13 August Thursday

28 ആണ്ടുകൾക്കിപ്പുറം പ്രിയ വീണ്ടും പാടി...., ആ ചെങ്കൊടി ഗീതം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019

കരുനാഗപ്പള്ളി > ഇരുപത്തിയെട്ടുവർഷങ്ങൾക്കു ശേഷം കെ എസ് പ്രിയ എന്ന ഗായിക വീണ്ടും പാടി.നോട്ട് ബുക്ക് നോക്കാതെ ശ്രീരാഗ് സ്റ്റുഡിയോയിലെ മൈക്കിനു മുന്നിൽ ഓർമ്മയിൽ നിന്നും അനർഗളമായ് ആ ഗാനം ഒഴുകി വന്നു." ചെങ്കൊടി പാറിടൂ നീല വാനിൽ .. പൊരുതുമീ കൈകളിൽ നൂത്തമാടൂ..." ഒരു തലമുറയുടെ സിരകളിൽ വിപ്ലവത്തിന്റെ ചൂടും ചൂരും പകർന്ന് ഏഴാച്ചേരി രാമചന്ദ്രൻ രചിച്ച ഗാനം വീണ്ടും പുനസൃഷ്ടിക്കുന്നത് ഗായിക കെ എസ് പ്രിയയും കരുനാഗപ്പള്ളിയിലെ ഇടതുപക്ഷ നവ മാധ്യമ കൂട്ടായ്മയായ ടീം ഇന്നവേഷനും ചേർന്നാണ്. ഗാനത്തിന്റെ ഓഡിയോയ്ക്കൊപ്പം വീഡിയോ ആൽബവും ഉടൻ പുറത്തിറങ്ങും.

പരമ്പരാഗത വിപ്ലവഗാന സങ്കൽപ്പങ്ങളെയെല്ലാം പിന്തള്ളി വിപ്ലവ ബോധം മനസിൽ സൂക്ഷിക്കുന്ന ഏതൊരാളിലും മനോഹരമായ മെലഡിയായി കാലങ്ങളോളം സൂക്ഷിക്കാനാവും എന്നതു തന്നെയാണ് കാൽ നൂറ്റാണ്ടിനപ്പുറവും വിപ്ലവ പോരാളികളുടെയാകെ മനസിനെ ഈ ഗാനം ഇളക്കിമറിച്ചത്. സംഗീത ലോകത്ത് അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സംഗീത പ്രതിഭയുമായിരുന്ന നൂറനാട് കൃഷ്ണൻകുട്ടിയാണ് ഈ ഗാനത്തിന് അവിസ്മരണീയമായ സംഗീതമൊരുക്കിയത്.സിപിഐ എം പാലക്കാട് സംസ്ഥാന സമ്മേളനത്തിനായി തയ്യാറാക്കിയ വിപ്ലവഗാന കാസറ്റിലാണ് വ്യത്യസ്തമായ ചെങ്കൊടി ഗീതം ഉൾപ്പെടുത്തിയത്.

ഈ ഗാനം പിന്നീട് വമ്പൻ ഹിറ്റായി മാറി. അന്ന് പ്രീഡിഗ്രി വിദ്യാർത്ഥിയായിരുന്ന കെ എസ് പ്രിയ ഈ ഗാനം ഒറ്റ ടേക്കിൽ പാടി പൂർത്തിയാക്കി. ഈ ഒറ്റ ഗാനത്തോടെ പ്രിയ എന്ന ഗായിക ഏറെ പ്രശസ്തയായി മാറി.കാസറ്റിൽ കല്ലറ ഗോപനും ഗാനം പാടിയിട്ടുണ്ട്. വിപ്ലവഗാനങ്ങൾക്ക് സാധാരണ ഉപയോഗിക്കാത്ത സിന്ധുഭൈരവി രാഗമാണ് കൃഷ്ണൻകുട്ടി മാസ്റ്റർ ചെങ്കൊടി ഗീതത്തിന് ഉപയോഗപ്പെടുത്തിയത്." മർദ്ദിത കോടികൾ തൻ സമരപഥങ്ങളിൽ ഉണരുന്ന കരുത്താണ് നീ" എന്ന വരികളിൽ ഉൾപ്പടെ വ്യത്യസ്തമായ സംഗീതമാണ് സന്നിവേശിപ്പിച്ചിരിക്കുന്നത്. ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരവധി വേദികളിൽ പ്രിയയെ കൊണ്ട് ഈ ഗാനം വീണ്ടും വീണ്ടും പാടിച്ചു.ഇ കെ നായനാർ ഉൾപ്പടെയുള്ള നേതാക്കൾ അദ്ദേഹം പങ്കെടുത്ത വേദികളിൽ പലതവണ ഗാനം പാടിച്ചു.

