഹുലവും ഏകാന്തവുമായ അവരുടെ ജീവിതവുമായി അത്രയ്ക്കു ബന്ധപ്പെട്ടിരിക്കുന്നു ഈ പാട്ട്. “ആയുസ്സില്‍ പൊഴിഞ്ഞുപോയ വര്‍ഷങ്ങളുടെ കണക്കു ചോദിക്കുകയാണ് ജീവിതം” എന്ന്  ഗാനത്തിലൊരിടത്ത് ഷഹ്‌‌രിയാര്‍ എഴുതിയിട്ടുണ്ട്''.

“അഗര്‍ കിസീ നേ ഉമ്രാവ് ജാന്‍ കോ നഹീം ദേഖാ തോ ഇന്‍ഹേ ദേഖിയേ...” കാലത്തിന‌് മങ്ങലേല്‍പ്പിക്കാനാകാത്ത വശ്യസൗന്ദര്യവുമായി അരികില്‍ നില്‍ക്കുന്ന രേഖയെ നോക്കി മൊഹമ്മദ് സഹൂര്‍ ഖയ്യാം എന്ന വിശ്രുത സംഗീതസംവിധായകന്‍ ഇങ്ങനെ പറഞ്ഞത് എട്ടു വര്‍ഷംമുമ്പാണ്. ഒരു സ്വകാര്യ റേഡിയോനിലയം ഏര്‍പ്പെടുത്തിയ ആജീവനാന്ത സംഭാവനയ്ക്കുള്ള അവാര്‍ഡ് ഖയ്യാമിനു സമര്‍പ്പിച്ചു കഴിഞ്ഞതേയുള്ളൂ, ഇന്ത്യൻ സിനിമയെ കോരിത്തരിപ്പിച്ച രേഖ എന്ന ദ്രാവിഡസുന്ദരി. ഖയ്യാമിന്റെ നാലു പതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിലെ സുവര്‍ണരേഖയാണ് മുസാഫര്‍ അലി 1981ല്‍ സംവിധാനംചെയ്ത ഉമ്രാവ് ജാന്‍–- മിര്‍സ മുഹമ്മദ് ഹാദി റുസ്വ 1905ല്‍ എഴുതിയ ഉമ്രാവ് ജാന്‍ അദാ എന്ന ഉറുദു നോവലിന്റെ ചലച്ചിത്രാവിഷ്കാരം.
 
1840ല്‍ ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍നിന്ന് ദിലാവര്‍ ഖാന്‍ എന്ന കൊടുംകുറ്റവാളി ഇളംപ്രായത്തിലേ തട്ടിയെടുത്ത് ലഖ്നൗവിലെ ഒരു ഗണികാഗൃഹത്തില്‍ 150 രൂപയ്ക്ക‌് വിറ്റ അമീരന്‍ എന്ന പെണ്‍കുട്ടി പിന്നീട് സംഗീതവിദുഷിയും നര്‍ത്തകിയും കവയിത്രിയുമായ ഉമ്രാവ് ജാന്‍ എന്ന സുപ്രസിദ്ധ ഗണികയായി മാറുന്നതാണ് പ്രമേയം. കാല്പനികതയുടെ മാധുര്യവും ജീവിതത്തിന്റെ കയ്പുനീരും ഇടകലര്‍ന്ന ഗസലുകളുടെ തേന്‍മഴ പെയ്യിച്ചും വശ്യമായ ചുവടുകളും കടക്കണ്ണേറുകളുംകൊണ്ട് ലഖ്നൗ എന്ന പ്രാക്തനനഗരത്തെയാകെ പുളകം കൊള്ളിച്ചും നാളുകള്‍ നീക്കിയ ഉമ്രാവ് ജാന്‍ യഥാര്‍ഥത്തില്‍ ജീവിച്ചിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കങ്ങളുണ്ട്. പക്ഷേ, ലക്ഷക്കണക്കിനു വരുന്ന സിനിമാപ്രേമികള്‍ക്കുള്ളില്‍ ഒരു വിഷാദകാവ്യംപോലെ ഉമ്രാവ് ജാന്‍ ജീവിച്ചിരിപ്പുണ്ട്. രേഖയുടെ രൂപമാണവള്‍ക്ക്. “ഉമ്രാവ് ജാനെ നേരിട്ടു കാണാന്‍ ഭാഗ്യമില്ലാത്തവര്‍, ദാ, രേഖയെ കണ്ടോളൂ..’’ എന്ന് ഖയ്യാം പറഞ്ഞതിനെ ശരിവച്ചുകൊണ്ട് അന്ന് അമ്പത്തേഴുകാരിയായിരുന്ന ആ അഭിനേത്രി പറഞ്ഞു... “എവിടെപ്പോയാലും ആളുകള്‍ ആദ്യം തിരിച്ചറിയുന്നത്  ഉമ്രാവ് ജാനെയാണ്. രേഖയ്ക്ക് രണ്ടാം സ്ഥാനമേയുള്ളൂ.” പകര്‍ന്നാട്ടത്തിന്റെ ഏതോ സന്ധിയില്‍വച്ച് ഉമ്രാവ് ജാന്‍ എന്ന വ്യഥിതകലാകാരിയിലേക്ക‌് രേഖ പരകായപ്രവേശം ചെയ്തിട്ടുണ്ട്.
 
