ഇടത്തരക്കാരെ എന്നും ഇടത്തരക്കാരാക്കുന്ന 10 തെറ്റിദ്ധാരണകള്‍

ജീവിതം സുഗമമായി മുന്നോട്ട് കൊണ്ടുപോകുക എല്ലാവർക്കും എളുപ്പമല്ല. ഉള്ള വരുമാനം ശരിയായി പ്രയോജനപ്പെടുത്തി സന്തോഷത്തോടെ ജീവിക്കുന്നതിലും സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും നമ്മുടെ വിശ്വാസങ്ങളും വിചാരങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. ആഗ്രഹവും പരിശ്രമവും ഉണ്ടെങ്കിലും പല തെറ്റിദ്ധാരണകളും ജീവിതം പ്രതിസന്ധിയിലാക്കുകയും ലക്ഷ്യത്തിൽനിന്ന് അകറ്റിക്കൊണ്ടുപോകുകയും ചെയ്യും. അങ്ങനെ സാധാരണക്കാരന്റെ സാമ്പത്തികജീവിതം തകരാറിലാക്കുന്ന പത്ത് തെറ്റിദ്ധാരണകളും അവയുടെ യാഥാർഥ്യങ്ങളും അറിയാം.
1. ചെറിയ തുക മിച്ചംപിടിച്ചിട്ട് ഒരു കാര്യവുമില്ല. ജീവിതലക്ഷ്യങ്ങൾക്കുള്ള സമ്പത്ത് സ്വരുക്കൂട്ടാൻ വലിയ തുക സമ്പാദിക്കാൻ പറ്റണം, എങ്കിലേ രക്ഷയുള്ളൂ.
യാഥാർഥ്യം-: ഭൂരിഭാഗം ഇടത്തരക്കാരും ശമ്പളവരുമാനക്കാരായിരിക്കും. ജീവിതകാലം മുഴുവൻ ക്ലിപ്തപ്പെടുത്തിയ വരുമാനം. വലിയ തുകയൊന്നും അതിൽനിന്ന് മിച്ചമുണ്ടാകാൻ പോകുന്നില്ല. അതിനാൽ മാസവരുമാനത്തിൽനിന്ന് മിച്ചംപിടിക്കുന്ന ചെറിയ തുകകൾമാത്രമാണ് ഇത്തരക്കാരുടെ ജീവിതത്തിൽ വ്യത്യാസം കൊണ്ടുവരിക.
നിധി കിട്ടുമെന്നോ ലോട്ടറി അടിക്കുമെന്നോ കരുതി കാത്തിരുന്നിട്ട് ഒരു കാര്യവുമില്ല. തുക എത്ര ചെറുതാണെങ്കിലും മുടങ്ങാതെ എല്ലാമാസവും ഒരു നിശ്ചിത തുക മിച്ചംപിടിക്കുക. വിവിധ മാർഗങ്ങളിൽ വർഷങ്ങളോളം നിക്ഷേപിക്കുക. അതല്ലാതെ മറ്റൊരു മാർഗവുമില്ല.
2. പണമുണ്ടാക്കിയിട്ട് ലക്ഷ്യങ്ങള്‍ കൈവരിക്കാമെന്ന് കരുതി കാത്തിരുന്നിട്ട് കാര്യമില്ല. ആവശ്യം വരുമ്പോൾ വായ്പ എടുത്ത് കാര്യം കാണുക. പിന്നെ അത് കുറേശെ അടച്ചാൽ മതിയല്ലോ.
യാഥാർഥ്യം-: ഭവനനിർമാണംപോലുള്ള ആവശ്യങ്ങൾക്ക് വായ്പയെ ആശ്രയിക്കാം. എന്നാൽ, ഏതാവശ്യം വന്നാലും വായ്പ എടുക്കുന്നത് നല്ലതല്ല. ഭാവിയിൽ നിങ്ങൾക്ക് ലഭിച്ചേക്കാവുന്ന വരുമാനം ഇപ്പോഴേ കിട്ടിയതായി കണക്കാക്കിയാണ് ബാങ്കുകൾ വലിയ തുക വായ്പ നൽകുന്നത്. അതിന്റെ ഇഎംഐയിൽ നിങ്ങൾ കുടുങ്ങിപ്പോകും. ശമ്പളം മുടങ്ങാതെ കിട്ടിയാലും കൈയിൽ മിച്ചം ഒന്നുമുണ്ടാകില്ല.
