print edition വെളിച്ചം നിറയെ


സ്വാതി സുജാത
Published on Dec 03, 2025, 02:17 AM | 3 min read
ഈ പവർകട്ട് എന്നു പറഞ്ഞാൽ എന്താ മുത്തശ്ശീ?
പത്തു വർഷംമുമ്പ്, കേരളത്തിൽ അങ്ങനൊരു കാലോണ്ടായിരുന്നു മക്കളേ...
തിരുവനന്തപുരം
വീട്ടിൽ വൈദ്യുതിയുണ്ടെങ്കിലും മണിക്കൂറുകളോളം മണ്ണെണ്ണ വിളക്കും മെഴുകുതിരിയും കത്തിച്ചുവയ്-ക്കേണ്ട ഗതികെട്ട കാലമായിരുന്നു 10 വർഷം മുന്പുവരെ. പവർകട്ടും ലോഡ്‌ഷെഡിങ്ങും നാട്ടിലാകെ ഇരുട്ടുനിറച്ച കാലം. ഇപ്പോൾ ഇൗ രണ്ടു വാക്കുകളും മലയാളി മറന്നു. എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. 1,52,500 കുടുംബങ്ങൾക്കാണ് എൽഡിഎഫ് സർക്കാർ വൈദ്യുതി നൽകിയത്. ഇതിൽ 1.23 ലക്ഷത്തിൽപരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ. 32,000 പട്ടികജാതി കുടുംബങ്ങളിലും 17,500 പട്ടികവർഗ വീടുകളിലും വെളിച്ചമെത്തി.
1996ലെ ഇ കെ നായനാർ സർക്കാരിന്റെ കാലത്ത് വെെദ്യുതി മേഖലയിൽ വൻകുതിപ്പുണ്ടായി. 2006–-11ലെ എൽഡിഎഫ് സർക്കാർ സമ്പൂർണ വൈദ്യുതീകരണത്തിന് നടപടി തുടങ്ങി. 2009ൽ പാലക്കാട് രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ലയായി. തുടർന്ന് തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളും. 85 നിയമസഭാ മണ്ഡലങ്ങളും. പിന്നാലെവന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പദ്ധതി മന്ദഗതിയിലായി.

2016ൽ അധികാരമേറ്റ ഒന്നാം പിണറായി സർക്കാർ സമ്പൂർണ വൈദ്യുതീകരണമെന്ന ലക്ഷ്യം യാഥാർഥ്യമാക്കി. ബിപിഎൽ, എസ്‌ടി കുടുംബങ്ങളിലെ വയറിങ് ഉൾപ്പടെയുള്ള ജോലികൾ കെഎസ്‌ഇബി ഏറ്റെടുത്ത് പൂർത്തിയാക്കി. വിദൂര പ്രദേശങ്ങളിൽ വികേന്ദ്രീകൃതമായി വൈദ്യുതിയെത്തിച്ചു. ഇടുക്കി, വയനാട്, പാലക്കാട് എന്നിവിടങ്ങളിലെ 2322 ഇടങ്ങളിൽ സോളാർ പവർപ്ലാന്റ്, സോളാർ ഹോം ലൈറ്റിങ് സിസ്റ്റം, സോളാർ റാന്തലുകൾ എന്നിവ വഴി അനർട്ട് സൗരോർജം എത്തിച്ചു. 2017മെയ് 29ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു.
നിലവിൽ ബിപിഎൽ കുടുംബങ്ങൾക്ക് കെഎസ്‌ഇബി സൗജന്യ കണക്‌ഷൻ നൽകുന്നു. സെപ്‌തംബർ വരെ 91.71 കോടി രൂപ ചെലവഴിച്ച് 78,135 ബിപിഎൽ കണക്‌ഷനുകൾ നൽകി.

