Deshabhimani

കുപ്പത്ത്‌ കരയിടിച്ചിൽ രൂക്ഷം; കുടുംബങ്ങൾ ഭീതിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 12:27 AM | 0 min read

തളിപ്പറമ്പ്‌
ദേശീയപാതയിൽ കുപ്പത്ത്‌ പാലം നിർമാണത്തിന് പുഴയിൽ മണ്ണിട്ട് ഒഴുക്ക് തടസ്സപ്പെടുത്തിയതിനെത്തുടർന്ന്  കരയിടിച്ചിൽ രൂക്ഷമായി. നിരവധി കുടുംബങ്ങൾ ഭീതിയിൽ.  ചൊവ്വാഴ്ച പെയ്ത കനത്ത മഴയിലുണ്ടായ ശക്തമായ ഒഴുക്കിലാണ്‌ കുപ്പം പടവിൽ മടപ്പുര ഭാഗത്ത്‌ പുഴ കരയെടുത്തത്.   പുതിയ പാലം നിർമിക്കുന്നതിനാണ് പുഴയിൽ മൂന്നുഭാഗവും മണ്ണ് നിറച്ചത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലാണ്‌   ജലനിരപ്പ് ഉയർന്നത്‌.  മണ്ണിടാത്ത ഭാഗത്ത് അതിശക്തമായ ഒഴുക്ക് രൂപപ്പെട്ടതോടെ പടവിൽ മടപ്പുര ഭാഗത്തേക്കുള്ള റോഡരികിൽ അമ്പത് മീറ്ററിലേറെ നീളത്തിലുള്ള പുഴയോരത്തെ മണ്ണിടിഞ്ഞ് ഒഴുകിപ്പോയി. മണ്ണിടിച്ചിലിൽ  തെങ്ങ് കവുങ്ങ്, കണ്ടൽ മരങ്ങൾ എന്നിവ പുഴയിലേക്ക് കടപുഴകി.   
കരഭാഗത്ത് വിള്ളൽവീണഭാഗം  ഏത് നിമിഷവും പുഴയിലേക്ക് പതിക്കുന്ന അവസ്ഥയിലാണ്.  പുളിമ്പറമ്പ് സബ് സ്റ്റേഷനിൽനിന്നുള്ള ഹൈടെൻഷൻ  വൈദ്യുത തൂണുകൾ ഉൾപ്പെടെയും അപകടാവസ്ഥയിലായി. കരയിടിച്ചിൽ ഭീഷണി വർധിച്ചതിനാൽ കരാറുകാർ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പുഴയിലെ മണ്ണ് നീക്കുകയും മഴകുറഞ്ഞ് പുഴയിലെ നീരൊഴുക്ക് കുറഞ്ഞതും പരിസരവാസികൾക്ക്‌ ആശ്വാസമായി. തഹസിൽദാർ പി സജീവൻ, പരിയാരം വില്ലേജ് ഓഫിസർ പി വി വിനോദ്, കെഎസ്ഇബി അധികൃതർ, ദേശീയപാത നിർമാണ നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.  മണ്ണിടിച്ചിൽ തടയാൻ താൽക്കാലിക സംവിധാനം അടിയന്തരമായി ഒരുക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും സ്ഥിരം സംരക്ഷണ ഭിത്തി നിർമിക്കേണ്ട അടിയന്തര സാഹചര്യത്തെക്കുറിച്ച്‌ കലക്ടർക്ക് റിപ്പോർട്ട്‌ നൽകുമെന്നും തഹസിൽദാർ  അറിയിച്ചു. 


deshabhimani section

Related News

0 comments
Sort by

Home