07 June Wednesday
രണ്ടു ദിവസം കൊണ്ട് ഒരു കോടിയ്ക്കടുത്ത് വ്യൂസ്

മേരി പുകാര്‍ സുനോ - എ ആര്‍ റഹ്‌മാനും ഗുല്‍സാറും വീണ്ടും; പാടുന്നത് ചിത്രയുള്‍പ്പെടെ ഏഴു പേര്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 27, 2021

കൊച്ചി> എ. ആര്‍. റഹ്‌മാനും ഗുല്‍സാറും ഒരുമിച്ചപ്പോഴെല്ലാം സംഗീതത്തിന്റേയും സാഹിത്യത്തിന്റേയും മാസ്മരികലയം ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ലോകത്തെ ത്രസിപ്പിച്ചിട്ടുണ്ട്. ദില്‍ സേ, ഗുരു, സ്ലംഡോഗ് മില്യണയര്‍, സാതിയ, ഓകെ ജാനു... അക്കൂട്ടത്തിലേയ്ക്ക് ഇതാ മേരി പുകാര്‍ സുനോ കൂടി.

സോണി മ്യൂസിക് ഇന്ത്യ നിര്‍മിച്ച് ജൂണ്‍ 26-ന് യുട്യൂബ്, യൂട്യൂബ് മ്യൂസിക്, സ്‌പോടിഫൈ, ഗാന, ആമസോണ്‍ മ്യൂസിക്, ആപ്പ്ള്‍ മ്യൂസിക് എന്നീ എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും റിലീസായ മേരി പുകാര്‍ സുനോ എന്ന പ്രത്യാശയുടെ ഗാനം രണ്ടു ദിവസം കൊണ്ട് യുട്യൂബില്‍ മാത്രം കേട്ടത് 70 ലക്ഷത്തോളം പേര്‍. ഈ ഗാനത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 50% രാജ്യത്തെ കോവിഡ് ദുരിതാശ്വാസത്തിനായി ചെലവഴിയ്ക്കുമെന്ന് നിര്‍മാതാക്കളായ സോണി മ്യൂസിക് ഇന്ത്യ അറിയിച്ചു.

കോവിഡ് മൂലം നിരാശയിലാണ്ടുപോയ മനസ്സുകളില്‍ പ്രത്യാശയുടെ തിരി കൊളുത്തുന്നതാണ് ഗാനമെന്നു നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഇന്ത്യന്‍ സംഗീതലോകത്തെ രണ്ട് ഇതിഹാസങ്ങളുടെ സംഗമമായ ഈ ഗാനം രാജ്യത്തെ ഏഴ് പ്രമുഖ ഗായകര്‍ ചേര്‍ന്നാണ് ആലപിച്ചിരിയ്ക്കുന്നത്.  അല്‍ക യാഗ്നിക്, ശ്രേയ ഘോഷാല്‍, കെഎസ് ചിത്ര, സാധന സര്‍ഗം, ശാഷാ തിരുപ്പതി, അര്‍മാന്‍ മാലിക്, അസീസ് കൗര്‍ എന്നിവരാണ് ആ ഏഴു പേര്‍.

എല്ലാവരുടേയും അമ്മയായ ഭൂമിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് ഗാനം രചിയ്ക്കപ്പെട്ടിരിക്കുന്നത്. തന്റെ കുട്ടികളെ വീണ്ടും ഒരുമിച്ചു കൂടാന്‍ പ്രേരിപ്പിക്കുകയും ഈ ദുരിതകാലം കടന്നുപോകുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്യുന്ന ഭൂമിമാതാവാണ് ഗാനത്തിലുള്ളത്. പകര്‍ച്ചവ്യാധിയുടെ ഈ കാലഘട്ടം എല്ലായിടത്തും അനിശ്ചിതത്വവും വേദനയും സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതോടൊപ്പം തന്നെ അത് മറികടക്കാനുള്ള ഊര്‍ജ്ജസ്വലതയും പ്രത്യാശയും മനുഷ്യര്‍ കാഴ്ചവെയ്ക്കുന്നുണ്ടെന്ന് ഗാനത്തെപ്പറ്റി സംസാരിക്കവെ എ ആര്‍ റഹ്‌മാന്‍ പറഞ്ഞു. 'നമുക്കെല്ലാവര്‍ക്കും ആശ്വാസവും ഉറപ്പുമാണ് ഇപ്പോള്‍ ആവശ്യം, അതുകൊണ്ടുതന്നെയാണ് ഗുല്‍സാര്‍ജിയും ഞാനും പ്രതീക്ഷയുടെ ഒരു ഗാനം സൃഷ്ടിക്കാന്‍ ആഗ്രഹിച്ചത്,' റഹ്‌മാന്‍ പറഞ്ഞു.

തണുത്ത കാറ്റ്, ഒഴുകുന്ന അരുവികള്‍, അനന്തമായ സൂര്യപ്രകാശം എന്നിവയിലൂടെയെല്ലാം ഭൂമി നമുക്ക് വലിയ പ്രതീക്ഷകള്‍ തരുന്നുവെന്ന് ലോകം ആദരിക്കുന്ന കവിയും ഗാനരചയിതാവുമായ ഗുല്‍സാര്‍ ചൂണ്ടിക്കാണിക്കുന്നു. 'ഈ പ്രതീക്ഷയാണ് മേരി പുകാര്‍ സുനോ പങ്കുവെയ്ക്കുന്നത്. എല്ലായ്പ്പോഴുമെന്നപോലെ റഹ്‌മാന്‍ സാഹിബ് എന്റെ വാക്കുകള്‍ക്ക് അദ്ദേഹത്തിന്‍രെ മാന്ത്രികസ്പര്‍ശം നല്‍കിയിരിക്കുന്നു,' ഗുല്‍സാര്‍ പറഞ്ഞു.

പ്രചോദനാത്മകമായ രചനയുടെയും സംഗീതത്തിന്റേയും സംഗമം എന്നതിനപ്പുറം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗായകര്‍ ആലപിച്ചതിലൂടെ നമ്മുടെ സംസ്‌കാരത്തിന്റെ വൈവിധ്യത്തേയും മേരി പുകാര്‍ സുനോ പ്രതിഫലിപ്പിക്കുന്നുവെന്ന് സോണി മ്യൂസിക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ രജത് കക്കര്‍ പറഞ്ഞു.

വിവിധ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലേയ്ക്കുള്ള ലിങ്കുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: https://SMI.lnk.to/MeriPukaarSuno


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top