17 September Tuesday

അമ്മ അമ്മയാവണം

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Sep 1, 2024

നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ അഭിനേതാവായി അശോകനുണ്ട്‌. ഇക്കാലമത്രയും മനസ്സിൽ സൂക്ഷിച്ച ഒരു സ്വപ്നം ഇപ്പോൾ യാഥാർഥ്യമായി. സിനിമയിൽ പാട്ട്‌ പാടണമെന്ന ആഗ്രഹം ‘പാലും പഴവും’ എന്ന ചിത്രത്തിലൂടെ സാധ്യമാക്കി. പരിപാടികളിലെല്ലാം പാടാറുള്ള അദ്ദേഹം പക്ഷേ സിനിമയിലൊരു പാട്ട്‌ പാടാൻ ഏറെ കാലം കാത്തിരുന്നു. ‘കാടു ചുറ്റി’ എന്ന പാട്ടിലൂടെ ആഗ്രഹം സാക്ഷാൽക്കരിച്ചതിന്റെ ത്രില്ലിൽകൂടിയാണ്‌ അശോകൻ.
പത്മരാജനിൽ തുടങ്ങി ലിജോ ജോസ് പെല്ലിശേരിവരെ പല ഘട്ടങ്ങളിൽ മലയാള സിനിമയുടെ അടയാളമായ പ്രധാന സംവിധായകരല്ലാം അശോകന് വേഷം കരുതിയിരുന്നു. സിനിമ ജീവിതംകൂടിയാണ് അശോകന്‌. തന്റെ സിനിമാ യാത്രയെക്കുറിച്ച് സംസാരിക്കുന്നു.

വലിയൊരു നിമിഷം


സിനിമയിൽ പാട്ട്‌ പാടുക എന്നത്‌ ഒരു ത്രില്ലിങ് അനുഭവമായിരുന്നു. സിനിമയിൽ വന്ന കാലംമുതൽ മനസ്സിൽ സൂക്ഷിച്ചിരുന്ന ആഗ്രഹമാണ്‌. ‘പാലും പഴവും’ സിനിമയുടെ സെറ്റിൽ ഇരിക്കുമ്പോൾ പാട്ടുകളെക്കുറിച്ച്‌ ഒക്കെ സംസാരമുണ്ടായി. അഞ്ച്‌ പാട്ടുണ്ട്‌ എന്നെല്ലാം സംവിധായകൻ വി കെ പ്രകാശ്‌ പറഞ്ഞു. നിങ്ങൾക്ക്‌ ഒരു പാട്ട്‌ പാടിക്കൂടേ എന്നും ചോദിച്ചു. തേടിയ വള്ളി കാലിൽ ചുറ്റി. സെറ്റിൽവച്ച്‌ അവിചാരിതമായി സംഭവിച്ചതാണ്‌. സിനിമ ഫാമിലിയായി തിയറ്ററിൽ പോയി കണ്ടു. അത്‌ വലിയൊരു നിമിഷമായിരുന്നു.

മമ്മുക്കയുടെ ചോദ്യം

ബാബു തിരുവല്ല സംവിധാനംചെയ്‌ത ‘മനസ്സ്‌’  സിനിമയ്‌ക്കായി സംഗീതം ഒരുക്കി. കോവിഡ്‌ കാലത്തായിരുന്നു അത്‌. ജയചന്ദ്രനും ശ്രീകുമാരൻ തമ്പിയുമെല്ലാം അതിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ വർഷം ചിത്രം യുട്യൂബിൽ റിലീസായി. സംഗീത സംവിധായകൻ ആകുകയെന്നത്‌ പിന്നീട്‌ മനസ്സിലേക്ക്‌ വന്ന കാര്യമാണ്‌. പാട്ട്‌ പാടാനായിരുന്നു ആദ്യംമുതലേ ആഗ്രഹം. സിനിമയിൽ പാടുകയെന്നത്‌ പല പ്രാവശ്യവും നടക്കാതെ പോയ ആഗ്രഹമാണ്‌. മമ്മുക്കതന്നെ ചോദിച്ചിട്ടുണ്ട്‌ ‘നിനക്ക്‌ നീ അഭിനയിക്കുന്ന സിനിമയിൽ പാട്ട്‌ ചോദിച്ച് പാടിക്കുടേ’ എന്ന്‌. അപ്പോൾ അത്‌ കാര്യമാക്കിയില്ല. പിന്നീട്‌ അത്‌ ശരിയാണല്ലോ എന്ന്‌ തോന്നിയിട്ടുമുണ്ട്‌. എന്നാൽ, ചോദിച്ച്‌ വാങ്ങി ചെയ്യുക എന്നത്‌ എന്റെ പ്രകൃതമല്ല. എം ജി രാധാകൃഷ്ണനൊപ്പം തിരുവനന്തപുരം ഓൾ ഇന്ത്യ റേഡിയോയിൽ പരിപാടി ചെയ്‌തിട്ടുണ്ട്‌. അപ്പോൾ അദ്ദേഹവും സിനിമയിൽ അവസരം ചോദിച്ച്‌ പാടാല്ലോ എന്ന്‌ പറഞ്ഞിട്ടുണ്ട്‌. എന്നാൽ, അതെല്ലാം അന്ന്‌ നിസ്സാരമായി കളഞ്ഞു. അതിന്‌ താൽപ്പര്യം എടുത്തില്ല
എന്നതാണ്‌ സത്യം.

