25 March Saturday

"കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്' സരിഗമ യൂട്യൂബ് ചാനൽ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Saturday Feb 6, 2021

സംഗീത സംവിധായകൻ മിഥുൻ നാരായണൻ ഒരുക്കിയ 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്' മ്യൂസിക് ആൽബം സരിഗമ യൂട്യൂബ് ചാനൽ പുറത്തിറക്കി. കേരളത്തിന്റെ വ്യത്യസ്തമാർന്ന പ്രകൃതിയും കലാരൂപങ്ങളും മുൻനിർത്തി ഒരുക്കിയിട്ടുള്ള ആൽബത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ശ്രീരാജ് സഹജൻ, അഷിത അജിത് എന്നിവരുടെ ശബ്ദത്തിൽ പിറന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വയലാർ ശരത്ചന്ദ്ര വർമ്മയാണ്. സൂര്യ കുങ്കുമം ശോഭയണിഞ്ഞൊരു എന്നുതുടങ്ങുന്ന പാട്ട് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

കേരളത്തിന്റെ കലാരൂപങ്ങളായ കേരളനടനവും കഥകളിയും മറ്റ് നാടൻ കലകളും പ്രദേശങ്ങളുടെ പ്രത്യേകതകളും ആറൻമുള്ള കണ്ണാടി നിർമ്മാണം ഉൾപ്പടെയുള്ള പരമ്പരാഗത തൊഴിലുകളും വേറിട്ട രീതിയിൽ ചിത്രീകരിച്ചിട്ടുള്ള 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്' സംവിധാനം ചെയ്തിരിക്കുന്നത് ചലച്ചിത്ര സംവിധായകനായ തോമസ് സെബാസ്റ്റ്യനാണ്.  ലീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലീലാദേവിയമ്മ ഭവാനിയമ്മ നിർമ്മിച്ചിരിക്കുന്ന 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡിന്റെ  ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനീഷ് ലാൽ ആണ്. എഡിറ്റർ : റെക്സൺ ജോസഫ്.

ലീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലീലാദേവിയമ്മ ഭവാനിയമ്മ നിർമ്മിച്ചിരിക്കുന്ന 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനീഷ് ലാൽ ആണ്. റെക്സൺ ജോസഫാണ് എഡിറ്റർ. മെക്കാനിക്കൽ എഞ്ചിനീയറായ മിഥുൻ നാരായണനാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ഗാനത്തെ പറ്റിയും തൻ്റെ പഷ്ചാത്തലത്തെ പറ്റിയും സംഗീത സംവിധായകൻ സംസാരിക്കുന്നു.

'ചൈത്രസന്ധ്യ'

'ഒമാനിൽ റിലയബിലിറ്റി ഡിപ്പാർട്ട്മെൻ്റിൽ റിഫൈനറി ലീഡ് എഞ്ചിനീയറായി ജോലി നോക്കി വരികയാണ് ഇപ്പോൾ. ഓഫീസ് ജോലിത്തിരക്കുകളെല്ലാം കഴിഞ്ഞ ശേഷം തിരിച്ചെത്തിയിട്ടാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 2017ലാണ് ആദ്യമായി ഒരു ആൽബം ചെയ്യുന്നത്. ചൈത്രസന്ധ്യ എന്നായിരുന്നു പേര്. അതിൽ ഇന്ത്യയിലെ അറിയപ്പെടുന്ന കുറെ മ്യുസീഷ്യൻസ് പ്രവർത്തിച്ചിരുന്നു. ഗ്രാമി അവാർഡ് ജേതാവും പത്മഭൂഷൺ ജേതാവുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് സാർ 'ചൈത്രസന്ധ്യ' എന്ന ആൽബം ഗാനത്തിനായി മോഹനവീണ വായിച്ചിരുന്നു.'

2018ൽ മീര
2018-

'എആർ റഹ്മാൻ സാറിൻ്റെ എല്ലാ വർക്കിലും ഫ്ലൂട്ട് വായിക്കാറുള്ള നവീൻ കുമാർ ഈ ഗാനത്തിനായി പ്രവർത്തിച്ചിരുന്നു. അങ്ങനെ ഇന്ത്യയിലെ പ്രശസ്തരായ കുറച്ചുപേർ ഒന്നിച്ച ആൽബമായിരുന്നു അത്. 2017 വരെ മ്യൂസിക്കിലേക്ക് ഇറങ്ങണമെന്ന് ഒരു തോന്നലുണ്ടായിരുന്നില്ല. 'ചൈത്രസന്ധ്യ' എന്ന ആൽബത്തിന് ശേഷം 2018ൽ മീര എന്ന ഒരു ആൽബം ചെയ്തു.

