ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങൾ

Wednesday Sep 21, 2022
സിദ്ധാർത്ഥ് വരദരാജൻ
ഫോട്ടോ: ബിനുരാജ്‌

മാധ്യമരംഗത്ത് ഭീതിദമായ അവസ്ഥയാണ്. വൻകിട മാധ്യമ സ്ഥാപനങ്ങൾ ഒക്കെ സ്റ്റേറ്റ് അജണ്ടയുടെ ഭാഗമായിത്തീർന്നിരിക്കുന്നു. മൂലധനശേഷിയുള്ള പത്രങ്ങളും ചാനലുകളും ഭരണകൂടത്തിന്റെ താൽപ്പര്യ സംരക്ഷകരായി മാറി. അവർ അധികാരവർഗത്തിനെതിരെ നിശ്ശബ്ദരാണ്– പത്രപ്രവർത്തകനായിരുന്ന എൻ നരേന്ദ്രന്റെ സ്മരണാർഥം തിരുവനന്തപുരത്ത്‌ നടത്തിയ പ്രഭാഷണത്തിൽനിന്ന്‌.

വർത്തമാനകാല ഇന്ത്യൻ സാമൂഹികാവസ്ഥയിൽ  ‘മാധ്യമങ്ങൾ, കരുത്തുറ്റ ഭരണഘടനാ സ്ഥാപനങ്ങൾ, ഊർജസ്വല ജനാധിപത്യം’ എന്ന വിഷയത്തിന്മേലുള്ള ചർച്ചയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ഒരു രാജ്യമെന്ന നിലയിലും ഒരു ജനതയെന്ന നിലയിലും നാം ഇന്ന് കടന്നുപോകുന്ന കടുത്ത പ്രതിസന്ധിയും ഈ വിഷയത്തെ പ്രാധാന്യമുള്ളതാക്കി മാറ്റുന്നു. ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമ്പത്തികമേഖലകളിലെ സംഭവവികാസങ്ങളെ നിരീക്ഷിക്കുന്ന ഏതൊരാൾക്കും ഈ പ്രതിസന്ധിയുടെ ആഴം ബോധ്യമാവും.

ഈ പ്രതിസന്ധികളെ അങ്ങേയറ്റം ദുസ്സഹമാക്കി തീർക്കുന്ന വസ്തുതയെന്തെന്നാൽ, ഖേദപൂർവം ഞാൻ പറഞ്ഞുകൊള്ളട്ടെ, അത് ജനാധിപത്യത്തിന്റെ തകർച്ചയാണ്.

ജനാധിപത്യം പ്രതിസന്ധിയിലാണെന്ന് കേൾക്കുന്ന ചിലർക്കെങ്കിലും അത് വിചിത്രമായി തോന്നിയേക്കാം. അവർ നോക്കുമ്പോൾ രാജ്യത്ത് കശ്മീർ ഒഴികെയെല്ലായിടത്തും സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടക്കുന്നു, ഭരണകൂടങ്ങൾ മാറുന്നു. ഇങ്ങനെ തെരഞ്ഞെടുപ്പുകൾ നടക്കുന്നതുകൊണ്ട് ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നു എന്ന് കരുതുന്നവരുണ്ടാകാം.

ജനാധിപത്യത്തിലെ  ഈ പ്രതിസന്ധിയെക്കുറിച്ച് നിങ്ങൾക്കൊക്കെയും നിഗമനങ്ങളും വിലയിരുത്തലുകളുമുണ്ടാകും. ഈയടുത്ത കാലത്തുണ്ടായ ചില സംഭവങ്ങൾ സൂചിപ്പിച്ചുകൊണ്ട് അതിലേക്ക്‌ കടക്കാം.

പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം

പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം

വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങളെ വല്ലാതെ ബാധിച്ചിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായി ഡൽഹിയിൽ കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർടികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

വിലക്കയറ്റം പാർലമെന്റിൽ ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ എംപിമാരെ സഭാസമ്മേളനത്തിൽനിന്ന് വിലക്കുകയായിരുന്നു സർക്കാർ. സമാധാനപരമായി സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ജനാധിപത്യത്തിന്റെ സവിശേഷ ഗുണമാണ്.

ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശം കൂടിയാണത്. ഈ അവകാശങ്ങളൊക്കെ നിഷേധിക്കപ്പെടുന്നു. പ്രതിഷേധിക്കുന്നവരെ ജയിലിലടയ്ക്കുകയാണ്.

പുതിയ ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ ഭരണകൂടത്തിനെതിരായോ, അവരുടെ ജനദ്രോഹ നയങ്ങൾക്കെതിരായോ ഒരു പ്രതിഷേധവും സംഘടിപ്പിക്കാൻ അവർ അനുവദിക്കുന്നില്ല.

എന്നാൽ നിങ്ങൾ മുസ്ലിം വംശഹത്യക്കോ ബഹിഷ്‌കരണത്തിനോ ആഹ്വാനം ചെയ്യാനാണെങ്കിൽ, 144 പ്രഖ്യാപിച്ചാൽപോലും പുതിയ ഇന്ത്യയിൽ നിങ്ങൾക്ക് സംഘടിക്കാൻ കഴിയും. നിയമത്തിന്റെ ഒരു കരങ്ങളും നിങ്ങൾക്കുനേരെ നീളില്ല.

ആഗസ്‌ത്‌ 5ന് വിലക്കയറ്റത്തിനെതിരായി കോൺഗ്ര സുകാർ കറുത്ത വസ്ത്രമണിഞ്ഞ് ഡൽഹിയിൽ പ്രതിഷേധിക്കുകയുണ്ടായി. പ്രതീകാത്മകമായ ഈ പ്രതിഷേധത്തെപ്പോലും രാജ്യത്തെ ജനങ്ങളെ വർഗീയമായി ധ്രുവീകരിക്കാനുള്ള ഉപാധിയാക്കുകയായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ സമരം മുസ്ലിം വിഭാഗത്തെ പ്രീണിപ്പിക്കാനാണ് എന്ന വിചിത്രവും വിഷലിപ്തവുമായ വാദമാണ് ഷാ മുന്നോട്ടുവച്ചത്.