"പഥിതരാം ഞങ്ങൾ തൻ പടവാളായ് ഉയരുംപതാകേ... ദുരിതങ്ങൾ നെഞ്ചേറ്റി തളരുന്ന ഞങ്ങളിൽ പടരുന്ന കരുത്താണ് നീ.... " എന്ന ഏഴാച്ചേരിയുടെ ശക്തമായ വരികൾ പല വേദികളിലും ആവേശ തിരകൾ സൃഷ്ടിച്ചു. സംഗീതം നിർവ്വഹിച്ച നൂറനാട് കൃഷ്ണൻകുട്ടിയുടെ സഹോദരൻ കൊച്ചു സാറാണ് കാസറ്റിന്റെ നിർമ്മാതാവ്.ഇവർ രണ്ടു പേരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ഓർക്കസ്ട്രയിൽ പുല്ലാങ്കുഴൽ വായിച്ച കരുനാഗപ്പള്ളി വിജയകുമാറും, സിത്താർ വായിച്ച മാവേലിക്കര ലാലും മൺമറഞ്ഞു.ഇവരുടെയെല്ലാം ഓർമ്മക്കയായാണ് ഗാനം വീണ്ടും പുറത്തിറക്കുന്നതെന്ന് കെ എസ് പ്രിയ പറഞ്ഞു. സ്വന്തം നാട്ടിലെ പ്രദേശവാസികളായിരുന്ന ഗായകരെ ചേർത്ത് അടൂർ പീപ്പിൾസ്കോറസ് എന്ന പേരിൽ നൂറനാട് കൃഷ്ണൻകുട്ടി വിപ്ലവഗാനസംഘം അക്കാലത്ത് രൂപീകരിച്ചിരുന്നു. പന്തളം ബാലൻ, പന്തളം മേരി തുടങ്ങി നിരവധി പ്രതിഭകളെ അദ്ദേഹം വേദിയിലെത്തിച്ചു.

സംഗീത രംഗത്ത് അനിതരസാധാരണമായ പ്രതിഭാശാലിയായിരുന്ന കൃഷ്ണ കുട്ടിയെ ഈ ഗാനത്തിലൂടെ പുതിയ തലമുറയ്ക്ക് പരിചയപ്പെടാനും കഴിയുമെന്ന പ്രതീക്ഷയും പ്രിയ പങ്കുവച്ചു.28 വർഷം മുമ്പ് ശ്രീരാഗ് സ്റ്റുഡിയോയിൽ ഗാനം റെക്കോഡ് ചെയ്ത സൗണ്ട് എൻജിനീയർ റജി ശ്രീരാഗ് തന്നെയാണ് ഗാനത്തിന് പുനർജ്ജനി നൽകുന്നതിനും റെക്കോഡിംഗ് നിർവ്വഹിച്ചത് എന്നതും മറ്റൊരു കൗതുകമായി. ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചത് ഡോ റിജോ സൈമനാണ്. പുതിയ കാലത്തെ വിപ്ലവ പ്രവർത്തകർക്ക് ഈ ഗാനവും വീഡിയോ ആൽബവും കരുത്താകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ടീം ഇന്നവേഷൻ ചുമതലക്കാരനായ വി വിജയകുമാർ പറഞ്ഞു.കാലീതീതമായ വിപ്ലവ ബോധ സംഗീതമായി ചെങ്കൊടി ഗീതം നില നിൽക്കുമെന്നും സംഘാടകർ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top