13 July Monday

കാവാലത്തിന്റെ കാവ്യഭാവനയും രാഗശില്‍പയുടെ കയ്യൊപ്പും

എം സുരേന്ദ്രന്‍Updated: Wednesday Nov 2, 2016

അന്തരിച്ച കാവാലം നാരായണപ്പണിക്കരുടെ ഗാനരചനാ വൈഭവത്തിനു മകുടം ചാര്‍ത്തുന്നു 'ഉത്സവപ്പിറ്റേന്ന്' എന്ന സിനിമയ്ക്കുവേണ്ടി എഴുതിയ 'പുലരിത്തൂമഞ്ഞു തുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം' എന്ന പാട്ട്. 1989 ഡിസംബറില്‍ പുറത്തിറങ്ങിയ ഈ ചിത്രം ഭരത് ഗോപിയാണ് സംവിധാനം ചെയ്തത്. അനിയന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തെ അനിതരസാധാരണമായ മെയ്വഴക്കത്തോടെ അവതരിപ്പിച്ച് മോഹന്‍ലാല്‍ മലയാളികളുടെ മനസില്‍ നിറഞ്ഞുനിന്ന പടമാണിത്. 

ചിത്രത്തില്‍ മോഹന്‍ലാലിന്റെ ശോകസാന്ദ്രമായ അന്ത്യരംഗം ചിത്രീകരിച്ച വേളയിലാണ് ഈ പാട്ട് ഒഴുകിയെത്തുന്നത്.   'പുലരിത്തൂമഞ്ഞുതുള്ളിയില്‍...' എന്ന പാട്ട് മലയാളികള്‍ കാല്‍നൂറ്റാണ്ടിനിപ്പുറവും ഹൃദയത്തിലേറ്റി നടക്കുന്നു. കാവാലത്തിന്റെ വരികളും ഈണം പകര്‍ന്ന ജി ദേവരാജന്‍ മാഷിന്റെ മാന്ത്രികസംഗീതവും ചിത്രത്തിലെ കഥാസന്ദര്‍ഭം പകര്‍ന്നുനല്‍കിയ ശോകാന്തരീക്ഷവും ഈ പാട്ട് ഹിറ്റാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു എന്നത് അവിതര്‍ക്കിതം.

തിരുവനന്തപുരത്ത് ഇരുന്ന് എഴുതിയ പാട്ട് ചെന്നൈയിലായിരുന്ന ദേവരാജന്‍ മാഷിനു കാവാലം ഫോണില്‍ പറഞ്ഞുകൊടുക്കുകയായിരുന്നു. ഫോണില്‍ പാട്ട് എഴുതിയെടുത്ത മാഷ് 15 മിനുട്ടിനുള്ളില്‍ തിരുവനന്തപരുത്തേക്ക് തിരികെ വിളിച്ച് കാവാലത്തിനെ പല്ലവി പാടി കേള്‍പ്പിച്ചു. ഫോണില്‍ ആ പാട്ട് കേട്ട കാവാലം അക്ഷരാര്‍ഥത്തില്‍ കോരിത്തരിച്ചുപോയി. താന്‍ കഥാസന്ദര്‍ഭത്തിനു അനുസരിച്ച് എഴുതിയ വരികള്‍ക്ക് മാഷ് അതേ സൂക്ഷ്മതയോടെ ഈണം പകര്‍ന്നിരിക്കുന്നു. ഗാനസന്ദര്‍ഭവും കഥാപാത്രഘടനയും വരികളുടെ അര്‍ഥവ്യാപ്തിയും ഈണത്തിന്റെ ആഴവുംപരപ്പും ഉള്‍ക്കൊണ്ട് ഗാനഗന്ധര്‍വന്‍ യേശുദാസ് അങ്ങേയറ്റം ഭാവദീപ്തിയോടെ പാടിയ ഗാനമാണിത്.

പിന്നീട് ദേവരാജന്‍ മാഷ് തന്നെ ഈ പാട്ടിനു ഈണം നല്‍കിയ രീതി വെളിപ്പെടുത്തി. അതുകൂടി കേട്ടതോടെ ആസ്വാദകര്‍, ജി ദേവരാജന്‍ എന്ന ആ മഹാപ്രതിഭയെ നമിച്ചുപോയി. ഈ ഗാനത്തിന്റെ നിര്‍മിതിക്കു പിന്നിലെ 'അധ്വാനം' മാഷ് വെളിപ്പെടുത്തുന്നു:

"ചാരുകേശി രാഗത്തിലാണ് ആ പാട്ട് ചെയ്തത്. രാഗം നേരത്തേ നിശ്ചയിക്കുന്നതല്ല. വാക്കുകള്‍ക്കും ഭാവത്തിനും അനുസരിച്ച് ഈണം നല്‍കുമ്പോള്‍ താനേ ഉരുത്തിരിഞ്ഞുവരുന്നതാണ് രാഗം. മധ്യസ്ഥായിയിലെ പഞ്ചമത്തില്‍ തുടങ്ങിയതുകൊണ്ട് 'പുലരി' എന്ന വാക്ക് കേള്‍വിക്കാരന്റെ മനസില്‍ ഉറപ്പിക്കാനായി. 'തൂമഞ്ഞ്', 'തുള്ളിയില്‍' എന്നീ വാക്കുകളുടെ നേര്‍ത്ത ശോകഭാവം ഈണത്തിലൂടെ ധ്വനിപ്പിക്കുകയായിരുന്നു അടുത്തപടി. 'പുഞ്ചരിയിട്ടു' എന്ന വാക്കിന്റെ വികാരം സന്തോഷമാണ്. ആ വാക്കിനു മേജര്‍ സ്വരങ്ങളില്‍ ഈണം നല്‍കി.