ബോളിവുഡ്ഡിന്റെ അപരിചിതലോകത്തേക്ക‌് ഭാഷപോലും നേരെ ചൊവ്വേ പറയാനറിയാതെ, ജീവിതപ്രാരബ്ധങ്ങളുടെ സമ്മര്‍ദം കൊണ്ടുമാത്രം കടന്നുവന്ന ഭാനുരേഖ ഗണേശന്‍ എന്ന പെണ്‍കുട്ടി രേഖ എന്ന ആരാധനാവിഗ്രഹമായി മാറിയതിനു പിറകില്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ചരിത്രമുണ്ട്. തെന്നിന്ത്യന്‍ സൂപ്പര്‍താരമായിരുന്ന ജമിനി ഗണേശന് തെലുഗുനടി പുഷ്പവല്ലിയില്‍ പിറന്ന മകള്‍ ബോളിവുഡ്ഡിലെ “വിരൂപയായ കുട്ടിത്താറാവ്’’ (അഗ്ലി ഡക്ലിങ്) ആയാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. കാരണം, ഹിന്ദിസിനിമയുടെ പൊതുസങ്കല്പങ്ങള്‍ക്കിണങ്ങുന്നതായിരുന്നില്ല രേഖയുടെ ശ്യാമസൗന്ദര്യവും അല്പം സ്ഥൂലമായിരുന്ന ശരീരപ്രകൃതവും. നിയമപ്രകാരം വിവാഹം കഴിച്ച ഭാര്യമാര്‍ക്കു പുറമെ പല ബന്ധങ്ങളുമുണ്ടായിരുന്ന ജമിനി ഗണേശന്‍ രേഖയുടെ പിതൃത്വം ഏറ്റെടുത്തിരുന്നില്ലതാനും. രേഖയ്ക്ക് എല്ലാത്തരത്തിലും അവഗണനയുടെ കാലമായിരുന്നു അത്. കൂട്ടുകാരോടൊത്ത് കളിച്ചുചിരിച്ച‌് നടക്കേണ്ട പ്രായത്തില്‍ ഒട്ടും താൽപ്പര്യമില്ലാത്ത ഒരു ജോലിയില്‍ അകപ്പെട്ടുപോയ രേഖ വലിയൊരാത്മാന്വേഷണത്തിലൂടെയാണ് അഭിനയജീവിതത്തിലെ വിജയപാതകള്‍ വെട്ടിത്തെളിച്ചത്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ പകുതിയോടെ ബോളിവുഡ്ഡില്‍ സ്വത്വപ്രഖ്യാപനം നടത്തിയ രേഖയുടെ ഭാവുകത്വപരിണാമം വിളിച്ചോതിയ കഥാപാത്രമായിരുന്നു ഉമ്രാവ് ജാന്‍. 

