23 September Saturday

ഉള്ളടക്കത്തിനാണ്‌ സംഗീതം ചെയ്യുന്നത്‌

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Sep 3, 2023

ഹൃദയത്തിലെ പാട്ടുകളിലൂടെ സംഗീത ആസ്വാദകരുടെ മനംകവർന്ന ഹിഷാം അബ്ദുൾ വഹാബ് കേരളത്തിന്റെ അതിരുകൾ താണ്ടി  സംഗീതയാത്ര തുടരുകയാണ്‌. വെള്ളിയാഴ്‌ച തിയറ്ററിലെത്തിയ മൂവി മൈക്കേഴ്‌സിന്റെ വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന മൈത്രി ശിവ നിർവാണ ‘ഖുഷി’യിലൂടെ തെലുങ്കിലും അരങ്ങേറി. ‘ദർശന’ തുറന്നിട്ട വഴികളിലൂടെ ഖുഷിയിലെത്തി. ചാർട്ട്ബസ്റ്ററായി മാറിയ ഖുഷിയിലെ പാട്ടുകൾ മലയാളിയുടെ പ്രിയപ്പെട്ട ഹിഷാമിനെ തെന്നിന്ത്യയുടെ പ്രിയപ്പെട്ടവനാക്കി. പുതിയ മലയാള ചിത്രം ശേഷം ‘മൈക്കിൾ ഫാത്തിമ’യിൽ ഗായകനായി അനിരുദ്ധ്‌ എത്തി. തന്റെ പാട്ടുവഴികളെക്കുറിച്ച്‌ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് സംസാരിക്കുന്നു:

ഹിഷാം അബ്ദുൾ വഹാബ്

ഹിഷാം അബ്ദുൾ വഹാബ്

ദർശന നൽകിയ അവസരം

ഹൃദയത്തിലെ ദർശന എന്ന ഒറ്റപ്പാട്ടാണ്‌ എന്നെ ഖുഷിയുടെ ഭാഗമാക്കിയത്‌. അതിന്‌ വിനീത്‌ ശ്രീനിവാസനോട്‌ നന്ദിയുണ്ട്‌. സംവിധായകൻ ശിവ നിർവാണ ദർശന കേട്ട്‌, ശേഷം സിനിമ മുഴുവൻ കണ്ടു. അതിനുശേഷമാണ്‌ എന്നെ വിളിച്ചത്‌. പാട്ട്‌ മാത്രം പോരല്ലോ പശ്ചാത്തല സംഗീതവും നോക്കണമല്ലോ. നിർദേശങ്ങൾ നൽകുമ്പോൾ ശിവ ഹൃദയത്തിലെ ചില രംഗങ്ങൾ റഫറൻസായി പറഞ്ഞു. ആ രംഗം ഇഷ്ടമാണ്‌ എന്നെല്ലാം. നമ്മൾ ചെയ്‌ത സിനിമയിൽനിന്നുതന്നെ നിർദേശം നൽകുമ്പോൾ അത്‌ വലിയ സന്തോഷമാണ്‌. ഹൃദയം പ്രദർശനത്തിന്‌ എത്തി ഒരു മാസം കഴിഞ്ഞാണ്‌ ഖുഷിയിലേക്ക്‌ വിളി വന്നത്‌. പുഷ്‌പ ഇറങ്ങിയ സമയമാണ്‌. മൈത്രിയാണ്‌ നിർമാണം, വിജയ്‌ ദേവരകൊണ്ട, സാമന്ത ഒക്കെയുള്ള സിനിമയാണ്‌ എന്നും പറഞ്ഞു. അടുത്ത ദിവസംതന്നെ ഒരു പാട്ട്‌ ചെയ്യണം എന്നായിരുന്നു ആവശ്യം. അതൊരു നിമിത്തമായാണ്‌ കാണുന്നത്‌. ‘നാ റോജാ നുവ്വേ’ എന്ന പാട്ടാണ്‌ ആദ്യം ചെയ്‌തത്‌. ആ പാട്ടാണ്‌ ആദ്യം ആളുകളെ വലിയ രീതിയിൽ സിനിമയിലേക്ക്‌ ആകർഷിച്ചത്‌. പിന്നീട്‌ ‘ആരാധ്യ’ ചെയ്‌തു. 

