ആസുരമായ മാധ്യമ അടിച്ചമര്‍ത്തല്‍ കാലത്തിലേക്ക്

Saturday Aug 27, 2022
വെങ്കിടേഷ് രാമകൃഷ്ണന്‍
അഖിലേഷ് യാദവിനൊപ്പം വെങ്കിടേഷ് രാമകൃഷ്ണൻ

സ്വതന്ത്ര ഇന്ത്യയുടെ 75þാം വാര്‍ഷികം ആഘോഷിക്കാന്‍ കൊട്ടും കുരവയുമായി പ്രകടനപരമായ ഒരായിരം പരിപാടികള്‍ ഒന്നിനുപിറകെ ഒന്നായി പടച്ചുവിട്ട് പുറത്തിറക്കുന്ന തിരക്കിലാണ് ഈ ആഗസ്ത് മാസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭാരതീയ ജനതാ പാര്‍ടിയിലെയും രാഷ്ട്രീയ സ്വയംസേവക് സംഘിലെയും കൂട്ടാളികളും. പറയുന്ന കാര്യങ്ങള്‍ക്ക് കടകവിരുദ്ധമായ കുത്സിത സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നടപടികള്‍ക്ക് പേരു കേട്ടവരാണ് മോദിയും സംഘപരിവാറിലെ സഹസംഘടനകളും അതിന്റെ നേതാക്കളും.

ആ ചരിത്രത്തിന്റെ തുടര്‍ച്ചയില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സങ്കല്‍പ്പനങ്ങളെ വലിയ തോതില്‍ തുരങ്കംവയ്ക്കുന്ന സ്വാതന്ത്ര്യവിരുദ്ധ നിയമനിര്‍മാണം നടത്താനുള്ള പരിപാടികള്‍ മുന്നോട്ടുനീക്കുകയാണ് ഈ ആഗസ്തില്‍ തന്നെ ചേര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍. സ്വതന്ത്ര ഇന്ത്യയുടെ മാധ്യമ ചരിത്രത്തില്‍ ആശങ്കയുടെ ആഴങ്ങളിലേക്ക് മാധ്യമ പ്രവര്‍ത്തകരും മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നവരും നിപതിക്കുന്ന ഒരു കരാള കാലമാകുകയാണ് ഈ ആഗസ്ത്.

സ്വാതന്ത്ര്യത്തിന്റെ 75þാം വാര്‍ഷികം ആഘോഷിക്കുന്നു എന്നു ലോകത്തോട് മേനി നടിക്കുമ്പോഴും ഇന്ത്യന്‍ മാധ്യമരംഗത്തെ നിയന്ത്രണങ്ങളുടെയും അസ്വാതന്ത്ര്യത്തിന്റെയും കൂച്ചുവിലങ്ങില്‍ തളയ്ക്കാനുള്ള നിയമനിര്‍മാണമാണ് മോദിയും അദ്ദേഹത്തിന്റെ ആഭ്യന്തരമന്ത്രി അമിത്ഷായും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറും കൂടി മെനഞ്ഞുകൊണ്ടിരിക്കുന്നത്.

രജിസ്ട്രേഷന്‍ ഓഫ് പ്രസ് ആന്റ് പീരിയോഡിക്കല്‍സ് ബില്‍ എന്നു പേരിട്ടിട്ടുള്ള ഈ നിയമനിര്‍മാണം പതിവുപോലെ വലിയ ''സദ്ദുദ്ദേശ്യ''വാചകക്കസര്‍ത്തുമായാണ് കേന്ദ്ര മന്ത്രിസഭ മുന്നോട്ടുനീക്കുന്നത്. 1867ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് മാധ്യമങ്ങളെ, പ്രത്യേകിച്ചും ആ കാലത്ത് അച്ചടിരംഗത്തുമാത്രം നിലനിന്ന പത്രങ്ങളെയും ആനുകാലികങ്ങളെയും നിയന്ത്രിക്കാനുണ്ടാക്കിയ നിയമത്തിനു ബദലായാണ് പുതിയ നിയമനിര്‍മാണമെന്നും അത് ബ്രിട്ടീഷ്രാജിന്റെ കാലഹരണപ്പെട്ട ലോകവീക്ഷണത്തെയും മാധ്യമസംബന്ധിയായ പരിപ്രേക്ഷ്യങ്ങളെയും കാലോചിതമായി പുനര്‍നിര്‍മ്മിക്കും എന്നുമാണ് മോദിയും ഷായും ഠാക്കൂറും ഒക്കെ വാദിക്കുന്നത്.