കോവിഡ്‌ ഉണ്ടാക്കിയ മാറ്റം


ജീവിതം ഒരു യാത്രയാണ്‌. സിനിമ അതിന്റെയൊരു ഭാഗവുമാണ്‌. ഇതിലൂടെ ഒരുപാട്‌ കാര്യങ്ങൾ കാണാനും അനുഭവിക്കാനും കഴിഞ്ഞു. ജീവിതത്തിൽ സന്തോഷവും വിഷമവുമെല്ലാം ഉണ്ടാകും. സിനിമയിൽ അത്‌ കൂടുതലായിരിക്കും. പലതരം ആളുകളെ പരിചയപ്പെടാനും പഠിക്കാനുമുള്ള സാഹചര്യവും സന്ദർഭവും ഉണ്ടായി. പലതരം ബുദ്ധിമുട്ടുകൾ താണ്ടിയാണ്‌ കടന്നുവന്നത്‌.  കോവിഡ്‌ ആൾക്കാരിൽ ഒരുപാട്‌ മാറ്റങ്ങൾ ഉണ്ടാക്കി. ചിന്താഗതിയിലും സ്വഭാവത്തിലുമെല്ലാം മാറ്റംവന്നു. പല ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെങ്കിലും ഗുണകരമായ കുറെ കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്‌. ഞാൻ സംഗീത സംവിധായകനായത്‌ അങ്ങനെയാണ്‌.
എല്ലാം ചെയ്യില്ല
സിനിമയെ അടിസ്ഥാനപരമായി തൊഴിലായി കാണുമ്പോൾ ഉദ്ദേശിക്കുന്നതും ആഗ്രഹിക്കുന്നതുംമാത്രം ചെയ്യാൻ കഴിയില്ല. പണം പ്രധാന ഘടകമാണ്‌. ഇഷ്ടമില്ലാത്തതും ഗുണകരമല്ലാത്തുമെല്ലാം ചെയ്യേണ്ടിവരും. തുടക്കത്തിലെല്ലാം ഒന്നുംനോക്കാതെ സിനിമ ചെയ്‌തിട്ടുണ്ട്‌. ജനപ്രീതി, പണമെല്ലാമായിരുന്നു അന്ന്‌ നോക്കിയിരുന്നത്‌. പക്ഷേ, അതിൽ പലതും പ്രയോജനമില്ലാത്തതായിരുന്നു. ഇപ്പോൾ ടീം, സിനിമയുടെ വിഷയമെല്ലാം നോക്കിയാണ്‌ ചെയ്യുന്നത്‌. നമുക്ക്‌ ഗുണകരമല്ലെന്നു തോന്നുന്നത്‌ വേണ്ടെന്നു വയ്‌ക്കും. മോശമാണെന്നു തോന്നിയാൽ ചെയ്യില്ല. ചിലപ്പോൾ അതിൽ തെറ്റ്‌ പറ്റും. മോഹൻലാൽ ചിത്രം ‘ഹലോ’ വേണ്ടെന്നു വച്ചതാണ്‌. റാഫി മെർക്കാട്ടിൻ നിർബന്ധിച്ചിട്ടാണ്‌ ചെയ്‌തത്‌. സിനിമ ഇറങ്ങിയാൽ വലിയ മൈലേജ്‌ കിട്ടുമെന്ന്‌ പറഞ്ഞു. ഉദ്ദേശിച്ചതിന്‌ അപ്പുറം കിട്ടി. ആ ടീമിനോടുള്ള വിശ്വാസംകൊണ്ട്‌ ചെയ്‌തതാണ്‌. ചിലത്‌ അങ്ങനെയും സംഭവിക്കും.
അതൊരു ഭാഗ്യം
എല്ലാ ദിവസവും എല്ലാ രംഗത്തും പുതിയവർ വരുകയാണ്‌. നിലനിൽക്കാൻ എല്ലാവർക്കും മത്സരബുദ്ധി വേണം. സിനിമയിൽ മത്സരിക്കാൻവേണ്ടി മത്സരിക്കുകയല്ല. അറിഞ്ഞോ അറിയാതെയോ നമ്മൾ മത്സരിച്ച്‌ പോകുകയാണ്‌.  പെരുവഴിയമ്പലത്തിലൂടെ പത്മരാജനാണ്‌ സിനിമയിൽ ആദ്യം അവസരം തന്നത്‌. അതാണ്‌ ഏറ്റവും വലിയ ഭാഗ്യം. അതിലാണ്‌ ഇന്നും ജീവിക്കുന്നത്‌. എനിക്ക്‌ കഥാപാത്രം തന്നാൽ നന്നാകുമെന്ന്‌ അവർക്ക്‌ വിശ്വാസം ഉണ്ടായിരിക്കണം. നല്ല എഴുത്തുകാർക്ക്‌ ഇന്ന രീതിയിൽ ചെയ്യിപ്പിക്കണം എന്ന്‌ കണ്ടാൽത്തന്നെ മനസ്സിലാകും. പത്മരാജൻമുതൽ അത്തരത്തിലുള്ള നിരവധി പേർക്ക്‌ ഒപ്പം പ്രവർത്തിക്കാനായി എന്നത്‌ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്‌. ലിജോയുടെ ‘നൻപകൽ നേരത്ത്‌ മയക്ക’മൊക്കെ അതിന്റെ ഭാഗമായി കിട്ടിയതാണ്‌.



