14 July Tuesday

​ഗ​ഗനചാരിയുടെ ഈണങ്ങള്‍; ജോൺ ഡെൻവറെന്ന ഫോക് സംഗീതത്തിലെ ഇതിഹാസം

കെ ബി വേണുUpdated: Sunday Feb 24, 2019

മേഘങ്ങളോടും പക്ഷികളോടും സല്ലപിച്ചുകൊണ്ട് ഒറ്റയ്ക്കു വിമാനത്തിൽ പറക്കാനായിരുന്നു ജോൺ ഡെൻവറിന്‌  ഇഷ്ടം. അത്തരമൊരു ഏകാന്ത സഞ്ചാരമാണ്  അമേരിക്കന്‍ നാടോടിസംഗീത പാരമ്പര്യത്തിന്റെ നേരവകാശിയുടെ മരണത്തില്‍ കലാശിച്ചത്

1997  ലാണ്. ഡൽഹിയിൽ ദി ഏഷ്യൻ ഏജ് എന്ന പത്രത്തിന്റെ ന്യൂസ് ഡെസ്കിൽ ജോലിചെയ്യുന്ന കാലം. ഒരൊഴിവുദിനത്തിന്റെ പിറ്റേന്ന് രാവിലെ പത്രം മറിച്ചുനോക്കുമ്പോൾ ഏതോ അമേരിക്കൻ നഗരത്തിന്റെ ഡേറ്റ് ലൈനിൽ ഒരു വാർത്ത കണ്ടു  Country crooner John Denver dies in plane crash. കൺട്രി ക്രൂണർ എന്നാലെന്താണെന്നൊന്നും മനസ്സിലാക്കാനുള്ള പാശ്ചാത്യസംഗീത പരിജ്ഞാനം അന്നും ഇന്നും ഇല്ല. എന്തിന്, ജോൺ ഡെൻവർ ഫോക് സംഗീതത്തിലെ ഇതിഹാസതാരമാണെന്നും അറിയില്ലായിരുന്നു. പക്ഷേ, വാർത്തയിലേയ്ക്കു വീണ്ടും കണ്ണോടിച്ചപ്പോൾ അദ്ദേഹത്തിന്റെ ഒരു ഗാനത്തെക്കുറിച്ചുള്ള പരാമർശം കണ്ണിൽപ്പെട്ടു Take Me Home, Country Roads..  ഡെൻവറിനെ ലോകപ്രശസ്തനാക്കിയ ഗ്രാമീണഗീതമാണത്. ഡെൻവറിനെ അറിയില്ലായിരുന്നെങ്കിലും ആ പാട്ട് പലവട്ടം കേട്ടിരുന്നു. എംഎ പഠനകാലത്ത് ക്ലാസിലെ പാശ്ചാത്യസംഗീതപ്രിയരായ കൂട്ടുകാർ ഇടയ്ക്കൊക്കെ ഗിത്താറിന്റെ അകമ്പടിയോടെ ആലപിച്ചിരുന്ന ഗാനം. ബോണിയെമ്മും അബ്ബയും മൈക്കൽ ജാക്സനുമടങ്ങുന്ന പരിമിതമായ വെസ്റ്റേൺ സംഗീത പരിചയം മാത്രമുണ്ടായിരുന്ന അക്കാലത്ത് ആ ചങ്ങാതിക്കൂട്ടം പാടിക്കേട്ടു മനഃപാഠമായതാണ്  അതിന്റെ വരികൾ.. വെസ്റ്റ് വെർജീനിയയുടെ പ്രകൃതിരമണീയതയെ ഗൃഹാതുരത്വത്തോടെ ഓർത്തുകൊണ്ടാണ് ആ പാട്ട് തുടങ്ങുന്നത്.

