18 February Monday

വൈക്കം വിജയലക്ഷ്മിക്കും രമേശ് നാരായണനും സംഗീത പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 28, 2015

കൊച്ചി > ഈ വര്‍ഷത്തെ എം എസ് സുബ്ബലക്ഷ്മി പുരസ്കാരം വൈക്കം വിജയലക്ഷ്മിക്കും സംഗീതരത്ന പുരസ്കാരം രമേശ് നാരായണനും സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷനും ശ്രീകൃഷ്ണ നാട്യസംഗീത അക്കാദമിയും സംയുക്തമായാണ് പുരസ്കാരം നല്‍കുന്നത്. ഇരുവര്‍ക്കും ശില്‍പ്പവും, 10,001 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് മേയ് 17ന് വര്‍ക്കല ടൗണ്‍ഹാളില്‍ സമ്മാനിക്കും. ചലച്ചിത്രമേഖലയിലെ സംഭാവനയ്ക്കുള്ള അവാര്‍ഡ് ഇന്നസെന്റിനും കാവ്യാ മാധവനും നല്‍കും. ശില്‍പ്പവും പ്രശസ്തിപത്രവും 25,555 രൂപയും ഇരുവര്‍ക്കും നല്‍കും.

നാടകരംഗത്തെ അവാര്‍ഡ് സമ്മാനിക്കുന്നത് പ്രശസ്ത നാടകകൃത്ത് ഹേമന്ത് കുമാറിനാണ്്. 5001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മാധ്യമരംഗത്തെ പുരസ്കാരത്തിന് ജോണി ലൂക്കോസും ആര്‍ പ്രകാശം മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം ആര്‍ തമ്പാനും അര്‍ഹരായി.

ഇരുവര്‍ക്കും 5001 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും ലഭിക്കും. മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍, സ്ഫടികം ജോര്‍ജ്, ആര്‍ സുബ്ബലക്ഷ്മി, വിജയകുമാരി മാധവന്‍, ഇ എ രാജേന്ദ്രന്‍, അജി വര്‍ക്കല എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. മന്ത്രിമാരായ അടൂര്‍ പ്രകാശും അനൂപ് ജേക്കബും ചേര്‍ന്ന് അവാര്‍ഡ് വിതരണംചെയ്യും. ഫൗണ്ടേഷന്‍ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാര്‍, അജി വര്‍ക്കല, മുരളി കന്നിമറ്റം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രധാന വാർത്തകൾ
 Top