പക്ഷേ, ഈ ബദല്‍ നിയമത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ മുഴച്ചുനില്‍ക്കുന്ന ഏറ്റവും വലിയ ഭേദഗതി ഡിജിറ്റല്‍ മാധ്യമങ്ങളെയും കൂടി നിയന്ത്രണങ്ങളുടെ പരിവൃത്തിയില്‍ കൊണ്ടുവരുന്നു എന്നതാണ്. ലോകത്ത് ഇന്നു നിലനില്‍ക്കുന്ന ഒരു ജനാധിപത്യരാഷ്ട്രത്തിലും ഇല്ലാത്തവിധം എല്ലാ ഇന്റര്‍നെറ്റ് പോര്‍ട്ടലുകളെയും ബ്ലോഗുകളെയും ദൃശ്യ þ ശ്രാവ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുട്യൂബ് ചാനലുകളെയുമൊക്കെ ഒരു ലൈസന്‍സ് രാജിനുകീഴില്‍ കൊണ്ടുവരുക എന്നുള്ളതാണ് പുതിയ ഭേദഗതിയുടെ മൂലാധാരം.

ആവിര്‍ഭവിച്ച കാലം മുതല്‍ ഇങ്ങോട്ടുള്ള പ്രയാണത്തില്‍ ഇന്റര്‍നെറ്റിന് കഴിഞ്ഞ നാല്‍പ്പതോളം വര്‍ഷങ്ങളില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടി വന്നിട്ടുണ്ട്. സ്വതന്ത്രവും ജനാധിപത്യപരവും ജനപക്ഷവും ആയ ഒരു ആശയപ്രകടനവേദിയായി അല്ലെങ്കില്‍ അതിന്റെ ഉത്തമ മാതൃകയായി വളര്‍ന്നുവരാന്‍ സാധ്യതയുള്ള ഒരു സാങ്കേതിക ആവിഷ്കാരമായാണ് ഇന്റര്‍നെറ്റിനെ ആദ്യകാലത്ത് ലോകം കണ്ടത്. എന്നാല്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍ കോര്‍പ്പറേറ്റ് വ്യവസായ വാണിജ്യതാല്‍പ്പര്യങ്ങളുടെ പ്രകടനവേദിയായും വിഘടനവാദപരമായ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ആശയങ്ങളുടെ അരങ്ങായും ഇന്റര്‍നെറ്റ് മാറി.

ഇങ്ങനെയൊക്കെയാണെങ്കിലും, ആത്യന്തികമായി സ്വാതന്ത്ര്യത്തിന്റെ ഒരു ധാര ഇന്റര്‍നെറ്റില്‍ ഉണ്ടായിരുന്നു. ഏറ്റവും സാധാരണക്കാരായ ആള്‍ക്കാര്‍ക്കുപോലും അവരുടെ അഭിപ്രായങ്ങള്‍ þ അവ ശരിയാകാം, തെറ്റാകാം þ ലോകത്തെ അറിയിക്കാനുള്ള ഒരു സാങ്കേതിക ഉപാധി തന്നെയായിരുന്നു ഇന്റര്‍നെറ്റ്. പ്രത്യേകിച്ചും ഇന്റര്‍നെറ്റിന്റെ സാങ്കേതിക വികാസത്തിന്റെ ഒരു ഘട്ടത്തില്‍ വളര്‍ന്നുവന്ന സമൂഹ മാധ്യമങ്ങള്‍.

പ്രാഥമികമായും ഇന്റര്‍നെറ്റിന്റെ ലഭ്യതയുണ്ടാവുക, ആ ലഭ്യതയെ സ്വന്തം ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയാക്കി മാറ്റാനുള്ള ഉപകരണം ഉണ്ടാവുക, പറയാനെന്തെങ്കിലും കാര്യമുണ്ടാവുക, ഈ മൂന്നു ചേരുവകള്‍ മാത്രമാണ് ഈ മേഖലയില്‍ ഇടപെടാന്‍ ആവശ്യമുണ്ടായിരുന്നത്. ആശയപ്രകാശനത്തിനുള്ള ഉപകരണം മൊബൈല്‍ ഫോണോ ടാബോ കമ്പ്യൂട്ടറോ എന്തുമാകാം.