 
Almost heaven, West Virginia
Blue Ridge Mountains, Shenandoah River
Life is old there, older than the trees
Younger than the mountains, blowing like a breeze
 
“നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്” എന്ന പാട്ടു കേൾക്കുമ്പോൾ പ്രവാസി മലയാളികൾക്കുണ്ടാകുന്നതുപോലൊരു ആവേശവും ആർദ്രതയും അമേരിക്കക്കാരിൽ ഉണർത്തുന്ന പാട്ട്. വൃക്ഷനിബിഡതകൊണ്ട് നീലനിറമാർന്ന ബ്ലൂ റിഡ്ജ് പർവതനിര.. ഷെനൻഡോവ നദിയും ചരിത്രപ്രസിദ്ധമായ അതിന്റെ തീരദേശങ്ങളും.. മഹാവൃക്ഷങ്ങളേക്കാൾ പുരാതനമായ അവിടത്തെ മനുഷ്യസംസ്കാരം.. ഇളംകാറ്റൊഴുകുന്ന ആ തീരങ്ങളിലേയ്ക്കാണ് ഡെൻവർ പോകുന്നത്. കൂറ്റൻ ക്യാൻവാസുകളിൽ പ്രകൃതിവർണചിത്രങ്ങൾ വരച്ചിട്ട നാട്ടുവഴികളിലൂടെ..
 
Country roads, take me home
To the place I belong
West Virginia, mountain mama
Take me home, country roads
 
അമേരിക്കൻ സാഹിത്യവും ചരിത്രവും പ്രധാന പാഠ്യവിഷയങ്ങളായിരുന്നതുകൊണ്ട് അക്കാലത്ത് വെസ്റ്റ് വെർജീനിയയും മിസിസിപ്പിയുമൊക്കെ സങ്കൽപ്പങ്ങളിൽ പച്ചപിടിച്ചു തുടങ്ങിയിരുന്നു. അമേരിക്കയുടെ ആധുനിക നഗരങ്ങളും ഫലഭൂയിഷ്ടമായ പ്രകൃതിയും അക്ഷരങ്ങളിലൂടെ അത്രമേൽ പരിചിതമാകയാൽ ജോൺ ഡെൻവർ വികാരനിർഭരമായ ശബ്ദത്തിൽ അഭിസംബോധന ചെയ്യുന്ന ആ പർവതമുത്തശ്ശിയെ തൊട്ടടുത്തുകാണാൻ കഴിയുമായിരുന്നു. ഓരോകുറി പാട്ടുകേൾക്കുമ്പോഴും ആ ഗായകനൊപ്പം പിറന്ന നാട്ടിലേയ്ക്കു മടങ്ങിപ്പോകുമായിരുന്നു.
 
അമേരിക്കയുടെ സമൃദ്ധമായ നാടോടിസംഗീത പാരമ്പര്യത്തിന്റെ നേരവകാശികളിലൊരാളായി മാറിയ ജോൺ ഡെൻവർ 1943 ഡിസംബർ 31 ന് ന്യൂ മെക്സിക്കോയിലെ റോസ്വെല്ലിലാണ് ജനിച്ചത്. അച്ഛൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നതു കൊണ്ടാകണം ഒരു ഗഗനചാരിയാകാൻ എന്നും ഡെൻവർ കൊതിച്ചിരുന്നത‌്. മേഘങ്ങളോടും പക്ഷികളോടും സല്ലപിച്ചുകൊണ്ട് ഒറ്റയ്ക്കു പറക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. അത്തരമൊരു ഏകാന്തസഞ്ചാരമാണ് അദ്ദേഹത്തിന്റെ ജീവനപഹരിച്ച വിമാനാപകടത്തിൽ കലാശിച്ചതും. ഡെൻവറിന്റെ ജനപ്രിയ ഗാനങ്ങളൊന്നിന്റെ പേരുതന്നെ Leaving on a Jet Plane  എന്നാണ്.
 