മറക്കുവാനാകുമോ ഇരുട്ടിലായ കാലം
ഒമ്പതു വർഷംകൊണ്ട് സംസ്ഥാനത്തെ വൈദ്യുതി രംഗത്തുണ്ടായ മാറ്റം അമ്പരപ്പോടെയെല്ലാതെ മലയാളിക്ക് അടയാളപ്പെടുത്താനാകില്ല. 2016നുമുമ്പുള്ള അഞ്ചു വർഷം കേരളത്തിന് ഇരുളടഞ്ഞ ഓർമയാണ്. പരീക്ഷാക്കാലത്തുപോലും ഒഴിയാബാധയായിരുന്നു അന്ന് വൈദ്യുതി മുടക്കം. അപ്രഖ്യാപിത ലോഡ്‌ഷെഡിങും നിയന്ത്രണങ്ങളും നിറഞ്ഞ 2011–16ലെ യുഡിഎഫ് കാലത്തെ ദുരിതം മനസിൽ ഇന്നും മായാതെയുണ്ട്.

2006–2011ലെ എൽഡിഎഫ് സർക്കാർ നിർമാണം തുടങ്ങിയതും സർവേ നടപടികൾ ആരംഭിച്ചതുമായ 700 മെഗാവാട്ട് പ്രതീക്ഷിക്കുന്ന ചെറുതും വലുതുമായ 38 പദ്ധതികളാണ് യുഡിഎഫ് അവതാളത്തിലാക്കിയത്. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങി അധിക ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിച്ചു. ദുർബല വിഭാഗങ്ങൾക്കുള്ള ആനുകൂല്യവും ഇല്ലാതാക്കി. കേടായ വൈദ്യുതി മീറ്ററുകളുടെ എണ്ണം സർവകാല റെക്കോഡിലെത്തിയിട്ടും മാറ്റി വയ്‌ക്കാൻപോലും തയ്യാറായില്ല. വൻകിടക്കാരിൽനിന്ന് കുടിശ്ശിക പിരിച്ചെടുക്കുന്നതിലും വീഴ്‌ചവരുത്തി. നിർമാണോപകരണങ്ങളുടെയും ജീവനക്കാരുടെയും അഭാവത്താൽ പ്രവർത്തനങ്ങളെല്ലാം തുരുമ്പെടുത്തു.

വികസനത്തിന് ഊർജം പകരുന്നു - കെ കൃഷ്‌ണൻകുട്ടി, വൈദ്യുതിമന്ത്രി
ലോഡ്ഷെഡ്ഡിങ്ങും പവർകട്ടുമില്ലാത്ത സംസ്ഥാനമാണിത്. ഇടമൺ–-കൊച്ചി 400 കെവി ലൈൻ ഉൾപ്പെടെ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി. 2030 ഓടെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം 10,000 മെഗാവാട്ട് ആക്കുക, 2040 ഓടെ പുനരുപയോഗ സ്രോതസ്സുകളെ പൂർണമായി ആശ്രയിക്കുക തുടങ്ങിയവ ലക്ഷ്യമാണ്. തടസ്സമില്ലാത്ത വൈദ്യുതിവിതരണത്തിലൂടെ കേരളവികസനത്തിന് ഊർജം പകരുകയാണ് സർക്കാർ. കേന്ദ്രസർക്കാർ സ്വകാര്യവൽകരണവുമായി മുന്നോട്ടുപോകുമ്പോഴും കെഎസ്‌ഇബി-യെ പൊതുമേഖലയിൽ നിലനിർത്തുകയാണ് കേരളം.
• ഒമ്പതര വർഷം ജലവൈദ്യുത മേഖലയിൽ 2941.67 കോടിയുടെ പദ്ധതികൾ
• 111 മെഗാവാട്ട് ശേഷിയുള്ള 7 പദ്ധതികൾ നിർമാണത്തിൽ
• വെെദ്യുതി വിതരണ മേഖലയിൽ 13,014.99 കോടിയുടെ വികസനം
•പ്രസരണ സംവിധാനം ശക്തിപ്പെടുത്താൻ വിനിയോഗിച്ചത് 8056.30 കോടി
• 35 ഉന്നതികളിൽ വൈദ്യുതിയെത്തിച്ചു
• വനത്തിനുള്ളിലെ 4 ഉന്നതികളിൽ സോളാർ വിൻഡ് ഹൈബ്രിഡ് പദ്ധതികളിലൂടെ വൈദ്യുതി