പക്ഷേ, ഈ പുതിയ നിയമനിര്‍മാണം നടക്കുകയും പോര്‍ട്ടലുകളും സമൂഹമാധ്യമവേദികളും ഒക്കെ ലൈസന്‍സ് രാജിന്റെ കീഴില്‍ വരുകയും ചെയ്യുമ്പോള്‍ എത്ര കൂടിയ സാങ്കേതിക വിദ്യ അടങ്ങിയ ഉപകരണമുണ്ടായിട്ടും കാര്യമില്ല. എത്ര വേഗതയാര്‍ന്ന ഇന്റര്‍നെറ്റ് ലഭ്യമായിട്ടും കാര്യമില്ല. ഇന്ത്യയില്‍ എവിടെയെങ്കിലും ഒരു പോര്‍ട്ടല്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും ചേര്‍ന്ന് നടത്തുന്ന പരിശോധനകള്‍ പാസായാലേ പറ്റൂ.

ചുരുക്കിപ്പറഞ്ഞാല്‍, അച്ചടി മാധ്യമരംഗത്തും ടെലിവിഷന്‍ മാധ്യമരംഗത്തും നേരത്തെയുണ്ടായിരുന്ന ലൈസന്‍സ് നിയന്ത്രണങ്ങളുടെ തുടര്‍ച്ചയായി മാറാന്‍ പോകുന്നു ഇന്റര്‍നെറ്റും എന്നര്‍ഥം.

ഏതാണ്ട് പത്തുവര്‍ഷത്തോളമായി സംഘപരിവാറും ഭാരതീയ ജനതാപാര്‍ടിയും പ്രത്യേകിച്ചും അതിന്റെ ഇപ്പോഴത്തെ സമഗ്ര നിയന്ത്രണ സാരഥികളായ നരേന്ദ്രമോദിയും അമിത്ഷായും, ചേര്‍ന്നു നടത്തിക്കൊണ്ടിരിക്കുന്ന മാധ്യമ അടിച്ചമര്‍ത്തലിന്റെ തുടര്‍ക്കഥകളിലെ ഏറ്റവും പുതിയ അധ്യായമായി മാറുകയാണ് ഈ നിയമഭേദഗതി. പത്തുവര്‍ഷത്തെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍, മോദിയും ഷായും സംഘപരിവാറിലെ മറ്റു കൂട്ടാളികളും പരമ്പരാഗത ചാണക്യമുറകളിലെ എല്ലാ രൂപഭാവങ്ങളെയും എടുത്തുപയോഗിച്ചതായി കാണാം; സാമം, ദാനം, ഭേദം, ദണ്ഡം. 2011þ12 കാലത്ത് ഭാരതീയ ജനത പാര്‍ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ അക്കാലത്തെ ഹിന്ദു ഹൃദയ സാമ്രാട്ട് ലാല്‍ കൃഷ്ണ അദ്വാനിയുമായി മോദി പാര്‍ട്ടിക്കകത്തെ പയറ്റ് തുടങ്ങിയ കാലം മുതല്‍തന്നെ ഈ ചതുര്‍പ്രയോഗങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും പുറത്തുവന്നുകൊണ്ടേയിരുന്നു.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാനുള്ള പ്രചണ്ഡപ്രചാരണത്തിന്റെ ഭാഗമായി തുടക്കത്തില്‍ ടെലിവിഷന്‍ ചാനലുകള്‍ക്കുമേല്‍ സാമവും ദാനവുമാണ് പ്രയോഗിക്കപ്പെട്ടത്. നേരത്തെ എഴുതിക്കൊടുത്ത ചോദ്യങ്ങളും മറുപടികളും നാടകീയമായി വലിയ അഭിനയചാതുരിയോടെ അപ്പോള്‍ പറയുന്നതുപോലെ പറഞ്ഞുകൊണ്ടുള്ള ടെലവിഷന്‍ അഭിമുഖ പരമ്പരകള്‍ ആ സമയത്ത് തുടരെത്തുടരെ പ്രക്ഷേപണം ചെയ്യപ്പെട്ടു. അത്തരമൊരു മുഖാമുഖത്തില്‍ ചോദ്യകര്‍ത്താവായി തെരഞ്ഞെടുക്കപ്പെട്ട എന്റെ ഒരു സുഹൃത്ത് þ അക്കാലത്ത് അദ്ദേഹം ഒരു പ്രമുഖ ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലിന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടറായിരുന്നു þ നേരത്തെ അച്ചടിച്ചു കൈയില്‍ കൊടുത്ത ചോദ്യാവലിയില്‍നിന്നു മാറി അപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു ചോദ്യം ചോദിച്ചു.