ആദ്യം പേടിയായിരുന്നു

ഒരു സംഗീതജ്ഞന്റെ സിനിമാജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്‌ മറ്റു ഭാഷകളിൽ സംഗീതം ചെയ്യുക എന്നത്‌. അതിന്റെ ഗുണങ്ങളും പ്രശ്‌നങ്ങളുമുണ്ട്‌. മലയാളത്തിൽനിന്ന്‌ വളരെ വ്യത്യസ്തമായ രീതിയാണ്‌ തെലുങ്കിലേത്. തുടക്കത്തിൽ അതിന്റെ ബുദ്ധിമുട്ടുകളും ധൈര്യമില്ലായ്‌മയുമൊക്കെ ഉണ്ടായിരുന്നു. സംഗീതം ആഘോഷിക്കുന്ന ഒരു രീതിയാണ്‌ തെലുങ്കിൽ. അതിലേക്ക്‌ എത്തുകയെന്നത്‌ എളുപ്പമല്ല. നമ്മൾ ചെയ്യുന്നത്‌ അവർക്ക്‌ ഇഷ്ടപ്പെടുമോ ശരിയാകുമോ എന്നൊക്കെ പേടി തോന്നിയിരുന്നു. മലയാളത്തിൽ പാട്ട്‌ ചെയ്‌താൽമാത്രം മതി, പ്രേക്ഷകരുടെ പ്രതികരണമൊന്നും നോക്കേണ്ട. അടുത്തു ചെയ്‌ത മധുര മനോഹര മോഹമായാലും ഒക്കെ അങ്ങനെയായിരുന്നു. പക്ഷേ, തെലുങ്കിന്റെ സിനിമാ രീതി അങ്ങനെയല്ല. വരികൾ നോക്കും, സംഗീതമൊക്കെ വിമർശിക്കപ്പെടും. 

മാറ്റങ്ങൾ വരുത്താൻ തയ്യാറാകണം

സംഗീതം ചെയ്യുമ്പോൾ ആദ്യം സംവിധായകന്‌ ഇഷ്ടപ്പെടണം. അതിനാണ്‌ പ്രാധാന്യം നൽകുന്നത്‌. തെലുങ്കിൽ നിർമാതാവ്‌, അഭിനേതാക്കൾ ഇവരുടെയെല്ലാം അഭിപ്രായങ്ങളും നിർദേശങ്ങളുമുണ്ടാകും. തെലുങ്ക്‌ സിനിമയുടെ വ്യാപ്‌തി അത്ര വലുതാണ്‌. അതിനാൽതന്നെ എല്ലാവരെയും ആകർഷിക്കുന്ന രീതിയിലാകണം പാട്ടുകൾ. നമ്മൾ ചെയ്യുന്ന സംഗീതത്തിൽ തിരുത്തലുകൾ, മാറ്റങ്ങൾ ഒക്കെ വരുത്താൻ മാനസികമായി തയ്യാറായി നിൽക്കണം. ‘നാ റോജാ നുവ്വേ’ പാട്ടിൽ മണിരത്നം സിനിമകളുടെ പേരുകൾ വരികളിൽ ഉപയോഗിച്ചിട്ടുണ്ട്‌. അതിനെക്കുറിച്ച്‌ സംവിധായകൻതന്നെ വരി എഴുതിയതിനെക്കുറിച്ചെല്ലാം എങ്ങനെയാണ്‌ പ്രതികരമെന്ന ചിന്ത ഉണ്ടായിരുന്നു. സിദ് ശ്രീറാമാണ്‌ പാട്ട്‌ പാടിയത്‌. അദ്ദേഹത്തിന്റെ പ്രേക്ഷകർ എങ്ങനെയാണ്‌ സ്വീകരിക്കുക എന്നൊക്കെ ആലോചിച്ചു. കുറെയധികം നടന്മാരും പലതരം പ്രേക്ഷകരുമാാണ്‌ ഇവിടെ. സംവിധായകൻ അഞ്ചാമത്തെ പാട്ട്‌ ഒരു പാർട്ടി സോങ്‌ ആണെന്ന്‌ പറഞ്ഞിരുന്നു. അത്‌ ഈ സിനിമയിൽ ശരിയാകുമോയെന്ന്‌ തോന്നി. എന്നാൽ, പ്രേക്ഷകർ അവിടെ അങ്ങനെ ഒരെണ്ണം ആഗ്രഹിക്കും എന്നാണ്‌ സംവിധായകൻ പറഞ്ഞത്‌. ഇങ്ങനെ കുറെ സാങ്കേതിക കാര്യങ്ങൾ മനസ്സിലാക്കാനായി.