കുട്ടിക്കാലത്തെപ്പൊഴോ മുത്തശ്ശി സമ്മാനിച്ച ഗിത്താറാണ് ഡെൻവറിലെ ഗായകനെ ഉണർത്തിയത്. മലകളെയും പുഴകളെയും വെയിലിനെയും നിലാവിനെയും തെളിവാനത്തെയുമെല്ലാം നിതാന്തവിസ്മയത്തോടെ നോക്കിക്കൊണ്ട് ഡെൻവർ പാടിക്കൊണ്ടിരുന്നു. സ്റ്റേഡിയങ്ങളിൽ തിങ്ങിനിറഞ്ഞ ആരാധകരും അമേരിക്കയിലെ എണ്ണമറ്റ റേഡിയോനിലയങ്ങളുടെ ലക്ഷക്കണക്കിനു ശ്രോതാക്കളും ലോകമെമ്പാടുമുള്ള സംഗീതപ്രേമികളും ആ പാട്ടുകൾ ഏറ്റുപാടിക്കൊണ്ടിരുന്നു. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ അന്ത്യത്തിലും എഴുപതുകളുടെ മധ്യത്തിലുമായി ഡെൻവർ പുറത്തിറക്കിയ ആൽബങ്ങളിൽ പലതും വൻ ഹിറ്റുകളായിരുന്നു. Country Roads നു പുറമേ,  Rocky Mountain High, Annie’s Song, Thank God I’m a Country Boy എന്നീ ആൽബങ്ങളും അവയിലുൾപ്പെടുന്നു. വെസ്റ്റ് വെർജീനിയ സംസ്ഥാനത്തിന്റെ നാല് ഔദ്യോഗിക ഗാനത്തിലൊന്നാണ് “കൺട്രി റോഡ്സ് ടേയ്ക്ക് മി ഹോം.” വെസ്റ്റ് വിർജീനിയ യൂണിവേഴ്സിറ്റിയുടെ തീം സോങ് കൂടിയാണിത്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ എൽവിസ് പ്രെസ്ലിയും അറുപതുകളിൽ ബീറ്റിൽസും നിറഞ്ഞുനിന്ന പാശ്ചാത്യസംഗീതലോകത്തെ എഴുപതുകളിൽ ജോൺ ഡെൻവർ കീഴടക്കുകയായിരുന്നു.
 
എല്ലാ ഗതകാലസ്മരണകളുടെയും സംഗമസ്ഥാനമായി ഡെൻവർ ആ മനോഹരമായ ഭൂപ്രദേശത്തെ വിശേഷിപ്പിക്കുന്നു. ഓർമകളുടെ മഞ്ഞണിനിലാവും കണ്ണുനീർത്തുള്ളിയുമാണ് വെസ്റ്റ് വെർജീനിയ.
 
All my memories gather round her
Miner’s lady, stranger to blue water
Dark and dusty, painted on the sky
Misty taste of moonshine, teardrop in my eye
 
യുവമിഥുനങ്ങളായ ബിൽ ഡാനോഫും റ്റാഫി നിവെർട്ടുമാണ് പാട്ടിന്റെ രചന തുടങ്ങിവച്ചത്. ഡെൻവർ അവരോടൊപ്പം ചേർന്ന് വെസ്റ്റ് വെർജീനിയയുടെ ഭൂപ്രകൃതിയെക്കുറിച്ചും മറ്റുമുള്ള ചില ഗവേഷണങ്ങൾക്കുശേഷം ഗാനം പൂർത്തീകരിക്കുകയായിരുന്നു. ഇത്രമേൽ ആർദ്രതയുള്ള ഈ പാട്ടൊരുക്കിയ മൂവരും ഒരിക്കൽപ്പോലും വെസ്റ്റ് വെർജീനിയ കണ്ടിട്ടുണ്ടായിരുന്നില്ലെന്നതാണ് യാഥാർഥ്യം. ഏതായാലും 1970 ഡിസംബറിൽ, അക്കാലത്ത് അത്രയൊന്നും പ്രശസ്തനല്ലാതിരുന്ന ഡെൻവർ സുഹൃത്തുക്കൾക്കൊപ്പം ഒരു സദസ്സിൽ ആദ്യമായി ഈ ഗാനം ആലപിച്ചപ്പോൾ സദസ്സ്യർ ഒന്നടങ്കം എഴുന്നേറ്റുനിന്ന് അഞ്ചുമിനിറ്റോളം കൈയടിച്ചു. അഞ്ചു പതിറ്റാണ്ടുകൾക്കിപ്പുറവും ആ ഹർഷാരവം മുഴങ്ങിക്കേൾക്കുന്നു.
നിനച്ചിരിക്കാത്ത നിമിഷങ്ങളിൽ പോയകാലത്തെ ഓർമിപ്പിക്കുന്ന റേഡിയോ എന്ന സംഗീതമാസ്മരികതയ്ക്ക‌് പ്രണാമമർപ്പിച്ചുകൊണ്ടാണ് ഡെൻവറുടെ അനശ്വരമായ സഞ്ചാരഗീതം അവസാനിക്കുന്നത്.
 
I hear her voice, in the morning hour she calls me
The radio reminds me of my home far away
And driving down the road I get a feeling
That I should have been home yesterday, yesterday..

 


പ്രധാന വാർത്തകൾ
 Top