ആഗസ്‌ത്‌ 5നാണ് മോദി രാം മന്ദിറിന്‌ തറക്കല്ലിട്ടത്. ആ ദിവസം കറുപ്പണിഞ്ഞ് വിലക്കയറ്റത്തിനെതിരെ  കോൺഗ്രസ് പാർടി നടത്തിയ പ്രതിഷേധത്തിലേക്ക് മുസ്ലിങ്ങളെ എന്തിനാണ് ഷാ വലിച്ചിഴയ്ക്കു ന്നത്? 'അവർ രാമനെതിരാണ്, രാജ്യത്തിനെതിരാണ്’‐ ഇതൊക്കെ പറയുന്നത് രാജ്യത്തെ നിയമവ്യവസ്ഥയെ സംരക്ഷിക്കാനും പൗരാവകാശങ്ങൾ സംരക്ഷിക്കാനും ഭരണഘടനാപരമായ ബാധ്യതയുള്ള ആഭ്യന്തര മന്ത്രിയാണ്. ഭരണഘടനാ വാഴ്ച ഉറപ്പാക്കാൻ ബാധ്യതപ്പെട്ടയാളാണ്.

ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകൾക്കെതിരായ വിയോജിപ്പുകളെല്ലാം തന്നെ മുസ്ലിം പ്രീണനമായും രാജ്യദ്രോഹമായുമാണ് അവർ ചിത്രീകരിക്കുന്നത്. വിമർശനങ്ങളെയും എതിർ ശബ്ദങ്ങളെയും ഹിംസകൊണ്ടാണ് നേരിടുന്നത്. കശ്മീരിൽ ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും സാധ്യമല്ല. അവിടെ ഹുറിയത് നേതാവായ മിർവൈസ് മൂന്ന് വർഷമായി തടങ്കലിലാണ്.

സന മട്ടു

സന മട്ടു

അദ്ദേഹത്തിന്റെ വിഭജന രാഷ്ട്രീയത്തോട് നമുക്ക് വിയോജിക്കാം. പക്ഷേ, ഒരു വ്യവസ്ഥകളും പാലിക്കാതെയുള്ള  തടങ്കലിനോട് എങ്ങനെയാണ് യോജിക്കാൻ കഴിയുക! കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന സൈഫുദീൻ സോസ് മാസങ്ങളോളം വീട്ടുതടങ്കലിലായിരുന്നു. മോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ചപ്പോൾ കേന്ദ്രം പറഞ്ഞത് തടവിൽ വച്ചിട്ടില്ലെന്നാണ്. അത്തരത്തിലൊരു ഉത്തരവും നൽകിയിട്ടില്ലെന്നാണ്.

ഒരു ഉത്തരവും നൽകാതെ, നടപടിയും പാലിക്കാതെ തടവിലാക്കുക, പിന്നെയെങ്ങനെയാണ് കോടതിക്ക് ഇടപെടാൻ കഴിയുക? കശ്മീരികളായ  വിദ്യാർഥികൾക്കോ മാധ്യമപ്രവർത്തകർക്കോ വിദേശത്തേക്ക് പോകാൻ കഴിയുന്നില്ല. എയർപോർട്ടിൽ തടയപ്പെടുന്നു.

പുലിറ്റ്സർ പുരസ്കാര ജേതാവായ ഫോട്ടോഗ്രാഫർ സന മട്ടുവിനെ പാരിസിലേക്ക് പോകാനനുവദിക്കാതെ ഡൽഹി എയർപോർട്ടിൽനിന്ന്‌ തിരിച്ചയച്ചു. ഒരു കാരണവും പറഞ്ഞില്ല. ബ്രിട്ടീഷ് മാധ്യമത്തിനുവേണ്ടി ശ്രീലങ്കൻ പ്രശ്നം റിപ്പോർട്ട് ചെയ്യാൻ പോയ മറ്റൊരു മാധ്യമപ്രവർത്തകനെയും അതേപോലെ  തിരിച്ചയയ്ക്കുകയായിരുന്നു. ഇതിനെയൊക്കെ നമ്മൾ നിസ്സാരമായാണ് കാണുന്നത്.


നിശ്ശബ്ദമാക്കപ്പെടുന്ന പൊതുമണ്ഡലം

വിയോജിപ്പുകളെ ഏറ്റവും ലളിതമായി രേഖപ്പെടുത്താൻ കഴിയുക  ചർച്ചകളിലൂടെയാണ്. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഒരു കോളേജിൽ ആർട്ടിക്കിൾ 370 ഉം കശ്മീരും എന്ന വിഷയത്തിന്മേൽ ഒരു ചർച്ചക്കായി എന്നെ ക്ഷണിച്ചിരുന്നു.

അവിടെയെത്തുമ്പോൾ ചർച്ചയുടെ ബാനർ ഇന്ത്യൻ ഫെഡറലിസത്തിന്റെ ഭാവി എന്നാണ്‌. തീർച്ചയായും ആർട്ടിക്കിൾ 370 ഉം കശ്മീരും ആ ബാനറിൽ ചർച്ചചെയ്യാൻ കഴിയും, എന്നാൽ കശ്മീരെന്നോ ആർട്ടിക്കിൾ 370 എന്നോ ഉള്ള  തലക്കെട്ടുകളിൽ ഒരു ചർച്ച സംഘടിപ്പിക്കുക അസാധ്യമാണ്.

മറ്റൊരിടത്തും സമാനമായ അനുഭവം എനിക്കുണ്ടായി. പൊതുമണ്ഡലത്തിലെ  ജനാധിപത്യ  സംവാദങ്ങളെ ക്രിമിനൽ കേസ് കൊണ്ടാണ് ഷായും മോദിയും നേരിടുന്നത്.

ബിബേക് ദെബ്റോയിയുടെ കോളവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ പേരിൽ ‘ദ വീക്ക്'നെതിരെ കേസെടുത്ത യുപി പൊലീസ് നടപടി നിങ്ങളോർക്കുന്നുണ്ടാകും.

ബിബേക്‌  ദെബ്‌റോയ്‌

ബിബേക്‌ ദെബ്‌റോയ്‌

പത്തൊമ്പതാം നൂറ്റാണ്ടിലെ മനോഹരമായ ഒരു കാംഗ്രവാലി പെയിന്റിങ്‌ ആയിരുന്നു അത് ‐ കാളിയും ശിവനും. അന്ന് കലാകാരന്മാർക്ക് തങ്ങളുടെ ദേവീദേവ സങ്കല്പങ്ങളെ എത്ര ഉദാത്തമായ ഭാവനയോടെയാണ് ആവിഷ്കരിക്കാൻ കഴിഞ്ഞത്. ആരാലും അവർ വേട്ടയാടപ്പെട്ടില്ല.