ഭാവനയിൽ രംഗങ്ങൾ കാണും

2015ൽ സാൾട്ട്‌ മാംഗോ ട്രീ എന്ന സിനിമയിലാണ്‌ ആദ്യമായി സംഗീത സംവിധായകനായത്‌. ആ നിമിഷംമുതൽ ഇന്നുവരെ സിനിമയുടെ ഉള്ളടക്കത്തിനു വേണ്ടിയാണ്‌ ഞാൻ സംഗീതം ചെയ്യുന്നത്‌. ഇത്ര പാട്ടുകൾ വേണം, ഇതാണ്‌ സാഹചര്യം, ഇതെല്ലാമാണ്‌ ആവശ്യം എന്നതു വച്ചാണ്‌ സംഗീതം ഒരുക്കുന്നത്‌. ഖുഷിയിലും അങ്ങനെതന്നെയാണ്. നല്ല ഉള്ളടക്കമാണെങ്കിൽ നല്ല സംഗീതം ചെയ്യാനാകും. സിനിമയുടെ സാഹചര്യത്തിൽനിന്നുകൊണ്ട്‌ എന്ത്‌ വ്യത്യസ്തമായി ചെയ്യാനാകും എന്നതിനാണ്‌ ശ്രമിക്കുന്നത്‌. അതിനാണ്‌ സ്വപനം കാണുന്നത്‌. നമ്മുടെ ഭാവനയിൽ കാണുന്ന രംഗങ്ങൾക്ക്‌ അനുസരിച്ചാണ്‌ സംഗീതം ഒരുക്കുന്നത്‌. ഖുഷിയുടെ ടീസർ ചെയ്‌തത്‌ സംവിധായകൻ ശിവ ഫോണിലൂടെ പറഞ്ഞ രംഗങ്ങൾ മനസ്സിൽ നിർമിച്ചെടുത്താണ്‌. സംഗീത സംവിധായകർ, എഡിറ്റർ അടക്കം എല്ലാ സാങ്കേതിക പ്രവർത്തകരിലും ഒരു സംവിധായകനുണ്ട്‌. പാട്ടിനിടയിൽ സംഭാഷണം വേണോ, രംഗങ്ങൾ വേണമോ, സിനിമയിൽ പാട്ട്‌ മുഴുവൻ ഉപയോഗിക്കണോ, ചരണംമാത്രം മതിയോ എന്നതെല്ലാം സംവിധായകന്റെ തീരുമാനമാണ്‌. ആ തീരുമാനത്തെ മാനിക്കണം. 

മനസ്സിൽ അനിരുദ്ധ്‌

ശേഷം മൈക്കിൾ ഫാത്തിമയിൽ അനിരുദ്ധിനെക്കൊണ്ട്‌ പാട്ട്‌ പാടിക്കാനായത്‌ വളരെ ആവേശം നൽകിയ കാര്യമായിരുന്നു. അത്‌ യാദൃച്ഛികമായി സംഭവിച്ചതാണ്‌. പാട്ട്‌ ഒരുക്കുമ്പോൾ അനിരുദ്ധിന്റെ ശബ്ദം മനസ്സിലുണ്ടായിരുന്നു. പക്ഷേ, അത്‌ എങ്ങനെ സാധ്യമാകുമെന്ന്‌ ചിന്തിച്ചിരുന്നില്ല. സംവിധായകൻ മനുവിനോട്‌ അതിനെക്കുറിച്ച്‌ സംസാരിച്ചു. നിർമാതാവിനോടും പറഞ്ഞു. അവർ അനിരുദ്ധിനോട്‌ സംസാരിക്കാമെന്ന്‌ പറഞ്ഞു. ജയിലർ, ജവാൻ സിനിമകളുടെ ജോലി നടക്കുന്ന സമയമായിരുന്നു. ചെന്നൈയിലെ അനിരുദ്ധിന്റെ സ്റ്റുഡിയോയിൽ പോയാണ്‌ ഞാനും ഗാനരചയിതാവ്‌ സുഹൈലും അനിരുദ്ധിനെ കാണുന്നത്‌. അവിടെ വച്ചുതന്നെയാണ്‌ പാട്ട്‌ റെക്കോഡ്‌ ചെയ്‌തതും. എന്റെ സംഗീത ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വളരെ വലിയൊരു കാര്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top