01 October Sunday

ഉചിതമായ തീരുമാനം; മാതൃകാപരവും: എസ് ജാനകി പാട്ടുനിര്‍ത്തുന്നതിനെപ്പറ്റി ജി വേണുഗോപാല്‍

ജി വേണുഗോപാല്‍Updated: Thursday Sep 22, 2016

ജാനകിയമ്മ പാട്ട് നിര്‍ത്തുന്നുവെന്ന വാര്‍ത്ത ശരിയാണെങ്കില്‍ അതൊരു നല്ല തീരുമാനമാണ്. നാലഞ്ചു പ്രാവശ്യമെങ്കിലും ഞാന്‍ ജാനകിയമ്മയ്ക്കൊപ്പം റെക്കോര്‍ഡിങ്ങുകള്‍ക്കും സ്റ്റേജിലും പാടിയിട്ടുണ്ട്. അപ്പോഴെല്ലാം അവര്‍ അവരുടെ ആരോഗ്യത്തെപ്പറ്റി വളരെ ആശങ്കയോടെയാണ് സംസാരിച്ചിരുന്നത്. ഏറെ ശ്രദ്ധേയമായ മൂടല്‍മഞ്ഞിലെ "ഉണരൂ വേഗം നീ', "മാനസമണിവേണുവില്‍' പോലെയുള്ള പാട്ടുകള്‍ പാടിയിരുന്നകാലത്തുപോലും ഒരുപാട് ആരോഗ്യശ്രദ്ധ വേണ്ടിവന്നിരുന്നതായി അവര്‍ പറയാറുണ്ടായിരുന്നു. വല്ലാത്തവിഷമം അനുഭവിച്ചുകൊണ്ടാണ് എപ്പോഴും പാടിയിരുന്നത്്. മരുന്നുകഴിച്ചും ആവിപിടിച്ചും ഒരുങ്ങിയാണ് പാട്ടിനെത്തിയിരുന്നത്. അവാര്‍ഡ് ചടങ്ങുകള്‍ക്കും മറ്റും ക്ഷണിക്കുമ്പോള്‍  നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് എന്തെങ്കിലും പരിപാടിക്ക് വരാന്‍ വലിയ പ്രയാസമാണെന്ന് അവര്‍ പറയും. കൂടുതലും ആരോഗ്യകാരണങ്ങളാകാം അവരെ പാട്ടില്‍നിന്ന് പിന്തിരിപ്പിച്ചിരിക്കുന്നത്.
 
പ്രായംകൂടുന്നതനുസരിച്ച് നമ്മുടെ തൊണ്ട ക്ഷീണിക്കുകയാണെന്നതും അംഗീകരിച്ചേ മതിയാകൂ. 78 വയസ് എന്ന് പറയുമ്പോള്‍ 90 ശതമാനത്തിലേറെ ജീവിതം പിന്നിട്ട് കഴിഞ്ഞുവെന്നര്‍ഥം. ഗായകന്റെ കാര്യത്തില്‍ അയാളുടെ 20 വയസുമുതല്‍ പാട്ടുകള്‍ 30 വയസുവരെയുള്ള പാട്ടുകള്‍ 40 വയസുവരെയുള്ള പാട്ടുകള്‍ എന്നൊക്കെ പാട്ടുകളെ വേര്‍തിരിക്കേണ്ടിവരും. 20–25 വര്‍ഷമാണ് സാധാരണ ഒരു കലാകാരന് നിറഞ്ഞുനില്‍ക്കാവുന്ന കാലം. പഴയഗായകര്‍ അതിനൊക്കെ എത്രയോ അപ്പുറം പാടിയിരിക്കുന്നു. എസ് ജാനകി പാടിയത് 60 വര്‍ഷമാണ്. ശരീരത്തിലെ ഏറ്റവും ചെറിയ അവയവങ്ങളിലൊന്നായ വോക്കല്‍കോഡിനെ വളരെയേറെ ആയാസപ്പെടുത്തിയിട്ടാണ് ഇത്രയും കാലം ജോലിചെയ്തിട്ടുള്ളത്. ഇനി നിര്‍ത്തണമെന്ന് തോന്നുന്നത് തികച്ചും സ്വാഭാവികം.