 
ഖയ്യാമിനരികില്‍നിന്ന് രേഖ അന്ന‌് സംസാരിച്ചത് ഉമ്രാവ് ജാനിലെ പാട്ടുകളെക്കുറിച്ചാണ്. “ദില് ചീസ് ക്യാ ഹേ ആജ് മേരീ ജാന് ലീജിയേ, ഇന് ആംഖോം കി മസ്തീ മേ, ജുസ്ത്ജൂ ജിസ്കി ഥീ... അതൊക്കെ ഗംഭീര ഗാനങ്ങള്‍തന്നെ...” രേഖ പറഞ്ഞു. “പക്ഷേ, ആ സിനിമയിലെ അവസാനത്തെ പാട്ട്…’’ പിന്നെ അപ്രതീക്ഷിതമായി രേഖ പാടുകയായി...
 
യേ ക്യാ ജഗേ ഹേ ദോസ്തോം
യേ കോന് സാ ദയാര് ഹേ …
 
സംഗീതോപകരണങ്ങളുടെയൊന്നും അകമ്പടിയില്ലാതെ രേഖ പാടുന്നത് ഖയ്യാമും സദസ്സിലുണ്ടായിരുന്ന ബോളിവുഡ്ഡിലെ പ്രമാണിമാരും വിസ്മയത്തോടെ കേട്ടിരുന്നു. സിനിമയിലെ സുപ്രധാനമായ ഒരു സന്ദര്‍ഭത്തിലാണ് ഈ ഗാനം സന്നിവേശിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് പട്ടാളം ലഖ്നൗ നഗരം ആക്രമിച്ചപ്പോള്‍ പലായനം ചെയ്യേണ്ടി വന്ന ഉമ്രാവ് ജാന്‍ അവിചാരിതമായി എത്തിച്ചേരുന്നത് ജന്മനാടായ ഫൈസാബാദിലാണ്. പണ്ട് അവിടെ കളിച്ചുവളര്‍ന്ന അമീരന്‍ എന്ന പെണ്‍കുട്ടിയെ ഇപ്പോള്‍ ആരും ഓര്‍ക്കുന്നില്ല. നാട്ടുകാര്‍ക്ക് ലഖ്നൗവില്‍നിന്നുവന്ന പരദേശി ഗണികമാത്രമാണവള്‍. ആ അന്യനഗരത്തിലെ സദസ്സില്‍ തനിക്കുമാത്രമറിയാവുന്ന നീറുന്ന രഹസ്യങ്ങള്‍ ഉള്ളിലൊളിപ്പിച്ച് ഉമ്രാവ് ജാന്‍ പാടുകയാണ്...
 
യേ ക്യാ ജഗേ ഹേ ദോസ്തോം
യേ കോന് സാ ദയാര് ഹേ…
(ഇതേതിടമാണു കൂട്ടരേ...? 
ഇതേതു ലോകമാണ്...?) 
ഹദേ നിഗാഹ് തക് ജഹാം ഗുബാര് ഹി ഗുബാര് ഹേ 
(കണ്ണെത്തുന്നിടത്തെല്ലാം മണല്‍ക്കാറ്റു 
മാത്രമാണിവിടെ….)
യേ കിസ് മകാമ് പര്‍ ഹയാത് മുഝ് കോ ലേകേ ആ ഗയീ
നാ ബസ് ഖുശീ പെ ഹേ ജഹാം, നാ ഗം പെ ഇഖ്തിയാര് ഹേ
(ഇതേതു ലോകത്താണ് ജീവിതം എന്നെ കൊണ്ടെത്തിച്ചിരിക്കുന്നത്? ഇവിടെ സുഖദുഃഖങ്ങള്‍പോലും എന്റെ നിയന്ത്രണത്തിലല്ലല്ലോ...) 
 
ദില് ചീസ് ക്യാ ഹേ, ഇന് ആംഖോം കി മസ്തീ മേ എന്നീ ഗാനങ്ങളില്‍ ജീവിതത്തിലെ തെളിച്ചവും വെളിച്ചവുമുള്ള ഒരു പുതുകാലഘട്ടത്തിന്റെ നൃത്തശാലയില്‍ ചുവടുറപ്പിക്കുന്ന യുവകലാകാരിയുടെ, ധനികകാമുകര്‍ക്കു മുന്നില്‍ സ്വയമര്‍പ്പിക്കുന്ന നഗരസുന്ദരിയുടെ ശബ്ദമാണ് മുഴങ്ങിയിരുന്നതെങ്കില്‍, ഒളിപ്പിച്ച കണ്ണീരിന്റെ നനവുപടര്‍ന്ന ഈ പാട്ടില്‍ പിറന്ന നാട്ടിലെ കളിയരങ്ങില്‍ പകച്ചുനില്‍ക്കുന്ന പരദേശിപ്പെണ്ണിന്റെ തേങ്ങലാണുള്ളത്. പല്ലവിക്കു പുറമെ ഈ പാട്ടിന്റെ അവസാനഭാഗം മാത്രമേ അന്ന് രേഖ പാടിയുള്ളൂ. 
ബുലാ രഹാ ഹേ കോന്‍ മുഝ്കോ ചില്‍മനോം കേ ഉസ് തരഫ്
മേരേ ലിയേ ഭി ക്യാ കോയി ഉദാസ് ബേക്രാര് ഹേ