എന്നാലിന്ന് അത്തരം രചനകളെപ്പറ്റി, അതിന്റെ പ്രതീകാത്മക അർഥങ്ങളെ പറ്റി ഒരു ചർച്ചപോലും സാധ്യമല്ലാത്ത വിധം ഇന്ത്യൻ മനസ്സ് കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു.

വാസ്തവത്തിൽ ഹിന്ദു ദേശീയവാദികളെന്ന്‌ സ്വയം വിശേഷിപ്പിക്കുന്നവർ മതമൂല്യങ്ങളെ പറ്റി, ഹിന്ദു മത ധർമത്തെക്കുറിച്ച്  , അതിന്റെ തത്വചിന്തയെക്കുറിച്ച് ഒന്നും ഒരു ചർച്ചയ്ക്കും തയ്യാറല്ല. ഞങ്ങൾ വ്യാഖ്യാനി ക്കും, അതാണവരുടെ നിലപാട്. ഖേദകരമെന്ന്‌ പറയട്ടെ, തങ്ങൾ പ്രസിദ്ധീകരിച്ച ചിത്രത്തിൽ അശ്ലീലമായതോ മതവികാരം വ്രണപ്പെടുത്തുന്നതോ ആയ യാതൊരുള്ളടക്കവും ഇല്ല എന്ന യാഥാർഥ്യബോധത്തിലധിഷ്ഠിതമായ നിലപാട് സ്വീകരിക്കുന്നതിനുപകരം ക്ഷമാപണം നടത്തി ആ പെയിന്റിങ്‌  പിൻവലിക്കുകയാണ് ദ വീക്ക് ചെയ്തത്.

കാൺപൂരിലെ ഫ്ലോറൻസ് ഇന്റർനാഷണൽ സ്കൂളുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം  നിങ്ങൾ ശ്രദ്ധിച്ചുകാണും. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ സ്കൂളിൽ അസംബ്ലിയുടെ ഭാഗമായി വ്യത്യസ്ത മതഗ്രന്ഥങ്ങളിൽനിന്നുള്ള വചനങ്ങൾ വായിക്കാറുണ്ട്. ഈയടുത്താണ് കുറച്ച് രക്ഷിതാക്കൾ പരാതിയുമായി എത്തിയത്.

അസംബ്ലിയിൽ ഹിന്ദു, മുസ്ലിം, ക്രൈസ്തവ, സിക്ക് മതഗ്രന്ഥങ്ങളിൽനിന്നുള്ള വചനങ്ങളാണ് ഉദ്ധരിച്ചിരുന്നത്. എന്നാൽ മുസ്ലിം മതഗ്രന്ഥത്തിൽനിന്നുള്ള വചനങ്ങൾ ഉദ്ധരിക്കുന്നതിനെതിരെ മാത്രമാണ് അവർക്ക് പരാതി. പരാതിയെ തുടർന്ന് ഐപിസി 295 എ പ്രകാരവും  യുപിയിലെ മതപരിവർത്തന നിരോധന നിയമപ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവിടെയും അവർ മുസ്ലിങ്ങളെ മാത്രമാണ് ഒറ്റ തിരിച്ചത്. പൗരത്വ ഭേദഗതി ബില്ലിൽ മോദിയും അമിത് ഷായും ചെയ്തതുപോലെ.

ഒരു ബഹുമത പ്രാർഥനയിൽ മുസ്ലിം പ്രാർഥന ഉൾപ്പെടുത്തിയത്, കുട്ടികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനംചെയ്യുന്നതിന് വേണ്ടിയാണെന്ന നിലപാടാണ് പൊലീസിന്.

മറ്റൊരു മതത്തെ അപഹസിച്ചാൽ ചുമത്തുന്ന കുറ്റമാണ് 295എ. ഒരു ബഹുമത പ്രാർഥനയിൽ ഖുർആൻ വചനങ്ങൾ ഉൾപ്പെടുത്തുന്നത് മറ്റൊരു മതത്തെ അപഹസിക്കലായി തീരുന്നത് എങ്ങനെയാണെന്നാണ് മനസ്സിലാകാത്തത്.

മുസ്ലിം അഭയാർഥികൾ, മുസ്ലിം പ്രാർഥനകൾ ഒക്കെ ഈ രാജ്യത്ത് അസ്വീകാര്യമായി തീർന്നിരിക്കുന്നു. സ്കൂൾ അധികൃതരുടെ ന്യായവാദങ്ങൾ തള്ളിക്കളഞ്ഞ്, ഒരു നീതീകരണവും ഇല്ലാതെ പൊലീസ് സ്കൂൾ പൂട്ടി സീൽ ചെയ്തു.
ഈ അനീതിക്കെതിരെ ആരുംതന്നെ പ്രതികരിച്ചുകണ്ടില്ല. ഉത്തർപ്രദേശിലെ ഭരണനേതൃത്വമോ, കേന്ദ്ര ആഭ്യന്തര മന്ത്രിയോ മറ്റു നേതാക്കളോ ഒന്നും തന്നെ പ്രതികരിച്ചില്ല.

തടവിലാക്കപ്പെട്ട ജുഡീഷ്യറി

കുറ്റകരമായ ഇത്തരം നിശ്ശബ്ദതയെക്കാൾ ഗാഢമായ മറ്റൊരു നിശ്ശബ്ദത ഞാൻ ചൂണ്ടിക്കാട്ടാം. അത് ഇന്ത്യൻ ജുഡീഷ്യറിയുടേതാണ്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത സ്വതന്ത്രവും പക്ഷപാതരഹിതവുമായ നീതിന്യായ വ്യവസ്ഥയാണ്.

ഇന്ത്യൻ ഭരണഘടന അത് വിഭാവനം ചെയ്യുന്നു. ഭരണകൂടത്തിന്റെ കടന്നാക്രമണങ്ങളിൽ നിന്ന് പൗരന്റെ മൗലികാവകാശങ്ങളെ സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത ഉന്നത നീതിപീഠത്തിനുണ്ട്. ഭരണഘടനാ വാഴ്ച ഉറപ്പാക്കുക എന്നത് സുപ്രീം കോടതിയുടെ മൗലിക കടമയാണ്.
തീർച്ചയായും ജനാധിപത്യത്തിന്റെ വികാസ പരിണാമത്തിൽ, ഭരണഘടനാ സ്ഥാപനങ്ങൾക്ക് അതിന്റെ സമഗ്രത കൈവരിക്കുന്നതിന് കാലതാമസം എടുത്തേക്കാം.