ടെലിവിഷന്‍ റിക്കോര്‍ഡിങ് ഉടനെ നിര്‍ത്താനുള്ള ആജ്ഞയാണ് മറുപടിയായി കിട്ടിയത്. പിന്നെ അക്കാലത്ത് തന്റെ മുഖ്യമന്ത്രി ഓഫീസിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന ഉദ്യോഗസ്ഥരോട് കര്‍ക്കശമായ ഒരു ചോദ്യവും, ''എന്താ, ഇവന്റെ ചാനല്‍ മുതലാളിക്ക് കാശ് കൃത്യമായി എത്തിച്ചുകൊടുത്തില്ലേ''? അങ്ങനെ സാമത്തിലൂടെയും ദാനത്തിലൂടെയും മുന്നേറിയ രാഷ്ട്രീയ ബിംബ നിര്‍മ്മാണം, കാര്‍ക്കശ്യത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും വഴികളിലേക്ക് നീങ്ങാന്‍ നല്ല സാധ്യതയുണ്ടെന്ന ധ്വനിയും എന്റെ സുഹൃത്തുമായുള്ള ഈ ഇഴപഴകലില്‍ ഉണ്ടായിരുന്നു. 2014നും 2019നും ഇടയിലുള്ള കാലത്ത് ഈ ചതുര്‍ പ്രയോഗങ്ങള്‍ കൂടുതല്‍ മൂര്‍ത്തവും വിപുലവും ആയിത്തുടങ്ങി. അഞ്ചുവര്‍ഷത്തെ പ്രധാനമന്ത്രി പദവിയിലെ ഇരിപ്പോടുകൂടിത്തന്നെ ഏതാണ്ട് 90% ഇന്ത്യന്‍ മാധ്യമങ്ങളെയും മോദിയുടെയും സംഘപരിവാറിന്റെയും സാമ, ദാന,ഭേദ, ദണ്ഡ വലയത്തിലാക്കിക്കഴിഞ്ഞിരുന്നു.

 വെങ്കിടേഷും ശ്രീജിത് ദിവാകരനും

വെങ്കിടേഷും ശ്രീജിത് ദിവാകരനും

ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ എന്ന കണക്കെടുപ്പ് സംഘടന 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത്, ഏപ്രില്‍ 2നും 28നുമിടയില്‍, നടത്തിയ ഒരു ചെറിയ സര്‍വെ തന്നെ ഈ ആധിപത്യത്തിന്റെ നേര്‍ തെളിവായിരുന്നു. ഇന്ത്യയിലെ പ്രമുഖരായ അറുപതോളം ഹിന്ദി þ ഇംഗ്ലീഷ് ചാനലുകളുടെ തിരഞ്ഞെടുപ്പ് കവറേജിനെ ആധാരമാക്കിയുള്ള ഈ പഠനം അടിവരയിട്ടത് എങ്ങനെ ടെലിവിഷന്‍ സമയത്തിന്റെ  മൂന്നില്‍ രണ്ടു ഭാഗവും മോദിയും സംഘപരിവാറിലെ മറ്റു ഘടകകക്ഷികളും നേതാക്കളും സ്വന്തമാക്കി എന്നതാണ്. മോദിക്കും ഷായ്ക്കും മാത്രമായി 2019 ഏപ്രില്‍ 2നും 28നും ഇടയിലുള്ള ദിവസങ്ങളില്‍ ഈ ടെലിവിഷന്‍ ചാനലുകള്‍ നല്‍കിയത് 850 മണിക്കൂറുകളുടെ കവറേജാണ്. അതില്‍ മോദിക്കു മാത്രമായി 722 മണിക്കൂറും അമിത്ഷായ്ക്ക് 123 മണിക്കൂറും കിട്ടി. ഇതേ കാലയളവില്‍ മുഖ്യ പ്രതിപക്ഷം എന്നു കണക്കാക്കപ്പെട്ടിരുന്ന കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കു ലഭിച്ചത് കേവലം 550ഓളം മണിക്കൂറുകളുടെ കവറേജാണ്.