2019ൽ അലങ്കാരപ്പന്തൽ

തുടർന്ന് 2019ൽ അലങ്കാരപ്പന്തൽ എന്ന പേരിൽ ഒരു ഹ്രസ്വചിത്രമൊരുക്കിയിരുന്നു. അതിന് കുറച്ച് അവാർഡുകളൊക്കെ കിട്ടിയിരുന്നു. സത്യജിത്ത് റേ ഫെസ്റ്റിവലിൽ ബെസ്റ്റ് മ്യൂസിക്, ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിലും ലോസ് ഏഞ്ചലസ് ഫിലിം ഫെസ്റ്റിവലിലും ബെസ്റ്റ് മ്യൂസിക്ക്, ബെസ്റ്റ് സോംഗ് തുടങ്ങിയ അവാർഡുകളൊക്കെ അന്ന് കിട്ടിയിരുന്നു. അങ്ങനെ സമയപരിമിതി മൂലം വർഷത്തിൽ ഒരു വർക്കാണ് ചെയ്യുന്നത്.'

2019 തുടക്കത്തിൽ

അങ്ങനെ 2019 തുടക്കത്തിൽ വയലാർ ശരത്ത്ചേട്ടൻ്റെ വീട്ടിൽ, രാഘവപ്പറമ്പിൽ പോയിക്കഴിഞ്ഞപ്പോ ഒരു വർക്ക് ചെയ്താലോ എന്ന് ആലോചിച്ച് തീരുമാനിച്ചതാണ് 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്'. അന്ന് ഇതിന് കൊടുത്ത സംഗീതം ഏതാണ്ട് ചൈത്രസന്ധ്യയുടെ അതേ ട്യൂണൊക്കെ തന്നെയായിരുന്നു. ചെറിയ വ്യത്യാസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

തൃപ്തി തോന്നിയില്ല

അത് കഴിഞ്ഞ് എനിക്ക് തന്നെ തൃപ്തി തോന്നിയിരുന്നില്ല അന്ന്. പിന്നെ അത് കംപ്ലീറ്റായിട്ട് മാറ്റുകയായിരുന്നു ചെയ്തത്. അതാണ് ഇപ്പോഴത്തെ ഈണം. ഇത് കേട്ട ശരത്ത്ചേട്ടന് ഇതിഷ്ടപ്പെട്ടെന്ന് പറയുകയും 2020ൻ്റെ തുടക്കത്തിൽ ചെയ്യാനുള്ള തീരുമാനമെടുക്കുകയുമായിരുന്നു. പിന്നീടാണ് കൊറോണയും പ്രശ്നങ്ങളുമൊക്കെ വന്നത്.

ഒരുപാടിഷ്ടമായി


അത് പാടിയ ശ്രീരാജ് അന്ന് ട്രാക്ക് പാടുകയായിരുന്നു. അത് മറ്റേതെങ്കിലും ഗായകരെ കൊണ്ട് പാടിക്കാമെന്ന് കരുതി ചെയ്തതാണ് ട്രാക്ക്. പക്ഷേ ശ്രീരാജ് ട്രാക്ക് പാടിയപ്പോൾ തന്നെ അത് എല്ലാവർക്കും ഒരുപാടിഷ്ടപ്പെടുകയായിരുന്നു. ശരത്ത്ചേട്ടനും അമ്മയ്ക്കും ഭാര്യയ്ക്കുമൊക്കെ ഒരുപാടിഷ്ടമായി. അങ്ങനെ ഒടുവിൽ അത് തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

ഗാനത്തിനായി ട്രാക്ക്

പിന്നീട് ശ്രീരാജിന് പാതിരാത്രിയൊക്കൊയായിരുന്നു പാട്ട് പറഞ്ഞു കൊടുക്കുന്നത്. അപ്പോൾ വളരെ കോപ്പറേറ്റീവായിരുന്നു അദ്ദേഹം. പിന്നീട് കൊറോണ പ്രശ്നങ്ങളൊക്കെ ഒതുങ്ങിയ ശേഷമാണ് ഗാനത്തിനായി ട്രാക്ക് എടുത്തതെന്നും മിഥുൻ നാരായണൻ ഞങ്ങളോട് പറഞ്ഞു.

നാടിൻ്റെ പച്ചപ്പ്


മൃദംഗം ഡി.എ ശ്രീനിവാസ്, അദ്ദേഹത്തിൻ്റെ പത്നി പുണ്യ ശ്രീനിവാസ്, വേദ എന്നറിയപ്പെടുന്ന വേദാചലം, നേപ്പിയർ നവീൻകുമാർ അങ്ങനെ പ്രഗത്ഭരായ മ്യൂസിഷൻസൊക്കെ ഈ ആൽബത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. ഓരോ മലയാളികൾക്കും കേരളം എന്നത് ഒരു വികാരം തന്നെയാണ്, പലപ്പോഴായി പലരും പറഞ്ഞിട്ടുള്ളതാണ്. ഞാനും അത് തന്നെയാണ് പറയുന്നതെന്നും നാട്ടിലേക്ക് വരുമ്പോൾ, നാടിൻ്റെ പച്ചപ്പ് കാണുമ്പോൾ, കൊച്ചി എയർപോർട്ടിലേക്കൊക്കെ ഇറങ്ങുമ്പോളുണ്ടാകുന്ന അനുഭൂതി എന്നത് വളരെ സന്തോഷം തോന്നിയ നിമിഷമാണ്.