19 ‐ാം നൂറ്റാണ്ടിൽ അടിമത്തത്തെ പിന്തുണച്ച അമേരിക്കൻ സുപ്രീംകോടതി തന്നെയാണ് ഇരുപതാം നൂറ്റാണ്ടിൽ പല പുരോഗമനാത്മക വിധികളും പുറപ്പെടുവിച്ചത്.ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും ഒക്കെ പരിണാമങ്ങൾക്ക് വിധേയമായി തന്നെയാണ് വികസിക്കുന്നത്. എന്നാൽ ഓരോ ജനാധിപത്യ സംവിധാനവും മറ്റു ജനാധിപത്യ വ്യവസ്ഥകളുടെ  വീഴ്ചകളിൽനിന്ന് പാഠം ഉൾക്കൊള്ളേണ്ടതുണ്ട്.

മനുഷ്യരുടെ തുല്യത അംഗീകരിക്കാൻ അമേരിക്കൻ സുപ്രീംകോടതി ഏതാണ്ട് രണ്ട് നൂറ്റാണ്ടാണ് എടുത്തത്. അതുകൊണ്ടർഥമാക്കുന്നത്, ഇന്ത്യൻ ജുഡീഷ്യറിയും സമഗ്രമായ നീതിബോധത്തിലേക്ക് എത്തുന്നതിന് ഇനിയും രണ്ടു നൂറ്റാണ്ട് എടുക്കണമെന്നല്ല. അത്തരം അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്നാണ്.

ഇന്ത്യൻ ജുഡീഷ്യറി പലപ്പോഴും ഭരണഘടന വിവക്ഷിക്കുന്ന തരത്തിലുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി,സുപ്രീംകോടതിയുടെ നീതിബോധത്തിൽ അപകടകരമായ ചില ഗതിമാറ്റങ്ങൾ കാണാം. സുപ്രീംകോടതി അതിന്റെ സ്വതന്ത്ര  സ്വഭാവത്തെ കൈവെടിഞ്ഞുകൊണ്ട് ഭരണകൂടത്തിന്റെ ഏജൻസി എന്ന നിലയിലാണ് കഴിഞ്ഞ ആറുമാസമായി പ്രവർത്തിക്കുന്നത്. സുപ്രീംകോടതിയുടെ ഈ ഗതിമാറ്റത്തെ സൂചിപ്പിച്ചുകൊണ്ടാണ് ഭരണഘടനാവിദഗ്ധനായ ഗൗതം ഭട്ടിയ അതിനെ executive('s) court എന്ന് വിളിച്ചത്. 

ഈയടുത്ത കാലത്തായി സുപ്രീംകോടതിയിൽ നിന്നുവന്ന മൂന്ന് വിധികൾ സവിശേഷ പരിഗണന അർഹിക്കുന്നു. ഒന്ന് സകിയ ജാഫ്രി

സകിയ ജാഫ്രി

സകിയ ജാഫ്രി

കേസ്, മറ്റൊന്ന്  ഹിമാൻഷു കുമാർ വിധിയാണ്, മൂന്നാമതായി  പിഎംഎൽഎ കേസിലെ വിധി. ഈ മൂന്ന് വിധികളും വിരമിക്കുന്നതിനുമുമ്പ് പറഞ്ഞത് ജസ്റ്റിസ് ഖൻവിൽക്കർ ആണ്. ഈ വിധി ന്യായങ്ങളിൽ തെളിഞ്ഞുനിൽക്കുന്ന അസംബന്ധങ്ങളുണ്ട്. നീതി തേടി കോടതിയിൽ എത്തിയ കക്ഷികളെ അധിക്ഷേപിക്കുന്നുണ്ട്. ഭരണകൂടത്തിനെതിരെ ആക്ഷേപം ഉന്നയിച്ച വ്യക്തികൾക്കെതിരെ കേസെടുക്കാൻപോലും ശുപാർശ ചെയ്‌തിരിക്കുന്നു.

രണ്ടു പതിറ്റാണ്ടിലേറെയായി മനുഷ്യാവകാശങ്ങൾക്കും ഗുജറാത്ത് കലാപത്തിലെ ഇരകൾക്കുംവേണ്ടി പ്രവർത്തിക്കുകയാണ്  ടീസ്‌ത സെതൽവാദ്; ഭരണകൂടത്തിന്റെ കുറ്റകരമായ നടപടികൾ ചൂണ്ടിക്കാട്ടി, മൗനം ചൂണ്ടിക്കാട്ടി. ടീസ്‌തയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. അവർക്ക് ജാമ്യം നിഷേധിച്ചു. എത്ര വികലമായ തീർപ്പുകളാണ് കോടതി കൽപ്പിച്ചത്. കോടതിയുടെ ഭാഷയിലെ അസാധാരണത്വം ഏറെ ഞെട്ടലാണുണ്ടാക്കിയത്.

 ടീസ്‌ത സെതൽവാദ്

ടീസ്‌ത സെതൽവാദ്


ഇനി എങ്ങനെയാണ് ഹൈക്കോടതിക്കോ മറ്റ് കീഴ് കോടതികൾക്കോ, സ്വതന്ത്രമായും നിഷ്പക്ഷമായും ആ കേസിൽ ഒരു വിചാരണ സാധ്യമാവുക. ഭരണകൂട യുക്തിക്ക് കീഴ്പ്പെട്ട് സുപ്രീം കോടതി തന്നെ അവർക്കുനേരെ വിരൽചൂണ്ടുന്നു. അവരെ കേൾക്കാതെ വിധികൾ പുറപ്പെടുവിക്കുന്നു.

പിഎംഎൽഎ വിധിയിലും ഇതുതന്നെ കാണാം. എൻഫോഴ്സ്മെൻഡ് ഡയറക്ടറേറ്റടക്കമുള്ള ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ടാണ് പ്രതിപക്ഷത്തെ നിരായുധരും നിശ്ശബ്ദരും ആക്കാൻ ശ്രമിക്കുന്നത്. ആൾട്ട്  ന്യൂസ് സ്ഥാപകൻ സുബൈറിനെതിരെ ഭരണകൂടം സ്വീകരിച്ച നിലപാട് നമ്മൾ കണ്ടതാണ്. എത്ര വ്യാജ കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്.

മുഹമ്മദ്‌ സുബൈർ

മുഹമ്മദ്‌ സുബൈർ

പിഎംഎൽഎ ആക്ടിലെ വിവാദ വ്യവസ്ഥകൾക്ക് ഭരണഘടനാപരമായ സാധുത്വം നൽകുക വഴി സുപ്രീംകോടതി എക്സിക്യൂട്ടീവിന്റെ താൽപ്പര്യങ്ങളെയാണ് സംരക്ഷിച്ചത്. മൂന്നുവർഷമായി, കശ്മീരിന്റെ പ്രത്യേക പരിരക്ഷ അസാധുവാക്കിയതിനെതിരായി സമർപ്പിച്ച ഹർജി കേൾക്കാൻ സുപ്രീംകോടതിക്ക് ഇതുവരെ സമയം കിട്ടിയിട്ടില്ല.