മുഖ്യപ്രതിപക്ഷം എന്നു കരുതപ്പെട്ട പാര്‍ടിയുടെ കഥ ഇതാണെങ്കില്‍ മറ്റു പ്രതിപക്ഷ പാര്‍ടികളുടെ കാര്യം ചോദിക്കാനുണ്ടോ? ആ കണക്ക് അത്യന്തം പരിതാപകരമായ ഒരു ദൃശ്യമാണ് കാഴ്ചവെച്ചത്. പ്രാദേശികരംഗത്തെ പ്രധാന കക്ഷികള്‍ എന്നു കണക്കാക്കപ്പെട്ടിരുന്ന ഉത്തരേന്ത്യയിലെ സമാജ്വാദി പാര്‍ടി, ബഹുജന്‍ സമാജ്വാദി പാര്‍ടി, ദക്ഷിണേന്ത്യയിലെ തെലുങ്കുദേശം, ദ്രാവിഡ മുന്നേറ്റകഴകം, ഇടതുപക്ഷ പാര്‍ടികളായ സിപിഐ എം, സിപിഐ, പശ്ചിമ ബംഗാളിലെ പ്രമുഖ പ്രാദേശിക കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്കെല്ലാം ചേര്‍ത്ത് കേവലം 80 മണിക്കൂറില്‍ താഴെയുള്ള ടെലിവിഷന്‍ സമയം മാത്രമാണ് ലഭിച്ചത്.

തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു നടന്ന പുല്‍വാമ ഭീകരാക്രമണ സമയത്തും കവറേജില്‍ മുന്നില്‍നിന്നത് മോദി തന്നെ. തിരഞ്ഞെടുപ്പിലെ വന്‍വിജയത്തിനുശേഷം കാശ്മീരില്‍ ഭരണഘടനയുടെ 370þാം അനുച്ഛേദം റദ്ദാക്കിയപ്പോഴും മോദിയും ഷായും തന്നെയായിരുന്നു താരങ്ങള്‍. ദൃശ്യ മാധ്യമരംഗത്തും അച്ചടി മാധ്യമരംഗത്തും ഉള്ള ഈ സമഗ്രാധിപത്യം മോദിയുടെ രണ്ടാം വിജയത്തിനുശേഷമുള്ള മൂന്നു വര്‍ഷങ്ങളില്‍ ദിനേന എന്നോണം ഇന്ത്യന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

മോദിയുടെ പഴയ നേതാവ് അദ്വാനി അടിയന്തരാവസ്ഥക്കാലത്തെ മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചു പറഞ്ഞ ഒരു പ്രസിദ്ധമായ വാചകമുണ്ട്, ''അവരോട് (മാധ്യമങ്ങളോട്) മുട്ടുകുത്താന്‍ പറഞ്ഞപ്പോള്‍ അവര്‍ ഇഴയുകയാണ് ചെയ്തത്.'' മോദി കാലത്ത് പക്ഷേ, മുട്ടുകുത്തലും ഇഴയലുമൊന്നുമല്ല, മിക്കവാറും മുഖ്യധാരാ മാധ്യമങ്ങളുടെ മുഖമുദ്ര, സാഷ്ടാംഗപ്രണാമവും ചെരുപ്പുനക്കലുമാണ്.

ഉത്തര്‍പ്രദേശിലും ഗുജറാത്തിലും തുടങ്ങി ബിഹാര്‍, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, ഡല്‍ഹി എന്നിങ്ങനെ കറങ്ങിക്കയറിക്കൊണ്ടിരിക്കുന്ന ഈ മാധ്യമ അടിമത്ത പ്രതിഭാസം പലതരത്തിലും സവിശേഷമായ തന്ത്രങ്ങളിലൂടെയും പരിപാടികളിലൂടെയുമാണ് മുന്നേറുന്നത്. സത്യാനന്തര കാലത്തെ തീര്‍ത്തും ആത്മനിഷ്ഠമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ (അല്ല, മാധ്യമ അധഃമത്വത്തിന്റെ) ഒരുപാട് സങ്കേതങ്ങള്‍ ദിനേന തന്നെ ഈ തന്ത്രങ്ങളുടെയും പരിപാടികളുടെയും ഭാഗമായി മുന്നോട്ടുനീക്കപ്പെടുന്നുണ്ട്.