'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്'

തിരിച്ചുപോകുമ്പോൾ അതുപോലെ സങ്കടം തോന്നാറുമുണ്ട്. അങ്ങനെ എന്തുകൊണ്ട് കേരളത്തെ പറ്റി? കേരളത്തനിമയെ പറ്റിയൊക്കെ കുറെ പാടിയിട്ടുണ്ട്, വയലാർ രാമവർമ്മസാർ തൊട്ടിങ്ങോട്ട് ഒട്ടനവധി പേർ എഴുതുകയും പാടുകയുമൊക്കെ ചെയ്തിട്ടുണ്ട്. അങ്ങനെ ശരത്ത് ചേട്ടനും അങ്ങനെയൊന്ന് എഴുതിയപ്പോൾ അത് ചെയ്യണമെന്ന് തോന്നിയതിനാലാണ് കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്' എന്ന ആൽബത്തിലേക്കെത്തുന്നത്. മിഥുൻ ഞങ്ങളോട് പറഞ്ഞു.

​ആൽബം റിലീസ്

ആൽബം റിലീസ് ചെയ്തതിന് ശേഷവും മിഥുൻ ഞങ്ങളോട് സംസാരിച്ചു. ഗാനം പുറത്ത് വന്നപ്പോൾ മുതൽ ലഭിക്കുന്ന കമൻ്റുകളെല്ലാം വളരെ പോസിറ്റീവാണെന്ന് മിഥുൻ വളരെ സന്തോഷത്തോടെ പറഞ്ഞു. എല്ലാവർക്കും ഒരുപാടിഷ്ടപ്പെട്ടതായാണ് മനസിലാക്കുന്നതെന്നും എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗാനമാകുമിതെന്ന് തീർച്ചയാണെന്നും മിഥുൻ ശുഭപ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും പറയുന്നു. ഒന്നു രണ്ടാഴ്ചയ്ക്കകമോ ഒരു മാസത്തിനകമോ കൂടുതൽ പ്രേക്ഷകരും സംഗീത പ്രേമികളും ഈ ഗാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും മിഥുൻ പറഞ്ഞു.

​കൊവിഡ് പശ്ചാത്തലത്തിൽ

കൊവിഡ് പശ്ചാത്തലത്തിലിരിക്കുമ്പോഴായിരുന്നു ഈ ഗാനത്തിൻ്റെ പ്ലാനുകളെല്ലാം നടന്നിരുന്നത്. അതിനാൽ തന്നെ വളരെ പരിമിതമായ സാഹചര്യങ്ങൾക്കിടയിൽ നിന്നുകൊണ്ടായിരുന്നു ഷൂട്ടിങ്. വിഷ്വലുകളെല്ലാം ഭംഗിയായി തന്നെ വന്നിട്ടുമുണ്ട്. നാല് രാഗങ്ങൾ മിക്സ് ചെയ്താണ് ഗാനം ഒരുക്കിയിരിക്കുന്നത്. ശങ്കരാഭരണത്തിൻ്റെ ജന്യമായ ബിലഹരി [ബിഹാഗ്] എന്ന രാഗത്തിൻ്റെ ഒരു ഛായ ഈ ഗാനത്തിലുണ്ടെന്ന് സംഗീത സംവിധായകൻ പറയുന്നു.

ഗാനത്തിൻ്റെ ക്വാളിറ്റി

"മാണ്ടു" എന്ന രാഗത്തിന്റെ ഭാവവും ധീരശങ്കരാഭരണത്തിന്റെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന ബേഗഡ രാഗത്തിൻ്റെ ഛായയും ശങ്കരാഭരണവുമൊക്കെ ചേരുന്ന ഗാനമാണിത്. ഈ ഗാനം ഒരു പ്രത്യേക രാഗത്തിൻ്റെ മോഡിലല്ല പോകുന്നതെന്നും മിഥുൻ പറയുന്നു. എല്ലാവരും കഷ്ടപ്പെട്ടാണ് ഈ ആൽബമൊരുക്കിയിരിക്കുന്നത്. ഗാനത്തിൻ്റെ ക്വാളിറ്റിയെ പറ്റി എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത് എന്നത് തന്നെ വലിയ സന്തോഷമെന്നും മിഥുൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top