എന്നാൽ എക്സിക്യൂട്ടീവിന്റെ ബിസിനസ് ആണോ, കോടതി വേഗം കേൾക്കാൻ തയ്യാറാണ്. അയോധ്യ കേസ് ഉടൻ തീർക്കണമെന്ന സർക്കാരിന്റെ ആവശ്യത്തിന് കോടതി അനായാസം വഴങ്ങിക്കൊടുത്തു.

കശ്മീർ വിഷയം വേഗം കേൾക്കണമെന്ന താൽപ്പര്യം സർക്കാരിനില്ല, കോടതിക്കും.
മറ്റൊരു വിഷയം ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ടതാണ്. രാഷ്ട്രീയപാർടികൾക്ക് ലഭിക്കുന്ന സംഭാവനകളുടെ ഉറവിടം പൊതുസമൂഹം അറിഞ്ഞിരിക്കേണ്ടത് ജനാധിപത്യത്തിന്റെ കാര്യക്ഷമതയ്ക്ക് അത്യന്താപേക്ഷിതമാണ്. നിഗൂഢമായ ഫണ്ടിങ് ജനാധിപത്യത്തിന് ഹിതകരമല്ല.

ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാൻ സുപ്രീംകോടതി ഇതുവരെ തയ്യാറായിട്ടില്ല. പൊതു മണ്ഡലത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ ഉയർന്നു വരുമ്പോൾ, കോടതി പറയുന്നത് ഉടനടി കേൾക്കാം എന്നാണ്. ഫണ്ടിങ്ങിന്റെ ഉറവിടം വെളിപ്പെടുത്തുന്നത്  , വൈരാഗ്യ ബുദ്ധിയോടെയുള്ള നടപടികൾക്ക് വഴിവെക്കും എന്നാണ് സർക്കാർ വാദം.

അധികാരം കയ്യാളുന്ന സർക്കാരിന് സ്വീകരിക്കാൻ കഴിയാത്ത എന്ത്‌ വൈരാഗ്യ ബുദ്ധിയാണ് മറ്റുള്ളവർക്ക് സാധ്യമാവുക. ഇലക്ടറൽ ബോണ്ട് വിൽക്കുന്നത് എസ്ബിഐ ആണ്. ധനമന്ത്രിക്ക്, പ്രധാനമന്ത്രിക്ക്, ഭരണകൂടത്തിന് ഈ ബോണ്ട് വാങ്ങുന്നത് ആരെന്നും അത് ഏത് രാഷ്ട്രീയ പാർടിക്കാണ് നൽകുന്നത് എന്നും അറിയാൻ കഴിയും.

ഭരണകൂടം മാത്രം  ഇത് അറിഞ്ഞാൽ മതി, ഭരണകക്ഷി മാത്രം അറിഞ്ഞാൽ മതി. പൊതുസമൂഹം ഇതറിയാൻ പാടില്ല. ഇതാണ് സർക്കാർ നിലപാട്. അതിശയകരം എന്നുപറയട്ടെ, രാഷ്ട്രീയപ്പാർടികൾ കൊടുക്കുന്ന വരുമാന നികുതിയിൽനിന്ന് ഒരു കാര്യം വ്യക്തമാണ്.

ഇലക്ടറൽ ബോണ്ട്‌ വഴിയുള്ള പണത്തിന്റെ സിംഹഭാഗവും എത്തുന്നത് ഭാരതീയ ജനതാ പാർടിയുടെ അക്കൗണ്ടിലേക്കാണ്. ഭരണകക്ഷിക്ക് പണം നൽകുന്നതാരാണ് എന്ന്  പൊതുസമൂഹത്തിനറിയില്ല. എന്നാൽ ഈ യാഥാർഥ്യങ്ങൾ ഒന്നും സുപ്രീംകോടതിയെ  അലട്ടുന്നില്ല.

സിദ്ധീഖ്‌ കാപ്പൻ

സിദ്ധീഖ്‌ കാപ്പൻ

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് കശ്മീരിൽ ഭരണകൂടം നിയമവിരുദ്ധമായി തടവിലാക്കിയവർ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജികളെ  എത്ര ഉദാസീനമായാണ് സുപ്രീംകോടതി കണ്ടത്. 

സിദ്ധീഖ്  കാപ്പന്റെ കാര്യം തന്നെ നോക്കൂ. മലയാളത്തിൽ ലഭ്യമായിട്ടുള്ള ചില ലഘുലേഖകളും വ്യാജ സൈറ്റുകളും ചൂണ്ടിക്കാട്ടിയാണ് രണ്ടു വർഷത്തിലേറെ  ഒരു മനുഷ്യനെ തടവിലിട്ടത്.

ഭരണകൂടത്തിന്റെ എല്ലാ ഹിംസാത്മക യുക്തിയിൽനിന്നും അധികാര ദുർവിനിയോഗത്തിൽനിന്നും പൗരനെ സംരക്ഷിക്കാനുള്ള ചുമതല സുപ്രീംകോടതിക്കുണ്ട്. എന്നാൽ പലപ്പോഴും ഒരു വിദൂര കാഴ്ചക്കാരനെപ്പോലെ നിശ്ശബ്ദം ഇതൊക്കെ നോക്കിനിൽക്കുകയാണവർ.

ഭരണകക്ഷിയുമായി ബന്ധപ്പെട്ടവർ സമ്മേളനങ്ങൾ നടത്തി വംശഹത്യക്ക് ആഹ്വാനം ചെയ്യുന്നു. കോടതിയുടെ ശ്രദ്ധയിലേക്ക് ഇത് കൊണ്ടുവരുമ്പോൾ കോടതി ചില അപശബ്ദങ്ങൾ ഉണ്ടാക്കുന്നു.

