19 November Tuesday

'ഹെലന്‍' ആയി 'കുമ്പളങ്ങി നൈറ്റ്‌സി'ലെ ബേബിമോള്‍; ചിത്രത്തിലെ 'പൊന്‍ താരമേ' എന്ന ഗാനം പുറത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2019

"കുമ്പളങ്ങി നൈറ്റ്‌സി'ലെ 'ബേബിമോള്‍' എന്ന കഥാപാത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'ഹെലന്‍'. ചിത്രത്തിലെ 'പൊന്‍ താരമേ' എന്ന ഗാനം യൂട്യൂബില്‍ റീലിസ് ചെയ്തു. വീഡിയോയില്‍ അച്ഛന്‍ മകള്‍ ബന്ധം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അച്ഛനായി ലാലും മകളായി അന്ന ബെനും എത്തുന്നു. അന്ന ബെന്നും നോബില്‍ ബാബു തോമസുമായിയുളള പ്രണയ നിമിഷങ്ങളും വിഡീയോയില്‍ കാണാം.

ഷാന്‍ റഹ്മാന്റെ സംഗീതത്തിന് ലിറിക്‌സ് വിനായക് ശശികുമാര്‍ നിര്‍വഹിച്ചിരിക്കുന്നു. നേരത്തെ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് നിര്‍മ്മിക്കുന്നത്.

അടുത്തിടെ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. തരംഗമായ ആദ്യ പോസ്റ്ററിന് പിന്നാലെയാണ് സിനിമയുടെ പുതിയ ഗാനം ഇറങ്ങിയിരിക്കുന്നത്. ആനന്ദത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന സിനിമ കൂടിയാണിത്.

'ദി ചിക്കന്‍ ഹബ്ബ്' എന്ന പേരിലുളള റസ്‌റ്റോറന്റിലെ വെയ്ട്രസ് ആണ് അന്നയുടെ കഥാപാത്രം. ലാല്‍ പോള്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സംവിധായകനൊപ്പം ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ കൂടി ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുളള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. നവംമ്പര്‍ 29 ന് ചിത്രം തീയറ്ററുകളില്‍ എത്തും.


പ്രധാന വാർത്തകൾ
 Top