നേരാണേ നോവാണെന്നെ ..... തന്റെ പുതിയ ഗാനം റെക്കോര്‍ഡിങ് പൂര്‍ത്തിയാക്കി യുവ സംഗീത സംവിധായകന്‍ ലിജോ എറിക് ജോണ്‍സണ് വര്‍ഷങ്ങളായി നെഞ്ചില്‍ നോവായി അവശേഷിപ്പിച്ച സ്വപ്‌നം പൂവണിഞ്ഞു. തന്റെ സിനിമയില്‍ ഗായകന്‍ വിനീത് ശ്രീനിവാസനെ കൊണ്ട് താന്‍ ഈണം നല്‍കിയ ഒരു പാട്ട് പാടിപ്പിക്കുക. സന്തോഷ് പ്രഭു സംവിധാനം ചെയ്ത് ഉടന്‍ പുറത്തിറങ്ങുന്ന ഗ്രാമോദയം എന്ന ചിത്രത്തിന് വേണ്ടിയാണ് ദിനു മോഹന്‍ രചിച്ച് പത്തനംതിട്ട തോണിക്കുഴി സ്വദേശിയായ ലിജോ എറിക് ജോണ്‍സണ്‍ സംഗീത സംവിധാനം ചെയ്ത ഗാനം ഗായകന്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ചത്. വിനീത് ശ്രീനിവാസന്‍ തന്നെ തന്റെ പാട്ട് പാടണമെന്ന ആഗ്രഹം കൊണ്ട് ഒരു വര്‍ഷത്തിലേറെയാണ് താന്‍ കാത്തിരുന്നതെന്ന് ലിജോ പറഞ്ഞു. ചങ്ക്‌സ്, ഓള്‍ഡ് ഈസ് ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് പാട്ടെഴുതി ശ്രദ്ധേയനായ വ്യക്തിയാണ് ദിനു മോഹന്‍.
അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ തിരക്കിലായതാണ് വിനീതേട്ടന് സമയം കണ്ടെത്തനാവാതെ വന്നത്. പിന്നീട് പാട്ടിന്റെ വരികള്‍ അയച്ച് നല്‍കിയതോടെ പാടാന്‍ സമ്മതിക്കുകയായിരുന്നു. ഗായിക കെ എസ് ചിത്രയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ കൃഷ്ണ ഡിജി ഡിസൈന്‍ സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ്. ഗായിക എമി ട്രീസയാണ് വിനീതിനൊപ്പം പാടിയിരിക്കുന്നത്. പാട്ട് വിനീതേട്ടന് ഒരു പാട് ഇഷ്ടപെട്ടു. ഹിറ്റാകട്ടെയെന്ന് ആശംസിച്ചതായും ലിജോ പറയുന്നു.
പുതുമുഖങ്ങള്‍ നായികാ നായകന്‍മാരാകുന്ന ഗ്രാമോദയം സിനിമയില്‍ മധു, കൊച്ചുപ്രേമന്‍, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഞ്ച് പാട്ടുകള്‍ ഉള്ള ചിത്രത്തിലെ രണ്ട് ഗാനങ്ങളാണ് ലിജോ സംഗീതം ചെയ്തിരിക്കുന്നത്.

വിനീത് ശ്രീനിവാസനോടൊപ്പം ലിജോ
കന്നഡയിലെ ഹിറ്റ് പശ്ചാത്തല സംഗീതജ്ഞന്‍
മലയാളത്തില്‍ നിരവധി ആല്‍ബങ്ങളും , ക്രിസ്തീയ ഭക്തിഗാനങ്ങളും, ആശംസാ ഗാനങ്ങള്‍ക്കും സംഗീത സംവിധാനം ചെയ്തിട്ടുള്ള ലിജോ കന്നഡ സിനിമയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. മാര്‍ച്ചില്‍ റിലീസ് ചെയ്ത് വിജയകരമായി പ്രദര്‍ശനം തുടരുന്ന ഇതീഗ ബന്ദസുത്തി (ഇപ്പോള്‍ കിട്ടിയ വാര്‍ത്ത) എന്ന ചിത്രത്തിലെ അതി മനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയത് ലിജോ ആയിരുന്നു. നാല് കുടുംബങ്ങളിലെ അംഗങ്ങള്‍ അപകടത്തില്‍പെടുന്നതും ഒരാള്‍ മാത്രം ജീവനോടെ രക്ഷപെടുന്നതുമായ ചിത്രം കന്നഡയില്‍ നല്ല അഭിപ്രായം നേടിയെന്ന് ലിജോ പറഞ്ഞു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഏവരേയും ആകര്‍ഷിച്ചു. കന്നഡിക ബല്‍റാം ആണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം. മറ്റെല്ലാവരും കന്നഡ സിനിമയിലെ സഹതാരങ്ങളും പുതുമുഖങ്ങളുമായിരുന്നു. കന്നഡ സിനിമയ്ക്ക് വേണ്ടിയാണ് ലിജോ ജോണ്‍സണ്‍ താന്‍ എറിക് ജോണ്‍സണ്‍ എന്ന് പേര് മാറ്റിയതെന്നും ലിജോ പറഞ്ഞു.