വേഷത്തിലൂടെ കഥാപാത്രമായി മാറാൻ പറ്റും. ചിലപ്പോൾ മുടിയുടെ സ്‌റ്റൈൽ, മീശ ഒക്കെ ഒരു ഫീൽ കൊണ്ടുവരും. ‘ഗെറ്റപ്പിന്‌’ വലിയ സ്വാധീനമുണ്ട്‌. കഥാപാത്രമാകാൻ പകുതി വേഷം സഹായിക്കും. ബാക്കിയേ നമ്മൾ ചെയ്യേണ്ടതുള്ളൂ. അതിൽ സംവിധായകരുടെ സംഭാവന ഉണ്ടാകും. അവരുടെ ആശയംകൂടി വരുമ്പോഴാണ്‌ പൂർണത ലഭിക്കുക. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിൽ മുടിയിൽ മാറ്റം വരുത്തി. അത്‌ കഥാപാത്രത്തിന്‌ ഗുണകരമായി എന്നാണ്‌ വിശ്വസിക്കുന്നത്‌.

സംഘടനയിൽ അഴിച്ചുപണി വേണം

മലയാള സിനിമയെ സംബന്ധിച്ച്‌ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ വല്ലാത്ത വിഷമം ഉണ്ടാക്കുന്നതാണ്. സിനിമയിലുള്ള ആൾ എന്ന നിലയിൽ ഇതെല്ലാം സങ്കടകരമാണ്‌. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്‌. വിഷയത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകണം. സംഘടനയിൽ അഴിച്ചുപണിയും ശുദ്ധികലശവും ആവശ്യമാണ്‌. സിനിമയിലെ സ്‌ത്രീകൾക്ക്‌ പ്രശ്‌നങ്ങളുണ്ടായതുകൊണ്ടാണ്‌ അവർ വിമൻ ഇൻ സിനിമ കലക്ടീവ്‌ (ഡബ്ല്യുസിസി) രൂപീകരിച്ചത്‌. എല്ലാ അഭിനേതാക്കളുടെയും സംഘടയാണ്‌ ‘അമ്മ’. ‘അമ്മ’യുടെ നേതൃത്വത്തിൽ സ്‌ത്രീകൾ വരണം. ഒരു സംഘടന മാത്രമല്ല, ഫെഫ്‌ക അടക്കം എല്ലാ സംഘടനകളും ചേർന്നുവേണം പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ. പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണം. സിനിമയ്‌ക്ക്‌ അകത്തുനിന്ന്‌ ഇതിനായി ഇടപെടൽ വേണം. സർക്കാർ മുഖേന ചെയ്യാൻ കഴിയുന്നത്‌ ചെയ്താൽ അതും നല്ലതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top