ഉമർ ഖാലിദ്‌

ഉമർ ഖാലിദ്‌

തുടർന്ന് അവരിൽ ചിലർ അറസ്റ്റ് ചെയ്യപ്പെടുന്നു. 24 മണിക്കൂറിനുള്ളിൽ തന്നെ ജാമ്യം നേടി പുറത്തിറങ്ങുന്നു. എന്നാൽ ഭരണകൂടത്തിനെ വിമർശിച്ച ഉമർ ഖാലിദിനെപോലുള്ളവർ  വർഷങ്ങളായി ജയിലിലാണ്.
ഭരണഘടനാവാഴ്ചയും നിയമവാഴ്ചയും ഉറപ്പാക്കാനുള്ള ബാധ്യത സുപ്രീംകോടതിക്കുണ്ട്. അതിന്‌ പ്രേരണ നൽകുന്നതിനായുള്ള നമ്മുടെ പോരാട്ടങ്ങൾ അവസാനിപ്പിച്ചുകൂടാ.

അതോടൊപ്പം സാമൂഹ്യനീതിക്കായി, ജനാധിപത്യത്തിനായി നമ്മൾ മറ്റുതരത്തിലുള്ള പോരാട്ടങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇനി ഞാൻ മാധ്യമങ്ങളെക്കുറിച്ച്, ഫെഡറലിസത്തെക്കുറിച്ച്, ജനകീയ പ്രക്ഷോഭങ്ങളെക്കുറിച്ച് പറയാനാഗ്രഹിക്കുന്നു.

ജനകീയ പ്രതിരോധവും ബദൽ സാധ്യതകളും

പങ്കാളിത്ത ജനാധിപത്യത്തിൽ ജനകീയ പ്രതിരോധങ്ങൾക്ക്, ജനകീയ സമരങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. തെരഞ്ഞെടുപ്പിൽ  പങ്കാളികളായിക്കൊണ്ട് മാത്രമല്ല നമ്മൾ ജനാധിപത്യത്തിലെ വീണ്ടുവിചാരങ്ങളിൽ ഏർപ്പെടേണ്ടത്. ജനവിരുദ്ധ നയങ്ങൾക്കെതിരായി, ജനകീയ സമരങ്ങൾ രൂപപ്പെടുത്തണം. കർഷക സമരത്തിന്റെ വിജയം നമ്മൾ കണ്ടതാണ്.

ഏതെല്ലാം തരത്തിലാണ് ഭരണകൂടം കർഷകരുടെ ഐക്യം തകർക്കാൻ ശ്രമിച്ചത്. എന്നാൽ അതിനെ അതിജീവിച്ച ജനകീയ സമരശക്തിക്ക് മുമ്പിൽ സർക്കാരിന് കീഴടങ്ങേണ്ടിവന്നു. ജനകീയ സമരങ്ങളുടെ പ്രസക്തി അവിടെയാണ്.

കർഷകസമരത്തിൽനിന്ന്‌

കർഷകസമരത്തിൽനിന്ന്‌

CAAയ്ക്കെതിരായ സമരത്തിലും നമ്മൾ അത് കണ്ടു. നഗ്നമായ ഭരണകൂട ഭീകരതകൊണ്ടും ആസൂത്രിതമായ ഡൽഹി കലാപംകൊണ്ടുമാണ് ഭരണവർഗം ആ സമരത്തെ നേരിട്ടത്. കൊറോണയുടെ പശ്ചാത്തലവും ആ സമരത്തെ പ്രതികൂലമായി ബാധിച്ചു.

എന്നാൽ അന്നുയർന്നു വന്ന ജനകീയശക്തിയെ ഭരണകൂടത്തിന് അവഗണിക്കാൻ കഴിയില്ല. അതുകൊണ്ടാണ് നിയമം പാസാക്കിയിട്ടും അവർ പ്രതീക്ഷിച്ചതുപോലെ സമയബന്ധിതമായി അത് നടപ്പിലാക്കാൻ കഴിയാത്തത്.

ഒന്നാം മോദി സർക്കാർ മാധ്യമ സ്ഥാപനങ്ങൾക്ക്, ജുഡീഷ്യറിക്ക്, സർവകലാശാലകൾക്ക്, ഭരണഘടന സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്കിന് ഒക്കെ ഗുരുതരമായ  പരിക്കാണ് ഏൽപ്പിച്ചത്. രണ്ടാം മോദി സർക്കാരിന്റെ കാലത്ത് കാര്യങ്ങൾ കൂടുതൽ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു.

രാജ്യം കൂടുതൽ വർഗീയമായി ധ്രുവീകരിക്കപ്പെട്ടു. റിപ്പബ്ലിക്കിന്റെ ഫെഡറൽ സ്വഭാവത്തെ തകർക്കുന്ന രീതിയിലാണ് ഈ സർക്കാർ പോകുന്നത്. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്കെതിരായി, സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെ നിഷേധിക്കുന്നു.

ക്രമസമാധാനത്തിൽ, നിയമവാഴ്ചയിൽ, ജിഎസ്ടിയിലൂടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരത്തിനുമേൽ, കാർഷികമേഖലയിൽ ഒക്കെ സംസ്ഥാനങ്ങളുടെ അധികാരം കയ്യേറാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ ദുർബലമാക്കാനും അട്ടിമറിക്കാനുമുള്ള പരിശ്രമത്തിലാണ് അവർ.

മഹാരാഷ്ട്രയിൽ നമ്മൾ അത് കണ്ടു. കേരളവും തമിഴ്നാടും ഛത്തീസ്ഗഢും തെലുങ്കാനയും ബംഗാളും ഒക്കെ ഫെഡറലിസത്തെ തകർക്കാനുള്ള ബിജെപിയുടെ  ശ്രമങ്ങൾക്കെതിരായി പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ട്.

തീർച്ചയായും ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തിന്, കേന്ദ്രസർക്കാരിന്റെ ജനാധിപത്യ ധ്വംസനങ്ങൾക്കും അധികാര ദുർവിനിയോഗത്തിനുമെതിരായ സംരക്ഷണ ഭിത്തിയായി  വർത്തിക്കാൻ കഴിയും. ഫെഡറലിസത്തിന്റെ ഈ  സാധ്യതയും കരുത്തും ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്.

ചിതയിൽ വെളിച്ചം തിരയുന്ന കോർപറേറ്റ് മാധ്യമങ്ങൾ

അവസാനമായി മാധ്യമങ്ങളെക്കുറിച്ചാണ് പറയാനുള്ളത്. മാധ്യമരംഗത്ത് ഭീതിദമായ അവസ്ഥയാണ്. വൻകിട മാധ്യമ സ്ഥാപനങ്ങൾ ഒക്കെ സ്റ്റേറ്റ് അജണ്ടയുടെ ഭാഗമായി തീർന്നിരിക്കുന്നു.

