11 December Wednesday

റോക്ക്, മെറ്റല്‍ സംഗീതത്തിര തീര്‍ത്ത് ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിവലിന് സമാപനം

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

ഐഐഎംഎഫിൽ നെതർലാൻഡ്‌സ് ഹെവി മെറ്റൽ ബാൻഡ് മാർടൈറിന്റെ പ്രകടനത്തിൽ നിന്ന്

തിരുവനന്തപുരം > സംഗീത പ്രേമികളെ ആഘോഷത്തിമിര്‍പ്പിലാക്കി ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിവലിന്റെ (ഐഐഎംഎഫ്) മൂന്നാം പതിപ്പിന് കോവളം വെള്ളാറിലെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ സമാപനം. ആറ് രാജ്യങ്ങളില്‍ നിന്നായി 17 മ്യൂസിക്ക് ബാന്‍ഡുകളാണ് ഐഐഎംഎഫിന്റെ വേദിയിലെത്തിയത്.

ആഫ്രിക്കയിലെ ലിത്വാനിയയില്‍ നിന്നുള്ള ആഫ്രോഡെലിക്കും വനിതകളുടെ ബാന്‍ഡായ വൈല്‍ഡ് വൈല്‍ഡ് വുമണുമടക്കം സംഗീതപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന അവതരണങ്ങള്‍ക്ക് അവസാന ദിവസം ഐഐഎംഎഫ് വേദിയൊരുക്കി. ദി യെല്ലോഡയറി, പരിക്രമ, അസല്‍കൊലാര്‍, 43 മൈല്‍സ് തുടങ്ങിയ ബാന്‍ഡുകളും അരങ്ങ് കൊഴുപ്പിച്ചു. സംഗീതത്തിലൂടെയും കലയിലൂടെയും കഥപറച്ചിലിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ ശ്രദ്ധ നേടിയ ബെംഗളൂരുവിലെ സ്ത്രീ കൂട്ടായ്മയായ വൈല്‍ഡ് വൈല്‍ഡ് വുമണിന്റെ പ്രകടനവും കാണികളുടെ കൈയടി നേടി.

നെതര്‍ലാന്‍ഡ്‌സ് പവര്‍ മെറ്റല്‍ ബാന്‍ഡ് മാര്‍ടൈര്‍, ഡെന്‍മാര്‍ക്കില്‍ നിന്നുള്ള കോള്‍ഡ് ഡ്രോപ്പ് എന്നിവ യൂറോപ്യന്‍ വന്‍കരയെ പ്രതിനിധീകരിച്ച് ഐഐഎംഎഫ് വേദിയിലെത്തി. മെക്‌സിക്കന്‍ ബാന്‍ഡായ ഡീര്‍എംഎക്‌സ്, ന്യൂസിലാന്‍ഡില്‍ നിന്നുള്ള ബ്ലൂസ്-റോക്ക് ബാന്‍ഡ് ലേസി ഫിഫ്റ്റി എന്നിവ രണ്ടാം ദിനം വേദിയിലെത്തി. കേരള ഫോക്ക്-റോക്ക് ബാന്‍ഡായ കുലം, ഇന്ത്യന്‍ ബാന്‍ഡ് ഗബ്രി എന്നിവയുടെ തത്സമയ പ്രകടനവും ഉണ്ടായിരുന്നു. ഗായിക പ്രാര്‍ഥന ഇന്ദ്രജിത്തിന്റെ മ്യൂസിക് ആല്‍ബമായ 'ഐ റോട്ട് ദിസ് ഓണ്‍ എ റെയ്‌നി നൈറ്റി'ന്റെ സോഫ്റ്റ് ലോഞ്ചും ഐഐഎംഎഫില്‍ നടന്നു. വിവിധ ഭാഷകളിലുള്ള മെറ്റല്‍, ഹാര്‍ഡ്‌റോക്ക്, റോക്ക് ടു ഹിപ്-ഹോപ്പ്, ഫോക്ക്, ബ്ലൂസ്, ഇഡിഎം സംഗീതമാണ് ബാന്‍ഡുകള്‍ ഐഐഎംഎഫിലെ ആസ്വാദകര്‍ക്കു മുന്നിലെത്തിച്ചത്. തിരുവനന്തപുരത്തെ ബാന്‍ഡായ ഡിഐവൈ ഡിസ്റപ്ഷന്റെ അവതരണത്തോടെയാണ് മേള ആരംഭിച്ചത്.

കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജും ലേസി ഇന്‍ഡി മാഗസിനും സംയുക്തമായിട്ടാണ് ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചത്. ലൈവ് മ്യൂസിക്ക്, ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ്, ഓണ്‍സൈറ്റ് ക്യാമ്പിംഗ്, വര്‍ക്ക്ഷോപ്പുകള്‍ എന്നിവയായിരുന്നു ഫെസ്റ്റിവെലിലെ ശ്രദ്ധേയ വിഭാഗങ്ങള്‍.     ഫെസ്റ്റിവെലിന്റെ ഭാഗമായി ആഭരണ നിര്‍മാണം, മണ്‍പാത്ര നിര്‍മ്മാണം, ഹാന്‍ഡ് ലൂം, കളരിപ്പയറ്റ്, ബീച്ച് യോഗ, മെഡിറ്റേഷന്‍ എന്നിവ പരിശീലിക്കുന്നതിനായി ക്യാമ്പിംഗ് സൗകര്യങ്ങളും ശില്‍പശാലകളും ക്രാഫ്റ്റ് വില്ലേജില്‍ സംഘടിപ്പിച്ചു. കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിലെ തത്സമയ കലാ-കരകൗശല പ്രദര്‍ശനവും തിങ്കളാഴ്ച വരെ ക്രാഫ്റ്റ് വില്ലേജ് കാമ്പസില്‍ ഓണ്‍സൈറ്റ് ക്യാമ്പിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കേരള ടൂറിസം വകുപ്പിന് വേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (യുഎല്‍സിസിഎസ്) രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് കോവളത്തെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് (കെഎസിവി). കരകൗശല പാരമ്പര്യങ്ങള്‍ക്ക് പുറമെ, സാഹിത്യ-ചലച്ചിത്ര മേളകള്‍, കലാ പ്രദര്‍ശനങ്ങള്‍, ഡിസൈന്‍ ശില്‍പശാലകള്‍, മ്യൂസിക്‌ഷോകള്‍, ഹാക്കത്തോണുകള്‍, ഫുഡ് ഫെസ്റ്റിവലുകള്‍, ഫ്ലീമാര്‍ക്കറ്റുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്ന സാംസ്‌കാരിക വിനിമയ കേന്ദ്രം കൂടിയാണ് കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ്.



ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിവെലിന്റെ (ഐ.ഐ.എം.എഫ്) സമാപന ദിവസം മലയാളി ബാന്‍ഡ് 43 മൈല്‍സിന്റെ പ്രകടനത്തില്‍ നിന്ന്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top