അടുത്തത് 'ഭാരം താങ്ങാനരുതാതെ'എന്ന വരിയാണ്. ചാരുകേശിയില്‍ 'ഭാരം' എന്ന വാക്കിനു കൊടുക്കാന്‍ പറ്റിയ സ്വരം 'ഗ' എന്ന അന്തരഗാന്ധാരം ആണ്. അങ്ങനെ ഗാന്ധാരത്തിലും മധ്യമത്തിലുമായി ഈ പദങ്ങള്‍ക്ക് ഈണം നല്‍കി. 'നീര്‍മണി വീണുടഞ്ഞു' എന്ന വരിയില്‍ കൂടുതല്‍ ശ്രദ്ധ പതിയേണ്ടത് 'ഉടഞ്ഞു' എന്ന വാക്കിലെ ദുഃഖഭാവത്തിനാണ്. ദുഃഖം ദ്യോതിപ്പിക്കുന്ന സ്വരമാണ് ശുദ്ധ ധൈവതം. 'വീണുടഞ്ഞു' എന്ന വാക്കിന്റെ ആശയവും ഭാവവും ഉറപ്പിക്കാന്‍ തൊട്ടുതാഴെ മധ്യസ്ഥായിയിലുള്ള ധൈവതത്തിലേക്കു വന്നശേഷം 'ഉടഞ്ഞു' എന്ന വാക്കിന്റെ ഈണവും ദുഃഖവും മുഴുമിക്കാന്‍ ഷഡ്ജത്തിലേക്കു നീങ്ങി...''

ഹോ! കേള്‍ക്കുമ്പോള്‍ ആസ്വാദകരുടെ തലകറങ്ങും. പാട്ട് ചിട്ടുപ്പെടുത്തുന്നതിനു ഇത്രയേറെ സാങ്കേതികത്വമോ?
അവര്‍ തലപുകച്ചാല്‍ കുറ്റം പറയാനാവില്ല. ഈ കടമ്പകള്‍ പക്ഷേ, അനുവാചകനും കേള്‍വിക്കാര്‍ക്കും പ്രശ്നമല്ല. കാരണം അവര്‍ക്ക് പാട്ട് ഹൃദയത്തില്‍ തട്ടണം. ഏതു അവസ്ഥയിലും മൂളിനടക്കാന്‍ കഴിയുന്നതാകണം പാട്ട് എന്നേ അവന്‍ മോഹിക്കു. അപ്പോള്‍ അതിന്റെ സാങ്കേതികത്വവും രാഗതാളഭാവങ്ങളും ഒന്നും അവര്‍ പരിഗണിക്കില്ല. ഇഷ്ടപ്പെട്ടാല്‍ മൂളി നടക്കണം. അതാണ് കേള്‍വിക്കാരുടെ മനോഭാവം. ഇതുപക്ഷേ, ഗാനങ്ങളുടെ ശില്‍പികള്‍ക്ക് ബാധകമല്ലല്ലോ. അവരുടെ ചിന്ത, തങ്ങളുടെ ഗാനങ്ങള്‍ കാലാതിവര്‍ത്തിയാകണം എന്നു മാത്രമാകും. ഈ ചിന്തയ്ക്ക് അകമ്പടി സേവിക്കുന്ന പാട്ടാണ് 'പുലരിത്തൂമഞ്ഞു തുള്ളിയില്‍...'

ചിത്രം: ഉത്സവപ്പിറ്റേന്ന്.

ഗാനരചന: കാവാലം നാരായണപ്പണിക്കര്‍.
സംഗീതം: ജി ദേവരാജന്‍.
ആലാപനം: ഡോ. കെ ജെ യേശുദാസ്.

പാട്ടിന്റെ പൂര്‍ണരൂപം:

പുലരിത്തൂമഞ്ഞുതുള്ളിയില്‍
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീര്‍മണി വീണുടഞ്ഞു, വീണുടഞ്ഞു...
    മണ്ണിന്‍ ഈറന്‍ മനസിനെ
    മാനം തൊട്ടുണര്‍ത്തി
    വെയിലിന്‍ കൈയ്യില്‍ അഴകോലും
    വര്‍ണചിത്രങ്ങള്‍ മാഞ്ഞു,
    വര്‍ണചിത്രങ്ങള്‍ മാഞ്ഞു...(പുലരിത്തൂമഞ്ഞ്...)
കത്തിത്തീര്‍ന്ന പകലിന്റെ
പൊട്ടും പൊടിയും ചാര്‍ത്തി
ദുഃഖസ്മൃതികളില്‍ നിന്നല്ലോ
പുലരി പിറക്കുന്നു വീണ്ടും
പുലരി പിറക്കുന്നു  വീണ്ടും...(പുലരിത്തൂമഞ്ഞ്...)

പ്രധാന വാർത്തകൾ
 Top