സംഗീതക്കച്ചേരിയ്ക്കായി പാടുമ്പോള്‍ പാട്ടിനെ ഗായകന്റെ/ഗായികയുടെ അന്നത്തെ ശബ്ദസൌകര്യത്തിനനുസരിച്ച് ക്രമീകരിച്ചാണ് പാടുന്നത്. ഒരു ഗാനം റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അത് കഴിയില്ല. സംഗീതസംവിധായകനുവേണ്ടിയാണ് പാടുന്നത്. അദ്ദേഹം ആവശ്യപ്പെടുന്ന ശ്രുതിക്കനുസരിച്ച് പാടേണ്ടിവരും. ഓരോ ഗായകര്‍ക്കും ഓരോ റേയിഞ്ചിലുള്ള ഗാനങ്ങളായിരിക്കും തയ്യാറാക്കിയിരിക്കുന്നത്. ഇതൊക്കെ പാടി അവരെ തൃപ്തിപ്പെടുത്തേണ്ടിവരും. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂടുതല്‍ അ്വാനം വേണ്ടിവരും.

തെന്നിന്ത്യന്‍ സംഗീതമേഖല അതിന്റെ ഏറ്റവും ഉന്നതിയില്‍ ആയിരുന്ന കാലത്ത് പാടിയവരാണ് എസ് ജാനകിയും മറ്റും. ആ കാലത്തുണ്ടായിരുന്ന മിക്ക സംഗീതസംവിധായകരോ സഹഗായകരോ സാങ്കേതിക വിദഗ്ധരോ ഇന്നില്ല. അവര്‍ പാടിയിരുന്ന തരം ഗാനങ്ങള്‍ ഇന്നില്ല. റെക്കോര്‍ഡിങ്ങ് രീതികളില്ല. ഹാര്‍ഡ്‌വേയര്‍ മാത്രം ഗാനം നിര്‍ണയിച്ചിരുന്ന കാലത്തുനിന്ന് സോഫ്റ്റ്‌വെയറിലേക്ക് ഗാനശബ്ദലേഖന മേഖല മാറി. ഇതിനോടൊക്കെ പൊരുത്തപ്പെട്ട് പാടുക പഴയ തലമുറക്ക് എളുപ്പമല്ല. ഇതെല്ലാം അവരെ ബുദ്ധിമുട്ടിക്കുന്നുണ്ടാവാം. കുടുംബപരമായ സവിശേഷമായ പ്രയാസങ്ങളുമുണ്ടാവാം.

അത് എന്തുതന്നെ ആയാലും സ്വന്തം ശബ്ദവും പാട്ടും പഴയ മികവ് പുലര്‍ത്തുന്നില്ല എന്ന തിരിച്ചറിവോടെ അവരെടുത്ത തീരുമാനമാണ് ഇനി പാടേണ്ട എന്നതെങ്കില്‍ അത്  തീര്‍ച്ചയായും സ്വാഗതാര്‍ഹമായ കാര്യമാണ്.

പ്രായം ഒരു പ്രശ്നം തന്നെയാണ്. തലമുറകള്‍ മാറുന്നു, പാട്ടുകള്‍ മാറുന്നു. ആ പാട്ടുകള്‍ക്ക് ആവശ്യമായ ശബ്ദങ്ങള്‍ മാറുന്നു. അത്തരം പാട്ടുകളും ശബ്ദങ്ങളും തെരഞ്ഞെടുക്കാന്‍ അതിന്റെ സ്രഷ്ടാക്കള്‍ക്ക് സ്വാതന്ത്യ്രവുമുണ്ട്. അത് അംഗീകരിച്ചേ തീരൂ.

അഭിനയംപോലെയല്ല സംഗീതം. അഭിനയത്തില്‍ പ്രായമായാലും യുവനായകനായേ അഭിനയിക്കൂ എന്നൊരാള്‍ക്ക് വാശി പിടിക്കാം. അല്ലെങ്കില്‍ അമിതാബച്ചനെപോലെ പ്രായാനുസൃതമായറോളുകള്‍ സ്വീകരിച്ച് മാന്യത പുലര്‍ത്താം. എന്നാല്‍ പ്രായമായൊരു ശബ്ദത്തെ അതുപോലെ ഉപയോഗിക്കാന്‍ കഴിഞ്ഞെന്നുവരില്ല. പ്രായമായവര്‍ വൃദ്ധര്‍ക്കുവേണ്ടിയുള്ള ഗാനങ്ങള്‍ പാടിയാല്‍ മതി എന്നു തീരുമാനിക്കാന്‍ ആവില്ലല്ലോ. അതുകൊണ്ട് ജാനകിയമ്മയുടേത് തീര്‍ച്ചയായും ഉചിതമായ തീരുമാനം; മാതൃകാപരവും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top