3. മാസച്ചെലവ് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പറ്റുന്നില്ലെങ്കിൽ ക്രഡിറ്റ് കാർഡ് എടുത്താൽ മതി. അതുപയോഗിച്ച് ആവശ്യങ്ങൾ നിറവേറ്റാം. ശമ്പളം കിട്ടുമ്പോൾ തിരിച്ചടച്ചാൽ മതിയല്ലോ.
യാഥാർഥ്യം:- കൈയിൽ പണമുള്ളപ്പോൾമാത്രം ഉപയോഗിച്ചാലാണ് ക്രഡിറ്റ് കാർഡ് ഗുണം ചെയ്യുക, അല്ലെങ്കിൽ അത് കെണിയാകും. കൃത്യമായി തിരിച്ചടയ്ക്കാൻ കാശില്ലാത്തപ്പോൾ ക്രഡിറ്റ് കാർഡ് ഉപയോഗം ചെലവേറിയ വായ്പയായി മാറും. അതുകൊണ്ട് ക്രഡിറ്റ് കാർഡുകൊണ്ടുള്ള സൂത്രപ്പണികളിലൂടെ ഒരിക്കലും പണത്തിന്റെ ഞെരുക്കം മറികടക്കാൻ കഴിയില്ല.
4. ചെലവ് കഴിഞ്ഞ് മിച്ചം ഉണ്ടാകുന്നതെന്തോ അതാണ് സമ്പാദ്യം
യാഥാർഥ്യം-: വളരെ തെറ്റായൊരു വിശ്വാസമാണിത്. എന്താണോ നിങ്ങളുടെ സാമ്പത്തിക ആവശ്യം അതിനായി ഇപ്പോൾ മാസാമാസം എത്രരൂപ നീക്കിവയ്ക്കണമോ അത്രയും തുക ശമ്പളം കിട്ടുമ്പോൾ ആദ്യമേ മാറ്റിവയ്ക്കുക. ബാക്കിയുള്ള തുകമാത്രമാണ് ചെലവാക്കാനുള്ളത് എന്ന് തീരുമാനിക്കുക. ചെലവെല്ലാം കഴിഞ്ഞുള്ളത് മിച്ചംപിടിക്കാമെന്ന് കരുതിയാൽ മിച്ചംപിടിക്കാൻ ഒന്നും ഉണ്ടായേക്കില്ല.
5. സ്ഥിരവരുമാനമുണ്ടെങ്കിൽ ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വമുണ്ടാകും.
യാഥാർഥ്യം:- വരുമാനം എത്രയുണ്ടായിട്ടും മിച്ചംപിടിക്കാൻ കഴിയുന്നില്ലെങ്കിൽ ആ വരുമാനംകൊണ്ട് ഒരു കാര്യവുമില്ല. ലഭിക്കുന്ന വരുമാനമല്ല, അതുപയോഗിച്ച് വീണ്ടും വരുമാനം കൊണ്ടുതരുന്ന ആസ്തികൾ ഉണ്ടാക്കുമ്പോഴാണ് സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കാനാകുക.
6. ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങളെക്കുറിച്ച് ഇപ്പോഴേ വെറുതെ ആശങ്കപ്പെട്ടിട്ട് കാര്യമില്ല. അതൊക്കെ എങ്ങനെയെങ്കിലും നടന്നുപോകും.
യാഥാർഥ്യം-: പണത്തിന്റെ കാര്യം ഒരിക്കലും അങ്ങനെ അതിന്റെ വഴിക്ക് നടന്നുപോകില്ല. എത്ര നേരത്തേ ഒരുക്കം നടത്തുന്നോ അത്ര എളുപ്പമായിരിക്കും കാര്യങ്ങൾ. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം, വിവാഹംപോലുള്ള ആവശ്യങ്ങൾക്കായി കുട്ടി ജനിക്കുമ്പോഴേ ഒരു ചെറിയ തുക മാസാമാസം മാറ്റിവയ്ക്കുക. ചിട്ടയായി വിവിധ മാർഗങ്ങളിൽ നിക്ഷേപിച്ചുകൊണ്ടിരിക്കുക.