മൂലധനശേഷിയുള്ള പത്രങ്ങളും ചാനലുകളും ഭരണകൂടത്തിന്റെ താൽപ്പര്യ സംരക്ഷകരായി മാറി. അവർ അധികാര വർഗത്തിനെതിരെ നിശ്ശബ്ദരാണ്. സത്യത്തിനോടവർക്ക് പ്രതിബദ്ധതയില്ല. ഭരണകൂടത്തിന്റെ അനീതികൾക്കെതിരെ നിലകൊള്ളാനുള്ള ധൈര്യമില്ല.  അധികാരവർഗത്തോട് ചോദ്യങ്ങൾ ഉന്നയിക്കാനുള്ള കരുത്തില്ല. അവർ ചോദിക്കുന്നുണ്ട്. പക്ഷേ ഭരിക്കുന്നവരോട് അല്ല, മറിച്ച് ഭരിക്കപ്പെടുന്നവരോട്. ഈ മാധ്യമങ്ങൾ ഒക്കെ വർഗീയതയുടെ സക്രിയ പ്രചാരകരായിരിക്കുന്നു എന്നതാണ് ഏറെ ദുഃഖം.

ഇത് ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ പുതിയ കാഴ്ചയാണ്. ഇന്നലെകളിൽ പലപ്പോഴും വർഗീയ സംഘർഷങ്ങളിൽ പക്ഷാപാത നിലപാട് സ്വീകരിച്ചിട്ടുള്ള മാധ്യമങ്ങളുണ്ട്. എന്നാൽ ഇന്ന് അതിൽനിന്നൊക്കെ ഭിന്നമായി, രാജ്യത്തെ വർഗീയമായി ധ്രുവീകരിക്കാനുള്ള ഭരണകൂട അജണ്ടയോട് മാധ്യമങ്ങൾ നഗ്നമായി സന്ധിചെയ്യുകയാണ്. പ്രത്യേകിച്ച് പല മുഖ്യധാരാ മാധ്യമങ്ങളും. ഇന്നീ ചാനലുകൾ പലതും  മുസ്ലിം വിരുദ്ധത വളർത്തുന്നതിനുള്ള അജണ്ടകളുമായാണ് പ്രവർത്തിക്കുന്നത്.

എല്ലാ അന്തിച്ചർച്ചകളും മുസ്ലിം വിരുദ്ധ വികാരം വളർത്താനുള്ള വേദിയായവർ മാറ്റുന്നു. ഭരണകൂടത്തിന്റെ, ഭരിക്കുന്ന പാർടിയുടെ പ്രൊപഗണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നതിലൂടെ അവർ തരക്കേടില്ലാത്ത ലാഭം നേടുന്നുണ്ടാവും. എന്നാൽ നമ്മൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്. കുത്തകമാധ്യമങ്ങളുടെ താൽപ്പര്യങ്ങൾ എന്തോ ആകട്ടെ, മാധ്യമപ്രവർത്തകർക്ക് തീർച്ചയായും ചെയ്യാൻ കഴിയുന്ന കാര്യങ്ങളുണ്ട്.

പത്രപ്രവർത്തനത്തിന്റെ സൗന്ദര്യം, സത്യത്തോടും മൂല്യങ്ങളോടും ആദർശങ്ങളോടുമുള്ള അതിന്റെ പ്രതിബദ്ധതയ്ക്കപ്പുറം മറ്റൊരജണ്ടയുടെയും ഭാഗമാകേണ്ടതില്ല എന്നതാണ്. അതുകൊണ്ടാണ് ഭരണവർഗം മാധ്യമങ്ങളെ ഭയക്കുന്നതും വിലക്കെടുക്കുന്നതും.
മാധ്യമപ്രവർത്തകർക്ക്‌ വ്യത്യസ്ത രാഷ്ട്രീയ അനുഭാവങ്ങൾ ഉണ്ടാകാം. എന്നാൽ ഒരു മാധ്യമപ്രവർത്തകർ  എന്ന നിലയിൽ അവരെ നയിക്കേണ്ടത് ഇത്തരം അനുഭാവങ്ങൾക്കപ്പുറം പ്രൊഫഷണൽ മൂല്യങ്ങളാണ്.

എങ്ങനെയാണ് നിങ്ങൾ സംഭവങ്ങളെ സമീപിക്കുന്നത്, എങ്ങനെയാണ് നിങ്ങൾ വസ്തുതകൾ ശേഖരിക്കുന്നത്, എങ്ങനെയാണ് അത് വിശകലനം ചെയ്യുകയും ഉറപ്പിക്കുകയുംചെയ്യുന്നത്, സത്യസന്ധമായി എങ്ങനെ വിവരങ്ങൾ വായനക്കാരിലേക്ക് എത്തിക്കുന്നു. ഇതൊക്കെയാണ് നമ്മളെ വിലയിരുത്താനുളള മാനദണ്ഡം.  സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയണം.  നമുക്ക് വേണ്ടത് അന്വേഷണാത്മക മനസ്സാണ്, സ്ഥൈര്യമാണ്, ചോദ്യങ്ങൾ ഉയർത്താനുള്ള ആർജവമാണ്.

സ്മൃതി ഇറാനിയുമായി ബന്ധപ്പെട്ട വിവാദം തന്നെ എടുക്കാം. ഗോവയിൽ അവർ നടത്തുന്ന ബാർ ഹോട്ടൽ വ്യവസായവുമായി ബന്ധപ്പെട്ട വാർത്ത വന്നപ്പോൾ സ്മൃതി ഇറാനി വാർത്താസമ്മേളനം വിളിച്ചിരുന്നു. അവർ പറഞ്ഞത് ഇതെല്ലാം വ്യാജ ആരോപണങ്ങൾ ആണെന്നാണ്. ആരോപണമുന്നയിച്ച കോൺഗ്രസ് നേതാക്കളെ കോടതിയിൽ നേരിടുമെന്നാണ് അവർ പറഞ്ഞത്. അവിടിരുന്ന മാധ്യമപ്രവർത്തകരിൽ ഒരാൾക്കും തന്നെ ആ ഒരു ചോദ്യം ഉന്നയിക്കാനുള്ള ധൈര്യം ഉണ്ടായില്ല.

'ഈ ഹോട്ടൽ  നിങ്ങളുടേത് തന്നെയാണെന്ന് നിങ്ങളുടെ മകൾ പറയുന്ന വീഡിയോ യൂട്യൂബിൽ ഉണ്ടല്ലോ’ എന്ന് ഒരാളും ചോദിച്ചില്ല. നിങ്ങളുടെ അല്ലെങ്കിൽ പിന്നെന്തിന് മകൾ അങ്ങനെ പറഞ്ഞു എന്ന് ആരും ചോദിച്ചില്ല. നിങ്ങൾ പറയുന്നതാണോ മകൾ പറയുന്നതാണോ ശരിയെന്നാരും ചോദിച്ചില്ല.

