വയനാട് ദുരന്തം: സൺറൈസ് വാലിയിൽ പ്രത്യേക ദൗത്യസംഘം പരിശോധന നടത്തുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 01:54 PM | 0 min read

മേപ്പാടി > വയനാട്ടിലെ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടി സൂചിപ്പാറക്കും പോത്തുകല്ലിനുമിടയിലെ സൺറൈസ് വാലി മേഖലയിൽ പ്രത്യേക ദൗത്യസംഘം നടത്തുന്ന പരിശോധന പുരോ​ഗമിക്കുന്നു. സാധാരണ തിരച്ചിൽ സംഘങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത മേഖലയാണ് സൺറൈസ് വാലി. ദൗത്യസംഘത്തെ ഇവിടേക്ക് ഹെലികോപ്ടറിലെത്തിച്ച് എയർഡ്രോപ്പ് ചെയ്യുകയായിരുന്നു.

തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ 23 മാറാട്ട ലൈറ്റ് ഇൻഫെന്ററി റെജിമെന്റിലെ ഘാതക് കമാൻഡോകളും കേരള പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പും വനംവകുപ്പ് ഉദ്യോ​ഗസ്ഥരും അടങ്ങുന്ന 12 അം​ഗ സംഘമാണ് മേഖലയിൽ തിരച്ചിൽ നടത്തുന്നത്. ബറ്റാലിയനുകളിലെ ഏറ്റവും ശാരീരിക ക്ഷമതയും കഴിവും അഭ്യാസമികവുമുള്ളവരെയാണ് ഘാതക് കമാൻഡോകളായി തെരഞ്ഞെടുക്കുന്നത്. ആറ് സൈനികരും കേരള പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പിലെ നാല് പേരും രണ്ട് വനംവകുപ്പ് ഉദ്യോ​ഗസ്ഥരുമാണ് സൺറൈസ് വാലിയിലെ തിരച്ചിൽ സംഘത്തിലുള്ളത്. എഡിജിപി എം ആർ അജിത്കുമാറിനാണ് ദൗത്യത്തിന്റെ ഏകോപന ചുമതല.  

രാവിലെ എട്ട് മണിക്ക് പുറപ്പെടുമെന്നറിയിച്ചിരുന്ന സംഘവുമായി മോശം കാലവസ്ഥയെ തുടർന്ന് വൈകിയാണ് വ്യോമസേന ഹെലികോപ്ടർ കൽപ്പറ്റയിൽ നിന്ന് പുറപ്പെട്ടത്. തിരച്ചിൽ ദുഷ്കരമായ മേഖലയാണ് പാറക്കൂട്ടങ്ങൾ ഏറെയുള്ള സൺറൈസ് വാലി.  രക്ഷാസംഘം ആറ് പേരുള്ള രണ്ട് സംഘമായി സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരുകരകളിലും തിരച്ചിൽ നടത്തും. സമയമെടുത്ത് പാറയിടുക്കുകളിലടക്കം സൂക്ഷമമായ തിരച്ചിൽ നടത്താനാണ് തീരുമാനം. മൃതദേഹങ്ങൾ കണ്ടെത്തിയാൽ മേപ്പാടിയിലേക്ക് എയർലിഫ്റ്റ് ചെയ്യും.

ഉരുൾ പൊട്ടലിൽ 400ൽ അധികം പേർ മരിച്ചു എന്നാണ് ആനൗദ്യോ​ഗിക കണക്ക്. ദുരന്ത ഭൂമിയിലുള്ള 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. ചാലിയാറിലൂടെ ഒഴുകിയെത്തിയ നിലയിൽ  76 മൃതദേഹങ്ങളും 159 ശരീരഭാഗങ്ങളുമാണ് ഇതുവരെ ലഭിച്ചിട്ടുണ്ട്. കൂടുതൽ മൃതദേഹങ്ങൾ ഈ മേഖലകളിൽ കണ്ടെത്തിയേക്കാമെന്ന നി​ഗമനത്തിലാണ് തിരച്ചിൽ വീണ്ടും വ്യാപിപ്പിക്കുന്നത്. തിരച്ചിൽ നിർത്തുന്നത് സംബന്ധിച്ച് പരി​ഗണനയിലില്ലെന്നും കാണാതായ മുഴുവൻ പേരെ കുറിച്ചും വിവരം ലഭിക്കുന്നത് വരെ തുടരുമെന്നുമാണ് സർക്കാർ അറിയിക്കുന്നത്.
 



deshabhimani section

Related News

0 comments
Sort by

Home