7. ആദായനികുതി രാഷ്ട്രനിർമാണത്തിനുള്ള സംഭാവനയാണ്. അതിനാൽ ഇളവുകൾ ക്ലെയിം ചെയ്യുന്നത് പാപമാണ്.
യാഥാർഥ്യം-: എല്ലാവരും നൽകുന്ന നികുതിയെല്ലാം നൽകിയശേഷം നമ്മൾ കഷ്ടപ്പെട്ട് മിച്ചംപിടിക്കുന്ന തുക എവിടെയെങ്കിലും നിക്ഷേപിച്ചാൽ അതിൽനിന്ന് കിട്ടുന്ന പലിശയ്ക്കുപോലും ആദായനികുതി ഈടാക്കുന്നുണ്ട്. അതുകൊണ്ട് നിയമം അനുശാസിക്കുന്ന എല്ലാ ഇളവുകളും പ്രയോജനപ്പെടുത്തണം.
8. കൈയിലില്ലെങ്കിൽ കടം വാങ്ങിയിട്ടായാലും മറ്റുള്ളവരെ സഹായിക്കണം.
യാഥാർഥ്യം:- മറ്റുള്ളവരെ സഹായിക്കുന്നതിൽ തെറ്റില്ല. പക്ഷേ, ആദ്യം സ്വന്തം കുടുംബത്തോടുള്ള സാമ്പത്തിക ഉത്തരവാദിത്വം നിറവേറ്റണം. അതിനുശേഷംമാത്രം ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണ് സാമ്പത്തികകാര്യത്തിൽ നല്ലത്. കുടുംബത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടിട്ട് മറ്റുള്ളവരുടെ സാമ്പത്തികപരാധീനത മാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വൃഥാവിലാകുകയേയുള്ളൂ.
9. എല്ലാത്തരം വായ്പകളും
മോശമാണ്.
യാഥാർഥ്യം:- വായ്പകൾ മോശമല്ല. എന്നാൽ, പലിശ കൂടിയതും ഹ്രസ്വകാലയളവിലുള്ളതുമായ വായ്പകൾ കടക്കെണിയിലേക്ക് നയിച്ചേക്കാം. അത്തരം വായ്പകൾക്കെതിരെ ജാഗ്രതപാലിക്കണം. എന്താവശ്യത്തിന് വായ്പ എടുക്കുന്നു എന്നതും പ്രധാനമാണ്. ഒഴിവാക്കാവുന്ന കാര്യങ്ങൾക്കായി വായ്പയെടുക്കുന്നത് ഒഴിവാക്കണം.
10. എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തിട്ടൊന്നും ഒരു കാര്യവുമില്ല. ഒന്നും വിചാരിച്ചപോലെ നടക്കില്ല.
യാഥാർഥ്യം: ഇങ്ങനെ ചിന്തിച്ചിരുന്നാൽ ഒന്നും നേടാൻ പോകുന്നില്ല. കാര്യങ്ങൾ- നടക്കുന്നതുപോലെ നടന്നോട്ടെ. പക്ഷേ, എല്ലാത്തിനും ഒരു പ്ലാനുണ്ടാകുന്നത് നല്ലതാണ്. അത് സാമ്പത്തികജീവിതത്തിൽ അച്ചടക്കം ഉണ്ടാക്കും. ആ അച്ചടക്കം ചെലവുകൾ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
(അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. പേഴ്‌സണൽ ഫിനാൻസ് അനലിസ്റ്റും സന്തുഷ്ട സാമ്പത്തികജീവിതത്തിന് 50 വഴികൾ എന്ന പുസ്തകത്തിന്റെ രചയിതാവുമാണ് ലേഖകൻ. ഇ–-മെയിൽ [email protected])
0 comments