പത്രസമ്മേളനത്തിൽ പോയി അവർ പറയുന്ന കാര്യങ്ങൾ മൗനമായി പകർത്തുന്നതാണോ മാധ്യമപ്രവർത്തനം? ഈ ചോദ്യം അവരെ അസ്വസ്ഥരാക്കുമോ എന്നാശങ്ക നിങ്ങൾക്കുണ്ടാവും.

അവർ നിങ്ങളുടെ യജമാനനെ വിളിക്കുമെന്ന ഭയം നിങ്ങൾക്കുണ്ടായേക്കും. അതേ, അവർ വിളിക്കും. എന്നാൽ  ഇത്തരം ആശങ്കകളാണ് നിങ്ങൾക്കുള്ളതെങ്കിൽ, നിശ്ചയമായും മാധ്യമപ്രവർത്തനം നിങ്ങൾക്കുള്ള മേഖലയല്ല.

ചോദ്യങ്ങൾ ശരിയായാൽ മാത്രം പോരാ. അത് ശരിയായ വ്യക്തികളോട് തന്നെ ചോദിക്കണം. ചോദിക്കേണ്ടവരോട് തന്നെ ചോദിക്കണം. 

ഫോട്ടോ: ബിനുരാജ്‌

ഫോട്ടോ: ബിനുരാജ്‌

ജഹാംഗീർ പുരിയിലെ ഇടിച്ച് നിരത്തപ്പെടുന്ന വീടുകൾക്കു മുമ്പിൽനിന്ന്, ബുൾഡോസറിന്റെ ഡ്രൈവറോട് ഇന്ന് നിങ്ങൾ എത്ര വീട് നിരത്തും എന്നല്ല ചോദിക്കേണ്ടത്. മറിച്ച്, അവനെ അയച്ച അധികാരി വർഗത്തിന്റെ മുമ്പിലേക്ക് പോകണം. എന്തധികാരത്തിന്മേലാണീ ഇടിച്ച് നിരത്തൽ എന്ന് ചോദിക്കണം.

നോട്ടീസ് നൽകിയോ എന്ന് ചോദിക്കണം.  ഡൽഹിയിൽ എത്ര അനധികൃത കയ്യേറ്റങ്ങൾ ഉണ്ടെന്ന് ചോദിക്കണം. എല്ലാ അനധികൃത കയ്യേറ്റവും ഒഴിപ്പിക്കുമോ എന്ന് ചോദിക്കണം.

അവർക്കൊക്കെ നോട്ടീസ് കൊടുത്തിട്ടുണ്ടോ എന്ന് ചോദിക്കണം. ഇതൊക്കെയാണ് ഒരു റിപ്പോർട്ടർ ചോദിക്കേണ്ടത്.

എന്നാൽ ദുഃഖകരം എന്ന് പറയട്ടെ, നമുക്ക് ഒരുപാട് മാധ്യമപ്രവർത്തകരുണ്ട്. അവരിൽ ഏറെയും പേർ ശരിയായ ചോദ്യങ്ങൾ തെറ്റായ ആളുകളോട് ചോദിക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യം നേടിയവരാണ് .

ചോദിക്കേണ്ടവരോട് അവർ ചോദിക്കില്ല. എന്നാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്വതന്ത്ര മാധ്യമപ്രവർത്തകരുണ്ട്. സ്ഥാപനങ്ങളുടെ പിന്തുണയില്ലാതെ, സാമ്പത്തികശേഷിയില്ലാതെ ഭരണകൂടത്തിന്റെ പ്രതികാര നടപടികളെ ഭയക്കാതെ, ശരിയായ ചോദ്യങ്ങൾ ശരിയായ വ്യക്തികളോട് അവർ ചോദിച്ചുകൊണ്ടേയിരിക്കുന്നു.

ഉത്തർപ്രദേശിൽനിന്ന്‌ സത്യസന്ധമായ വാർത്തകൾ പുറത്തുവരുന്നത് പലപ്പോഴും സ്വതന്ത്ര മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ നൽകുന്ന വിവരങ്ങളിലൂടെയാണ്. കശ്മീരിൽ കടുത്ത ഭീഷണി നേരിട്ടുകൊണ്ടുതന്നെയാണ് സ്വതന്ത്ര മാധ്യമപ്രവർത്തകർ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നത് .

ഇവിടുത്തെ കുത്തകമാധ്യമങ്ങളെ  ഇരുൾ മൂടിയിരിക്കുന്നു. എങ്കിലും മറുപുറത്ത്‌ വെളിച്ചമുണ്ട്. സ്വതന്ത്ര മാധ്യമങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ചെറുത്തുനിൽപ്പുകൾ തുടരുന്നുണ്ട്. കുറച്ച് മുഖ്യധാരാ മാധ്യമങ്ങളും ഇത്തരം ചെറുത്തുനിൽപ്പുകളുടെ ഭാഗമായുണ്ട്. ദ വയറടക്കം പല ഡിജിറ്റൽ മാധ്യമങ്ങളും എല്ലാ പ്രതിബന്ധങ്ങളെയും നേരിട്ടുകൊണ്ടുതന്നെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ സാധ്യതയിലൂടെ, ജനാധിപത്യത്തിനും ഭരണകൂട ഭീകരതയ്ക്കുമെതിരായ ചെറുത്തുനിൽപ്പിലാണ്.

 നമ്മൾ കുറച്ചുപേരെ ഉള്ളൂ എന്ന സങ്കൽപ്പത്തിന്റെ, ഭാവനയുടെ കെണിയിൽ നമ്മൾ വീണു കൂടാ. നമ്മൾ കുറച്ചല്ല, നമ്മൾ ഒരുപാടുണ്ട്. അതിൽ ഒരാളായിരുന്നു നരേന്ദ്രൻ.
(ഹിന്ദുവിന്റെ മുൻ എഡിറ്ററും ‘ദ വയർ’ന്റെ ഫൗണ്ടർ എഡിറ്ററുമായ സിദ്ധാർത്ഥ് വരദരാജൻ തിരുവനന്തപുരത്ത്‌ നടത്തിയ നരേന്ദ്രൻ സ്മാരക പ്രഭാഷണം. പരിഭാഷ: സോളമൻ മുബാഷ്)

(ദേശാഭിമാനി വാരികയിൽ നിന്ന്)