വഴിത്തിരിവായത് മമ്മൂട്ടിയടെയും മോഹന്‍ലാലിന്റെയും ജന്മദിനം
മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജന്മദിനത്തില്‍ ഇരുവര്‍ക്കും ജന്മദിനാശംസകള്‍ നേര്‍ന്ന് ലിജോ സംവിധാനം ചെയ്ത് പുറത്തിറക്കിയ ഗാനങ്ങള്‍ ലോകമെമ്പാടും വലിയ ശ്രദ്ധ നേടിയിരുന്നു. 2015 ല്‍ മമ്മൂട്ടിയുടെ ജന്മദിനത്തിന് പുറത്തിറക്കിയ വീഡിയോ സോങ് റിമി ടോമി ആയിരുന്നു ആലപിച്ചത്. രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ട വീഡിയോ ലിജോയ്ക്ക് നല്ല രീതിയില്‍ പ്രശസ്തിയും നേടികൊടുത്തു. 2016 ല്‍ അല്‍വാര്‍ഡ് പ്രോപ്പട്ടീസ് മോഹന്‍ലാലിന് ജന്മദിനാശംസ നേര്‍ന്ന് പുറത്തിറക്കിയ ആല്‍ബവും ലിജോ ആയിരുന്നു സംഗീത സംവിധാനം ചെയ്തത്. വൈക്കം വിജയലക്ഷമിയായിരുന്നു ഗാനങ്ങള്‍ ആലപിച്ചത്. ലെറ്റ്‌സ് ക്രിസ്മസ്, ക്രേദോ, തുടങ്ങിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്കും ഓണപ്പാട്ടുകള്‍ക്കും ലിജോ സംഗീതം നിര്‍വഹിച്ചിട്ടുണ്ട്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പഠിച്ച സംഗീതജ്ഞന്‍
ബംഗളൂരുവിലെ ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദധാരിയാണ് ലിജോ. ചെറുപ്പം മുതല്‍ കീബോര്‍ഡ് വായിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. പള്ളികളിലും സ്വകാര്യ പരിപാടികള്‍ക്കും മറ്റും കീബോര്‍ഡ് വായിക്കാന്‍ പോയിട്ടുണ്ട്. തുടര്‍ന്ന് ചെന്നൈയില്‍ പ്രശസ്ത സംഗീതജ്ഞന്‍ മണികണ്ഠന്‍ സാറിന്റെ കീഴില്‍ കീബോര്‍ഡ് പഠനം പൂര്‍ത്തിയാക്കി. ബംഗളൂരുവിലെ സുഹൃത്ത് വഴി അമേരിക്കയിലും നിരവധി പരിപാടികള്‍ക്ക് കീബോര്‍ഡ് വായിക്കാന്‍ അവസരം ലഭിച്ചു. ഈ കാലയളവിലാണ് നിരവധി ആല്‍ബങ്ങള്‍ക്കും സംഗീതം ഒരുക്കിയത്. പത്തനംതിട്ട തോന്നിയാമല, തോണിക്കുഴി, ഹോരേബ് വീട്ടില്‍ മാമന്‍ ജോണ്‍സണ്‍, ലിസി ജോണ്‍സണ്‍ എന്നിവരുടെ മൂത്ത മകനാണ്. ഭാര്യ: ഡെന്‍സി ജോണ്‍. സഹോദരി ജോ അന്ന.
മോഹന്‍ലാലിന്റെ ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്ന് ലിജോ പുറത്തിറക്കിയ ഗാനം
മമ്മൂട്ടിയുടെ ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്ന് ലിജോ പുറത്തിറക്കിയ ഗാനം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..