സ്വതന്ത്രമായ ചില മാധ്യമ അപഗ്രഥനങ്ങളില്‍ ഈ ദൈനംദിന പ്രയോഗങ്ങള്‍ എങ്ങനെയാണ് കെട്ടിപ്പടുക്കപ്പെടുന്നതെന്നും അവയ്ക്ക് എങ്ങനെയാണ് ആക്കവും ആഴവും വ്യാപ്തിയും നല്‍കുന്നത് എന്നും അടിവരയിടുന്നുണ്ട്. ഈ പഠനങ്ങളില്‍ മുഴച്ചുകാണുന്ന മൂന്നു പ്രധാന പ്രവണതകള്‍ ഇങ്ങനെയാണ്; ഒന്ന്: ഒരു കപട വാര്‍ത്ത (fake news) അധികാരികളുടെ അഭീഷ്ടപ്രകാരം മെനഞ്ഞുണ്ടാക്കുക; രണ്ട്: പിന്നീട് ഈ കള്ളക്കഥയെ കുറേ അസത്യവും കുറച്ചൊക്കെ അര്‍ധ സത്യവും കൂടിയ അളവില്‍ അസത്യവും കൂട്ടിച്ചേര്‍ത്ത് വിഷലിപ്തമായ ഒരു മാധ്യമ കോക്ക്ടെയില്‍ ഉണ്ടാക്കി പ്രചരിപ്പിക്കുക.

സത്യാനന്തര മാധ്യമ അപഗ്രഥനങ്ങളില്‍ ഈ പരിപാടിയെ ഹൈപ്പര്‍ നഡ്ജിങ് എന്നാണ് വിളിക്കാറ്. മലയാളത്തില്‍ കൊടുക്കാവുന്നൊരു ഏകദേശ വിവര്‍ത്തനം, അതിതീക്ഷ്ണ ചൊറിച്ചില്‍ എന്നാണ്.

ദിവസം മുഴുവനും അരങ്ങേറുന്ന ഈ ചൊറിച്ചിലിന്റെയൊടുക്കമാണ് വൈകുന്നേരത്തെ Outrate journalism  എന്ന ടെലിവിഷന്‍ ആങ്കറുടെ പ്രകടനം നടക്കുക. ദിവസം മുഴുവന്‍ പണിയെടുത്ത് മെനഞ്ഞുണ്ടാക്കിയ fake news പരമ്പരകളുടെ അടിസ്ഥാനത്തില്‍ ധാര്‍മികരോഷം കൊണ്ട് തങ്ങള്‍ ശത്രുവായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തികളെയും സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളെയുമൊക്കെ അധിക്ഷേപിക്കലാണ് ഈ ''ധാര്‍മികരോഷ പത്രപ്രവര്‍ത്തനത്തിന്റെ'' പ്രധാന ചേരുവ.

പത്തുവര്‍ഷംമുന്‍പ്, വടക്കേ ഇന്ത്യയില്‍നിന്നും പടിഞ്ഞാറേ ഇന്ത്യയില്‍നിന്നും ക്രമാനുഗതമായി പടര്‍ന്ന ഈ വിഷലിപ്ത മാധ്യമ കോക്ക്ടെയില്‍ ഇന്ത്യയിലങ്ങോളമിങ്ങോളം പടര്‍ന്ന്, സമീപകാലത്ത് കേരള മാധ്യമരംഗത്തും കൂടുതല്‍ കൂടുതലായി പ്രകടമാകുന്നുണ്ട്. 2020ല്‍ കേരള മാധ്യമങ്ങളില്‍ നിറഞ്ഞാടിയ സ്വര്‍ണക്കടത്ത് കേസ് കവറേജ് സത്യാനന്തര കാലത്തെ മാധ്യമ ചേരുവകളുടെ സമ്പൂര്‍ണമായ കൂടിച്ചേരല്‍ തന്നെയാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്.