 
(ഈറ്റത്തട്ടികയ്ക്കപ്പുറംനിന്ന് ആരാണെന്നെ വിളിക്കുന്നത്? അസ്വസ്ഥതയോടെ വ്യഥയോടെ എനിക്കുവേണ്ടിയും ആരോ കാത്തുനിൽപ്പുണ്ടാകുമോ?)
രേഖ ബോധപൂര്‍വം തെരഞ്ഞെടുത്തതായിരിക്കണം ഈ വരികള്‍. സംഭവബഹുലവും അതേസമയം ഏകാന്തവുമായ അവരുടെ ജീവിതവുമായി അത്രയ്ക്ക‌് ബന്ധപ്പെട്ടിരിക്കുന്നു ഈ പാട്ട്. “ആയുസ്സില്‍ പൊഴിഞ്ഞുപോയ വര്‍ഷങ്ങളുടെ കണക്കു ചോദിക്കുകയാണ് ജീവിതം” എന്ന് ഈ ഗാനത്തിലൊരിടത്ത് ഷഹ്‌‌രിയാര്‍ എഴുതിയിട്ടുണ്ട്. ആ ചോദ്യത്തിനു മറുപടിയില്ലാതെ അപമാനിതയായി നില്‍ക്കുകയാണ് താനെന്ന്  ഉമ്രാവ് ജാന്‍ പറയുന്നു. പക്ഷേ, ആയുസ്സിന്റെ പുസ്തകത്തില്‍ കുറിച്ചുവയ്ക്കാന്‍ ലാഭനഷ്ടങ്ങളുടെ ഒരുപാടു കണക്കുകളുണ്ട് രേഖ എന്ന അഭിനേത്രിക്ക്. അതിലുപരി, പലപ്പോഴും പടപൊരുതി  ജീവിതം തിരിച്ചുപിടിച്ച ആ സ്ത്രീജന്മത്തിന്...
 
വളരെ അപൂർവമായിമാത്രമേ രേഖ അഭിമുഖങ്ങള്‍ അനുവദിച്ചിട്ടുള്ളൂ. കയ്പുനിറഞ്ഞ ആദ്യകാല ചലച്ചിത്രാനുഭവങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കാനാഗ്രഹിക്കുന്നില്ലെന്ന് ഏഴു വര്‍ഷംമുമ്പ‌് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അവര്‍ പറയുകയുണ്ടായി. . “I am healed now. I’m not bitter anymore...”  
 
പൂര്‍ണമായും കൊള്ളയടിക്കപ്പെട്ട ലഖ്നൗ നഗരത്തിലുള്ള ഗണികാഗൃഹത്തിലെ കണ്ണാടികളിലൊന്നില്‍ പ്രതിഫലിക്കുന്ന ഉമ്രാവ് ജാന്റെ പ്രതിബിംബത്തിലാണ് മുസാഫര്‍ അലി സിനിമ അവസാനിപ്പിക്കുന്നത്. ആര്‍ക്കും നിര്‍വചിക്കാന്‍ കഴിയാത്ത ഒരു ഭാവമാണ് ആ മുഖത്ത്. അഥവാ, “ഏതുവിധത്തിലും വ്യാഖ്യാനിച്ചോളൂ’’ എന്ന് പ്രേക്ഷകരോട‌് പറയുമ്പോലെ... പകുതിയിൽവച്ച് ബോധപൂർവം അവസാനിപ്പിച്ച ഒരു പാട്ടുപോലെ… ജീവിതംപോലെ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top