ഇടമൺ–കൊച്ചി നവോർജപാത
വൈദ്യുതിനിയന്ത്രണവും വോൾട്ടേജ്‌ക്ഷാമവും പവർകട്ടും ഇല്ലാതാക്കാൻ കേരളത്തിന് കരുത്തായത് ഇടമൺ–കൊച്ചി 400 കെവി പവർ ഹൈവേ. യുഡിഎഫ് സർക്കാർ അസാധ്യമെന്ന് വിധിയെഴുതി ഉപേക്ഷിച്ച പദ്ധതി ഒന്നാം പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയിലാണ് യാഥാർഥ്യമായത്. എം എം മണി വൈദ്യുതിമന്ത്രിയായിരിക്കെ 1300 കോടി രൂപയുടെ പദ്ധതി 2019 നവംബർ 18ന് നാടിന് സമർപ്പിച്ചു. ഇടമൺ മുതൽ 148.30 കിലോമീറ്ററാണ് ദൈർഘ്യം. കൂടംകുളം ആണവനിലയത്തിൽനിന്നുള്ള വൈദ്യുതിയാണ് ഇടമൺ, കൊച്ചി, തൃശൂർ മാടക്കത്തറ വഴി അരീക്കോട്, കണ്ണൂർ സബ്‌സ്‌റ്റേഷനുകളിലേക്കു പ്രവഹിക്കുന്നത്.
പവർഹൈവേ വരുംമുന്പ് ആശ്രയിച്ചിരുന്ന തിരുനെൽവേലി, ഉദുമൽപേട്ട–-പാലക്കാട് വിതരണശൃംഖല 500 കിലോമീറ്ററാണ്. അമിത പ്രസരണനഷ്ടവും സാമ്പത്തികനഷ്ടവും ഇതിനുണ്ടായിരുന്നു. ഇടമൺ–-കൊച്ചി ഹൈവേയിലൂടെ 100 ദശലക്ഷം യൂണിറ്റ് പ്രസരണനഷ്ടം കുറച്ചു. അന്തർസംസ്ഥാന ലൈൻവഴി പരമാവധി എത്തിക്കാൻ കഴിഞ്ഞിരുന്നത് 2850 മെഗാവാട്ട് വൈദ്യുതിയായിരുന്നു. ഇത് 3500 മെഗാവാട്ടിലേക്ക് എത്തിക്കാനായി. 500 മെഗാവാട്ടെങ്കിലും ശേഷിയുള്ള പുതിയ വൈദ്യുതിനിലയത്തിന് തുല്യം. ഉദുമൽപേട്ട–പാലക്കാട് ലൈൻ തകരാറിലായാൽ കേരളം മുഴുവൻ ഇരുട്ടിലാകുമെന്ന സ്ഥിതി മാറി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രശ്‌നങ്ങളടക്കം പരിഹരിച്ചത്. നഷ്ടപരിഹാരത്തിന് സ്‌പെഷൽ പാക്കേജ് പ്രഖ്യാപിച്ച് സമയബന്ധിതമായി വിതരണംചെയ്‌തു. 138.8 കിലോമീറ്റർ ലൈനും പൂർത്തിയാക്കിയത് എൽഡിഎഫ് സർക്കാരാണ്. 9.5 കിലോമീറ്ററിൽമാത്രമാണ് 2011-–-16 കാലത്ത് ലൈൻ വലിച്ചത്. ആകെ 447 ടവറുകളാണ് വേണ്ടിയിരുന്നത്. ഇതിൽ 351 എണ്ണം സ്ഥാപിച്ചതും എൽഡിഎഫ് കാലത്ത്.








0 comments