ഫേക്ക് ന്യൂസ്, ഹൈപ്പര്‍ നഡ്ജിങ്, ഒടുവില്‍ ഔട്ട്റേറ്റ് ജേണലിസം. ഹൈപ്പര്‍ നഡ്ജിങ്ങിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികള്‍ക്കുപിറകെയുള്ള ചാനല്‍ വണ്ടികളുടെ മത്സരയോട്ടവും അതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാചാടോപങ്ങളും.

അങ്ങനെ സമഗ്രമായ അര്‍ഥത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കീഴടങ്ങുകയും അധികാര കേന്ദ്രങ്ങളുടെ അജന്‍ഡ നിര്‍ലജ്ജമായി പ്രചരിപ്പിക്കുകയും ചെയ്യുമ്പോഴും ഇന്റര്‍നെറ്റിലെ ചില പോര്‍ട്ടലുകളും വ്യക്തികളും സ്വതന്ത്രമായും വസ്തുനിഷ്ഠമായും ധീരമായും വാര്‍ത്തകളെയും വസ്തുതകളെയും അവതരിപ്പിക്കുകയും വിശകലനം ചെയ്യുകയും ചെയ്തിരുന്നു. മുഖ്യധാരാ മാധ്യമങ്ങളിലും രാഷ്ട്രീയ പാര്‍ടികളുടെ സമൂഹ മാധ്യമവേദികളിലും അവതരിപ്പിക്കപ്പെട്ടിരുന്ന കപട വാര്‍ത്തകളെ വസ്തുതാവിശകലനത്തിലൂടെ തുറന്നുകാട്ടിയിരുന്ന ആള്‍ട്ട് ന്യൂസ് പോലുള്ള പോര്‍ട്ടലുകള്‍ ഇത്തരത്തിലുള്ള ചെറുത്തുനില്‍പ്പ് പത്രപ്രവര്‍ത്തനത്തിന്റെ മുഖ്യ ഉദാഹരണങ്ങളായിരുന്നു.

സ്വാഭാവികമായും സമഗ്രമായ മാധ്യമ നിയന്ത്രണത്തില്‍ വിശ്വസിക്കുകയും അതൊരു വലിയ പരിധിവരെ സാധ്യമാക്കുകയും ചെയ്ത മോദിþഷാ അച്ചുതണ്ടിനും സംഘപരിവാറിലെ അവരുടെ കൂട്ടാളികള്‍ക്കും ഈ ചെറുത്തുനില്‍പ്പ് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു. പ്രതീക് സിന്‍ഹയ്ക്കൊപ്പം ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെ അറസ്റ്റു ചെയ്യുകയും ഒന്നിനുപിറകെ ഒന്നായുള്ള എഫ്ഐആറുകള്‍ ഫയലു ചെയ്ത് പീഡനപരമ്പര തന്നെ നടത്തുകയും ചെയ്തത് ഈ സഹികെടലിനെ തുറന്നുകാട്ടുന്നു.

സീരിയല്‍ എഫ്ഐആറുകളെയും അതുമായി ബന്ധപ്പെട്ട പരമ്പര അറസ്റ്റുകളെയും മറികടന്ന് സുബൈറിന് ഒരുവിധം ജാമ്യം കിട്ടിയിട്ടുണ്ടിപ്പോള്‍. പക്ഷേ, വസ്തുനിഷ്ഠ മാധ്യമ പ്രവര്‍ത്തനത്തിന്റെ വായ തീര്‍ത്തും മൂടിക്കെട്ടാന്‍ ഒറ്റതിരിഞ്ഞുള്ള ആക്രമണംകൊണ്ടു മാത്രം സാധിക്കില്ല എന്ന സംഘപരിവാറിന്റെ ബോധ്യത്തിന്റെ കൂടി തുടര്‍ച്ചയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ നിയമനിര്‍മ്മാണം. അക്ഷരാര്‍ഥത്തില്‍ ആസുരമായ ഒരു മാധ്യമ അടിച്ചമര്‍ത്തല്‍ കാലത്തെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75þാം വാര്‍ഷികവേള കുറിക്കുന്നത്.

(ചിന്ത വാരികയിൽ നിന്ന്)